18 August Saturday

ദിശയറിയാതെ വീശിക്കൊണ്ടിരിക്കുന്ന കന്നഡക്കാറ്റ്

വീനീത്‌ രാജൻUpdated: Wednesday May 16, 2018


വിനീത്‌ രാജൻ

വിനീത്‌ രാജൻ

കര്‍ണാടക തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭാരതീയ ജനതാ പാര്‍ട്ടി കര്‍ണാടകയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരുമെന്ന് തോന്നിപ്പിച്ച്, കേവലഭൂരിപക്ഷത്തിനുള്ള മാന്ത്രികസംഖ്യയിലേക്കെത്തിച്ചേരാനാവാതെ അനിശ്ചിതത്വത്തിലേക്ക് മാറുന്നു. കോണ്‍ഗ്രസും, ജനതാദള്‍ സെക്കുലറും പഴയ വൈരം മറന്ന് ഒന്നിച്ചിരിക്കുന്നു. നിരുപാധികമായ പിന്തുണ ജനതാദളിന് നല്‍കി തെരെഞ്ഞെടുപ്പ് തോറ്റ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ രാഷ്ട്രീയകോയ്മ നേടിയിരിക്കുന്നു. ഇനി കളികള്‍ ഗവര്‍ണറുടെ കൈകളിലാണ്. ഇരു കൂട്ടരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.

പണ്ട് 1996 ജൂണ്‍ ഒന്നിനാണ് ഒരു സാധാരണക്കാരനായ കര്‍ഷകന്‍ അപ്രതീക്ഷിതമായി ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കടന്നുവന്നത്. മൂപ്പനാരും, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിതും, എസ്.ആര്‍ ബൊമ്മെയുമടങ്ങുന്നവര്‍ ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് എച്ച് ഡി ദേവഗൗഡയെന്ന ജനതാക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീര്‍ന്നത്. മുപ്പതോളം അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ജനതാദളിന് അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് പ്രധാനമംന്ത്രിപദം ലഭിച്ചത്. ഇന്നലെ ആ ചരിത്രം അതേപടി ആവര്‍ത്തിക്കുകയായിരുന്നു. തെരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുമ്പോള്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന സമയത്ത് അപ്രതീക്ഷിതമായി കോണ്‍ഗ്രസിന്റെ പിന്തുണ ജനതാദളിന്. ഫലമോ നാല്പത് സീറ്റിനടുത്ത് മാത്രം പിടിച്ചെടുത്തവര്‍ക്ക് മുഖ്യമന്ത്രിപദം. കിങ്ങ് മേക്കറാവുമെന്ന് കരുതിയ കുമാരസ്വാമി കിങ്ങായിത്തന്നെ മാറി.

ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുമെന്ന സ്ഥിതിയിലായതോടെയാണ് കോണ്‍ഗ്രസ് ഉണര്‍ന്നത്. മണിപ്പൂരിലും, ഗോവയിലും സംഭവിച്ചതിന് മധുരപ്രതികാരമെന്നോണം കോണ്‍ഗ്രസ് കര്‍ണാടകയിലെ അവസരം വിനിയോഗിച്ചു. സോണിയാ ഗാന്ധി നേരിട്ട് തന്നെ ഇടപെട്ട് ദേവഗൗഡയുമായി ആശയവിനിമയം നടത്തി. അശോക് ഗെലോട്ടും, ഗുലാം നബി ആസാദും തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അഹമ്മദ് പട്ടേല്‍ ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. ജനതാദളിന്റെ പേരിലുള്ള മതേതരത്വം തരം പോലെ മാറ്റപ്പെടാറുള്ളതാണെന്ന് അവരുടെ ചരിത്രം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്ഗ്രസ്, ബി ജെ പിക്ക് ഒരിക്കലും നല്‍കാനാവാത്ത 'നിരുപാധിക'മായ പിന്തുണ തളികയില്‍ വച്ച് നീട്ടിയതും. ബി ജെ പിക്കൊപ്പം പോയാല്‍ മകന്‍ കുമാരസ്വാമി കുടുംബത്തില്‍ നിന്ന് പുറത്താവുമെന്ന ദേവഗൗഡയുടെ പ്രസ്താവന കോണ്‍ഗ്രസിന് രാഷ്ട്രീയായുധമായി കൈവന്നതും ഈ ഒരു അന്തരീക്ഷത്തില്‍ തന്നെയാണ്.

