21 September Saturday

ആശ്വാസ ക്യാമ്പുകളല്ല, നമ്മുടെ വീടാണ്‌

ഡോ. കീർത്തി പ്രഭ keerthi.pk89@gmail.comUpdated: Sunday Aug 4, 2024

യനാട്ടിൽനിന്നുയരുന്ന വിലാപങ്ങൾ സകല മനുഷ്യരുടെയും ഉള്ളുപൊള്ളിക്കുകയാണ്. പ്രകൃതിയുടെ ഈ കലിതുള്ളൽ കണ്ട് പകച്ചുനിൽക്കുമ്പോഴും കേരള ജനതയൊട്ടാകെ തങ്ങളാൽ കഴിയുംവിധം അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സഹായങ്ങൾ വയനാടിന് നൽകാൻ സജ്ജരാണ്. വസ്ത്രവും ഭക്ഷണവും മരുന്നും വെള്ളവും സാനിറ്ററി പാഡുകളുമടക്കം നിരവധി നിത്യോപയോഗ സാധനങ്ങളാണ് വയനാട്ടിലേക്ക് ഒഴുകുന്നത്. പാതിരാത്രിയിൽ മഴവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും പെട്ടവരുടെ ഭീതി നമ്മുടെ സങ്കൽപ്പങ്ങൾക്കുമപ്പുറമായിരിക്കും. നഷ്ടത്തിന്റെയും വീരസാഹസികതകളുടെയും കഥകൾ നിറഞ്ഞുനിൽക്കുമ്പോഴും മനുഷ്യത്വത്തിന്റെ സൂക്ഷ്മ രൂപങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകൾ. പ്രകൃതിദുരന്തങ്ങൾ ആർക്കും പ്രത്യേകം പരിഗണനകൾ നൽകുന്നില്ല. പക്ഷേ, ദുരന്തങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും അതിജീവനത്തിന്റെ വഴികൾ കൂടുതൽ ദുഷ്കരമാണ്. പ്രത്യേകിച്ച് ദുരന്തങ്ങൾക്കു ശേഷമുള്ള അവരുടെ ജീവിതം. പൊതുവെ ദുരന്തങ്ങളിൽനിന്ന് സാഹസികമായി രക്ഷപ്പെടാൻ സ്ത്രീകൾക്ക് വലിയ പരിമിതികളുണ്ട്. ശാരീരികമായ ദുർബലതകൾ അതിലൊരു കാരണമാണ്. വളരെ ചെറുപ്പത്തിലേ നീന്തൽ ഉൾപ്പെടെയുള്ള കായികപരമായ വിനോദങ്ങൾക്കുള്ള സാധ്യതകൾ ആൺകുട്ടികൾക്ക് തുറന്നു കൊടുക്കുന്നതുപോലെ പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ജീവശാസ്ത്രപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെന്ന് പറയാമെങ്കിലും പല സന്ദർഭങ്ങളിലും സ്ത്രീകൾ അതിനെയൊക്കെ അതിജീവിക്കുന്ന കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണ രീതികളും പലപ്പോഴും സുഗമമായ ചലനങ്ങൾക്ക് പരിമിതികൾ ഉണ്ടാക്കിയെന്നു വരാം. വയനാട് ദുരന്തത്തിൽ ഒരു അമ്മ ആറുമാസം പ്രായമായ തന്റെ കുഞ്ഞിനെയുംകൊണ്ട് മണിക്കൂറുകളോളം ഒരു മരത്തിൽ അള്ളിപ്പിടിച്ചു നിന്ന വാർത്ത നമ്മുടെയെല്ലാം കരളലിയിച്ചു. ദുരന്തസാധ്യത തടയുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രതിരോധ പരിപാടികൾക്കും രൂപം നൽകുമ്പോഴും സ്ത്രീകളും കുട്ടികളും അതിന്റെ കേന്ദ്ര ഭാഗമാകേണ്ടതുണ്ടെന്ന് സർക്കാർ ഏജൻസികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

