Deshabhimani

ബുക്കർ സമ്മാനം ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത 
ഹാർവിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 11:31 PM | 0 min read


ലണ്ടൻ
ബ്രിട്ടീഷ്‌ എഴുത്തുകാരി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന ശാസ്‌ത്രനോവലിന് 2024ലെ ബുക്കർ സമ്മാനം. 2019നുശേഷം ബുക്കർ സമ്മാനം നേടുന്ന വനിതയും 2020നുശേഷം പുരസ്‌കാരം നേടുന്ന ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത. 50000 പൗണ്ടാണ് പുരസ്‌കാരത്തുക (ഏകദേശം 53.78 ലക്ഷം രൂപ). ബുക്കര്‍ സമ്മാനങ്ങളുടെ ചരിത്രത്തില്‍, ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്‌തകമാണ് ഓര്‍ബിറ്റല്‍, 136 പേജ് മാത്രം.     അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആറ് ഗഗനചാരികളുടെ കഥയാണ് ‘ഓർബിറ്റൽ.’  അമേരിക്ക, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒരുദിവസം 16 ഉദയാസ്‌തമയങ്ങൾക്ക്‌ സാക്ഷിയാകുകയും ഭൂഗോളത്തിന്റെ മായിക സൗന്ദര്യത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള സാർഗാത്മക സാക്ഷ്യമാണ്‌ ‘ഓർബിറ്റൽ’. ആധുനികമായ രചനാചാരുതയുടെയും സമകാലികമായ ഇതിവൃത്തത്തിന്റെയും കാര്യത്തില്‍ ഓര്‍ബിറ്റല്‍ മറ്റു കൃതികളെ ബഹുദൂരം പിന്നിലാക്കിയെന്ന് പുരസ്‌കാര നിർണയ സമിതി അധ്യക്ഷൻ എഡ്‌മണ്ട്‌ ഡി വാൾ പറഞ്ഞു.

ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടിയും ശാന്തിയുടെയും സ്വച്ഛതയുടെയും വീണ്ടെടുപ്പിനായും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന്‌ സാമന്ത ഹാര്‍വി പ്രതികരിച്ചു. കോവിഡ്‌ കാലത്ത്‌ എഴുതിത്തുടങ്ങിയ നോവൽ 2023 നവംബറിലാണ്‌ പ്രസിദ്ധീകരിച്ചത്‌. ഇത്തവണ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറ്‌ പേരിൽ അഞ്ചും സ്‌ത്രീകളായിരുന്നു.
 



deshabhimani section

Related News

0 comments
Sort by

Home