2004ലെ ചരിത്രം അതേപോലെ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ കാണുന്നത്. കേവല ഭൂരിപക്ഷമില്ലാതെ മൂന്ന് പാര്‍ട്ടികളും സമാനമായ അവസ്ഥയെ മുഖാമുഖം കണ്ടപ്പോള്‍ അന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി എഴുപത്തൊമ്പത് സീറ്റുള്ള ബി ജെ പി ആയിരുന്നു. അറുപത്തഞ്ച് സീറ്റ് നേടി കോണ്‍ഗ്രസും, അമ്പത്തെട്ട് എം എല്‍ എമാരുമായി ജനതാദളും തൊട്ട് പിന്നാലെയും. അന്നും കോണ്‍ഗ്രസും ജനതാദളും ഒരുമിച്ചു. പക്ഷേ, മുഖ്യമന്ത്രിപദം കോണ്‍ഗ്രസിനുള്ളതായിരുന്നു. ധാരണപ്രകാരം അന്ന് കോണ്‍ഗ്രസിന്റെ ധരം സിങ്ങ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്ന് ജനതാദളില്‍ ദേവഗൗഡയുടെ വിശ്വസ്തനായിരുന്ന സിദ്ധരാമയ്യയായിരുന്നു ഉപമുഖ്യമന്ത്രി. ആ ബാന്ധവത്തില്‍ നിന്നാണ് കോണ്‍ഗ്രസും ജനതാദളും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നതും. കുമാരസ്വാമിയുമായുള്ള ഭിന്നതയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് സ്വീകരിച്ചു. ഫലമോ, സര്‍ക്കാരിനുള്ള പിന്തുണ ജനതാദള്‍ പിന്‍വലിച്ചു. മാത്രമല്ല, ബി ജെ പിയോടൊപ്പം ചേര്‍ന്ന് പുതിയൊരു സര്‍ക്കാരുമുണ്ടാക്കി. അതില്‍ കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി.

ഗോവയിലും മണിപ്പൂരിലും ബി ജെ പി സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് തങ്ങളും സ്വീകരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അന്ന് അമിത്ഷായുടെ ചാണക്യതന്ത്രമെന്നായിരുന്നു ആ നീക്കങ്ങളെ
ദേശീയ മാധ്യമങ്ങളടക്കം വാഴ്ത്തിപ്പാടിയത്. എന്നാലിന്ന് അതേ തന്ത്രം എതിരാളികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനവിധി അട്ടിമറിക്കപ്പെടുന്നു എന്നും, പിന്‍വാതിലിലൂടെ അധികാരം നേടാന്‍ ശ്രമിക്കുന്നു എന്നും, ജനാധിപത്യവിരുദ്ധനീക്കമ്മെന്നുമൊക്കെ സംഘപരിവാറുകാര്‍ പറയുമ്പോള്‍ അതിലൊരു കാലത്തിന്റെ കാവ്യനീതിയുണ്ട്. മേല്‍പ്പറഞ്ഞ രണ്ട് സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റക്കാക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്നാണ്, അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു അതിന് പിന്നിലുണ്ടായിരുന്നത്. അതിന് ഏത് വഴികള്‍ എന്നത് ഒരിക്കലും ബി ജെ പിക്ക് പ്രശ്നമായിരുന്നില്ല.

ജനതാദള്‍ എന്ന പാര്‍ട്ടിക്ക് അധികാരത്തിലെത്താതെ നിലനില്‍ക്കാനാവില്ലെന്ന ഒരു യാഥാര്‍ത്ഥ്യം കര്‍ണാടകയിലുണ്ട്. ബി ജെ പിക്കൊപ്പം നിന്നാല്‍ അത് ജനതാദള്‍ എന്ന പാര്‍ട്ടിയുടെ സ്വാഭാവികമായ പതനത്തിന് കാരണമായേക്കാം എന്ന തോന്നല്‍ ബി ജെ പിക്കൊപ്പം നിന്ന പ്രാദേശികപാര്‍ട്ടികളുടെ ചരിത്രം പരിശോധിച്ചാല്‍ ഉണ്ടാവുകയുമാവാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഓഫര്‍ വന്നപ്പോള്‍ കുമാരസ്വാമിയുടെ ജനതാദളിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താതിരിക്കുക എന്നതിനേക്കാള്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് ഒരു അഭിമാനപ്രശ്നം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ഇതുപോലെ ഒരു പൊളിറ്റിക്കല്‍ സ്ട്രാറ്റജി സ്വീകരിക്കാന്‍ അവര്‍ക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഈ അധികാരം കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ കോണ്‍ഗ്രസ്സ് പഞ്ചാബിലും, പുതുച്ചേരിയിലും, മിസോറാമിലും മാത്രമായി ഒതുങ്ങുകയും ചെയ്യും.

