08 February Wednesday

പുരോഗമന പ്രസ്ഥാനത്തില്‍ സ്ത്രീയുടെ ഇടപെടല്‍

വി എസ് ബിന്ദുUpdated: Tuesday Nov 15, 2016

നമ്പൂതിരി സമുദായത്തില്‍ നടന്ന പരിഷ്ക്കാരങ്ങള്‍  ആ സമുദായത്തിലെ  സ്ത്രീകളെ  ഉണര്‍ത്തി. മറക്കുടയും ഓട്ടുവളയും നല്‍കുന്ന ഇരുളോ കിലുക്കമോ  വെറും മാന്ത്രികം മാത്രമാണെന്നും അതിനപ്പുറമുള്ള ലോകം സമത്വത്തിന്റെ താണെന്നും അവര്‍  തിരിച്ചറിഞ്ഞു.

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ അടുത്തുനിന്നു കാണുകയോ തൊട്ടുനോക്കുകയോ ചെയ്യുമ്പോള്‍ ആ ചരിത്രസ്മരണയില്‍ നാം വളരെയധികം ത്യാഗോജ്വലരാവേണ്ടതുണ്ട്. കഠിനവും പിന്തിരിപ്പനുമായ കാലഘട്ടത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മനസ്സിന്റെയും ഉടലിന്റെയും സ്വാതന്ത്യ്രത്തെ സ്വന്തമാക്കാന്‍ അവര്‍ക്ക് തീക്ഷ്ണമായ അനുഭവ കാലത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനും എതിരായ സമരങ്ങളില്‍ അവര്‍ പങ്കാളികളായി. അതാകട്ടെ കനത്ത തിരിച്ചടികള്‍ നേരിട്ടുകൊണ്ടും ആയിരുന്നു. നീതിക്കുവേണ്ടി പോരാടിയവര്‍ക്കൊപ്പം നില്‍ക്കാനും പൊരുതാനും  സ്ത്രീകള്‍ മുദ്രാഗീതങ്ങള്‍ ശീലിച്ചു. നാടകത്തില്‍  അഭിനയിക്കുന്നതിനായി നാടുചുറ്റി. അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക് വരാന്‍ ചിലര്‍ വീട് തന്നെ ഉപേക്ഷിച്ചു. ഉള്ളിലുണര്‍ന്ന കവിതയില്‍ പോറല്‍ വീഴുമ്പോള്‍ ആ മുറിവുകളിലെ നിലവിളികള്‍ അവര്‍ ഏറ്റുപാടി. തടസ്സങ്ങളെ മറികടന്നു സ്വന്തം മുഖവും ശബ്ദവും ഉണ്ടെന്നു തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിനാല്‍ കേരളത്തിലെ സ്ത്രീചരിത്രം പുരോഗമന പ്രസ്ഥാനങ്ങളുടെ  രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടിന്റെ  മുന്നേറ്റത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ കാലം സംശയാതീതമായി തെളിയിച്ചിട്ടുമുണ്ട്. അത് കലയുടെയും സാഹിത്യത്തിന്റെയും കൂടി നാവായി മാറി ചരിത്രം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

നമ്പൂതിരി സമുദായത്തില്‍ നടന്ന പരിഷ്ക്കാരങ്ങള്‍ ആ സമുദായത്തിലെ സ്ത്രീകളെ ഉണര്‍ത്തി. മറക്കുടയും ഓട്ടുവളയും നല്‍കുന്ന ഇരുളോ കിലുക്കമോ വെറും മാന്ത്രികം മാത്രമാണെന്നും അതിനപ്പുറമുള്ള ലോകം സമത്വത്തിന്റെ താണെന്നും അവര്‍ തിരിച്ചറിഞ്ഞു. സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ സ്ത്രീകള്‍ അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിരുന്നു. ലോകരാജ്യങ്ങളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം തിരുത്തലും കൂട്ടി ച്ചേര്‍ക്കലുമായി ചുറ്റി സഞ്ചരിക്കുമ്പോള്‍ ഇന്ത്യന്‍ ഫെമിനിസം ഉണര്‍ന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ്. കലയ്ക്കും സംഗീതത്തിനും സാഹിത്യത്തിനും പുരോഗതി ഏറ്റവും വര്‍ധിച്ച തലത്തില്‍ സ്ത്രീ പങ്കാളിത്തമെന്നത് കൂടുതല്‍ ഊര്‍ജസ്വലമായി. ഘോഷ ബഹിഷ്ക്കരിക്കലും വിധവാവിവാഹവും തുടങ്ങി സ്ത്രീയുടെ അടിമത്ത ജീവിതത്തെ പൊളിച്ചെഴുതുന്ന തരത്തില്‍ ഉണ്ടായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രവിശകലനത്തിലെ പ്രധാന അധ്യായങ്ങളാണ്.