വ്യക്തമായ ധാരണ വേണം

വിവിധ സംഘടനകളും ഏജൻസികളും സർക്കാർ സംവിധാനങ്ങളും പൊതുവിൽ ഉപയോഗിക്കേണ്ട നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചുകൊണ്ട് വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. ചെറിയ പെൺകുഞ്ഞുങ്ങൾമുതൽ പ്രായമായവർവരെയുള്ള സ്ത്രീകളെ അവരുടെ ആവശ്യങ്ങൾ അടിസ്ഥാനപരമായും സൂക്ഷ്മമായും മനസ്സിലാക്കിക്കൊണ്ട് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ കേരള ജനതയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെക്കുറിച്ച് ധാരണകൾ പുലർത്തിക്കൊണ്ടുതന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും നമ്മൾ അറിഞ്ഞോ അറിയാതെയോ പലതും  വിട്ടുപോകാറുണ്ട്. നമ്മൾ പലപ്പോഴും പറയാറുള്ള കാര്യമാണ് ഒരു പുരുഷന് യാത്ര പോകാൻ ചെറിയൊരു ബാഗ് മതി, പക്ഷേ ഒരു സ്ത്രീക്ക് ആണെങ്കിൽ പലവിധ സാധനങ്ങൾ കരുതിക്കൊണ്ട് വലിയൊരു ബാഗ് കൂടെയുണ്ടാകുമെന്ന്. സൗന്ദര്യവർധക സാമഗ്രികളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. വസ്ത്രധാരണ രീതികളിലും വ്യക്തിശുചിത്വത്തിനും സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിനും അവലംബിക്കേണ്ട മാർഗങ്ങളിലുമുള്ള വ്യത്യാസങ്ങൾ സ്ത്രീയുടെയും പുരുഷന്റെയും ജീവിതരീതികളിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരു പുരുഷന്റേതുപോലെ ആയാസരഹിതമായുള്ള ഇടപെടലുകൾ പലപ്പോഴും സ്ത്രീക്ക് ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങൾകൊണ്ട് സാധ്യമാകാറില്ല. സാമൂഹ്യമായ കാരണങ്ങൾകൊണ്ട് ഉണ്ടാക്കപ്പെട്ട അത്തരം വ്യത്യാസങ്ങൾ വലിയ ദുരന്തങ്ങൾക്കു ശേഷമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും പ്രകടമായേക്കാം.

സ്‌ത്രീശുചിത്വം പരമപ്രധാനം

വയനാട്ടിലേക്ക് നാനാഭാഗത്തുനിന്നും എത്തുന്ന സാധനങ്ങളിൽ സാനിറ്ററി പാഡുകളും ഉണ്ട്. ആർത്തവം ഉണ്ടാകുന്ന സ്ത്രീകൾ ഏകദേശം പത്തുമുതൽ 55 വയസ്സ് വരെ ഉള്ളവരാകാം. അതിൽത്തന്നെ ആദ്യമായി ആർത്തവം ഉണ്ടാകുന്ന പെൺകുട്ടികൾ ആണെങ്കിൽ അവർക്ക് പാഡുകളുടെ ഉപയോഗത്തെക്കുറിച്ചും അത് എത്ര ഇടവേളകളിലാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ചും ഉപയോഗിച്ച പാഡ് എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായ ധാരണകൾ ഉണ്ടാക്കിക്കൊടുക്കേണ്ടത് ക്യാമ്പുകളിൽ പ്രവർത്തിക്കുന്നവരുടെ ബാധ്യതയാണ്. സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവർക്ക് അത് കൃത്യമായും സൗകര്യപ്രദമായും നിർമാർജനം ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.

