21 May Monday

ട്രമ്പ്ണ്

മഹാ...ഭാരതം /എം എം പൗലോസ്Updated: Monday Mar 13, 2017

"കുന്നങ്കൊളം ടൌണീത്തന്ന ഒരു പതിനഞ്ച് സെന്റ് സ്ഥലോണ്ട്. നല്ല കണ്ണായ സ്ഥലോണ്... പാര്‍ടിക്ക് കാശിനിത്തിരി അത്യാവശ്യോണ്ട്. പെണ്ണിനെ കെട്ടിക്കാന്‍ കാശില്ല. ഇപ്പ പിടിച്ചാ ഡാവിന് അത് അടിച്ചാ എടുക്കാ...അമേരിക്കേഡ പ്രസിഡണ്ടാന്നൊക്കെ കേട്ടാ പാര്‍ടി ഒന്ന് വിറക്കും. അതും കൂടി വെച്ച് മ്മക്ക് വെലേമ്മ ഒരു പിടുത്താ പിടിക്കാ. നോക്ക്യാലാ... റപ്പായിക്ക് മൂന്ന് ശതമാനം മതി... ' 'ശരി നോക്കാം.' റപ്പായിക്ക് സമാധാനമായി. ഫോണ്‍ വെച്ചു.
പിറ്റെ ദിവസം റപ്പായി വാര്‍ത്ത കണ്ടു.  ഡൊണാള്‍ഡ് ട്രമ്പിന് ഇന്ത്യയിലേക്ക് ക്ഷണം എന്ന്
.

കുന്നംകുളത്തുകാരന്‍ റപ്പായിനേരെ ഫോണെടുത്തു.
“'വൈറ്റ് ഹൌസല്ലേ.'
'യെസ.്'
'തേടിയവള്ള്യാ കാലിലാ ചുറ്റീ...കൊടുക്ക്...'
'ആര്‍ക്ക്.'
'അവ്ട ആര്‍ക്കാണ്‍ഡാ കൊടുക്കാന്ളളത് കൊഡുക്കഡാ...'
'കീപ് മാനേഴ്സ് ഹൂ ആര്‍ യു?'
'വെരട്ടാ...നടക്കൂല്ലട്ടാ... കൊഡ്ക്കഡാ...'
' ആര്‍ക്ക്?'
'നീ കൊഡ്ക്കഡാ... ആണുങ്ങള് തമ്മില് പറയുമ്പ അറിയൂഡാ ആരാന്ന്.'
ഇതിനിടയില്‍ ഫോണ്‍ പെന്റഗണ്‍ ചോര്‍ത്തി.
പെന്റഗണ്‍ ഉപഗ്രഹങ്ങളെ അറിയിച്ചു. ഉപഗ്രഹങ്ങള്‍ നാല് ദിക്കിലേക്കും ചിറകു വിടര്‍ത്തി.
അപ്പോള്‍ കാണുന്നു, ഒറ്റമുണ്ടും കുടവയറും അതിനു മീതെ രണ്ടാം മുണ്ടുമായി റപ്പായി നില്‍ക്കുന്നത്.
ഉപഗ്രഹങ്ങള്‍ വിവരം കൈമാറി. ഉപദ്രവമില്ല, കടിക്കുന്ന ഇനമല്ല. സഹായത്തിനാകും. കേഴുകയാകും, കേഴമാന്‍ കണ്ണാള്‍.
കൈമാറ്റവ്യവസ്ഥയില്‍ ഫോണ്‍ ട്രമ്പിനടുത്തെത്തി.

'ഹലോ...'
'ഹലോന്നാ... എന്ന മന്‍സിലായാ...?'
'ഓ! മിസ്റ്റര്‍ റപ്പായി ഫ്രം കുന്നംകുളം.'
'കല്‍ക്കീട്ടാ... മറന്നില്ലാട്ടാ... കെട്ടിപ്പിടിച്ച് രണ്ട് ഉമ്മ തരാന്‍ ചുണ്ടാ വെറക്കണ്...'
പിന്നെ റപ്പായി സ്വയം പറഞ്ഞു.