ഇക്കാരണങ്ങളാലൊക്കെയാണ് അമിത് ഷായും, മോദിയും ചേര്‍ന്ന് മണിപ്പൂരിലും, ഗോവയിലും നടത്തിയ ആ 'ചാണക്യതന്ത്രം' കോണ്‍ഗ്രസ് കര്‍ണാടകയില്‍ അവര്‍ക്കെതിരെ തന്നെ പ്രയോഗിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത അത്തരമൊരു നീക്കത്തില്‍ അധികാരം നേടിയ ആഘോഷത്തിലായിരുന്ന ബി ജെ പി ഞെട്ടിയെന്നുള്ളത് നേര്. ഇനി ബി ജെ പി എല്ലാ അടവുകളും പ്രയോഗിക്കും. യെദ്യൂരപ്പ ഈ കളി പണ്ട് കളിച്ചിട്ടുള്ളതുമാണ്. 'ഓപ്പറേഷന്‍ താമര' എന്ന പേരില്‍ 2008ൽ കളിച്ച കളി ഒരു പക്ഷേ വീണ്ടും ആവര്‍ത്തിച്ചേക്കാം. അന്ന് ഏഴ് പ്രതിപക്ഷ എം എല്‍ എ മാരെയാണ് അധികാരവും പണവും വാഗ്ദാനം ചെയ്ത് ബി ജെ പി തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. അത്തരത്തില്‍ വരുന്നവരെ രാജി വയ്പ്പിക്കുകയും, വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് അന്ന് സ്വീകരിച്ച രീതി. അതേ ഓപ്പറേഷന്‍ താമര ഇന്നും സാധ്യമാണ്. അന്നത്തെ ബി ജെ പിയല്ല ഇന്നുള്ളത്. അതിനേക്കാള്‍ ഏറെ കരുത്തുണ്ട് അവര്‍ക്ക്. അതുകൊണ്ട് തന്നെ ഒന്നും സാധ്യമല്ലാതിരിക്കുന്നുമില്ല താനും.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം മന്ത്രിസഭാരൂപീകരണം അപ്രാപ്യമായ ഒന്നല്ല എന്ന് തന്നെ കരുതേണ്ടിവരും. അധികാരവും പണവും കയ്യിലുള്ളിടത്തോളം അത് വച്ച് എതിരാളികളില്‍പ്പെട്ടവരെ തങ്ങളുടെ കൂട്ടത്തിലെത്തിക്കാന്‍ അവര്‍ക്കത്ര പണിപ്പെടേണ്ടി വരികയില്ല എന്നാണ് കഴിഞ്ഞ ചില തെരെഞ്ഞെടുപ്പുകളില്‍ നിന്ന് നമുക്ക് കാണാനാവുന്നത്. അധികാരമുപയോഗിച്ച് അവര്‍ ഏത് കളികള്‍ക്കും മുതിരുമെന്നുള്ളതിന്റെ തെളിവായിരുന്നു മുമ്പ് അഹമ്മദ് പട്ടേലിന് വേണ്ടി എം എല്‍ എമാരെ സംരക്ഷിച്ച ഡി കെ ശിവകുമാറിന് നേരെ വന്ന പരിശോധനകള്‍. അത്തരം നീക്കങ്ങള്‍ ജനതാദളിന് നേരെ ഉണ്ടാവുകയാണെങ്കില്‍ അതിനെ കുമാരസ്വാമിയ്ക്കും കൂട്ടര്‍ക്കും നേരിടാനാവുമോ എന്നുള്ളതും കാണാതിരിക്കാനാവില്ല. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടാത്തവരെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന പതിവ് ബിജെപിക്കുള്ളതുകൊണ്ട് തന്നെ ആ ഒരു സാധ്യതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇന്നലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം എല്‍ എ ആയ നാഗേഷ് ഇന്ന് ആദ്യം ആര് സര്‍ക്കാരുണ്ടാക്കുന്നുവോ അവര്‍ക്കൊപ്പം പോകുമെന്ന നിലപാടിലേക്ക് കളം മാറ്റിയത് സ്വാധീനിക്കപ്പെട്ടതിന്റെ തെളിവ് തന്നെയാണ്. മന്ത്രിപദവും, അമ്പത് കോടിയുമാണ് വാഗ്ദാനമെന്ന് രാഷ്ട്രീയ ഇടനാഴികളില്‍ കേള്‍ക്കുന്നു. രാജി വയ്ക്കാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നൂറ് കോടി വരെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള വാര്‍ത്തകള്‍ വരുന്നു. ഈ പ്രലോഭനങ്ങളില്‍ നിന്നെല്ലാം തങ്ങളുടെ എം എല്‍ എമാരെ സംരക്ഷിച്ച് തങ്ങളോടൊപ്പം തന്നെ നിര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജനാധിപത്യമെന്ന പ്രക്രിയയുടെ പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഇത്തരം പ്രവൃത്തികള്‍ പരിപാവനമാണെന്ന് ധരിച്ചിരിക്കുന്ന ആ പ്രക്രിയയുടെ വിശ്വാസ്യതയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.

തെരെഞ്ഞെടുപ്പ് ഫലം വന്ന ഒരു രാവിന് ശേഷവും കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ടണ്‍ വീണിട്ടില്ല. ഏത് ക്യാമ്പിലാണ് അന്തച്ഛിദ്രങ്ങള്‍ സംഭവിക്കുന്നതെന്ന് കാതോര്‍ത്ത് ജനം കാത്തിരിക്കുന്നു. ആരൊക്കെ എവിടേക്കൊക്കെ മാറുമെന്ന് ഇതുവരെ കൃത്യമായ റിപോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഗവര്‍ണര്‍ ഇതുവരെയും ആറെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിട്ടുമില്ല. കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുക തന്നെയാണ്. തങ്ങളുടെ ഭരണാധികാരികള്‍ ആരാവുമെന്നറിയാന്‍ കന്നഡ ജനത ഇനിയും കാത്തിരുന്നേ പറ്റൂ.
 

പ്രധാന വാർത്തകൾ
Top