Top
24
Friday, November 2017
About UsE-Paper

കിട്ടണം, നികുതിയിളവിന്റെ ആനുകൂല്യം

Wednesday Jul 5, 2017
ഡോ. ടി എം തോമസ് ഐസക്ക്

ജിഎസ്ടി വന്നതോടെ അച്ചടിച്ച വിലയ്ക്കുമീതെ നികുതി ചുമത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്ന പരാതി വ്യാപകമാവുകയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായി നല്‍കിയ പല ബില്ലുകളും ഇതിനകം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. നികുതിഘടനയാകെ അടിമുടി മാറിയ സാഹചര്യത്തെ കൊള്ളലാഭമൂറ്റാനുള്ള അവസരമാക്കുകയാണ് പലരും. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുമെന്ന് കേരളം ജിഎസ്ടി കൌണ്‍സിലില്‍ ആവര്‍ത്തിച്ച് വാദിച്ചതാണ്. ശക്തമായ സമ്മര്‍ദം നാം നിരന്തരമായി ചെലുത്തിയതിന്റെ ഭാഗമായാണ് നിയമത്തില്‍ ആന്റി പ്രോഫിറ്റീറിങ് ക്ളോസ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ആ മുന്നറിയിപ്പ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. പുതിയ നികുതിഘടന നാട്ടില്‍ വിലക്കയറ്റത്തിന് കാരണമായിക്കഴിഞ്ഞു. കൊടുംചൂഷണത്തിനാണ് ഉപഭോക്താക്കള്‍ ഇരയാകുന്നത്.

ഇതിന് പരിഹാരം കണ്ടേ മതിയാകൂ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കണം. ജിഎസ്ടി വരുമ്പോള്‍ ലഭിക്കുന്ന നികുതിയിളവ് മറച്ചുവച്ച് എംആര്‍പിയുടെ മുകളില്‍ പിന്നെയും നികുതി ചുമത്തുന്നുവെന്ന പരാതികളില്‍ നികുതിവകുപ്പ് കര്‍ശനമായി ഇടപെടും. അത്തരം ബില്ലുകള്‍ ലഭിച്ചാല്‍ https://www.facebook.com/postbillshere/-  എന്ന നികുതിവകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് അപ്ലോഡ് ചെയ്യുക. സ്മാര്‍ട്ട് ഫോണ്‍ കൈയിലുള്ളവര്‍ക്ക് എളുപ്പം ഇത് ചെയ്യാവുന്നതാണ്. ഈ ബില്ലുകള്‍ നല്‍കിയ കടകളില്‍ പരിശോധനയുണ്ടാകും.

ജിഎസ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ നിലവിലുണ്ടായിരുന്ന കേന്ദ്ര എക്സൈസ്, സര്‍വീസ് ടാക്സ്, കേന്ദ്ര വില്‍പ്പനനികുതി, എന്‍ട്രി ടാക്സ്, വാറ്റ് നികുതി തുടങ്ങിയവയൊന്നും ഇപ്പോഴില്ല. ഇവയുടെ സംയുക്ത തുകയേക്കാള്‍ താഴ്ന്നനിരക്കാണ് പകരം ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായും വില കുറയേണ്ടതാണ്. നികുതി കുറഞ്ഞതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിച്ചേ തീരൂ.
സാധാരണയായി ഉപയോഗിക്കുന്ന നൂറ് ഉല്‍പ്പന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജിഎസ്ടി നിരക്കും തമ്മിലുള്ള താരതമ്യപ്പട്ടിക ഇന്ന് പത്രങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കുറവ് കമ്പോളത്തില്‍ പ്രതിഫലിക്കണം.

നൂറ്റൊന്ന് വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ പട്ടികയാണ് കേരള സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പതിനാലര ശതമാനംമുതല്‍ അരശതമാനംവരെ നികുതിയില്‍ കുറവുണ്ടായിട്ടുണ്ട്. പതിനാലര ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി ഇപ്പോള്‍ പൂജ്യമാണ്. ടൂത്ത് പേസ്റ്റിനും സോപ്പിനുമൊക്കെ 12 ശതമാനംവരെ നികുതി കുറഞ്ഞിട്ടുണ്ട്. ഇതുപോലെ വില കുറയുകയും കൂടുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, അവര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. ജിഎസ്ടി ഏര്‍പ്പെടുത്തുമ്പോള്‍ ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ് ലഭിച്ചതെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തതയുണ്ടാകണം. പൊതുസമൂഹത്തില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ച് തീവെട്ടിക്കൊള്ളയ്ക്ക് അവസരമൊരുക്കാന്‍ പാടില്ല.

എഴുപത്തഞ്ചുലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഒരു ശരാശരി എസി റസ്റ്റോറന്റില്‍ 75 രൂപയാണ് വെജിറ്റേറിയന്‍ ഊണിന് വില. ഇതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള ആകെ നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചുശതമാനമാണ് ജിഎസ്ടി. അപ്പോള്‍ പുതിയ വില 70.40 രൂപയാകും. ജിഎസ്ടി വരുമ്പോള്‍ ഈ റസ്റ്റോറന്റുകളിലെ ഊണിന്റെ വിലയില്‍ അഞ്ചു രൂപയോളം കുറയുകയാണ് വേണ്ടത്.
എസി റസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇത് കഴിച്ചുള്ള 294 രൂപയ്ക്കുമേലാണ് അഞ്ചുശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജിഎസ്ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍, പലേടത്തും ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കുമേല്‍ അഞ്ചുശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇത് നിയമവിരുദ്ധമാണ്.

ജിഎസ്ടി നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഉപഭോക്താവിനെ കബളിപ്പിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന വിലക്കയറ്റമാണത്. പഴയ നികുതിസമ്പ്രദായത്തില്‍ അവസാനം ചുമത്തുന്ന വാറ്റ് 14.5 ശതമാനം നികുതിയേ ബില്ലില്‍ കാണൂ. കേന്ദ്ര സര്‍ക്കാരോ മറ്റ് സംസ്ഥാന സര്‍ക്കാരുകളോ പലഘട്ടങ്ങളിലായി ഈടാക്കിയ നികുതികൂടി ചേര്‍ക്കുകയാണെങ്കില്‍ യഥാര്‍ഥ നികുതിഭാരം 30-40 ശതമാനംവരും. വാസ്തവത്തില്‍ ഈ നികുതിഭാരം ഇപ്പോള്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍, ഈ വിലയിന്മേല്‍ ചരക്കുസേവന നികുതി ഈടാക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. നികുതിഭാരം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ എംആര്‍പി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇന്നത്തെ സ്ഥിതിവിശേഷം വിവരിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ നേതാക്കളെ അടിയന്തരചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൌരവം അവരെ ബോധ്യപ്പെടുത്തും. ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കും. വിവിധയിനം നികുതിയിളവുകള്‍വഴി ഏതാണ്ട് ഒരുലക്ഷം കോടിയുടെ വരുമാനനഷ്ടമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഈ കുറവ് സാധാരണജനങ്ങളുടെ കുടുംബബജറ്റില്‍ പ്രതിഫലിക്കണം. അത് സാധ്യമാകണമെങ്കില്‍ ജിഎസ്ടി നിയമത്തിലെ ആന്റി പ്രോഫിറ്റീറിങ് ക്ളോസ് കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

Related News

കൂടുതൽ വാർത്തകൾ »