25 June Monday

വിഷംചീറ്റുന്ന വിദ്വേഷപ്രസംഗം

പ്രശോഭ് പ്രസന്നന്‍Updated: Tuesday Mar 21, 2017

ലിംഗം, വംശം, മതം, ഗോത്രം, ശാരീരികവൈകല്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി, വാക്കുകള്‍കൊണ്ട് ഒരു വ്യക്തിയെയോ ജനസമൂഹത്തെയോ ആക്രമിക്കുന്നതിനെയാണ് വിദ്വേഷപ്രസംഗമെന്ന് പൊതുവില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രിമിനല്‍ വിദ്വേഷ പ്രസംഗക്കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മറ്റുസ്ഥാനാര്‍ഥികളെക്കാള്‍ വിജയസാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് 2016ല്‍ നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ദളിതരും ആദിവാസികളും മുസ്ളിങ്ങളും ഉള്‍പ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും കൊലവിളി നടത്തുന്നതും സമീപകാലത്ത് പതിവായിരിക്കുന്നു എന്ന വസ്തുതയും യുപിയിലേതുള്‍പ്പെടെ ബിജെപിയുടെ തെരഞ്ഞെടുപ്പുവിജയങ്ങളും യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദവിയുമൊക്കെ ഈ പഠനങ്ങളുമായി ചേര്‍ത്ത് വായിക്കണം.

12 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസ് പ്രതികളല്ലാത്ത 82,970 പേര്‍ മത്സരിച്ചതില്‍ 8,103 പേര്‍ വിജയിച്ചെന്നാണ് ഇന്ത്യ സ്പെന്‍ഡ് ഡോട്ട് കോമിന്റെ പഠനം പറയുന്നത്. 10 ശതമാനം വര്‍ധന. പക്ഷേ ക്രിമിനല്‍പശ്ചാത്തലമുള്ള 17,892 സ്ഥാനാര്‍ഥികളില്‍ 3,597 പേരും ജയിച്ചപ്പോള്‍ 20 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, വിദ്വേഷപ്രസംഗക്കേസുകളിലെ പ്രതികളുടെ വിജയശതമാനമാണ് ഞെട്ടിപ്പിക്കുന്നത്.

ഇത്തരം കേസുകളില്‍ പ്രതികളായ 399 സ്ഥാനാര്‍ഥികളില്‍ 121 പേരും വിജയിച്ചു. അതായത് 30 ശതമാനം വര്‍ധന. കണക്കെടുപ്പില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഒന്നാംസ്ഥാനത്താണ്. കുപ്രസിദ്ധരായ ഈ 399 സ്ഥാനാര്‍ഥികളില്‍ 97 പേരും ബിജെപിക്കാരാണ്. ടിആര്‍എസ്, സമാജ്വാദി പാര്‍ടി, ടിഡിപി, കോണ്‍ഗ്രസ്, എഐഎംഐഎം തുടങ്ങി ഒരുഡസനിലധികം ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ടികളെല്ലാംകൂടി ബാക്കി പങ്കിട്ടപ്പോഴാണ് ബിജെപിയുടെ ഒറ്റയ്ക്കുള്ള നേട്ടം. രാജ്യത്തെ എഴുപതോളം ജനപ്രതിനിധികളുടെപേരില്‍ വിദ്വേഷപ്രചാരണത്തിന് ഐപിസി 153 എ, 153 ബി, 295എ, 502(2), 125 വകുപ്പുകള്‍ പ്രകാരം കേസ് നിലവിലുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷന്‍ രേഖകളിലും ബിജെപിയാണ് ഒന്നാമത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് എത്രയോമുമ്പ് വന്ന പഠനറിപ്പോര്‍ട്ടാണിത്. പുതിയ കണക്കെടുത്താല്‍ ബിജെപി ബഹുദൂരം മുന്നോട്ടുപോയിരിക്കും എന്നുറപ്പാണ്. 

