'പ്രണയത്തിൽ വൈദഗ്ധ്യമുണ്ടോ, ചീഫ് ഡേറ്റിങ് ഓഫീസറാകാം'; രസകരമായ തൊഴിൽ ഒഴിവുമായി ബംഗളൂരു കമ്പനി

ബംഗളൂരു: ഒരു ബ്രേക്ക് അപ്പിലൂടെ കടന്ന് പോയിട്ടുണ്ടോ നിങ്ങൾ. അല്ലെങ്കിൽ സുഹൃത്തുക്കൾ ഡേറ്റിങ്ങിനായി നിങ്ങളോട് ഉപദേശം തേടാറുണ്ടോ, എന്നാൽ നിങ്ങൾക്കുവേണ്ടി ഒരു പോസ്റ്റുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനി വളരെ രസകരമായ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ചീഫ് ഡേറ്റിങ് ഓഫീസർ (സിഡിഒ) എന്ന പുതിയ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മെൻ്ററിംഗ് ആൻഡ് കൺസൾട്ടിംഗ് പ്ലാറ്റ്‌ഫോമായ ടോപ്‌മേറ്റ് എന്ന കമ്പനിയാണ് പോസ്റ്റിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചത്.
പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയം, ബ്രേക്ക് അപ്പ് എന്നിവയിൽ വൈദഗ്ദ്യമുള്ളവരെയാണ് കമ്പനി തേടുന്നത്. ഒരു ബ്രേക്ക് അപ്പ്, 2 സിറ്റുവേഷൻഷിപ്പുകൾ, 3 ഡേറ്റിങ്ങുകൾ എന്നിവയിലൂടെ കടന്ന് പോയിരിക്കണം, ഡേറ്റിങ്ങുമായി ബന്ധപ്പെട്ട പുതിയ വാക്കുകൾ അറിഞ്ഞിരിക്കണം, ആവശ്യമെങ്കിൽ പുതിയ വാക്കുകൾ ഉണ്ടാക്കണം, രണ്ടോ അതിൽ അധികമോ ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചിരിക്കണം എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങൾ. ടോപ്‌മേറ്റിലെ മാർക്കറ്റിംഗ് ലീഡ് നിമിഷ ചന്ദ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
"ഞങ്ങൾ ഒരു ചീഫ് ഡേറ്റിങ് ഓഫീസറെ തിരയുകയാണ്. നിങ്ങൾ ഡേറ്റിങ് ഉപദേശങ്ങൾ നൽകുന്ന ഒരു സുഹൃത്താണോ? ഗോസ്റ്റിംഗ്, ബ്രഡ്ക്രംപിങ് പോലെയുള്ള ഡേറ്റിങ് രംഗത്തെ എല്ലാ ബസ്‍വേർഡുകളും നിങ്ങൾക്ക് പരിചിതമാണോ? ഇവ ഡീകോഡ് ചെയ്യാൻ കഴിയുന്ന ഒരു ഉദ്യോഗാർത്ഥിയാണോ. എന്നാൽ നിങ്ങളെയാണ് ഞങ്ങൾ തേടുന്നത്- നിമിഷ ചന്ദ എക്സിൽ കുറിച്ചു. സ്കൂൾ കാലഘട്ടത്തിൽ ഫ്ലെയിംസ് കളിച്ചിരുന്നു, അപ്പോൾ തനിക്ക് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുമോ?, സിറ്റുവേഷൻഷിപ്പ് മില്ലേനിയൽസിന് അത്ര പരിചിതമല്ല, നിങ്ങൾ ജെൻ സീകളെ മാത്രമേ പരിഗണിക്കുകയുള്ളോ? എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് നിമിഷ ചന്ദയുടെ പോസ്റ്റിന് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്.
0 comments