20 June Wednesday

'പണരഹിത' സന്നാഹം പരാജയം മറയ്ക്കാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2016

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നവംബര്‍ എട്ടിന് പൊടുന്നനവെ പിന്‍വലിച്ച് 35 ദിവസങ്ങള്‍ക്കു ശേഷവും നരേന്ദ്ര മോഡി ഉത്തരവിട്ട 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍' ജനങ്ങള്‍ ദുരിതത്തിലാണ്. പഴയ നോട്ട് മാറിക്കിട്ടാനുള്ള കാലാവധി അവസാനിക്കാന്‍ രണ്ട് ആഴ്ച മാത്രം ബാക്കിയിരിക്കെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുന്ന കാഴ്ചയാണ് മുമ്പിലുള്ളത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലാളികള്‍ക്ക് വര്‍ധിച്ചതോതില്‍ തൊഴില്‍ നഷ്ടമാകുന്നുവെന്നു മാത്രമല്ല കൂലി കുറയുകയും ചെയ്യുന്നു. സര്‍വീസ്, വ്യവസായ മേഖലകളില്‍ ഉല്‍പാദനവും കുറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളെ വരിഞ്ഞുകെട്ടിയിട്ടതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയും തകര്‍ന്നു. ഇതെല്ലാം സാധാരണ ജനങ്ങളുടെ കഷ്ടപ്പാടും ഭാരവും ഇരട്ടിപ്പിച്ചിരിക്കുകയാണ്. 

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയപ്പോള്‍ നരേന്ദ്ര മോഡി നാലു ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്. കള്ളപ്പണം പുറത്തുകൊണ്ടുവരിക, അഴിമതി തടയുക, ഭീകരവാദികള്‍ക്കുള്ള ഫണ്ടിങ് തടയുക, വ്യാജ കറന്‍സി തടയുക എന്നിവയായിരുന്നു ആ ലക്ഷ്യങ്ങള്‍. എന്നാല്‍, വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ  നടപടിയുടെ ഭാഗമായി ഈ ലക്ഷ്യങ്ങളൊന്നുപോലും നേടാനായില്ല. 15.44 ലക്ഷം കോടിയുടെ നോട്ടുകള്‍ പിന്‍വലിച്ചെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മൂന്നു ലക്ഷം കോടിയെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കാത്ത പണം കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഈ ധാരണയും തീര്‍ത്തും തെറ്റാണെന്ന് തെളിഞ്ഞു. ഡിസംബര്‍ പത്തോടെ തന്നെ 12.4 ലക്ഷം കോടി നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടു. ബാക്കി നോട്ടുകള്‍ ഡിസംബര്‍ 30നകം നിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കേന്ദ്ര റവന്യൂ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്ലാ പഴയ നോട്ടും നിക്ഷേപിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കിയ ഉടന്‍ മൂന്നു ലക്ഷം കോടിയുടെ കള്ളപ്പണം നശിപ്പിക്കുമെന്ന ഗവണ്‍മെന്റിന്റെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ പ്രതീക്ഷിച്ചത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നു ലക്ഷം കോടിയുടെ പ്രത്യേക വിഹിതം സര്‍ക്കാരിന് നല്‍കുമെന്നായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കാലത്ത് നടന്ന ആദായ നികുതി റെയ്ഡില്‍ കണക്കില്‍പ്പെടാത്ത വന്‍തുക തന്നെ കണ്ടെത്തുകയുണ്ടായി. പഴയ നോട്ടുകള്‍ മാത്രമല്ല പുതിയ 2000 രൂപയുടെ കറന്‍സിയും ഇക്കൂട്ടത്തില്‍ കണ്ടെത്തുകയുണ്ടായി. ചെന്നൈയിലുള്ള ഒരു ബിസിനസുകാരനില്‍നിന്നു മാത്രം പുതിയ 2000 രൂപയുടെ 34 കോടി രൂപ പിടിച്ചെടുത്തു. വെല്ലൂരില്‍ ഒരു വാഹനത്തില്‍നിന്ന് പഴയ നോട്ടുകള്‍ക്കും 167 കിലോ സ്വര്‍ണത്തിനും പുറമെ 24 കോടിയുടെ 2000 രൂപ നോട്ടുകളും  കണ്ടെടുത്തു. ബംഗളൂരുവിലെ രണ്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരില്‍ നിന്നും സ്വര്‍ണത്തിനും പഴയ നോട്ടുകള്‍ക്കും പുറമെ 4.7 കോടി രൂപയുടെ 2000 രൂപ നോട്ടും പിടിച്ചെടുത്തു. കര്‍ണാടകത്തിലെ തന്നെ ചല്ലക്കരെ ടൌണില്‍നിന്ന് 5.7 കോടിയുടെ പുതിയ 2000 രൂപ നോട്ട് കണ്ടെടുത്തു. ഡല്‍ഹിയില്‍ ഒരു അഭിഭാഷകന്റെ വസതിയില്‍ നടത്തിയ രണ്ട് റെയ്ഡില്‍നിന്ന് 137 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിലും വലിയ പങ്ക് പുതിയ കറന്‍സിയായിരുന്നു. കള്ളപ്പണം പുതിയ കറന്‍സിയിലും സൂക്ഷിക്കുകയാണെന്നര്‍ഥം. കണക്കില്‍പ്പെടാത്ത പണം വിവിധ വഴികളിലൂടെ ബാങ്കുകള്‍ വഴി വെളുപ്പിക്കുകയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

പുതിയ നോട്ടുപയോഗിച്ച് കൈക്കൂലി നല്‍കുന്ന സംഭവങ്ങളുമുണ്ടായി. പഴയ നോട്ടുകള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തെ രണ്ട് ഉദ്യോഗസ്ഥര്‍ 2000 രൂപയുടെ യഥാക്രമം മൂന്നും നാലും ലക്ഷം രൂപ കൈക്കൂലി വാങ്ങുകയുണ്ടായി. 2000 രൂപയുടെ കറന്‍സി വന്നതോടെ കൈക്കൂലി നല്‍കുന്നത് എളുപ്പമാകുകയാണ്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള യുദ്ധമാണെന്ന നരേന്ദ്ര മോഡിയുടെ വീരവാദമാണ് ഇവിടെ തകര്‍ന്നടിയുന്നത്.