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയാകുന്നതോടുകൂടി ഈ പഠനത്തിന് പുതിയൊരു മാനം കൈവന്നു. ഹിന്ദുക്കള്‍ സംഘടിതരായി തിരിച്ചടിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രസംഗിച്ച എംപിയാണ് ഗൊരഖ്പുരില്‍ നിന്നുള്ള യോഗി ആദിത്യനാഥ്. മതംമാറുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്കുംപകരം നൂറ് മുസ്ളിം പെണ്‍കുട്ടികളെ മതം മാറ്റണം, വര്‍ഗീയകലാപങ്ങള്‍ക്ക് കാരണം ന്യൂനപക്ഷസമുദായങ്ങള്‍, നാല്‍പ്പത് ശതമാനത്തിലധികം മുസ്ളിം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ ഇതരമതക്കാര്‍ക്ക് ഭൂമി കിട്ടില്ല, ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ സ്വന്തം അമ്മയെ സംശയിക്കുന്നവരാണ്, വടക്കന്‍ യുപിയെ മറ്റൊരു കശ്മീര്‍ ആക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല, ഇന്ത്യയെ ക്രിസ്ത്യന്‍വല്‍ക്കരിക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസ, യോഗ വേണ്ടാത്തവര്‍ ഇന്ത്യ വിട്ടുപോകണം, ഹാഫിസ് സഈദിന്റെയും ഷാരൂഖ് ഖാന്റെയും ഭാഷകള്‍തമ്മില്‍ ഒരു വ്യത്യാസവുമില്ല  തുടങ്ങി രാജ്യത്തിന്റെ അഖണ്ഡതയും മതസൌഹാര്‍ദവും തകര്‍ക്കുന്നതാണ് ആദിത്യനാഥിന്റെ പ്രസംഗപരമ്പരകള്‍. ഇനി ഇയാളുടെ രാഷ്ട്രീയചരിത്രം പരിശോധിക്കുക. 1998 മുതല്‍ അഞ്ചുതവണ ഗൊരഖ്പുരിലെ ബിജെപി എംപിയായിരുന്നു യോഗി ആദിത്യനാഥ്. 1998ല്‍ തന്റെ 26-ാം വയസ്സില്‍ ഗൊരഖ്പുര്‍ മണ്ഡലത്തില്‍നിന്ന് ആദ്യം വിജയിക്കുമ്പോള്‍ 12-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി. പിന്നീട് 1999, 2004, 2009, 2014 വര്‍ഷങ്ങളിലും ഇയാള്‍ ഗൊരഖ്പുരിനെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്റിലെത്തി. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുമ്പോള്‍ 44 വയസ്സുമാത്രം പ്രായമുള്ള ആദിത്യനാഥിന്റെ സ്ഥാനലബ്ധി ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ പുതിയ ദിശാസൂചിയാണ്.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചുകാലത്തെ ചില വിദ്വേഷപ്രസംഗങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. കേന്ദ്രമന്ത്രിമാരുടെ ഇത്തരം വാഗ്പ്രയോഗങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രിയില്‍നിന്നുതന്നെ തുടങ്ങണം. 2013ല്‍ റോയിട്ടേഴ്സിനുനല്‍കിയ അഭിമുഖത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നരേന്ദ്ര മോഡിയുടെ പ്രതികരണം ശ്രദ്ധിക്കുക. ‘നമ്മള്‍ ഒരു കാര്‍ ഓടിക്കുമ്പോള്‍/ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുമ്പോള്‍ വാഹനത്തിന് മുന്നില്‍ ഒരു പട്ടിക്കുട്ടി ചാടുകയും വാഹനം അതിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്താല്‍ വേദനിക്കും.’സമാനതകളില്ലാത്ത കൊടുംക്രൂരതയെ, ജീവന്‍ നഷ്ടപ്പെട്ട/ ജീവച്ഛവങ്ങളായ ആയിരക്കണക്കിന് ഇരകളുടെ അസ്തിത്വത്തെ നിസ്സാരവല്‍ക്കരിച്ച പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കൂറ് ‘ഭരണഘടനയോടല്ലെന്ന് തെളിയിച്ചുംതുടങ്ങി പിന്നീട് മന്ത്രിസഭയിലെ പലരുടെയും നാവുകള്‍.