ഒരു സ്ത്രീയെ സംബന്ധിച്ച് പ്രത്യുൽപ്പാദന അവയവങ്ങളും സ്വകാര്യഭാഗങ്ങളും ശുചിയായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അണുബാധയ്ക്കുള്ള സാധ്യതയാണ്‌ സൂചിപ്പിക്കുന്നത്‌. ഏതൊരു സ്ത്രീക്കും യീസ്റ്റ് അണുബാധയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഗർഭിണികൾ, ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവർ, ചില ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ, പ്രമേഹംപോലുള്ള ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ പ്രതിരോധശേഷി ദുർബലമായ സ്ത്രീകൾ എന്നിവരൊക്കെ ഉയർന്ന അപകടസാധ്യതയുള്ളവരാണ്. യോനീ ഭാഗത്ത്‌ കാൻഡിഡ എന്ന ഒരുതരം ഫംഗസ് കാരണമുണ്ടാകുന്ന യീസ്റ്റ് വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളുണ്ട്. കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുന്നതിലൂടെയും നനഞ്ഞതും വിയർക്കുന്നതുമായ വസ്ത്രങ്ങൾ ഉടനടി മാറ്റുന്നതിലൂടെയും അണുബാധ തടയാം. അതുകൊണ്ടുതന്നെ അത്തരം രോഗാവസ്ഥകൾ ഒഴിവാക്കാൻ ശുചിത്വം ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളും ഇത്തരം ക്യാമ്പുകളിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. കഴുകാനുള്ള സോപ്പും ശുദ്ധജലവും വൃത്തിയുള്ള അടിവസ്ത്രങ്ങളുമൊക്കെ അതിൽ ഉൾപ്പെടും. സ്വന്തം ജീവനേക്കാളും വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടതിനേക്കാളും വലിയ വേദനകൾ അല്ല ഇതൊന്നും. പക്ഷേ, ഒരു ദുരന്തശേഷം ബാക്കിയായ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കൃത്യമായി പരിപാലിക്കപ്പെട്ടാൽ പുനരധിവാസം കൂടുതൽ ഫലപ്രദമാകും.

ആർത്തവകാലവും
ജീവശാസ്ത്ര പ്രശ്‌നങ്ങളും

മറ്റൊന്നാണ് ആർത്തവവും ഹോർമോണൽ വ്യത്യാസങ്ങളുമായും ബന്ധപ്പെട്ട മാനസിക ആരോഗ്യം. അത്തരം ജീവശാസ്ത്രപരമായ പ്രത്യേകതകൾ സ്ത്രീയുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ആർത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് കഠിനമായ വയറുവേദന, തലവേദന, മലബന്ധം, രക്തസ്രാവം തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങളും അതിലുപരി ഉൽക്കണ്ഠ, സമ്മർദം, വിഷാദം, നിരാശ, പരിഭ്രാന്തി, കോപം, ആക്രമണോത്സുകത പോലുള്ള മാനസിക അസ്വാസ്ഥ്യങ്ങളും വ്യക്തിവ്യത്യാസങ്ങൾക്ക്‌ അനുസരിച്ച് സാധാരണ ഉണ്ടാകാറുണ്ട്. ഒരുപക്ഷേ വലിയൊരു ദുരന്തം നേരിട്ട് അതിൽനിന്ന് രക്ഷപ്പെട്ടു വന്ന ഒരു സ്ത്രീക്ക് ഇതിന്റെയൊക്കെ തോത് ചിലപ്പോൾ കൂടുതലാകാം. ആർത്തവവിരാമം സംഭവിച്ചിട്ടുള്ള, അല്ലെങ്കിൽ അതിനോട് അടുത്തുനിൽക്കുന്ന സ്ത്രീകൾക്ക് മേൽപ്പറഞ്ഞ രീതിയിലുള്ള വലിയ മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. നമുക്ക് നിസ്സാരമെന്ന് തോന്നാമെങ്കിലും അത്തരത്തിലുള്ള പരിഗണനകൾ ഒരു സ്ത്രീയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ദുരന്തമുഖത്തുപോലും അവർക്ക് കുറച്ചുകൂടി കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും. ജൈവികമായ പ്രയാസങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരോട് ചേർന്നുനിൽക്കുന്ന മറ്റു മനുഷ്യർ ചുറ്റിലും ഉണ്ടെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങൾ എല്ലാവരും ഒത്തുചേർന്നുകൊണ്ടുതന്നെ കാര്യക്ഷമമായി ലഘൂകരിക്കാൻ സാധിക്കും.