ഇതാണ്‍ഡാ മനുഷ്യന്‍. ഇവ്ടത്ത ചെറ്റകള്‍ക്ക് അണ്ടിവിറ്റ് രണ്ട് കാശ്ണ്‍ണ്ടായാ മതി... പിന്നെ എന്തൂട്ട് കോപ്രായോണ്‍ഡാ കാണിക്കണെ... ലോകം അവന്റേം അവന്റ അമ്മയിയപ്പന്റേം മിട്ക്ക് കൊണ്ടാ കറങ്ങാന്നാ അവന്റ വിചാരം...
ദ് കണ്ട്രാ... കുന്നംകൊളത്തെ ഡൂക്കിലിയല്ലഡാ, അമേരിക്കേടെ പ്രസിഡണ്ടാ... നെറകൊടം തുളുമ്പൂല്ല മോനേ... അതില് തൊളേടാതിരുന്നാ മതി...
 'മിസ്റ്റര്‍ റപ്പായി എവിടെ നിന്നാണ്?'
'ന്റ മാഷേ... ഞാന്‍ ഇവ്ട്ത്തന്ന്യാ...'
'ഫ്രം കുന്നംകുളം?'
'നോ...'
'ഫ്രം കോലഴി?'
'നൊന്നോ...'
'ഫ്രം കേച്ചേരി?'
'നൊന്നന്നോ...'
'പിന്നെ എവിടെ നിന്ന്?'
'ഫ്രം വാഷിംഗടണീന്നാ മാഷേ...'
'ഇവിടെ എത്തിയോ!'
'എത്ത്യോന്നോ...ഒന്നും പറയണ്ടിഷ്ടാ...'
'എന്ത്യേ ഫ്ളൈറ്റ് സുഖമായിരുന്നില്ലേ?'
'സുഖക്കൊറവൊന്നൂണ്ടായില്ലഷ്ടോ... പക്ഷേ, മുള്ളാമ്പറ്റീല്ല.'
 'യു കാണ്‍ട് യൂറിനേറ്റ്?'
'മ്മക്ക് വണ്ടീല് മുള്ളി പരിചയോല്ലിഷ്ടോ... അതൊക്കെ വേലീടട്ത്ത് തന്നെ ശുര്‍ശുറാന്ന് പെടക്കണം. ഇതിന് വിമാനം പറ്റില്ലിഷ്ടോ...'
'യാത്ര സ്വല്‍പം ബുദ്ധിമുട്ടായി അല്ലേ?'
 'അതൊക്കെ പിടിച്ചാ നിന്ന് പക്ഷെേ, എറങ്ങീപ്പോ ചതിയാണ്‍ടാ ചെയ്തത്.'
'വാട്ട് ഹാപ്പെന്‍ഡ്?'
'വിമാനത്തീന്ന് എറങ്ങീപ്പ മാഷിന്റാളുകള് ഒരു തപ്പാ തപ്പി. കൊറച്ച് കടന്നു പോയിഷ്ടോ... അവര് ഷര്‍ട്ടാ ഊരാനാ പറഞ്ഞ്. പുഷ്പം പോലെ ഊരിക്കൊടുത്ത്. അപ്പ പറയ്ണ് പോര പാന്റും ഊരാന്‍. എന്റിഷ്ടോ ഇത് ഊരാനാ മ്മക്ക് അറിയ്വോ? ഇട്ടത് തന്നെ രണ്ട് പേര് കൂട്യാ... ഇത് ഇട്ണതിനും ഊരണതിനും ഒരു ടെക്നിക്കാ ഉണ്ട്. അതിനൊള്ള പിടിപാടാ ഇല്ല നമ്ക്ക്. മ്മള് ഒരു പ്ളാനാ എട്ത്ത്. വേണങ്കി ഊരടാന്ന് പറഞ്ഞ് കയ്യാ കെട്ടി നിന്ന്. എനിക്കാവശ്യോണ്ടെങ്കി ഞാനാ ഊരും നിനക്കാ ആവശ്യോങ്കി നീയാ ഊര്ടാ. അവമ്മാര് തന്നെ ഊരി... എന്താ നിങ്ങട പരിപാടീന്ന് ചോദിച്ചപ്പ അവമ്മാര് പറയ്ാ റോക്കറ്റാ ഒണ്ടോന്ന് നോക്കേണ്ന്ന്.'
