സിറിയയിൽ അരാജകത്വം ; കടന്നുകയറി യുഎസും ഇസ്രയേലും , അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം

ഡമാസ്‌കസ്
യുഎന്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നിയന്ത്രണം പിടിച്ച സിറിയയിൽ അവസരം മുതലാക്കി കടന്നുകയറാന്‍ അമേരിക്കയും ഇസ്രയേലും. ആയുധസംഭരണ കേന്ദ്രങ്ങളിലേക്കെന്ന പേരില്‍ സിറിയന്‍ കേന്ദ്രങ്ങളില്‍ ഇസ്രയേൽ വ്യോമക്രമണം നടത്തി. യുദ്ധോപകരണങ്ങള്‍ "വിമതർക്ക്' ലഭിക്കരുതെന്ന് ഉറപ്പാക്കാനാണിതെന്ന് ഇസ്രയേൽ വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഐഎസ് ശക്തികേന്ദ്രങ്ങളിലേക്ക് എന്ന പേരില്‍ സിറിയന്‍ മേഖലയില്‍ അമേരിക്കയും വ്യോമാക്രമണം നടത്തി. ഇരുരാജ്യങ്ങളുടെയും ആക്രമണം തടയാൻ സിറിയയിൽ അട്ടിമറി നടത്തിയ ഭീകരർ തയ്യാറായില്ല. എച്ച്‌ടിഎസ് നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല.
സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് പശ്ചിമേഷ്യ മുഴുവൻ രക്തക്കളമാക്കാനാണ് ചിലരുടെ ശ്രമമെന്ന് റഷ്യ പ്രതികരിച്ചു. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യംവിട്ടതോടെ പ്രതിസന്ധിയിലായ സിറിയൻ ജനതയെ ഇസ്രയേലിന്റെയും യുഎസിന്റെയും ആക്രമണങ്ങൾ കൂടുതൽ ആശങ്കയിലാക്കി.
1974ലെ ഉടമ്പടി പ്രകാരം സിറിയക്കുള്ളിലുണ്ടായ ബഫർ സോൺ സിറിയൻ സൈന്യം പിൻവാങ്ങിയതോടെ ഇസ്രയേൽ സൈന്യം പിടിച്ചു. മെസെഹ് സൈനിക വിമാനത്താവളത്തിലും വ്യോമാക്രമണമുണ്ടായി.
ഐഎസിനെ ലക്ഷ്യമിട്ട് സിറിയയിലെ 75ലധികം കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇസ്രയേലിനും അമേരിക്കയ്‌ക്കും പിന്നാലെ തുർക്കിയയും സിറിയയിൽ ആക്രമണംനടത്തി. വടക്കൻ സിറിയയിലെ കുർദ് ഭൂരിപക്ഷ പ്രദേശമായ റാഖ നഗരത്തിലുണ്ടായ ആക്രണമത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ആറ് കുട്ടികളും ഉൾപ്പെടും. അതേസമയം ഡമാസ്‌കസിലെ സെൻട്രൽ ജയിലിലുള്ള മുഴുവൻ ഭീകരരെയും തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ ജയിൽപരിസരത്ത് തടിച്ചുകൂടി. ജയിലുകളിലെ തടവുകാരെ മോചിപ്പിച്ച ഭീകരർ ഭൂമിക്കടിയിലെ രഹസ്യ തടവറകൾക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ ഇതുവരെ അത്തരത്തിലൊന്ന് കണ്ടെത്തിയിട്ടില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ഭീകരാനുകൂലികൾ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു. അസദ് താമസിച്ച കൊട്ടാരം കൊള്ളയടിച്ചശേഷം അടിച്ചുതകർത്തു.
സിറിയിയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം തുടരുന്നു. ലിബിയന്‍ അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. മൂന്നുലക്ഷത്തിലേറെ പേര്‍ പലായനം ചെയ്‌തെന്ന് യുഎന്‍ വെളിപ്പെടുത്തി.
ജൊലാനി പ്രസിഡന്റാകും
സിറിയയിൽ ഭീകരർ സർക്കാർ രൂപീകരണശ്രമം തുടങ്ങി. എച്ച്‌ടിഎസ് നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി പ്രസിഡന്റാകും. 2016ൽ ഭീകരർ അൽഖായ്ദയിൽനിന്ന് വേർപിരിഞ്ഞ് എച്ച്‌ടിഎസ് രൂപീകരിച്ചശേഷം ആദ്യം ഭരണംപിടിച്ച ഇദ്‌ലിബ് പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന മൊഹമ്മദ് അൽ ബഷീർ താൽക്കാലിക പ്രധാനമന്ത്രിയാകും.
Related News

0 comments