10 December Monday

'ദുബായ് തട്ടിപ്പ് കേസും' മാധ്യമങ്ങളുടെ പ്രചാരണ യുദ്ധവും

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Thursday Jan 25, 2018

സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം മുഴുവന്‍ സഞ്ചരിച്ചിരിക്കും എന്നതാണ് വലതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും വിജയരഹസ്യം. നോം ചോംസ്കി പറഞ്ഞതുപോലെ പോക്കറ്റടിക്കാരന്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുപറഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ ഓടി രക്ഷപ്പെടുന്ന തന്ത്രമാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പതിവ് വാര്‍ത്താനിര്‍മ്മിതിയുടെ രീതി തന്നെ. നുണകള്‍ വാര്‍ത്തകളായി വിക്ഷേപിച്ച് സത്യമാണെന്ന പ്രതീതി സൃഷ്ടിക്കുന്ന അധാര്‍മ്മികമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യംവെച്ച് പടച്ചുവിട്ട 'ദുബായ് തട്ടിപ്പുകേസ്.' വസ്തുതകളെയും വിവരങ്ങളെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയ തന്ത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്കുപിറകിലുള്ളതെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെയൊന്നും പോകേണ്ട ആവശ്യമില്ല.

ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അപചയവും അഴിമതിയും മറച്ചുപിടിക്കാനായി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റുകാരും അങ്ങനെയൊക്കെത്തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണതന്ത്രങ്ങളാണ് ആവിഷ്ക്കരിച്ച് നിരന്തരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആ ദിശയില്‍ അവര്‍ നടത്തുന്ന പ്രചാരവേലയുടെ ഇരകളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളും പാര്‍ടിയും.

1959ലെ ഇ.എം.എസ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആന്ധ്ര അരി കുംഭകോണവും അരങ്ങത്തും അണിയറയിലും ആടിത്തളര്‍ന്ന് ക്ളൈമാക്സ് കഴിഞ്ഞിട്ടും ഇടക്കിടെ പൊക്കിയെടുക്കുന്ന ലാവ്‌ലിന്‍ കേസുവരെ അതിനുള്ള ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവിലിതാ മനോരമ സിപിഐ എം ന്റെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ മകനെതിരെ തുമ്പും വാലുമില്ലാത്ത 13 കോടിയുടെ തട്ടിപ്പ് കേസുമായി നുണപ്രചരണം ആരംഭിച്ചിരിക്കുന്നു.

ഇന്ത്യയില്‍ ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയക്കാരില്‍ നിന്ന് മറ്റ് വലതുപക്ഷ സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന ധാര്‍മ്മിക നിലവാരവും ആദര്‍ശബോധവും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും. മുതലാളിത്തത്തിന്റെ നവലിബറല്‍ ഘട്ടമെന്നത് അഴിമതിവല്‍ക്കരണത്തിന്റെയും ക്രിമിനല്‍ മൂലധനത്തിന്റെയും ഘട്ടമാണ്. ഊഹക്കച്ചവടവും ഫൈനാന്‍സ് മൂലധനത്തിന്റെ ചൂതാട്ട പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും എല്ലാ മണ്ഡലങ്ങളെയും ആഴത്തില്‍ തന്നെ സ്വാധീനിക്കുന്നുണ്ട്. അഴിമതിയെയും ഫിനാന്‍ഷ്യല്‍കുറ്റകൃത്യങ്ങളെയും നിയമവല്‍ക്കരിക്കുകയാണ് നവലിബറലിസം ചെയ്തുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളും ഉദാരവല്‍ക്കരണനയങ്ങളും ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലുമൊക്കെ ഒരു ജീവിതശൈലിയായി അഴിമതിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതിനെ തിരിച്ചറിയുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയും പ്രവര്‍ത്തകരും. ബൂര്‍ഷ്വാ നേതാക്കളില്‍ നിന്നും പാര്‍ടികളില്‍ നിന്നും വ്യത്യസ്തമായി തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്കും ഇടതുപക്ഷ സംഘടനകള്‍ക്കും ഈയൊരു അപചയങ്ങളെ മറികടക്കാനും അതിന്റേതായ രാഷ്ട്രീയവും സംഘടനാപരവുമായ സംവിധാനങ്ങളുണ്ട്.

നിരന്തരമായ ജാഗ്രതയുടെയും പരിശോധനയുടെയും ഉള്‍പ്പാര്‍ടി സംവിധാനങ്ങളുണ്ട്. ബൂര്‍ഷ്വാ സാമൂഹ്യ സാഹചര്യങ്ങള്‍ക്കകത്ത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെന്ന നിലക്ക് വ്യവസ്ഥയുടെ തെറ്റായ സ്വാധീനങ്ങള്‍ കമ്യൂണിസ്റ്റുകാരിലും ഉണ്ടാകാമെന്ന് കമ്യൂണിസ്റ്റുകാരുടെ സദാചാരത്തെക്കുറിച്ച് എഴുതുമ്പോള്‍ സഖാവ് ഹോച്മിന്‍ സൂചിപ്പിക്കുന്നുണ്ട്. വ്യക്തിജീവിതവും സാമൂഹ്യതാല്പര്യങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന കമ്യൂണിസ്റ്റ് മൂല്യബോധം സൃഷ്ടിക്കാനും വിശ്വാസ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും നിരന്തരം പഠിപ്പിക്കുന്ന പാര്‍ടിയാണ് കമ്യൂണിസ്റ്റുപാര്‍ടി.