'റോക്കറ്റോ, റപ്പായി?'
'റോക്കറ്റ് തന്നെ. മ്മക്ക് എന്ത് റോക്കറ്റിന്റെടപാട്? പണ്ട് റോക്കറ്റ് ബീഡി വലിക്ക്വാര്‍ന്ന്. മ്മട പാന്റിന്റ പോക്കറ്റീന്ന് മൂന്നാല് ഉണ്ട കിട്ടീന്നാ അവമ്മാര് പറയണത്.'
'ഉണ്ടയോ?'
'ഉണ്ടേല്ലിഷ്ടോ. അത് ഒണക്കടയ്ക്ക. അത്യാവശ്യത്തിനൊന്ന് മുര്‍ക്കണോങ്കി അടയ്ക്ക വേണോല്ല എന്ന് കരുതി പോക്കറ്റിലിട്ടതാ. ഇവ്ട വന്ന് അതാ നോക്ക്യാ പോണ്ടല്ല. ഇവമ്മാര് വെല്ല അടയ്ക്കേം കണ്ടിട്ട്ണ്ടാ. ഉരുണ്ടതൊക്കെ ഇങ്ങക്ക് വെടിയുണ്ട്യാ? ന്റിഷ്ടാ... അടയ്ക്ക കാണാത്ത മന്‍ഷ്യര്ണ്ടാ ഇപ്പ്ളും ഈ ലോകത്ത്? മ്മള് അവമ്മാരോട് പറഞ്ഞാ മനസ്സിലാവ്ണ ഭാഷേലാ പലവട്ടം പറഞ്ഞ്. അടയ്ക്കാ... അടയ്ക്കാ... എന്ന്.'
'അത് റപ്പായി മലയാളത്തില്‍ പറഞ്ഞിട്ടല്ലേ.ഇംഗ്ളീഷില്‍ പറഞ്ഞാല്‍ മതിയായിരുന്നു.'
'ന്റ മാഷേ, ഞാനാ ഇംഗ്ളീഷിലും പറഞ്ഞിഷ്ടാ... ബോധോണ്ടാ... മന്‍സിലാവണില്ലല്ലാ... ന്റ മാഷേ ഇമ്മാതിരി പണിക്ക് വല്ല വിവരോം വിദ്യാഭ്യാസോം ഒള്ളവരെ നിര്‍ത്ത്. ഞാനായതു കൊണ്ട് ക്ഷമിച്ച്. എല്ലാവരും പക്ഷേ, ക്ഷമിക്കൂല്ലാട്ടാ...'
'എന്താ റപ്പായി ഇംഗ്ളീഷില്‍ പറഞ്ഞത്.'
'അടയ്ക്കാ... അടയ്ക്കാ... ഷട്ടപ്പ്... ഷട്ടപ്പ്... എന്ന്.'
അപ്പുറം ട്രമ്പ് ചിരിച്ച് മറിഞ്ഞു.

'എന്നിട്ട് അവര്‍ എന്തു പറഞ്ഞു?'
'എന്തുട്ടാ ചോദിക്കാന്‍. അവമ്മാര് അടയ്ക്കാ കയ്യിലെട്ത്ത് ചോദ്യാ ചോദിച്ചു. ബുള്ളറ്റ്... ബുള്ളറ്റ്...? മ്മട മൂത്ത ചെക്കന്‍ ജോസൂട്ടിക്ക് ഒരു ബുള്ളറ്റുണ്ടല്ലാ... അതിന്റ കാര്യോണ്ന്നാ മ്മ്ള്  കരുതീത്. മ്മള് വിട്ടാ കൊടുത്തില്ല... ഒരെഞ്ചട്ട് തവണ യെസ് യെസ് എന്ന് അടിച്ചു. അതോടെ അവമ്മാര് തൊടങ്ങി... റോക്കറ്റ്... റോക്കറ്റ്... ഊരഡാ, ഊരഡാ... ന്ന്. നീയാ ഊരഡാ ന്ന് പറഞ്ഞ് ഞാനാ കയ്യും കെട്ട്യാ നിന്ന്. അവമ്മാര് മ്മള പിറന്നപടിയാക്കി നിര്‍ത്തി. മ്മക്ക് വല്ല നാണോണ്ടിഷ്ടാ! പാവറട്ടി പള്ളിപ്പെരുന്നാളിന് മ്മള് രാത്രി വെടിക്കെട്ടും കഴിഞ്ഞ് തുണീല്ലാതെ കുന്നങ്കൊളം വരെ ഓടീതല്ലേ...'
