ശേഷം മൈക്കിൽ ശ്രീനാഥ്


ജിതിൻ ബാബു
Published on Mar 31, 2025, 03:24 PM | 2 min read
കോട്ടയം: ‘മത്സരത്തിന്റെ എട്ടാം മിനിറ്റിൽ മധുരമനോഹര ഗോളുമായി കൊമ്പൻസ് മുന്നിലേക്കെത്തിയിരിക്കുന്നു’– മൈതാനത്ത് കളിയാവേശം ചൂട് പിടിക്കുമ്പോൾ കാൽപ്പന്തിന്റെ കണക്കെഴുതിയ സൂത്രവാക്യങ്ങൾ മനപാഠമാക്കി കുതിച്ചുപായുന്ന പന്തിനെ വാക്കുകൾ കൊണ്ട് പിന്തുടരുകയാണ് ശ്രീനാഥ് മധുകുമാർ. 45 ശതമാനം കാഴ്ചപരിമിതിയുള്ള ശ്രീനാഥിന് ചെറുപ്പം മുതൽ ഫുട്‌ബോളിനോട് ആവേശമായിരുന്നു.
കളിയാരവങ്ങൾക്കൊപ്പം ഓടാൻ പരിമിതികൾ തടസമായെങ്കിലും കാൽപന്തുകളിയോട് ചേർന്നുനിൽക്കണമെന്ന അവന്റെ ആഗ്രഹം ചെന്നെത്തിയത് ‘കമന്റേറ്റർ’ എന്ന വേഷത്തിലായിരുന്നു. 23 വയസിനിടയിൽ 125 പ്രൊഫഷണൽ മത്സരങ്ങൾക്ക് കമന്റേറ്ററായി. കണ്ണൂർ ചെറുപുഴ സ്വദേശിയും കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാംവർഷ എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമാണ്.
ചങ്ങാതിയുടെ കൈപിടിച്ച്
കലാരംഗത്ത് സജീവമായ കുടുംബത്തിൽനിന്ന് മൈതാനത്തേക്കുള്ള വരവിന് കളിയോടുള്ള മൊഹബത്ത് മാത്രമായിരുന്നു ശ്രീനാഥിന്റെ പ്രചോദനം. ടിവിയിൽ ഫുട്‌ബോൾ കാണുമ്പോൾ അതിനനുസരിച്ച് കമന്ററി പറഞ്ഞായിരുന്നു തുടക്കം. ഐഎസ്‌എൽ മത്സരങ്ങൾക്കിടയിലെ അവിസ്‌മരണീയ നിമിഷങ്ങൾ സുഹൃത്തുക്കൾക്കിടയിൽ അനുകരിച്ച് അവർക്കിടയിൽ താരമായി. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സുഹൃത്ത് നിപിൻ ജോൺസനാണ് വാക്കിൽ കളിയൊളിപ്പിച്ച് വച്ച ശ്രീനാഥിന് വഴികാട്ടിയായത്. നാട്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിന് കമന്ററി പറഞ്ഞു തുടങ്ങി. പിന്നീട് നാട്ടിലെ കാൽപ്പന്ത് ആരവങ്ങൾക്ക് തീപിടിപ്പിച്ച വാക്കുകൾ അവന്റേതായി മാറി.
പ്രൊഫഷണൽ രംഗത്തേക്ക്
രണ്ടുവർഷത്തോളം ടൂർണമെന്റുകളിൽ സജീവമായിരുന്നെങ്കിലും പ്രൊഫഷണൽ മത്സരങ്ങളിലെ അരങ്ങേറ്റത്തിന് അവൻ കാത്തിരുന്നു. അതിനിടയിലാണ് ഫുട്‌ബോൾ ഗ്രൂപ്പ് വഴി കേരള പ്രീമിയർ ലീഗിലേക്ക് കമന്റേറ്ററെ എടുക്കാൻ ട്രയൽസ് നടക്കുന്നുണ്ടെന്ന് അറിയുന്നത്. അങ്ങനെ 20-ാം വയസിൽ പ്രൊഫഷണൽ രംഗത്തേക്ക് കാലെടുത്ത് വച്ചു. അരങ്ങേറ്റ സീസണിൽ തന്നെ എട്ട് മത്സരങ്ങളിൽ അവസരം കിട്ടി. തുടർന്ന് കേരള വിമൺസ് ലീഗിലേക്കും ട്രയൽസ് കൂടാതെ ശ്രീനാഥ് തെരഞ്ഞെടുക്കപ്പെട്ടു. തുർച്ചയായി നാല് സീസണുകളിൽ കേരള പ്രീമിയർ ലീഗിലും കേരള വിമൺസ് ലീഗിലും ശ്രീനാഥിന്റെ ശബ്ദം കാണികളെ ത്രസിപ്പിച്ചു. ഫിഫ ലോകകപ്പ് മത്സരത്തിൽ സ്പോർട്സ് 18 ചാനലിൽ അസോസിയറ്റ് പ്രൊഡ്യൂസറാകാനുള്ള അവസരവും തേടിയെത്തി. കേരള സൂപ്പർ ലീഗിൽ ഷൈജു ദാമോദരൻ, ഷിയാസ് മുഹമ്മദ് എന്നിവർക്കൊപ്പം ലീഡ് കമന്ററി ചെയ്യാനും ശ്രീനാഥിന് സാധിച്ചു.
സ്വപ്നങ്ങൾക്ക് കൂട്ടായി
ഒരു പ്രൊഫഷണൽ കമന്റേറ്ററിന്റെ 10 മടങ്ങ് തയ്യാറെടുപ്പാണ് സ്വപ്‌നങ്ങളിലേക്കുള്ള യാത്രയ്‌ക്കായി ശ്രീനാഥ് എടുക്കുന്നത്. അമ്മ ശ്രീലേഖയും സഹോദരിമാരായ ശ്രീരഞ്ജിനിയും ശ്രീലക്ഷ്‌മിയും ഒപ്പമുണ്ട്. ലാപ്ടോപ് ഉൾപ്പെടെ നൽകി നിർദേശങ്ങളുമായി സുഹൃത്ത് നിർമൽ ഖാനും മുന്നോട്ടുള്ള യാത്രയിൽ കരുത്തായി കൂടെയുണ്ട്. കേരള സന്തോഷ് ട്രോഫി ഫുട്ബാൾ ടീം താരവും പരിശീലകനുമായിരുന്ന ബിനീഷ് കിരണാണ് അവനിലെ കമൻറേറ്ററെ തേച്ചുമിനുക്കിയെടുത്തത്. നിലവിൽ ഐഎസ്‌എല്ലിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനാഥ്.
0 comments