23 April Tuesday

കടലുണ്ടിയുടെ മൊഞ്ച് കൂട്ടാന്‍ രുചിക്കൂട്ടുമായി അഴിമുഖം കഫെ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കോഴിക്കോട് > കടലുണ്ടിപ്പുഴ അറബിക്കടലിന്റെ മടിത്തട്ടിലേക്ക് തലചായ്ക്കുന്ന കടലുണ്ടിക്കടവ് അഴിമുഖത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ട്.അറബികടല്‍ താണ്ടിവന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാരുടെ വെടിക്കോപ്പുകളുടെ കഥയില്‍ തുടങ്ങി,കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്ദത്തിനു വരെ പറയാന്‍ സ്വന്തമായി ഒരുപാടു കഥകളുണ്ട്.

 ചരിത്രമുറങ്ങുന്ന ഈ കടവ് ഇന്ന് മറ്റൊരു തലത്തിലേക്കും മാറിയിരിക്കുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണീ സുന്ദരമായ പ്രദേശം. കടലുണ്ടി പുഴയെ കൂടുതല്‍ മനോഹരിയാക്കുന്ന കണ്ടല്‍ കാടുകള്‍, അന്യദേശത്തുനിന്നും വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍.


 മനസ് നിറയ്ക്കുന്ന സൂര്യോദയം.... സമ്പൂര്‍ണ  വിനോദ സഞ്ചാര കേന്ദ്രമായി കടലുണ്ടി മാറുകയാണ്. ആ മാറ്റത്തിനോടൊപ്പം ചേര്‍ത്തു വായിക്കാനാരു പേരു കൂടി എഴുതി ചേര്‍ക്കപ്പെടുകയാണിവിടം 'അഴിമുഖം കഫെ'.

മലബാറിന്റെ തനതായ നാട്ടുരുചികള്‍ക്കൊപ്പം വ്യത്യസ്തവും പുതുമയുള്ളതുമായ വിഭവങ്ങളും ഒരുക്കിയാണ് 'അഴിമുഖം കഫെ' സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. രാവിലെ 10 ന് പ്രവര്‍ത്തനമാരംഭിക്കുന്ന കഫെയില്‍ മീന്‍ വിഭവങ്ങളുടെ  പ്രത്യേക ശേഖരമാണുള്ളത്.


 പുഴ-കടല്‍ മത്സ്യ വിഭവങ്ങളുടെ ലൈവ് കിച്ചണും ഒരുക്കിയിട്ടുണ്ട്. മീന്‍ ബിരിയാണി, കൊഞ്ച്, കല്ലുമ്മക്കായ, കൂന്തള്‍, ഞണ്ട് എന്നിവയുടെ നാടന്‍ വിഭവങ്ങള്‍ അഴിമുഖം കഫെയുടെ മാത്രം പ്രത്യേകതയാണ്.മിതഭക്ഷണ പ്രിയര്‍ക്ക് അതിനായി 'അഴിമുഖം തട്ടുകട'യും കഫെയില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിലൂടെ ഗ്രീന്‍പീസ് മുട്ടമാല, കപ്പ ബിരിയാണി, മക്രോണി, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി എന്നിവയും പാനീയങ്ങളായി
ചായയും കാപ്പിയും ഒപ്പം ജ്യൂസുകളും  കൂടാതെ 'അഴിമുഖം കഫെ'യുടെ സ്വന്തം 'കഫെ സ്‌പൈസി'യും നിങ്ങളെ കാത്തിരിക്കുന്നു.


വാങ്ങുന്ന ഭക്ഷണം നമുക്കിഷ്ടപ്പെട്ട അന്തരീക്ഷത്തില്‍ കഴിക്കാനുള്ള അവസരാണ്  കഫെയുടെ മറ്റൊരു പ്രത്യേകത. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെയും വയലാറിന്റെയും ബഷീറിന്റെയും ഓര്‍മകള്‍ക്കൊപ്പമിരുന്ന് രുചികരമായ ഭക്ഷണം കഴിക്കാനാകും. കൂട്ടിന് വായന വളര്‍ത്തുക എന്ന ലക്ഷ്യമിട്ട്   ഒരു ചെറു ലൈബ്രറിയും കഫെയില്‍ ഒരുക്കിയിട്ടുണ്ട്.



കടലുണ്ടി കടവ് പാലത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന അഴിമുഖം കഫെയില്‍ എത്താനായി മൂന്ന് വഴികളാണുള്ളത്. കോഴിക്കോട് നിന്നും ഫറോക്ക് വഴി ചാലിയത്ത് കൂടി ഇവിടെയെത്താം. മലപ്പുറം വഴി വരുന്നവര്‍ പരപ്പനങ്ങാടി ആനങ്ങാടി വഴി കയറി കടലുണ്ടി കടവിലെത്താം. ഇനി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വഴി വരുന്നവര്‍ക്ക് ചെട്ടിയാര്‍മാട്‌- ആനങ്ങാടി വഴി കയറി കടലുണ്ടി നഗരത്തിലൂടെ വന്നും കഫെയിലെത്താം.

 


പ്രധാന വാർത്തകൾ
 Top