'റോക്കറ്റല്ല, റപ്പായി റിവോള്‍വറായിരിക്കും അവരന്വേഷിച്ചത്.'
'ആ...അദ് തന്നെ... കൊറച്ച് കഴിഞ്ഞപ്പ അവമ്മാര് ചമ്മീഷ്ടാ... എല്ലാം തിരിച്ചുതന്നിട്ട് സോറീന്ന് ഒരു പറച്ചിലാ പറഞ്ഞു. റപ്പായി വിട്വോ... റപ്പായീക്ക് അഭിമാനോല്ലേ വല്‍ത്. സോറി നിന്റപ്പനാ കൊണ്ട്ക്കൊട്ക്കഡാ ന്ന് പറഞ്ഞ്. പിന്നെ മുഴുത്ത രണ്ടെണ്ണം കൂടികൊട്ത്ത്. മീന്‍ മാര്‍ക്കറ്റീ മാത്രേ ആ സാധനം പിന്ന കേക്കൂ. ന്റ മാഷേ... ങ്ടാളുകള്‍ക്ക് ഒരു നാണോല്ലിഷ്ടാ... എന്നിട്ടും ഓകെ ഓകെ എന്നും പറഞ്ഞ് ഒരു മുങ്ങലാ മുങ്ങി.
അല്ലിഷ്ടാ അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്യാ... ങ്ട ആളുകളൊക്കെ എന്തിനാ ഈ തുണ്യാ ഉരിയണേ? ഇഷ്ടായിട്ടാ? അഭയാര്‍ഥിയാണാന്ന് നോക്കാനാ?'
'അത് റപ്പായീ ഞങ്ങള്‍ക്ക് ഒരു സെക്യൂരിറ്റി വേണ്ടേ?'
'എന്തൂട്ട് സെക്യൂരിറ്റ്യാണിഷ്ടാ... മ്മട കുന്നങ്കൊളം കുന്നങ്കൊളം ന്ന് പറഞ്ഞിരുന്നാ കച്ചോടം വല്ലതും നടക്ക്വോ? കുന്നങ്കൊളം മാര്‍ക്കറ്റിലേക്ക് എവ്ടന്നൊക്കെയാണ് അടക്കാ വരണേന്ന് അറിയ്വോ മാഷേ?അമേരിക്ക അമേരിക്ക എന്നും പറഞ്ഞിരുന്നാ ങ്ക്ക് എവ്ടെങ്കിലും പോയി നല്ല കച്ചോടാ ചെയ്യാന്‍ പറ്റ്വോ? ങ്ള് എന്തിനാ ചന്ദ്രനീപ്പോയത്. കച്ചോടം വല്ലതും ചെയ്യാമ്പറ്റോന്ന് നോക്കാനല്ലേ... ബാക്കിയൊക്കെ ഒര് ഡാവഡിയല്ലേ മാഷേ...'
'റപ്പായി എന്തിനാ ഇങ്ങോട്ട് വന്നേ?'
'ന്തായാലും മാഷ് വല്ല്യ പ്രസിഡണ്ടാ ഒക്കെ ആയില്ലേ. റപ്പായിക്ക് സന്തോഷാ ആയി. എന്നാപ്പിന്നെ അത് പറഞ്ഞേക്കാന്ന് കരുതി. മ്മളൊക്കെ കച്ചോടക്കാരല്ലിഷ്ടാ... ഒരു കച്ചോടക്കാരന്‍ നന്നാവണത് മറ്റൊരു കച്ചോടക്കാരന് കണ്ടൂടെങ്കിലും റപ്പായി ആ ടൈപ്പല്ല. റപ്പായി അമേരിക്കേലാര്‍ന്നൂങ്കി റപ്പായി ആവൂല്ലേ ഇപ്പ പ്രസിഡണ്ട്! ദേ ആ വൈറ്റ് ഹൌസില് റപ്പായി ഇരിക്കും.'