ഭീകരവാദികള്‍ക്കുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ജമ്മു കശ്മീരില്‍ നവംബര്‍ 22ന് കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളുടെ ശരീരത്തില്‍നിന്ന് പുതിയ 2000 രൂപയുടെ കറന്‍സി കണ്ടെത്തുകയുണ്ടായി. 2000 രൂപയുടെ വ്യാജ നോട്ടുകളും ഉടന്‍ തന്നെ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.

പാവങ്ങളെ ശാക്തീകരിക്കാനും പണക്കാരെയും അഴിമതിക്കാരെയും ശിക്ഷിക്കാനുമാണ് നോട്ടുകള്‍ അസാധുവാക്കിയതെന്നാണ് മോഡി നല്‍കുന്ന രാഷ്ട്രീയ സന്ദേശം. അടുത്തിടെ ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി അവകാശപ്പെട്ടത് 100 ന്റെയും 50 രൂപയുടെയും മൂല്യം വര്‍ധിച്ചെന്നും അതാണ് പാവങ്ങള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും ഇല്ലാത്ത ദിവസക്കൂലിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവങ്ങളെയാണ് പണമരവിപ്പ് ദോഷകരമായി ബാധിക്കുന്നത്. 15.4 കോടി രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ഡിസംബര്‍ 10വരെ 5 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. മൊത്തം പിന്‍വലിച്ച കറന്‍സിയുടെ മൂന്നിലൊന്ന് മൂല്യത്തിനുള്ള നോട്ടുകള്‍ പോലുമാകില്ല ഇത്. നോട്ട് അസാധുവാക്കല്‍ തീരുമാനം പാളിയതോടെ നരേന്ദ്ര മോഡി ഇപ്പോള്‍ സംസാരിക്കുന്നത് പണരഹിത സമ്പദ്വ്യവസ്ഥയെ കുറിച്ചാണ്.  നഗരത്തിലെയും ഗ്രാമത്തിലെയും ദരിദ്രരെ മാത്രമല്ല അനൌപചാരിക സമ്പദ്വ്യവസ്ഥയിലുള്ളവരെയും ഇതുവഴി പരിഹസിക്കുകയാണ് മോഡിയും കൂട്ടരും. മോഡിയും ബിജെപിയും ഡിജിറ്റല്‍ പണമിടപാടിനെ കുറിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. 

'പണരഹിത സമ്പദ്വ്യവസ്ഥ' എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത് പുതിയ കറന്‍സി നോട്ടുകള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന കാര്യം മറച്ചുപിടിക്കാനാണ്. രാജ്യം അഭിമുഖീകരിക്കുന്ന കറന്‍സി ദുരന്തത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമാണ് ഈ 'പണരഹിത' സന്നാഹം.

ജനങ്ങള്‍ക്കു നേരെയുള്ള 'പണയുദ്ധ'ത്തിന്റെ ഫലം എന്താണെന്ന് ഇന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും. 80 ശതമാനം  ചെറുകിട മീഡിയം വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും നോട്ട് പ്രതിസന്ധി കാര്യമായി ബാധിച്ചു. എറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയാണിത്. വ്യവസായ കേന്ദ്രങ്ങളായ സൂറത്ത്, ലുധിയാന, ഇച്ചലാകരഞ്ചി, ഫരീദാബാദ്, രിരുപ്പുര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്ന് തൊഴിലാളികള്‍ ജോലിതേടി മറ്റിടങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്.

തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ തൊഴില്‍ ദിവസങ്ങള്‍ കുത്തനെ കുറയുകയാണ്. നവംബറില്‍ ജോലി കിട്ടിയവരുടെ എണ്ണം ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനമായി കുറഞ്ഞു. തൊഴില്‍ കിട്ടാത്തവരുടെ എണ്ണം ഒക്ടോബറുമായി താരതമ്യപ്പെടുത്തിയാല്‍ ഇരട്ടിയായി വര്‍ധിച്ചു. 23.4 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഒരിക്കലും അവസാനിക്കാത്ത ക്യൂവില്‍ നിന്ന് നൂറിലധികം പേര്‍ മരിച്ചു. കോളേജ് പരീക്ഷയ്ക്ക് ഫീസ് നല്‍കാനില്ലാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള ദാരുണമായ സംഭവങ്ങളും ഉണ്ടായി. 

ആണവസ്ഫോടനത്തെ പരാമര്‍ശിച്ചുകൊണ്ട് ആര്‍എസ്എസ്  താത്വികാചാര്യന്‍ പണം അസാധുവാക്കലിനെ 'ധനപരമായ പൊക്രാന്‍' എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയാണ്. ജനങ്ങള്‍ക്കു നേരെ എറിഞ്ഞ ആണവ ബോംബാണ് പണം അസാധുവാക്കല്‍ നടപടി. സാധാരണ ജനങ്ങളുടെ ജീവിതമാണ്തകര്‍ത്തെറിയപ്പെടുന്നത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top