25 March Saturday

എൻജിനീയറിങ് വൈദഗ്ധ്യം ജനകീയമാകണം: പ്രൊഫ. സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കണ്ണൂർ > കേരളത്തിൽ നിന്നുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എൻജിനീയർമാരുടെ പ്രൊഫഷണലിസവും അവരുടെ സാങ്കേതിക അറിവിന്റെ പ്രയോഗവും ജനകീയമാകുമ്പോൾ  മാത്രമേ കേരളത്തിന്റെ വികസന രംഗത്ത് അതിനു സംഭാവന ചെയ്യാൻ കഴിയൂ എന്ന്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.  കണ്ണൂര്‍ ഗവൺമെന്റ്  എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ Enleap-GCEK എന്ന പേരില്‍ പുതുതായി രൂപീകരിച്ച കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം  എഞ്ചിനീയേഴ്സ് ദിനത്തോടനുബന്ധിച്ചു  ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപെട്ട ഘടകങ്ങളിൽ ഒന്ന് ഉല്പാദന വർദ്ധനവ് ആണെന്നും അനുഭവസമ്പത്തിനോടപ്പം പ്രൊഫഷണലിസവും ആധുനിക സാങ്കേതിക ജ്ഞാനവും  ചേരുമ്പോഴാണ് ഇത് സാധ്യമാകുന്നതെന്നും പരിപാടി ഉദ്ഘാനം ചെയ്ത് നൽകിയ വീഡിയോ സദ്ദേശത്തിൽ അദ്ദേഹം സൂചിപ്പിച്ചു . കേരളത്തിൽ നിന്നും എൻജിനീയറിങ് പഠിച്ചു പുറത്തിറങ്ങിയവരെല്ലാം  അവരുടെ വൈദഗ്ദ്യം  കേരളത്തിൽ കൂടി ഉപയോഗിക്കാൻ സന്നദ്ധമായാൽ കേരളത്തിന്റെ മുഖഛായ തന്നെ മാറുമെന്നും അത് ലോകത്തിനു തന്നെ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തെ തുടര്‍ന്ന് സാമ്പത്തിക വിദഗ്ധനും കേരള ആസൂത്രണ ബോര്‍ഡ് അംഗവുമായ ഡോ. ആര്‍ രാമകുമാര്‍ “ വികസനം കോവിഡാനന്തര കേരളത്തില്‍: വഴികളും വെല്ലുവിളികളും” എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തി.  

പ്രളയം, മഹാമാരി തുടങ്ങിയ പ്രതിസന്ധികളെയെല്ലാം നേരിടാൻ പാകത്തിൽ എളുപ്പത്തിൽ പരിക്കേൽക്കാത്ത ഒരു സമ്പദ് ഘടന നിർമ്മിച്ചെടുക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ആർ. രാമകുമാർ  പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടന സേവന മേഖലയെയും ഗൾഫിൽ നിന്നുമുള്ള പണത്തെയും ആശ്രയിച്ചാണ് വളർന്നു വികസിച്ചത്.  ഈ സ്ഥിതി മാറി ഉല്പാദന കേന്ദ്രീകൃതമായ ഒരു സമ്പദ് ഘടന വികസിപ്പിക്കാൻ കേരള സമൂഹത്തിനു കഴിയേണ്ടതുണ്ടെന്നും  ഉൽപ്പാദന ക്ഷമത പരിസ്ഥിതിക്ക് അനുകൂലമായി ചെയ്യാൻ കഴിയില്ല എന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രത്യേകിച്ച് കൃഷിയുടെ കാര്യത്തിലാണെങ്കിൽ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ നിലയിൽ ആധുനിക സാങ്കേതിക വിദ്യ കാർഷിക രംഗത്തും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫിൽ നിന്നും കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ട്ടപെട്ടു ഒന്ന് മുതൽ മൂന്ന് ലക്ഷം വരെ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടും എന്നാണ് കരുതുന്നത്. ഇങ്ങനെ തിരിച്ചെത്തുന്ന തൊഴിലാളികളുടെ നൈപുണ്യത്തെ സ്വയം തൊഴിൽ സംരഭങ്ങളിലൂടെയും സ്റ്റാർട്ട് അപ്പുകളിലൂടെയും എങ്ങനെ കേരളത്തിന് ഉപയോഗപ്പെടുത്താൻ കഴിയും എന്ന്  നാം ആലോചിക്കണം.

ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ പരമ്പരാഗത രീതിയിലുള്ള വലിയ നിർമ്മാണ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിൽ പരിമിതിയുണ്ട്. പക്ഷെ കേരളം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് , വിവരാധിഷ്ഠിതമായ   വ്യവസായങ്ങളിലും  ജർമനി സ്വിറ്റ്‌സർലാൻഡ്  പോലുള്ള  യൂറോപ്യൻ രാജ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയ   പ്രെസിഷൻ എഞ്ചിനീയറിങ് വ്യവസായങ്ങളിലുമാണെന്നും   അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ട് ആപ്പുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ്  എം.എല്‍. എ ജയിംസ്  മാത്യു അധ്യക്ഷത വഹിച്ച  ഉദ്ഘാടന പരിപാടിയില്‍ . ഗൾഫ് നാടുകൾ, യൂറോപ്പ്, അമേരിക്ക തുടങ്ങി  ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ല്‍ നിന്നുമായി നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍  പങ്കെടുത്തു. നാടിന്റെ വികസനവുമായി ബന്ധപ്പെട്ടു കണ്ണൂർ എൻജിനീയറിങ് കോളേജ് നൽകിവരുന്ന പിന്തുണയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ എൻലീപ് പോലുള്ള സംരംഭത്തിന്റെ വരവോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു എം.എൽ.എ പറഞ്ഞു.

എന്‍ലീപ് കൺവീനറും ഖത്തറില്‍ മെക്കാനിക്കല്‍ എഞ്ചിനീയറുമായ നിധിന്‍ ഒ.സി  സ്വാഗതവും തിരുവനന്തപുരത്ത് കെ .എസ്.ഇ.ബി യിൽ എൻജിനീയറായ പ്രവീണ കെ.പി നന്ദിയും പറഞ്ഞു. എന്‍ലീപ്  ജോ. കൺവീനറും കണ്ണൂരിൽ കെ .എസ്.ഇ.ബി എഞ്ചിനീയറുമായ എ. എന്‍  ശ്രീല കുമാരി,  ബഹറിനിൽ ഇലക്ട്രോണിക്സ് എൻജിനീയറായ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയ പൂർവ്വ വിദ്യാർഥികൾ  പരിപാടികൾക്ക് നേതൃത്വം നൽകി.   

ഉത്തര മലബാറിന്റെ  സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1986 ല്‍  പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും  പുറത്തിറങ്ങി  രാജ്യത്തിനകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ  ഉയര്‍ന്ന ഉദ്യോഗസ്ഥരായും ഗവേഷകരായും ജോലി ചെയ്യുന്നവരുടെ അറിവും  പ്രവര്‍ത്തി പരിചയവും കോളെജിന്റെയും നാടിന്റെയും വികസനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്   എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top