ജീവല്‍ സാഹിത്യത്തിന്റെ പ്രചരണവും അതുയര്‍ത്തിയ പുരോഗമനവും ജീവല്‍ സാഹിത്യ സംഘ ത്തിന്റെ ലക്ഷ്യമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ വേരുകളുള്ള മണ്ണില്‍ പുതിയ ആശയങ്ങളും എഴുത്തും അതിനു മുമ്പുതന്നെ പല രൂപത്തില്‍ നിലനിന്നു. വീണപൂവും ദുരവസ്ഥയുമൊക്കെ അടിസ്ഥാന ജീവിതഭാഷയോട് സംവദിക്കുന്ന കൃതികളായി. സ്വാതന്ത്യ്രസമരപ്പോരാട്ടം പല നാള്‍വഴിയില്‍ മുന്നേറുമ്പോള്‍ കലയും സാഹിത്യവും അവയുടെ വീക്ഷണത്തെ ലോകാനുകൂലമാക്കുന്ന പ്രവര്‍ത്തനമാണ് 1937ല്‍ തൃശൂരില്‍ വച്ച് ജീവല്‍ സാഹിത്യസംഘം രൂപീകരിച്ചതിലൂടെ നടന്നത്. അതാകട്ടെ തികച്ചും മനുഷ്യകേന്ദ്രിതമായിരുന്നു.

സ്ത്രീകളുടെ മറ്റൊരു കടന്നുവരവ് നാടകത്തിന്റെ അരങ്ങിലേക്കായിരുന്നു. ആണുങ്ങള്‍  കെട്ടിയാടിയ സ്ത്രീവേഷം മടുത്താവാം രംഗത്ത് പ്രതിഭയുള്ള അഭിനേത്രിമാര്‍ക്ക് കടന്നുവന്നുതുടങ്ങി. അതിശക്തമായ മര്‍ദനോപകരണമായി പ്രവര്‍ത്തിച്ച പുരുഷാധിപത്യപ്രവണതകളെ ഉശിരോടെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞു. അവര്‍ അവതരിപ്പിച്ചതെല്ലാം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മികച്ച അടിത്തറപണിയും വിധത്തിലുള്ളതായിരുന്നു. 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതുണ്ട്.

ആധുനിക കേരളത്തെ സൃഷ്ടിച്ച നവോത്ഥാന പ്രസ്ഥാനം അനേകം കൈവഴികള്‍ ഒത്തുചേരുന്ന ഒരു മഹാപ്രവാഹമായിരുന്നു. പാട്ടുകൊണ്ടും കലകൊണ്ടും നാടകംകൊണ്ടും ഉയിര്‍പ്പിന്റെ സ്വപ്നങ്ങള്‍ കണ്ടവരാണ് അന്നത്തെ ദളിതരും സ്ത്രീകളുമടക്കം ശിരസുതാഴ്ത്തി നില്‍ക്കേണ്ടിവന്ന അടിസ്ഥാനജനത. അക്കൂട്ടത്തില്‍ ഉജ്വലമായ  ചരിത്രമുഹൂര്‍ത്തമായി അടയാളപ്പെട്ട ഒരു സ്ത്രീമുന്നേറ്റമാണ് അന്തര്‍ജന സമാജത്തിന്റെ 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകാവതരണം. സ്വാശ്രയത്വം എന്ന ജീവിതമൂല്യം സമാര്‍ജിക്കാന്‍ കേരളത്തിന്റെ ഇന്നലെകളില്‍ സംഭവിച്ച ഒരു വിസ്ഫോടനം തന്നെയായിരുന്നു ഈ നാടകക്കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ 1948 ല്‍ ആണ് 'തൊഴില്‍ കേന്ദ്രത്തിലേക്ക്' പ്രസിദ്ധീകരിക്കപ്പെട്ടത്.

