Deshabhimani

പ്രവാസികൾക്ക‌് വൻ ഇളവുമായി യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2018, 06:39 PM | 0 min read

ദുബായ‌് > വിദേശ വ്യവസായികൾക്കും വിദ്യാസമ്പന്നർക്കും യുഎഇയിൽ വൻ ഇളവുകൾ. 10 വർഷം കാലാവധിയുള്ള താമസ വിസ ഇവർക്ക് അനുവദിക്കാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു.

നിരവധിപേർ ഗൾഫ‌് വിടാനൊരുങ്ങവെയാണ‌് പ്രവാസികൾക്ക‌് പ്രതീക്ഷയേകി യുഎഇ സർക്കാരിന്റെ പ്രഖ്യാപനം. രാജ്യത്തെ കൂടുതൽ ആകർഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർനീക്കം. ഡോക്ടർമാർക്കും എൻജിനിയർമാർക്കുമാണ‌്  10 വർഷത്തെ താമസവിസ അനുവദിക്കുക. ഇവരുടെ  കുടുംബത്തിനും വിസ അനുവദിക്കും. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത‌്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ‌് ആനുകൂല്യങ്ങൾ  പ്രഖ്യാപിച്ചത‌്. വ്യവസായികൾക്ക‌ും വൻ ഇളവുകളാണ‌് പ്രഖ്യാപിച്ചത‌്. കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം ഇനിമുതൽ ലഭിക്കും. ഈവർഷം അവസാനത്തോടെ തീരുമാനം നടപ്പാകും. താമസ വിസ കാലാവധി നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. വിദ്യാർഥികളുടെ താമസ വിസാകാലവധി പൂർത്തിയായിട്ടുണ്ടെങ്കിൽ നീട്ടുന്നതാണ് പരിഗണിക്കുന്നത‌്. സർവകലാശാലാ വിദ്യാർഥികൾക്ക് തുടർന്നും യുഎഇയിൽ താമസിക്കാൻ സാധിക്കുന്നവിധത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുമെന്നാണ് വിവരം. പഠനം പൂർത്തിയായവർക്ക് പ്രായോഗിക പരിശീലനം യുഎഇയിൽത്തന്നെ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home