തിരുവനന്തപുരം> കേരളം നിർമിക്കുന്ന സ്വന്തം ലാപ‌്ടോപ്പിന‌് പേര‌് നിശ‌്ചയിച്ചു‐ ‘കോകോണിക‌്സ‌്’ (coconics). തെങ്ങിനെ പ്രതിനിധാനംചെയ്യുന്ന ‘കോകോ’ ഇലക‌്ട്രോണിക‌്സിലെ ‘ണിക‌്സ‌്’ എന്നിവ ചേർന്നതാണ‌് പുതിയ പേര‌്. ഈ പേരിലാകും കേരള ലാപ‌്ടോപ്പുകൾ വിപണിയിലെത്തിക്കുക.
സംസ്ഥാന സർക്കാരിന്റെ ഹാർഡ‌്‌വെയർ മിഷന്റെ മേൽനോട്ടത്തിൽ കെൽട്രോൺ ആണ‌് കേരള ലാപ‌്ടോപ് നിർമിക്കുക. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ യൂണിറ്റിലാണ‌് നിർമാണം. ഇവിടെ ഉൽപ്പാദന യൂണിറ്റ‌് തുടങ്ങുന്നതിന‌് സൗകര്യങ്ങൾ സജ്ജമാക്കൽ തുടങ്ങി. ഈ വർഷംതന്നെ ലാപ‌്ടോപ് വിപണിയിലെത്തിക്കാനാണ‌് ശ്രമം.
കെൽട്രോൺ, കെഎസ‌്ഐഡിസി, ഹാർഡ‌്‌വെയർ മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇന്റെൽ, യുഎസ‌്ഡി ഗ്ലോബൽ കമ്പനികളുമായി സഹകരിച്ചാണ‌് ലാപ‌്ടോപ‌് നിർമിക്കുന്നത‌്.
ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ‌് ആദ്യ ‘കോകോണിക‌്സ‌്’ ലാപ‌്ടോപ്പുകൾ പുറത്തിറക്കുക. തുടർന്ന‌് എല്ലാ ഘടകങ്ങളും തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച‌് സമ്പൂർണ കേരള ലാപ‌്ടോപ് അവതരിപ്പിക്കും. തുടർന്ന‌് സെർവർ നിർമാണത്തിനും പദ്ധതിയുണ്ട‌്.
ഇന്ത്യയിൽ ലാപ്ടോപ്, ഡെസ്ക്ടോപ‌് എന്നിവ പൂർണമായി ഉൽപ്പാദിപ്പിക്കുന്ന കമ്പനികളില്ല. ചൈന, തായ‌്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉപകരണങ്ങൾ കൊണ്ടുവന്നശേഷം കൂട്ടിയോജിപ്പിക്കുകയാണ‌് പതിവ‌്. ഇന്ത്യയിൽ ഉൽപ്പാദനമില്ലാത്ത ചിപ്പ്, മെമ്മറി തുടങ്ങിയവ ഇന്റെൽ കമ്പനിയിൽനിന്ന‌് വാങ്ങും. ബാക്കി 40 ശതമാനത്തോളം ഘടകങ്ങളും കേരളത്തിൽ ഉൽപ്പാദിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ ഹാർഡ‌്‌വെയർ ഉൽപ്പാദകരായ കമ്പനികളെ ചേർത്ത‌് കൺസോർഷ്യം രൂപീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..