യുഎൻ സമാധാന സേനയ്ക്കുനേരെ 
ഇസ്രയേൽ ആക്രമണം ; അപലപിച്ച്‌ ലോകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 02:51 AM | 0 min read


ബെയ്‌റൂട്ട്‌
ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും തെക്കൻ ലബനനിലെ യു എൻ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ. വെള്ളി രാവിലെ തെക്കൻ ലബനനിലെ നഖോറയിലെ സമാധാന സേനാ ആസ്ഥാനത്തേക്കുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്ച ഇസ്രയേൽ ആക്രമിച്ച വാച്ച്‌ ടവറിന്‌ സമീപംതന്നെയാണ്‌ വീണ്ടും സ്‌ഫോടനമുണ്ടായത്‌.

വ്യാഴാഴ്ച ഇസ്രയേൽ ടാങ്ക്‌ സമാധാന സേനാ ആസ്ഥാനത്തേക്ക്‌ വെടിയുതിർത്തിരുന്നു. താവളം ഭാഗികമായി തകർന്നതായാണ്‌ റിപ്പോർട്ട്‌. ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനെതിരെ വിമർശം രൂക്ഷമായി. ലബനനിലെ യു എൻ സമാധാന സേനയിൽ അറുന്നൂറിലധികം ഇന്ത്യൻ സൈനികരുണ്ട്‌. യു എൻ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന്‌ ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.

ഇതുവരെയുള്ള ആക്രമണങ്ങളിൽ സമാധാനസേനാംഗങ്ങൾക്ക്‌ ഗുരുതര പരിക്ക്‌ ഏറ്റിട്ടില്ലെന്നും എന്നാൽ, തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും യു എൻ പറഞ്ഞു. ബ്രിട്ടനും അപലപിച്ചു. അതിനിടെ, ലബനൻ അതിർത്തിയിലെ യു എൻ താവളത്തിന്റെ വളപ്പിലേക്ക്‌ ഇസ്രയേൽ ബുൾഡോസർ ഇടിച്ചുകയറ്റിയതായി യു എൻ മിഷൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്‌ ഇസ്രയേൽ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

ബെയ്‌റൂട്ടിൽ മിസൈൽ വർഷം
ബെയ്‌റൂട്ടിന്റെ മധ്യ ഭാഗത്തേക്ക്‌ വ്യാഴം രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക്‌ പരിക്കേറ്റു. ബെയ്‌റൂട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണമുണ്ടായി. സമീപകാലത്തെ ഏറ്റവും വലിയ മിസൈൽ വർഷമെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌ വാഫിഖ്‌ സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, അദ്ദേഹം സുരക്ഷിതനാണെന്ന്‌ ഹിസ്‌ബുള്ള പറഞ്ഞു. അതിനിടെ, വെള്ളി വൈകിട്ട്‌ കാഫ്രയിലെ ലബനീസ്‌ സൈനിക ചെക്ക്‌ പോയിന്റിലേക്കുണ്ടായ ആക്രമണത്തിൽ രണ്ട്‌ സൈനികർ കൊല്ലപ്പെട്ടു.

ഗാസയിൽ 61 പേർ 
കൊല്ലപ്പെട്ടു
വെള്ളി വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഗാസയിൽ വിവിധയിടങ്ങളിലായി ഇസ്രയേൽ കൊന്നൊടുക്കിയത്‌ 61 പേരെ. 231 പേർക്ക്‌ പരിക്കേറ്റു. ദെയ്‌ർ അൽ ബലായിലും ജബാലിയയിലും അഭയാർഥി ക്യാമ്പുകളിൽേക്ക്‌ ആക്രമണം തുടരുന്നു. വെസ്‌റ്റ്‌ ബാങ്കിൽ ഇസ്ലാമിക്‌ ജിഹാദ്‌ കമാൻഡർ മൊഹമ്മദ്‌ അബ്‌ദുള്ളയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home