പ്രസിഡന്റ് അസദ് രാജ്യംവിട്ടു , വിമാനം അപകടത്തിൽപ്പെട്ടെന്ന് റിപ്പോർട്ട് ; സിറിയ പിടിച്ച് ഭീകരർ

ഡമാസ്‌കസ്
ഭീകര സംഘടനയായ ഹയാത് തഹ്‌രീർ അൽ ഷാം സിറിയയുടെ നിയന്ത്രണം പിടിച്ചെടുത്തു. അൽ ഖായ്‌ദ ബന്ധമുള്ള അബു മൊഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്‌ച തലസ്ഥാനമായ ഡമാസ്‌കസിൽ ആധിപത്യം ഉറപ്പിച്ചത്. പ്രസിഡന്റ് ബഷാർ അൽ അസദിന് റഷ്യ അഭയം നൽകിയതായാണ് സൂചന. എന്നാൽ, സിറിയയിൽനിന്നും അസദ് യാത്രചെയ്‌ത വിമാനം അപകടത്തിൽ കാണാതായെന്നും റിപ്പോർട്ടുണ്ട്. ഇതോടെ പാശ്ചാത്യശക്തികളുടെ കണ്ണിലെ കരടായ അസദിന്റെ 24വർഷത്തെ ഭരണം അവസാനിച്ചു. രാജ്യം "സ്വതന്ത്ര'മായെന്നും എക്‌സിക്യൂട്ടീവ് അധികാരങ്ങളുള്ള ഗവേണിങ് ബോഡിക്ക് രാജ്യാധികാരം കൈമാറുമെന്നും ഭീകരർ പ്രഖ്യാപിച്ചു. ഡമാസ്‌കസിൽ നിശാനിയമം ഏർപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരടക്കം തടവുകാരെ ഭീകരർ മോചിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായി.
താൻ രാജ്യംവിട്ടുപോയിട്ടില്ലെന്നും പ്രതിപക്ഷവുമായി കൈകോർത്ത് ഭരണം മറ്റൊരു സർക്കാറിന് കൈമാറാൻ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മൊഹമ്മദ് ഗാസി ജലാലി പറഞ്ഞു. അതേസമയം ഹമ, ഹോംസ്, ദേര എന്നിവിടങ്ങളിൽ സിറിയൻ സൈന്യം പോരാട്ടം തുടരുന്നതായും റിപ്പോർട്ടുണ്ട്.
ആളുകൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാനും ബാങ്കുകളിൽനിന്ന് പണംപിൻവലിക്കാനും പരക്കംപായുകയാണ്. ലക്ഷക്കണക്കിനുപേർ പലായനംചെയ്‌തു. ഭീകരരെ അനുകൂലിക്കുന്നവർ സൈനിക വാഹനങ്ങൾക്ക് മുകളിൽ കയറി ആഘോഷിച്ചു. അസദിന്റെ പിതാവ് ഹഫീസ് അൽ അസദിന്റെ പ്രതിമ തകർത്തു. അസദിന്റെ ഭരണം അവസാനിച്ചതായി സിറിയയിലെ സൈനിക കമാൻഡ് ഞായറാഴ്-ച ഉദ്യോഗസ്ഥരെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
അസദ് തുരത്തി; തിരിച്ചുവന്ന് അട്ടിമറിച്ചു
ഭീകര സംഘടനയായ ഹയാത് തഹ്‌രീർ അൽ ഷാം എട്ടുവർഷംകൊണ്ടാണ് സിറിയയിൽ ഭരണം അട്ടിമറിച്ചത്. 2020ൽ അലെപ്പോയിൽനിന്ന് റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബാഷർ അൽ അസദ് തുരത്തിയ സംഘടനയാണിത്. പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവന്നു. ഇപ്പോൾ ഏകദേശം 30,000 സൈനികരുടെ കമാൻഡാണിത്. കഴിഞ്ഞയാഴ്‌ച അലെപ്പോയിലെ പ്രധാന പ്രവിശ്യകളെല്ലാം അവർ പിടിച്ചടക്കി. വടക്കുപടിഞ്ഞാറൻ അലപ്പോ പ്രവിശ്യയിലെ സൈനിക താവളത്തിന്റെയും 15 ഗ്രാമങ്ങളുടെയും നിയന്ത്രണമാണ് അന്ന് പിടിച്ചെടുത്തത്. അതിവേഗമാണ് ഡമാസ്-കസിലേക്ക് ഇരച്ചുകയറിയത്. അലെപ്പോ–- ഡമാസ്-കസ് ഹെെവേയുടെ നിയന്ത്രണം പിടിച്ചെടുത്തു. ബഷാർ അൽ അസദ് ഗവൺമെന്റ് റഷ്യൻ സഹായത്തോടെ വേ-്യാമാക്രമണം വരെ നടത്തിയിട്ടും ഫലിച്ചില്ല.
വെള്ളിയാഴ്‌ച രാത്രി അലെപ്പോയുടെ സമീപ്രദേശങ്ങളിലേക്ക് കടന്നുകയറിയ ഹയാത് തഹ്‌രീർ അൽ ഷാം ഞായറാഴ്‌ച തന്നെ ഡമാസ്‌കസും പിടിച്ചടക്കി.
ബഷാർ അൽ അസദ് ഗവൺമെന്റിന്റെ പൂർണ പിന്തുണനൽകിയ ഹിസ്ബുള്ള ഇപ്പോൾ ഇസ്രയേലുമായി ജീവൻമരണ പോരാട്ടത്തിലാണ്. റഷ്യ പൂർണമായും ഉക്രയ്നെ പ്രതിരോധിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുർബലമായ സിറിയൻ സെെനികശേഷിയെ കീഴ്പ്പെടുത്താൻ ഹയാത് തഹ്‌രീർ അൽ ഷാമിന് എളുപ്പമായി.
