02 June Friday

പ്രതിരോധത്തിന്റെ പെൺവസന്തം

എം കെ പത്മകുമാർUpdated: Friday Jan 4, 2019

തിരുവനന്തപുരം> പ്രതിരോധത്തിന്റെ, മുന്നേറ്റത്തിന്റെ ഉരുക്കുകോട്ടതീർത്ത‌് കേരളത്തിലെ സ‌്ത്രീകൾ ചരിത്രത്തിലേക്കു നടന്നുകയറി. രാജ്യത്തിന‌്, ലോകത്തിന‌് മാതൃകയായ  ജന്മനാടിനെ ഇരുട്ടിലേക്ക‌് തള്ളാൻശ്രമിക്കുന്ന കറുത്ത ശക‌്തികളെ സ‌്ത്രീകൾ പ്രതിരോധത്തിന്റെ കോട്ടകെട്ടി അകറ്റിനിർത്തുന്ന കാഴ‌്ചയ‌്ക്കാണ‌് ചൊവ്വാഴ‌്ച സംസ്ഥാനം സാക്ഷിയായത‌്.

അയിത്തത്തിന്റെ, തൊട്ടുകൂടായ‌്മയുടെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ  വനിതാമതിലിന‌് ചിരപ്രതിഷ‌്ഠ. കേരളീയ സ‌്ത്രീത്വമെന്നാൽ ഇനി പോരാട്ടത്തിന്റെ പര്യായം എന്നുകൂടി അർഥം. കരം ചോദിച്ച ജന്മിയുടെ മുഖത്തേക്ക‌് മുലയറുത്തെറിഞ്ഞ നങ്ങേലിയുടെ, മാറുമറയ‌്ക്കാൻ, വഴിനടക്കാൻ, ആഭരണം ധരിക്കാൻ ‌പ്രക്ഷേ‌ാഭം നടത്തിയ പേരറിയാത്ത ഒരുപിടി പെൺപോരാളികളുടെ പിന്മുറക്കാരാണ‌് തങ്ങളെന്ന‌് നമ്മുടെ അമ്മമാരും സഹോദരിമാരും മതിലിലൂടെ പ്രഖ്യാപിച്ചു.

ലോകത്താദ്യം ഇത്തരം പ്രതിരോധം
ലോകം മുമ്പെങ്ങും കണ്ടിട്ടില്ല, ഇതുപോലൊരു സ‌്ത്രീമുന്നേറ്റം. ഒരിടത്തും സ‌്ത്രീകൾ ഇതുപോലൊരു മതിലും തീർത്തിട്ടില്ല. അതുകൊണ്ടുതന്നെ  ലോക റെക്കോഡിന്റെ സാക്ഷ്യപത്രവും മതിലിന‌് സ്വന്തം. 

ഉച്ചയോടെ വീട്ടകങ്ങളിൽനിന്നും തൊഴിലിടങ്ങളിൽനിന്നും പാഠശാലകളിൽനിന്നും കേരളം ദേശീയപാത  ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി. മുന്നിൽ ശിരസ്സുയർത്തി അഭിമാനത്തോടെ നടന്നുനീങ്ങിയ സ‌്ത്രീകൾ ദേശീയപാതയ‌്ക്കരികിൽ അണിനിരന്നു.  കാസർകോട‌് പുതിയ ബസ‌്റ്റാൻഡ‌് മുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ റോഡിന്റെ ഇടതുവശത്ത‌് 620 കിലോമീറ്റർ നീളത്തിൽ ഹൃദയം ചേർത്തുവച്ച‌് സ‌്ത്രീകൾ മതിൽകെട്ടി. റോഡിന‌് വലതുവശത്ത‌് പിന്തുണയുമായി എത്തിയ പുരുഷന്മാരും അണിനിരന്നു. ഇതോടെ ദേശീയപാത മനുഷ്യക്കടലായി.

നമ്മളൊന്ന‌്
കേരളീയ സാമൂഹ്യജീവിതത്തിന്റെ പരിച്ഛേദമാണ‌് മതിലിൽ കണ്ടത‌്. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ മേഖലകളിൽനിന്നുമുള്ള സ‌്ത്രീകൾ ഐക്യപ്പെട്ട‌് മതിലിൽ പങ്കാളികളായി. ഇവരിൽ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും, തൊഴിലാളി സ‌്ത്രീകളും വിദ്യാർഥിനികളും ഉണ്ടായിരുന്നു. അണിമുറിയാതെ കേരളത്തിന‌് തെക്കുവടക്ക‌് തീർത്ത മതിലിന‌് വല്ലാത്ത ചെറുപ്പമുണ്ടായിരുന്നു. യുവത്വത്തിന്റെ ഊർജവും ആർജവവും. റോഡിന്റെ വടക്കുഭാഗത്ത‌് മൂന്നും നാലും നിരകളായി സ‌്ത്രീകൾ. വലതുവശത്ത‌് പിന്തുണയുമായി വൻ പുരുഷാരം. കൃത്യം നാലിന‌് സ‌്ത്രീകൾ തോളോട‌് തോൾ ചേർന്നുനിന്നു. തുടർന്ന‌്, നവോത്ഥാന പ്രതിജ്ഞ. ചുമതലപ്പെട്ടവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വലതുമുഷ്ടി നീട്ടി ബാക്കിയുള്ളവർ ഏറ്റുപറഞ്ഞപ്പോൾ അത‌് ഇടിമുഴക്കമായി; പെൺ വസന്തത്തിന്റെ ഇടിമുഴക്കം.

പുനർനിർമാണത്തിനും കരുത്താകും
സമീപകാലത്ത‌് കേരളം ഇതുപോലെ ഒറ്റമനസ്സോടെ ചേർന്നുനിന്നത‌് പ്രളയകാലത്താണ‌്. അന്ന‌് അതിജീവനത്തിനായിരുന്നെങ്കിൽ ചൊവ്വാഴ‌്ച  ഐക്യത്തോടെ അണിനിരന്നത‌് നവോത്ഥാനമൂല്യങ്ങളും സ‌്ത്രീകളുടെ അവകാശവും സംരക്ഷിക്കാനുമായിരുന്നു. പ്രളയത്തിന്റെ ദുരിതകാലം താണ്ടി പുനർനിർമാണത്തിന്റെ പാതയിലായ സംസ്ഥാനത്തിന‌് ഈ സ‌്ത്രീമുന്നേറ്റം കരുത്തുപകരും.

മതിൽകെട്ടാനാണ‌് തീരുമാനിച്ചത‌്. പക്ഷേ, ഇത‌് അക്ഷരാർഥത്തിൽ  കോട്ടയായി മാറി. അത്രയേറെയായിരുന്നു പങ്കാളിത്തം. ഇടത‌്  ജനാധിപത്യശക്തികൾക്ക‌് ശക്തമായ അടിത്തറയുള്ള കേരളത്തിൽ മതിൽ വൻ വിജയമാകുമെന്ന‌് ആർക്കും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രഖ്യാപിച്ചപ്പോൾത്തന്നെ വിജയം ഉറപ്പായിരുന്നു. നിയോഗം ഏറ്റെടുത്ത‌് സ‌്ത്രീകൾ അണിനിരന്നപ്പോൾ മതിൽ ചരിത്രമാവുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top