ജനങ്ങളെ രാമന്റെ മക്കളെന്നും ജാരസന്തതികളെന്നും സംബോധന ചെയ്തുകൊണ്ടുള്ള ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പരസ്യപ്രസംഗം രാജ്യത്തെ നടുക്കി. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി 2014 ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശ്യാം നഗറില്‍ നടന്ന റാലിയിലായിരുന്നു ജാരസന്തതിപ്രയോഗം. പിന്നീട് ചതയദിനത്തില്‍ കേരളത്തിലെ വിവാദപ്രസംഗം. അവിശ്വാസികള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നായിരുന്നു കണിച്ചുകുളങ്ങരയില്‍ ജ്യോതിയുടെ പ്രഖ്യാപനം. ഹിന്ദുക്കള്‍ ജാഗ്രതപാലിക്കണമെന്നും ഹൈന്ദവസ്ത്രീകള്‍ മറ്റു സമുദായങ്ങളിലുള്ളവരെ വിവാഹം കഴിക്കരുതെന്നും നാരായണഗുരുവിന്റെ ജന്മദിനത്തില്‍ മന്ത്രി ഉദ്ബോധിപ്പിച്ചു.

നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രഖ്യാപിച്ചത് ഗിരിരാജ്സിങ് എന്ന കേന്ദ്രമന്ത്രി. രണ്ടുവര്‍ഷം മുമ്പ്, ബിജെ പിയുടെ അന്നത്തെ ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി നടത്തിയ ഈ പ്രഖ്യാപനത്തോടെയാണ് ആശയസംവാദങ്ങളില്‍ പരാജയപ്പെട്ടാലുടന്‍ പാകിസ്ഥാനിലേക്ക് പോകുക എന്ന മുദ്രാവാക്യം സംഘപരിവാറുകാര്‍ പതിവാക്കിയത്. ബീഫും ആട്ടിറച്ചിയുംതമ്മിലുള്ള വ്യത്യാസത്തെ ഭാര്യയോടും സഹോദരിയോടും ഉപമിച്ചതും ഗിരിരാജ്സിങ് തന്നെ. ദളിതരെ പട്ടിയെന്നുവിളിച്ച് ആക്ഷേപിച്ചാണ് മുന്‍ കരസേനാമേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ് രാജ്യസ്നേഹം തെളിയിച്ചത്.

ഹരിയാനയിലെ ഫരീദാബാദില്‍ ദളിതരായ രണ്ട് പിഞ്ചുകുട്ടികളെ സവര്‍ണര്‍ പെട്രോളൊഴിച്ച് തീവച്ച് കൊന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നായിരുന്നു സിങ്ങിന്റെ പ്രതികരണം. മുസ്ളിങ്ങള്‍ രാക്ഷസന്മാരും രാവണന്റെ പിന്മുറക്കാരുമാണെന്നും അവര്‍ക്കെതിരെ അന്തിമയുദ്ധത്തിന് തയ്യാറെടുക്കണമെന്നും ആഹ്വാനംചെയ്തത് മാനവശേഷി വകുപ്പ് സഹമന്ത്രി റാം ശങ്കര്‍ കത്താരിയ. ആഗ്രയിലെ പ്രസംഗം വിവാദമായപ്പോള്‍ ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര എന്നിവര്‍ അതിനെ ന്യായീകരിച്ചു.

ഗാന്ധിഘാതകന്‍ ഗോഡ്സെ ദേശീയവാദിയാണെന്നും ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്നും പ്രഖ്യാപിച്ച ലോക്സഭാംഗമാണ് സാക്ഷി മഹാരാജ്. എല്ലാ ഹിന്ദുസ്ത്രീകളും കുറഞ്ഞത് നാലുകുട്ടികളെ വീതം പ്രസവിക്കണം, പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണം, വ്യാജ മുസ്ളിങ്ങള്‍ രാജ്യത്തിന് ഭീഷണി തുടങ്ങിയ പ്രഖ്യാപനങ്ങളും ഉന്നാവോയില്‍നിന്നുള്ള ഈ ജനപ്രതിനിധിയുടേതാണ്. നേപ്പാള്‍ ഭൂചലനത്തിനുകാരണം ഗോമാംസം കഴിക്കുന്ന രാഹുല്‍ ഗാന്ധി ശരീരശുദ്ധി വരുത്താതെ കേദാര്‍നാഥ് സന്ദര്‍ശിച്ചതാണെന്ന് കണ്ടെത്തിയതും ബാബറി മസ്ജിദ് ധ്വംസനം ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതനായ സാക്ഷി മഹാരാജ് തന്നെ.

