ഒരേ നൂൽ കൊണ്ടളക്കുന്ന പൊതുബോധമേ.....
എൻ്റെ ക്യാമ്പസ്; വാർപ്പുമാതൃകകൾക്കുമപ്പുറം


ആൽബിൻ സി ജോസ്
Published on Apr 02, 2025, 02:52 PM | 2 min read
"Gen Z" അഥവാ ഞാനടങ്ങുന്ന പുതിയ തലമുറയെപ്പറ്റി മുൻവിധികളും അബദ്ധധാരണകളും ഇന്ന് സമൂഹത്തിലുണ്ട്. ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തെകുറിച്ചുള്ള മിത്തുകളായാണ് അവയിപ്പോൾ തരംഗമായിരിക്കുന്നത്. താരതമ്യേന 'ലിബറൽ' ആയ പൊതു സർവകലാശാലകൾ ഇത്തരം വിമർശനങ്ങൾ കൂടുതലായും ചുമേക്കേണ്ടി വരും. അത്തരമൊരു പൊതുസർവകലാശാലയിലെ വിദ്യാർത്ഥിയെന്ന നിലയിൽ, വിദ്യാർത്ഥികളെയും ക്യാമ്പസുകളെയും ഒരേ നൂൽ കൊണ്ടളക്കുന്ന പൊതുബോധത്തെ എനിക്ക് ചോദ്യം ചെയ്തേ മതിയാകൂ.
ഒരു ശരാശരിക്കരനായ വിദ്യാർത്ഥിക്ക്, ഘടാഘടിയാൻ സിലബസും അടിക്കടി വരുന്ന സെമസ്റ്റർ പരീക്ഷകളും പ്രൊജക്ടും സെമിനാറുകളും ആവശ്യത്തിന് മാനസിക സമ്മർദ്ദം സമ്മാനിക്കുന്നുണ്ട്. അതോടൊപ്പം വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും പഴികളും പഴിചാരലുകളും. നല്ല രീതിയിൽ സ്കോർ ചെയ്താലും ഭാവിയിൽ ജോലി ഒരുറപ്പും ഇല്ല എന്ന യാഥാർത്ഥ്യവും അവനെ/അവളെ കൂടുതൽ സമ്മർദ്ദങ്ങളിലേക്ക് നയിക്കും.
അത്തരമൊരു വിദ്യാർത്ഥി, ലഹരി പോലുള്ള താത്കാലിക ആശാസമാർഗങ്ങളിലേക്ക് (escapism) തിരിഞ്ഞു പോകാവുന്നതാണ്. എന്നാൽ, അത് ദുർബലരായ ഒരു മൈനോറിറ്റി (minority) മാത്രമാണ്.
ക്യാമ്പസ് ഞങ്ങൾക് നൽകുന്ന മറ്റ് ലഹരിയുണ്ട്. സുഹൃദ് ബന്ധങ്ങളും, കലാകായിക പരിപാടികളും, തിരിച്ചറിവു നൽകുന്ന ചർച്ചകളും, അത്തരം ലഹരികളാണ്. ഒരു പൗരൻ്റെ വളർച്ചയിൽ ഇത്തരം ഘടകങ്ങളുടെ പങ്ക് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നല്ല സുഹൃദ് ബന്ധങ്ങൾ അവയിൽ പ്രധാനമാണ്. സമപ്രായക്കാർ മാത്രമല്ല, അധ്യാപകരോ, ലൈബ്രറിയനോ, കാൻ്റീനിലെ ചേട്ടന്മാരോ ഒക്കെ ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഇവിടെ മറ്റു ലഹരിയ്ക് എന്താണ് പ്രസക്തി?. അവ ഏത് വഴികളിലൂടെയാണ് കയറി വരുന്നത്. ആരെയാണ് കീഴടക്കുന്നത് എന്നും കാണേണ്ടതുണ്ട്.
പൊതുസർവകലാശാലകൾക്കും പുരോഗമന ചിന്താഗതിയുള്ള വിദ്യാർത്ഥികൾക്കും മേൽ ലഹരിയുടെ ലേബൽ (label) എളുപ്പം ചാർത്തി നൽകാറുണ്ട്. എന്നാൽ ഒന്ന് ഓർക്കുക, അത്തരം ചാപ്പകുത്തലുകൾ തന്നെയാണ് പല തെറ്റുകളും നോർമലൈസ് (normalize) ചെയ്യുന്നത്. "നിങ്ങളൊക്കെ കഞ്ചാവാണ്" എന്ന മുദ്ര കിട്ടിക്കഴിഞ്ഞാൽ പിന്നെ ശരിക്കുമുള്ള കഞ്ചാവ് എന്താണെന്ന് ഒന്നു പരീക്ഷിക്കാമല്ലോ.
കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും മാത്രമല്ല ലോകത്തിന്റെ ഒരു നല്ല നാളേയ്ക്കായി സ്വപ്നം പേറുന്ന യുവമനസ്സുകളും ഇവിടെയുണ്ടെന്ന വാസ്തവം മറക്കരുത്.
ഒന്ന് ചിന്തിച്ച് നോക്കിയാൽ, ചരിത്രത്തിൽ എന്നും രേഖപ്പെടുത്തിയിട്ടുള്ളത് കലഹങ്ങളും സംഘർഷങ്ങളും മാത്രമാണ്. ഏറ്റവും സാധാരണക്കാരനായി ജീവിച്ചു മരിച്ചവരുടെ കഥകൾ രേഖപ്പെടുത്താൻ ആരും മിനക്കെടാറില്ല. അതേപോലെ, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി അവയെ പ്രദർശിപ്പിക്കുക എന്നത് മനുഷ്യൻ്റെ പ്രവണതയാണ്. ഏതെങ്കിലും ഒരു ക്യാമ്പസിൽ എന്നെങ്കിലും നടന്ന ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വാർത്ത- ഒരു ചീത്തപ്പേര്, അതേ ക്യാമ്പസിലെ മറ്റു പ്രസക്തമായ വസ്തുതകളെക്കാൾ ഉയർത്തിക്കാണിക്കുക എന്നത് ഒരു മോശം പ്രവണത തന്നെയാണ്.
സമൂഹത്തിൻ്റെ ഒരു മിനിയേച്ചർ (miniature) മാത്രമാണ് ക്യാമ്പസ്. സമൂഹത്തിലെ നന്മയും തിന്മയും അവിടെ പ്രതിഫലിക്കും. സാമൂഹിക സംഘർഷങ്ങളും അവിടെ സമ്മർദ്ദ ഘടകമാവും. കുടുംബത്തിൽ നിന്നു നല്ല ശിക്ഷണം ലഭിച്ച ഒരു ബാല്യവും, സമൂഹത്തിൽ നിന്ന് നല്ല ആദർശമാതൃകകൾ ലഭിച്ച ഒരു യുവത്വവും എന്നത് എല്ലാവരുടെയും ഭാഗ്യമായി കൊള്ളണമെന്നില്ല.
മുൻവിധികൾ മാത്രം കൈമുതലാക്കി വിമർശനങ്ങളിലേക്ക് ചാടിവീഴുന്നതിനു മുൻപേ ഇക്കാര്യങ്ങൾ കൂടി കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.
0 comments