Top
29
Saturday, April 2017
About UsE-Paper

അരങ്ങുണര്‍ന്നു; ഇനി കലയുടെ പെരുമഴക്കാലം

Monday Apr 10, 2017
വെബ് ഡെസ്‌ക്‌

പിണറായി > പിണറായി പെരുമയ്ക്ക് അരങ്ങുണര്‍ന്നു. ഇനി അഞ്ചു നാള്‍ പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം. എകെ ജി സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയായ തിരുവരങ്ങില്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് മഞ്ജു വാര്യരുടെ കുച്ചുപ്പുടി അരങ്ങേറി. ഉദ്ഘാടനദിവസംതന്നെ കാണികളായി ആയിരങ്ങള്‍ ഒഴുകിയെത്തി.

പിണറായി സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കലാമാമാങ്കം ഏഴ് വേദികളിലായാണ് അരങ്ങേറുക. 35 ഇനങ്ങളിലായി രാജ്യത്തെ പ്രമുഖരായ ഇരുന്നൂറിലേറെ കലാപ്രതിഭകള്‍ അണിനിരക്കും. സുര്യ കൃഷ്ണമൂര്‍ത്തിയാണ് ഡയരക്ടര്‍. വൈകിട്ട് ഓലയമ്പലം ബസാറിലെ നാട്ടരങ്ങ് വേദിയില്‍  ഏഴോം വാദ്യസംഘത്തിന്റെ ചെണ്ടമേളം അരങ്ങേറി. മഞ്ജു വാര്യരുടെ കുച്ചുപ്പുടിക്കുശേഷം 'പുലിമുരുകന്‍' സിനിമ പ്രദര്‍ശിപ്പിച്ചു.

പിണറായിയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന ഏഴ് വനിതകളില്‍നിന്ന് ഒരു ജോഡി ചിലങ്ക ഏറ്റുവാങ്ങിയാണ് മഞ്ജു വാര്യര്‍ പിണറായി പെരുമ ഉദ്ഘാടനംചെയ്തത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. തലശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ, വി എ നാരായണന്‍, പി പി ദിവാകരന്‍, കോങ്കി രവീന്ദ്രന്‍, സി പി ബേബി സരോജം, പി വിനീത, പി ഗൌരി, എന്നിവര്‍ സംസാരിച്ചു. തലശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ സ്വാഗതം പറഞ്ഞു.

രണ്ടാം ദിനമായ തിങ്കളാഴ്ച പകല്‍ മൂന്നിന് മിനി എസി ഓഡിറ്റോറിയത്തിലെ അറിവരങ്ങ് വേദിയില്‍ 'മാന്‍ഹോള്‍' സിനിമയും ഓലയമ്പലം ബസാറിലെ നാട്ടരങ്ങില്‍ കുമ്മാട്ടിയും നടക്കും. അഞ്ചുമണിക്ക് കവിയരങ്ങ്. അഞ്ചിന് സ്കൂള്‍ മൈതാനത്തെ തെരുവരങ്ങില്‍ ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയുടെ തെരുവ് മാജിക്. ആറിന് മുഖ്യവേദിയില്‍ അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം. കെപിഎസി ലളിതയാണ് തിങ്കളാഴ്ചത്തെ മുഖ്യാതിഥി. വൈകിട്ട്് ഏഴിന് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും 9.30ന് 'പുതിയ നിയമം' ചലച്ചിത്രപ്രദര്‍ശനവും.

ഇന്ന് കവിയരങ്ങ്; മുതുകാട് ഷോ

പിണറായി > പിണറായി പെരുമയില്‍ തിങ്കളാഴ്ച കവിയരങ്ങ്. അറിവരങ്ങില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന കവിയരങ്ങില്‍ ശ്രീകുമാരന്‍ തമ്പി, വി മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ, കുരീപ്പുഴ ശ്രീകുമാര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, ആലങ്കോട് ലീലാകൃഷ്ണന്‍, ഗിരീഷ് പുലിയൂര്‍, ഇന്ദിരാ അശോക്, സുമേഷ് എന്നിവര്‍ പങ്കെടുക്കും. തിരുവരങ്ങില്‍ കെപിഎസി ലളിതയാണ് മുഖ്യാതിഥി. വൈകിട്ട് ഏഴിന് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ഷോ.

മൂന്നാംദിനമായ ചൊവ്വാഴ്ച കഥയരങ്ങില്‍ ടി പത്മനാഭന്‍, സക്കറിയ, സി രാധാകൃഷ്ണന്‍, എം മുകുന്ദന്‍, യു കെ കുമാരന്‍, ചന്ദ്രപ്രകാശ്, സതീഷ്ബാബു പയ്യന്നൂര്‍, ഇന്ദുഗോപന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് അതിഥികള്‍. മൂന്നാം ദിനം വൈകിട്ട് ഏഴിന് പ്രധാനവേദിയില്‍ നടക്കുന്ന ഗാനമേളയില്‍ രമേഷ് നാരായണന്‍, അഫ്സല്‍, രഞ്ജിനി ജോസ്, ഫ്രാങ്കോ, സിയാഉള്‍ഹഖ്, ജാസി ഫിഫ്റ്റ്, നിഷാദ്, മധുശ്രീ, മധുവന്തി, പ്രീത തുടങ്ങിയ പ്രമുഖ ഗായകര്‍ അണിനിരക്കും.