ഗാസയില്‍ 902 കുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടു ; ലബനനില്‍ മരണം 2141 ആയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 03:16 AM | 0 min read


ഗാസ സിറ്റി
അഞ്ചാം ദിനവും വടക്കൻ ഗാസയിൽ തുടരുന്ന വ്യാപക ആക്രമണത്തിൽ ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയത്‌ 125 പേരെ. ​ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 42,000 കടന്നു. ​ഗാസയിലെ ​902കുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടു.പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു എൻ ഏജൻസിയുടെ ഏഴ്‌ അഭയാർഥി കേന്ദ്രങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. മേഖലയിലെ ആശുപത്രികളെല്ലാം ഒഴിപ്പിക്കാൻ ഇസ്രയേലിന്റെ അന്ത്യശാസനം.മേഖലയിലെതന്നെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബാലിയയിലേക്ക്‌ ഏറ്റവും രൂക്ഷമായ ആക്രമണം.

ലബനനില്‍ മരണം 2141 ആയി
ലബനനിൽ ഗാസയ്ക്ക്‌ സമാനമായ നാശനഷ്ടമുണ്ടാകുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ്‌ നൽകി. ഇസ്രയേൽ ലബനനിലേക്ക്‌ കൂടുതൽ സൈന്യത്തെ അയച്ചു. തെക്കൻ ലബനനിലെ ഗ്രാമം ഇസ്രയേൽ പിടിച്ചടക്കിയെന്ന്‌ ഊർജമന്ത്രി ഏലി കോഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ലബനനിൽ ഇതുവരെ 2141 പേർ കൊല്ലപ്പെട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലബനനിൽ ഹിസ്‌ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ലബനൻ പൂർണയുദ്ധത്തിന്റെ വക്കിലാണെന്നും എന്നാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ഇനിയും സമയമുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. വീപ്പയിൽ വെടിമരുന്ന്‌ നിറച്ച്‌, തീപ്പെട്ടിയുമായി നിരവധിയാളുകൾ ചുറ്റുംനിൽക്കുന്ന അവസ്ഥയാണ്‌ പശ്ചിമേഷ്യയിലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ യു എൻ ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.വടക്കൻ ഇസ്രയേലിലെ ഹദേരയിൽ ബുധനാഴ്ച ആൾക്കൂട്ടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ആറുപേർക്ക്‌ പരിക്കേറ്റു.
 



deshabhimani section

Related News

0 comments
Sort by

Home