അഴിമതിയുടെ അഴുക്കുചാലുകളില്‍ കൂത്താടികളായി തിമര്‍ത്തുകഴിയുന്ന കോണ്‍ഗ്രസുകാരെയും ബി.ജെ.പിക്കാരെയും  ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചുകൊണ്ടുവന്ന് സി.പി.ഐ എം നെതിരായി ക്ഷുദ്രപ്രചരണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകളെക്കുറിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്. മനോരമ ഒരു വ്യാജവാര്‍ത്ത കൊണ്ടുവരിക. കോര്‍പ്പറേറ്റ് ടി.വി ചാനലുകള്‍ തുടര്‍ച്ചയായി അത് ചര്‍ച്ച ചെയ്യുക. അതുവഴി വലിയൊരു നുണ സത്യമാണെന്ന പ്രതീതി സൃഷ്ടിക്കുക. ഇതാണ് കോര്‍പ്പറേറ്റ് മാധ്യമ തന്ത്രം.

അധാര്‍മ്മികമായ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം മാത്രമാണ് മനോരമക്കുള്ളത്. കമ്യൂണിസ്റ്റ് വിരോധമാണ് അതിന്റെ ധര്‍മ്മശാസ്ത്രം. മനോരമയുടെ ഡല്‍ഹി ലേഖകന്‍ കൊണ്ടുവന്ന വ്യാജവാര്‍ത്തയാണ് കോടിയേരിയുടെ മകന്‍ ബിനോയ് 13 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ബിനോയിക്ക് ദുബായില്‍ യാത്ര നിരോധനമുണ്ടെന്നുമൊക്കെയുള്ള കഥകള്‍... മാധ്യമപ്രവര്‍ത്തനമെന്നത് കഥകള്‍ മെനയുന്ന നുണയന്‍ സമൂഹത്തിന്റെ പ്രചാരണതന്ത്രമായി അധപതിപ്പിക്കുകയാണ് ഇത്തരം ലേഖകന്മാര്‍. ഇന്നലെ ഒരു ദിവസം മുഴുവന്‍ ഇക്കഥയേറ്റെടുത്ത ചാനലുകള്‍ അടിച്ചുപൊളിക്കുകയായിരുന്നു. എന്തെല്ലാം കഥകളാണ്, ‘ആണ് ആയിരിക്കാം ആകാം’ എന്നൊക്കെ ചേര്‍ത്ത് ടി.വി റിപ്പോര്‍ട്ടര്‍മാര്‍ തട്ടിവിട്ടത്.

പി.ബിക്ക് നല്‍കിയ പരാതി എന്ന നിലയിലാണ് ഈ വ്യാജവാര്‍ത്ത മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും പ്ളാന്റ് ചെയ്തെടുത്തത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി യെച്ചൂരി തന്നെ അങ്ങനെയൊരു പരാതി ഞങ്ങളുടെ മുന്നിലില്ല എന്ന് മാധ്യമങ്ങളോട് തന്നെ വ്യക്തമാക്കിയിട്ടും പി.ബിക്ക് നല്‍കിയ പരാതിയെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള റിപ്പോര്‍ട്ടര്‍മാര്‍. ഉറക്കത്തില്‍ പഴന്തുണി ചവക്കുന്നവരെപോലെ വസ്തുതാബന്ധമില്ലാത്ത കഥകള്‍ വാര്‍ത്തകളായി വാര്‍ത്താകഥകളായി അടിച്ചുവിടുകയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. സത്യാന്വേഷണത്തിന്റെയും വസ്തുനിഷ്ഠതയുടെയും മണ്ഡലത്തില്‍ നിന്ന് മാധ്യമത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണയുദ്ധമായി അധപതിപ്പിക്കുകയാണ് ഇക്കൂട്ടര്‍.

തനിക്കെതിരെ ദുബായില്‍ ഇപ്പോഴൊരു കേസുമില്ലെന്നും നേരത്തെയുണ്ടായിരുന്ന ചെക്ക് കേസ് കോടതിയില്‍ ഹാജരായി പരിഹരിച്ചതാണെന്നും ബിനോയ് തന്നെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. മകനെതിരായി എന്തെങ്കിലും കേസ് ഉണ്ടെങ്കില്‍ അവന് അതിനുള്ള നിയമ നടപടിക്ക് വിധേയനാകട്ടെയെന്നും ഇപ്പോള്‍ അവനെതിരായി ദുബായില്‍ ഒരു കേസുമില്ലെന്നും വാര്‍ത്തകള്‍ കാര്യങ്ങള്‍ പഠിച്ച് ഉറപ്പുവരുത്തിയതിനുശേഷം നല്‍കുന്നതാണ് ഉചിതമെന്നും കോടിയേരി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. എന്നിട്ടും കഥകള്‍ മെനയുന്നതില്‍ മിടുക്കരായവര്‍ അഞ്ച് കേസ്, 13 കോടി എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തേടെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ഈ 'ദുബായ് കേസ്' എന്നതാണ് വസ്തുത. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ അധാര്‍മ്മികവും അസാന്മാര്‍ഗികവുമായ മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

പ്രധാന വാർത്തകൾ
Top