'എന്നാല്‍ റപ്പായി കുന്നംകുളം നഗരസഭയിലേക്ക് ഒന്ന് നോക്കാമായിരുന്നില്ലേ?'
'അതാണ് ലാഭോങ്കി റപ്പായി അതും നോക്കും. അല്ല ട്രമ്പേ അല്ലലില്ലല്ലാ, സുഖോല്ലേ?'
'കുഴപ്പമില്ല.'
'രാവിലെ കട്ടങ്കാപ്പി കിട്ട്വോ?'
'കിട്ടും.'
'ദതാ മതി. രാവിലെ കട്ടങ്കാപ്പ്യാ കിട്ട്യാ പകുതിക്കാര്യാ റെഡിയായി.'
'റപ്പായി എന്താ വരുന്ന കാര്യം നേരത്തെ അറിയിക്കാതിരുന്നത്?'
'പെണങ്ങല്ലിഷ്ടാ... അത് മോള് സാറാക്കുട്ടി തീരുമാനിക്കണ്ടേ.സാറാക്കുട്ടീന മാഷിന് അറിയാല്ലാ... അവളെ അമേരിക്കാലാ കെട്ടിച്ചേക്കണെ. പെണ്ണിന് പ്രസവട്ത്തപ്പ്ളല്ലേ അവള്‍ഡ വിളി. ശടപടേന്നായിര്ന്ന് വരവ്.അതോണ്ടാ വിളിക്കാമ്പറ്റാതിരുന്നത്. പൊറുക്ക്. ഈ ക്ഷീണം മ്മക്ക് തീര്‍ത്താ കളയാം. അട്ത്ത പെരുന്നാളിന് മാഷ് ങ്ട് വാ... മ്മക്കൊര് കൂടലാ കൂടാം. നല്ല പൂവമ്പഴത്തില് വാറ്റ്യ സാതനം റെഡിയാക്കാ. പോത്തിന് പെരളനാക്കി വരട്ടീതും കൂട്ടി ഒരു പൂശാ പൂശാം. അവന് അകത്താ ചെന്നാ യുദ്ധാ നടക്കും. ലോകയുദ്ധം... ലോകയുദ്ധം. പിന്ന തിരിച്ചാപോകൂല്ല.'
'നോക്കട്ടെ.'
'വരാന്ന് പറഞ്ഞാ വരണം. പറ്റിക്കര്ത്. അല്ല മാഷേ ഇതെന്തെരേര്‍പ്പാടണ്?'
'എന്താ റപ്പായി?'
'മ്മട നാട്ടീന്ന് പെങ്കിടാങ്ങള് ഇങ്ങ്ട് വന്നാ പ്രസവിക്കണോങ്കീ നാട്ടീന്ന് അപ്പനുമമ്മേം വരണോല്ല. ഇതിനെന്തെങ്കിലും ഒരേര്‍പ്പാട്ണ്ടാക്കിഷ്ടാ. കാശിനെന്തെങ്കിലും കൊറവാ ഒണ്ടങ്കി പറയാ. റപ്പായി അഡ്ജസ്റ്റ് ചെയ്യാന്ന്...'
'നോക്കട്ടെ. റപ്പായീ.'

'ശരി. ന്തായാലും മറ്റേത് ജോറാക്കീട്ടാ...'
'ഏത്?'
