ഗാന്ധിജിയുടെ ആ ചിത്രത്തിൽ ദണ്ഡിയല്ല ജുഹൂ ബിച്ചാണ്

ഗാന്ധിജിയുടെ കുട്ടികളുമായുള്ള ഓർമ്മ ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ഊന്നുവടി പിടിച്ച് സ്വന്തമാക്കാൻ എന്നവണ്ണം മുന്നിൽ ഓടുന്ന കുട്ടിയുടെ ചിത്രം. ഗാന്ധി വടിയിലെ പിടിവിടാതെ അവന്റെ കുസൃതിക്ക് പിന്നാലെ ബദ്ധപ്പെട്ട് ഓടിയെത്തുന്നു. ഇത് എവിടെ വെച്ച് ചിത്രീകരിച്ചതാവാമെന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ സംശയം തുഷാർ ഗാന്ധിക്ക് മുന്നിൽ സ്കൂൾ വിദ്യാർഥികൾ ഉന്നയിച്ചു.
ശിവഗിരിയിൽ എത്തിയതായിരുന്നു ഗാന്ധിജിയുടെ മകൻ മണിലാൽ ഗന്ധിയുടെ മകനായ തുഷാർ ഗാന്ധി. നാരായണ ഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയതിന്റെ ശതാബ്ദി ആഘോഷമായിരുന്നു വേദി. കൊല്ലം, തിരുവനന്തപുരം മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യങ്ങളുമായി അദ്ദേഹത്തെ വളഞ്ഞു.
ദണ്ഡി കടപ്പുറത്ത് നിന്നും പകർത്തിയ ചിത്രം എന്ന നിലയ്ക്കാണ് ആ ഫോട്ടോ ഏറെയും പ്രചരിച്ചിരുന്നത്. സ്കൂൾ പാഠപുസ്തകങ്ങളുടെ കവറിൽ വരെ ചിത്രം ആലേഖനം ചെയ്യപ്പെട്ടു. ഓരോരുത്തരുടെയും മനസിൽ പതിഞ്ഞ ചിത്രം പക്ഷെ ജൂഹു ബീച്ചിൽ നിന്നായിരുന്നു എന്ന് തുഷാർ ഗാന്ധി കുട്ടികളോട് പറഞ്ഞു.
മുംബൈയിൽ ജൂഹു ബീച്ചിൽ പേരക്കുട്ടിയായ കനു രാമദാസ് ഗാന്ധിയുമായി നടക്കാനിറങ്ങിയതായിരുന്നു ഗാന്ധി. മകൻ രാംദാസ് ഗാന്ധിയുടെ മകനാണ് കനുദാസ്. അവൻ കുസൃതിയായിരുന്നു. നടക്കാൻ മടിച്ചിരുന്ന കുസൃതി പയ്യനെ മുന്നിൽ നടത്തി അവനെ സ്വയം നടക്കാൻ പ്രേരിപ്പിക്കുന്നതാണ് യഥാർത്ഥത്തിൽ ചിത്രത്തിലുള്ളത് എന്നും തുഷാർ ഗാന്ധി വിശദീകരിച്ചു.
സംവദിക്കാനെത്തിയ കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു തീരാതെ കൂടി നിന്നു. അവസാനം സ്വന്തം മെയിൽ ഐഡിയും കൊടുത്താണ് അദ്ദേഹം പിൻവാങ്ങിയത്. മഹാത്മാ ഗാന്ധിക്ക് ആത്മീയത എന്നാൽ മാനവികതയായിരുന്നു എന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശാരദാ മഠത്തിൽ നിലത്ത് വിരിച്ച പായയിലിരുന്നായിരുന്നു വിദ്യാർഥികളുടെ സംവാദം.
ഗാന്ധിജി ശിവഗിരിയിലെത്തി നാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് പ്രപൌത്രനായ തുഷാർഗന്ധി എത്തിയത്.
ചിത്രത്തിൽ ഗാന്ധിജിക്ക് ഒപ്പം നടക്കുന്ന കുട്ടി കനു രാമദാസ് പിന്നീട് നാസയിൽ ശാത്രജ്ഞനായിരുന്നു. എം ഐ ടിയിലെ പഠനത്തിന് ശേഷം കാൽ നൂറ്റാണ്ടോളം നാസയിൽ പ്രവർത്തിച്ചു. നാട്ടിലെത്തി നിർധനാവസ്ഥയിൽ ജീവിച്ച അദ്ദേഹം 2018 നവംബർ ഏഴിനാണ് അന്തരിച്ചത്. സത്രങ്ങളിലും താത്കാലിക അഭയ കേന്ദ്രങ്ങളിലുമായാണ് വൃദ്ധയായ ഭാര്യയ്ക്കൊപ്പം കഴിഞ്ഞത്. അഹമദാബാദിലും സൂറത്തിലുമായാണ് പൊതുജനസഹായത്താൽ അവസാന കാലം പിന്നിട്ടത്.
0 comments