മാനുഷികമായ പരിഗണന, സ്വകാര്യത

മറ്റൊരു ആശ്രയവും ഇല്ലാതെ എല്ലാവരും ഒരുമിച്ച് താമസിക്കുന്ന ഇടം ആണെങ്കിൽപ്പോലും ചില പ്രത്യേക അവസരങ്ങളിൽ സ്ത്രീകളായാലും പുരുഷന്മാരായാലും സ്വകാര്യത ആഗ്രഹിക്കാറുണ്ട്. നിലവിലുള്ള നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ സ്ത്രീകൾക്ക് ചിലപ്പോൾ അത് ഒരു പടി കൂടുതൽ ആവശ്യമായി വന്നേക്കാം. അത് കുഞ്ഞുങ്ങളും പ്രായമായവരുടെയും അടക്കം എല്ലാവരുടെയും അവകാശവുമാണ്. അത്തരം മാനുഷികമായ പരിഗണനകളും മൗലിക അവകാശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും പരമാവധി ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം അവരെല്ലാം നമ്മളെപ്പോലുള്ള മനുഷ്യർ തന്നെയാണ്. ഒരു ദുരന്തം സംഭവിച്ചെന്നുവച്ച് അവർ എല്ലാം വേണ്ടെന്നുവച്ച് ജീവിതത്തിലെ സകലതും നഷ്ടപ്പെട്ടതുപോലെ കഴിഞ്ഞുകൂടണം എന്നില്ല. തങ്ങൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലും വേദനയിലും അവരിതൊന്നും ഓർക്കില്ല എങ്കിലും അത്തരം മാനുഷികമായ പരിഗണനകൾ അവർക്ക് നൽകാൻ സാധിച്ചാൽ അത് ഉണ്ടായ ദുരന്തത്തിൽനിന്നുള്ള കരകയറലിനെ സുഗമമാക്കുകയേ ഉള്ളൂ.

മുലയൂട്ടുന്ന അമ്മമാർ

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന മുലയൂട്ടുന്ന അമ്മമാരുടെ പരിപാലനമാണ് മറ്റൊന്ന്. ഏറ്റവും സൗകര്യപ്രദമായി കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം നൽകുന്ന സ്വകാര്യത നിലനിർത്തുന്ന ഇടങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ സജ്ജമാക്കാറുണ്ട്. അത്തരം സ്ത്രീകൾക്ക് കഴിക്കാൻ പോഷകാഹാരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. മുലപ്പാൽ ഇല്ലാത്ത സ്ത്രീകൾക്ക്, അല്ലെങ്കിൽ അമ്മയെ നഷ്ടപ്പെട്ട മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ഫോർമുല മിൽക് പോലെ മറ്റ് സപ്ലിമെന്റുകളും ഫീഡിങ് ബോട്ടിലുകളും എത്തിച്ചുകൊടുക്കുക പ്രധാനമാണ്. വയനാട് ദുരന്തശേഷം "" ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ എന്റെ ഭാര്യ തയ്യാറാണ്'' എന്ന് ഒരു മനുഷ്യൻ പറഞ്ഞ വാചകം നമ്മളെല്ലാവരും ഹൃദയത്തോട് ചേർത്തുപിടിച്ചതാണ്. കേരളത്തിലെ മനുഷ്യർ ക്യാമ്പുകളിൽ കഴിയുന്ന ഓരോ വ്യക്തി‌യുടെയും അവസ്ഥകളെയും പ്രത്യേകമായി മനസ്സിലാക്കിക്കൊണ്ട് മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തുന്നു എന്നത് മാതൃകാപരമാണ്. ഗർഭിണികൾ ഉണ്ടെങ്കിൽ അവർക്കും പോഷകഗുണമുള്ള ആഹാരം ലഭ്യമാക്കേണ്ടതുണ്ട്. ഇതുപോലെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങൾ സ്ത്രീ ശരീരത്തിൽ സംഭവിക്കുന്നതുകൊണ്ട് അതിനെ മറികടക്കാൻ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ സംഭവിക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ മനുഷ്യരുടെയും സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിച്ചാൽ അത് വലിയൊരു മാറ്റംതന്നെയാണ് ഉണ്ടാക്കുക.

അങ്ങനെ വരുമ്പോൾ ദുരന്ത ആസൂത്രണം, ഗവേഷണം, മാനേജ്മെന്റ്‌ എന്നിവയിലൊക്കെ സ്ത്രീകളെയും സംയോജിപ്പിക്കാൻ സാധിക്കും. ഈ പുതിയ സമീപനം കണക്കിലെടുക്കുമ്പോൾ, ആസൂത്രകർ മേൽപ്പറഞ്ഞതുപോലെ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരാധീനതകളും ആവശ്യകതകളും പരിശോധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top