അൽഖായിദയിലൂടെ വളർന്ന അബു മൊഹമ്മദ് അൽജൊലാനി
അബു മൊഹമ്മദ് അൽ ജൊലാനി ആണ് സിറിയ പിടിച്ചടക്കിയ ഹയാത് തഹരീർ അൽ ഷാം (എച്ച്ടിഎസ്) എന്ന ഭീകര സംഘടനയുടെ നേതാവ്. അൽഖായ്‌ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് ഗവൺമെന്റിനെ ഉടൻ താഴെയിറക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ അണിയറയിലായിരുന്ന ഇയാൾ പൊടുന്നനെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് ഭീകരർക്ക് ആവേശം പകർന്നു. അലെപ്പോ നഗരം പിടിച്ചടക്കിയപ്പോഴാണ് അബു മൊഹമ്മദ് അൽ ജൊലാനിയെന്ന പേര് ലോകശ്രദ്ധയിലെത്തിയത്.
ജനനം 1982ൽ ഡമാസ്-കസിലെ മസേ ജില്ലയിൽ. അഹമ്മദ് അൽ ഷാറ എന്നാണ് ശരിയായ പേര്. 2001 സെപ്തംബർ 11ന് അൽഖായ്‌ദ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമത്തോടെയാണ് സംഘടനയിൽ ആകർഷിക്കപ്പെട്ടത്. അന്നുമുതൽ ഡമാസ്-കസ് കേന്ദ്രീകരിച്ച് രഹസ്യപ്രവർത്തനം. ഇറാഖിൽ അൽ ഖായ്‌ദക്കായി പ്രവർത്തിക്കവെ പിടിയിലായി അഞ്ചുവർഷം ജയിലിൽ. 2011ൽ സിറിയയിലെത്തി. തുടർന്ന് അൽഖായ്‌ദയുടെ സിറിയൻ ബ്രാഞ്ചായ അൽനുസ്റ ഫ്രണ്ട് രൂപീകരിച്ചു. 2016ൽ അൽഖായിദയുമായുള്ള പ്രത്യക്ഷ ബന്ധം ഉപേക്ഷിച്ചാണ് ഹയാത് തഹരീർ അൽ ഷാം രൂപീകരിച്ചത്. ഇത് പാശ്ചാത്യശക്തികളുടെ ശത്രുത ഇല്ലാതാക്കാൻ കാരണമായി. സിറിയൻ നഗരമായ ഇദ്‌ലിബിൽ ആരംഭിച്ച ഹയാത് തഹരീർ അൽഷാം അവിടെ സിവിലിയൻ ഭരണകൂടം രൂപീകരിച്ചു. ഇവരുടെ പ്രവർത്തനങ്ങളിൽ പലതും യുദ്ധക്കുറ്റങ്ങളാണെന്ന് യുഎൻ കണ്ടെത്തിയിരുന്നു. ക്രിസ്‌ത്യൻ ന്യൂനപക്ഷം താമസിക്കുന്ന അലെപ്പോയിൽവരെ സ്വാധീനം ചെലുത്താൻ അബു മൊഹമ്മദ് അൽ ജൊലാനിക്ക് കഴിഞ്ഞു.
അതിർത്തികളടച്ച് ജോർദാനും ലബനനും
സിറിയിലേക്കുള്ള രാജ്യാതിർത്തികൾ അടച്ച് ജോർദാനും ലബനനും. ബെയ്‌റൂട്ടിനെ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാനവഴിയൊഴികെ സിറിയയുമായുള്ള എല്ലാ അതിർത്തിയും അടയ്ക്കുകയാണെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. സിറിയയിലേക്കുള്ള ഏക യാത്രാ വാണിജ്യ അതിർത്തി ക്രോസിങ് അടച്ചതായി ജോർദാൻ ആഭ്യന്തര മന്ത്രാലയവും അറിയിച്ചു
ബഷാർ അൽ അസദിനെ ഇനിയും പിന്തുണയ്‌ക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി വ്യക്തമാക്കി. റഷ്യൻ പൗരരോട് സിറിയ വിടാൻ ഡമാസ്കസിലെ റഷ്യൻ എംബസി നിർദേശിച്ചു. ഇറാഖ് സിറിയയിലെ എംബസി ഒഴിഞ്ഞു. സിറിയൻ സൈനികർക്ക് അഭയംകൊടുത്തതായി ഇറാഖും സിറിയൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായി ലബനനും അറിയിച്ചു.സിറിയയിലെ പ്രതിസന്ധി അപകടം പിടിച്ചതാണെന്നും രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടതെന്നും ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, ഇറാൻ, തുർക്കി, റഷ്യ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പാത്രിയർക്കീസ് ബാവാ
സന്ദർശനം ചുരുക്കി മടങ്ങുന്നു
സുറിയാനി ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ 10 ദിവസത്തെ കേരള സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങുന്നു. സിറിയയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മടക്കം. നിർഭാഗ്യകരമായ സംഭവങ്ങളാണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭയപ്പാടിലാണ്. മധ്യപൂർവദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കുംവേണ്ടി വിശ്വാസികൾ പ്രാർഥിക്കണമെന്നും ബാവാ ഞായർ രാവിലെ മലേക്കുരിശ് ദയറായിൽ കുർബാനയ്‌ക്കിടെ നടത്തിയ പ്രസംഗത്തിൽ അഭ്യർഥിച്ചു. ബുധൻ രാവിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് പാത്രിയർക്കീസ് ബാവാ റിയാദിലേക്ക് മടങ്ങുമെന്നാണ് വിവരം.
Related News

0 comments