ഇസ്രയേൽ ആക്രമണം : 17 ദിവസത്തിൽ വടക്കൻ ഗാസയിൽ 
പൊലിഞ്ഞത്‌ 640 ജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 02:30 AM | 0 min read


ഗാസ സിറ്റി
തിങ്കൾ പുലർച്ചെമുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ തുടരുന്ന വ്യാപക ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു.  17 ദിവസത്തിനുള്ളിൽ വടക്കൻ ഗാസയിൽ ഇസ്രയേൽ കൊന്നൊടുക്കിയവരുടെ എണ്ണം 640 ആയി. ഇസ്രയേൽ വടക്കൻ ഗാസയെ ശ്വാസംമുട്ടിക്കുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടി. ഗാസയുടെ വടക്കേയറ്റത്ത്‌ മനുഷ്യവാസമില്ലെന്ന്‌ ഉറപ്പാക്കുകയാണ്‌ ഇസ്രയേലെന്ന്‌ യു എൻ മനുഷ്യാവകാശ ഓഫീസ്‌ പറഞ്ഞു.

ഇസ്രയേൽ കമാൻഡർ കൊല്ലപ്പെട്ടു
ഇസ്രയേൽ സൈന്യത്തിന്റെ 401 ബ്രിഗേഡ്‌ കമാൻഡർ കേണൽ എഹ്‌സാൻ ദഖ്‌സ ഗാസയിൽ കൊല്ലപ്പെട്ടു. നാല്‌ സൈനികർ യുദ്ധടാങ്കുകളിൽനിന്ന്‌ ഇറങ്ങിയ ഉടൻ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ജബാലിയ ക്യാമ്പിൽ ഇസ്രയേൽ സൈനികരെ ഉഗ്രസ്‌ഫോടനത്തിലൂടെ വധിച്ചതായി ഹമാസ്‌ സായുധവിഭാഗം അൽ ഖസാം ബ്രിഗേഡ്‌ പറഞ്ഞു. പുതിയ തലവനെ തെരഞ്ഞെടുത്തതായും എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ഹമാസ്‌ ബിബിസിയോട്‌ വെളിപ്പെടുത്തി.

ഹിസ്‌ബുള്ളയെ തന്നാല്‍ ലബനനെ 
വെറുതെ വിടാമെന്ന് ഇസ്രയേല്‍
ഹിസ്‌ബുള്ളയെ തകർക്കാനുള്ള ആക്രമണം തുടരാൻ പൂർണ സ്വാതന്ത്ര്യം നൽകിയാൽ ലബനനിൽ വെടിനിർത്തലാകാമെന്ന്‌ ഇസ്രയേൽ. അമേരിക്കയ്ക്ക്‌ നൽകിയ കത്തിലാണ്‌ വിചിത്ര ഉപാധി മുന്നോട്ടുവച്ചത്‌. ഹിസ്‌ബുള്ളയും അന്താരാഷ്ട്ര സമൂഹവും ഒരിക്കലും അംഗീകരിക്കാത്ത നിബന്ധനയായതിനാൽ ലബനനിൽ നയതന്ത്ര പരിഹാരത്തിന്‌ സാധ്യതയില്ലെന്നും അമേരിക്കൻ മാധ്യമം റിപ്പോർട്ട്‌ ചെയ്തു.

ഞായർ രാത്രിയും തിങ്കൾ പുലർച്ചെയുമായി ലബനനിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹിസ്‌ബുള്ളയുടെ ധനകാര്യ സ്ഥാപനം അൽ ഖർദ്‌ അൽ ഹസന്റെ പന്ത്രണ്ടിലേറെ ശാഖകളിലേക്കായിരുന്നു ആക്രമണം. ഒമ്പതുനില കെട്ടിടം  അടക്കം നിലംപൊത്തി. ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
 



deshabhimani section

Related News

0 comments
Sort by

Home