രാംശങ്കര്‍ കത്തേരിയ വിവാദപ്രസംഗം നടത്തിയ അതേ വേദിയില്‍ ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിച്ചാല്‍ മുസ്ളിങ്ങളെ വച്ചേക്കില്ലെന്നു പ്രഖ്യാപിച്ചത് ഫത്തേപുര്‍ സിക്രിയില്‍നിന്നുള്ള ലോക്സഭാംഗം ബാബുലാല്‍. ഇസ്ളാംമതം നിലനില്‍ക്കുന്ന കാലത്തോളം ‘ഭീകരത തുടച്ചുമാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഉത്തര കന്നടയിലെ ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്.

ദാദ്രി സംഭവത്തില്‍ കേസില്‍ കുടുക്കിയാല്‍ മുസഫര്‍നഗര്‍ മാതൃകയില്‍ പ്രതികരിക്കുമെന്ന് സര്‍ദാന എംഎല്‍എ സംഗീത് സോം. കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചപ്പോള്‍ പശുവിനെ കൊന്നവരെ അഖിലേഷ് യാദവ് വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയെന്നുപറഞ്ഞതും സംഗീത്സോം.

ബിജെപി ജനപ്രതിനിധികളുടെ വിദ്വേഷപ്രചാരണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം മുതിര്‍ന്ന നേതാക്കള്‍തന്നെയാണെന്നതിന് 2014ലെ ലോക്സഭാ, ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്തെ അമിത്ഷായുടെ പ്രസംഗങ്ങള്‍ തെളിവ്. മുസഫര്‍നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരംചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യണം, ഉത്തര്‍പ്രദേശ് ഭരണത്തിന്റെ പിന്തുണയുള്ള ഒരുപറ്റമാളുകള്‍ കാണിച്ച അപമാനത്തിന് പ്രതികാരംചെയ്യാനും അഭിമാനം സംരക്ഷിക്കാനുമുള്ള അവസരമാണ് തെരഞ്ഞെടുപ്പ്, ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ പാകിസ്ഥാനില്‍ പടക്കംപൊട്ടും തുടങ്ങിയ പ്രസംഗങ്ങളുടെ ചുവടുപിടിച്ചാണ് പിന്നീട് പല സംഘപരിവാര്‍ നേതാക്കളുടെയും നാവുചലിച്ചത്. യുപി നിയമസഭാപ്രചാരണത്തിലും ഇതേമാതൃകയിലായിരുന്നു പ്രചാരണങ്ങള്‍.

ഗാന്ധിയേക്കാള്‍ രാജ്യസ്നേഹിയാണ് ഗോഡ്സെ എന്ന് പറയാന്‍ ലജ്ജയില്ലാതെ നാവുയര്‍ത്തിയത് ഹിന്ദുമഹാസഭ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൌശിക്. ആഗ്രയെ മറ്റൊരു മുസഫര്‍നഗറാക്കുമെന്ന് ‘ഭീഷണിമുഴക്കിയ വിഎച്ച്പി ജനറല്‍ സെക്രട്ടറി സുന്ദര്‍ ജെയിന്‍, ഹിന്ദുക്കള്‍ മുഖംമൂടി ധരിച്ച് മുസ്ളിംവീടുകളില്‍ കയറി ഒരു തലയ്ക്ക് പത്തെണ്ണംവീതം കൊയ്യണമെന്നട്ടഹസിച്ച കുണ്ടനിക ശര്‍മ, മുസ്ളിംതലയോട്ടികള്‍ അര്‍പ്പണം നടത്തുമെന്ന് പ്രഖ്യാപിച്ച വിഎച്ച്പി ജില്ലാ സെക്രട്ടറി അശോക് ലവാനിയ, പശുവിനെ കൊല്ലുന്നവര്‍ സുരക്ഷിതരല്ലാതാകുന്ന അവസ്ഥയുണ്ടാകണമെന്ന് വിളംബരംചെയ്ത പ്രമോദ് ഗുപ്ത തുടങ്ങിയവര്‍ ലക്ഷ്യമിട്ടതും തെരഞ്ഞെടുപ്പുകളെത്തന്നെയായിരുന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടണമെന്ന് ആര്‍എസ്എസ് നേതാവ് പ്രസംഗിക്കുന്നതിന്റെ കാരണവും ആദിത്യനാഥിനെപ്പോലുള്ളവരുടെ നേട്ടങ്ങളാണ്
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top