 'ആ പത്രക്കാരെ അടിച്ചാഎര്‍ക്കീല്ലേ... തകര്‍ത്ത് മാഷേ... കൈ താ മാഷേ... ഇവ്ടേം ഞങ്ങള് അടുപ്പിക്കൂല്ലാ മാഷേ... കോടതീട വളപ്പിലാ കേറ്യാ കാലാ തല്ലി ഒടിക്കും വക്കീലമ്മാര്. അവ്ട എന്തെങ്കിലും ആവശ്യോണ്ടെങ്കി മ്മട വക്കീലമ്മാരെ വിളിച്ചാ മതീട്ടാ... ചൊണക്കുട്ട്യോളാ... പെടയ്ക്കണ പിള്ളേരാ... കോടതീം വാദോം ഒക്കെ നിര്‍ത്തി അവ്രിപ്പ ക്വട്ടേഷനാ... കത്തിക്കുത്താ പണി. മറ്റേതിലും മെച്ചാ. പ്രതിക്കും വേണോങ്കി അകമ്പട്യാ പോകും. പെണ്ണിന്റട്ത്ത് തോന്ന്യാസം കാണിച്ചോന് പന്ത്രണ്ട് പേരാ അകമ്പട്യാ പോയത്. ഊരകത്തമ്മേനേം കൊണ്ട് ആനകള് എഴുന്നുള്ളണ പോലായിരുന്നില്ലേ... എടംവലം. കോടതീലാ കേറ്റ്യാ നിര്‍ത്തി ഒരു പൂട്ടാ പൂട്ടി. മേളോം വെടിക്കെട്ടും ണ്ടാര്‍ന്നില്ലന്നേയൊള്ളൂ. നല്ല ഝില്ലം തരികിട ഝില്ലം കിടുതക തന്നേ'.
'വേണ്ടിവരും. വിളിക്കാം റപ്പായി.'
'എപ്പ വേണോങ്കിലും വിളിച്ചോ. അവമ്മാര് എപ്പളും റെഡ്യാ. വേറെ പണിയൊക്കെ ഇത്തിരി കമ്മ്യാ.'
'ഒ കെ...'
'പിന്നെ ഒരു കാര്യം പറയാന്‍ ണ്ടായിര്ന്ന്.'
'റപ്പായിക്ക് പറയാന്‍ എന്തിന് ആമുഖം. പറയ.്'
'ആരോടും പറയര്ത്.'
'എന്താ റപ്പായിക്ക് എന്നെ വിശ്വാസമില്ലേ?'
'വിശ്വാസക്കൊറവല്ല. മാഷ് ഈ ഉച്ചകോടീന്നൊക്കെ പറഞ്ഞ് ഓടിനടപ്പല്ലേ. നല്ല മട്ടണ്‍ ബിരിയാണീം കരള് പൊരിച്ചതോക്കെ തിന്ന് വയറ് നെറഞ്ഞിരിക്കുമ്പ വല്ല തമാശേം പറയുമ്പ പറഞ്ഞാ പോയാലാ.'
'ഏയ്. ഒരിക്കലുമില്ല. റപ്പായി പറയ്.'
റപ്പായി ശബ്ദം താഴ്ത്തി.
'പഴയ കച്ചോടൊക്കെ നിര്‍ത്ത്യാ...'
'എന്താ അങ്ങനെ ചോദിക്കാന്‍?'
'കുന്നങ്കൊളം ടൌണീത്തന്ന ഒരു പതിനഞ്ച് സെന്റ് സ്ഥലോണ്ട്. നല്ല കണ്ണായ സ്ഥലോണ്... പാര്‍ടിക്ക് കാശിനിത്തിരി അത്യാവശ്യോണ്ട്.പെണ്ണിനെ കെട്ടിക്കാന്‍ കാശില്ല. ഇപ്പ പിടിച്ചാ ഡാവിന് അത് അടിച്ചാ എടുക്കാ...അമേരിക്കേഡ പ്രസിഡണ്ടാന്നൊക്കെ കേട്ടാ പാര്‍ഖി ഒന്ന് വിറക്കും. അതും കൂടി വെച്ച് മ്മക്ക് വെലേമ്മ ഒരു പിടുത്താ പിടിക്കാ. നോക്ക്യാലാ... റപ്പായിക്ക് മൂന്ന് ശതമാനം മതി... ''ശരി നോക്കാം.'
റപ്പായിക്ക് സമാധാനമായി.
ഫോണ്‍ വെച്ചു.
പിറ്റെദിവസം റപ്പായി വാര്‍ത്ത കണ്ടു. ഡൊണാള്‍ഡ് ട്രമ്പിന് ഇന്ത്യയിലേക്ക് ക്ഷണം എന്ന്.
റപ്പായി പറഞ്ഞു.
'വരും... വരാതെ എവ്ടാ പോവാന്‍?' .

(ദേശാഭിമാനി വാരികയില്‍ നിന്ന് )

പ്രധാന വാർത്തകൾ
Top