'ഇന്ദുലേഖ'യില്‍ തടഞ്ഞുനിന്ന സ്ത്രീകഥാപാത്ര സങ്കല്‍പ്പങ്ങള്‍ക്ക് പൊടുന്നനെ നല്‍കാനായ ഒരൊഴുക്കുകൂടിയായി ഈ നാടകം. പുരുഷകേന്ദ്രിത  കുടുംബവ്യവസ്ഥയെ ശക്തമായി നേരിടുന്നു ഈ നാടകം. പരമ്പരാഗത ആദര്‍ശാത്മക സ്ത്രീപരി കല്‍പ്പനകളെ വിമര്‍ശനവിധേയമാക്കാനും കഴിഞ്ഞു. സ്ത്രീകള്‍ ചേര്‍ന്നിരുന്നെഴുതി അവര്‍ തന്നെ അഭിനയവും സംവിധാനവും നിര്‍വഹിച്ച നാടകം എന്ന നിലയില്‍ 'തൊഴില്‍ കേന്ദ്രത്തിലേക്ക്' നിര്‍ണായകമായ സ്ഥാനം വഹിക്കുന്നു. 1922 ഓടുകൂടി അന്തര്‍ജനങ്ങളായ പാര്‍വതി മനെഴി, പാര്‍വതി നെന്മിനിമംഗലം, ആര്യാ പള്ളം, ദേവകി നരിക്കാട്ടിരി, പത്തിയില്‍ പ്രിയദത്ത, തടത്തില്‍ പ്രിയ ദത്ത,  ദേവകി അന്തര്‍ജനം, ലളിതാംബിക അന്തര്‍ജനം, സരസ്വതി അന്തര്‍ജനം എന്നിങ്ങനെ സമര സജ്ജരായ സ്ത്രീകള്‍ രംഗത്തേക്ക് വന്നിരുന്നു. ഇതിലെ അന്തേവാസികളാണ് ഹരിജന്‍ സ്ത്രീകളുമായി കൈകോര്‍ത്ത് പിടിച്ചുകൊണ്ട് പാലിയം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത്. സ്ത്രീയുടെ  വിമോചനം കെട്ടുകഥയല്ല എന്ന ബോധ്യം ജനമധ്യത്തില്‍ ഉണ്ടാക്കാനായി എന്നതാണു മറ്റൊരു സവിശേഷത. ഈ സമയങ്ങളില്‍പ്പോലും പുരോഗമന ആശയങ്ങളുമായി കടന്നുവന്നവര്‍ക്ക് ജീവല്‍സാഹിത്യ സംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ അതേ ആശയങ്ങളുടെ വിക്ഷേപണമാണ് അവര്‍ അരങ്ങുകളില്‍ സ്വയം നടത്തിക്കൊണ്ടിരുന്നത്. നവോത്ഥാന നാടകങ്ങളിലൂടെ അരങ്ങുകളില്‍ അവര്‍ക്ക് സ്വന്തം കഥ അവതരിപ്പിക്കാനായി. കര്‍ഷകര്‍ നേരിട്ട  ദുരന്തപൂര്‍ണമായ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന വര്‍ഗബോധമുള്ള നാടകങ്ങളാണ് ഇതിന്റെ  തുടര്‍ച്ചയായി വന്നത്. കുടുംബബന്ധങ്ങള്‍പോലും ഉപേക്ഷിച്ച് നാടകപ്രവര്‍ത്തകയായ പള്ളുരുത്തി ലക്ഷ്മിയെക്കുറിച്ച് അഭിനേത്രിയായ സജിത മഠത്തില്‍ ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കെ പി എ സി സുലോചന, സുധര്‍മ,  ആലപ്പുഴയിലെ മീനാക്ഷി, അനസൂയ, മേദിനി തുടങ്ങിയവര്‍ ഈ ചരിത്രം പങ്കിടുന്നു. നിലമ്പൂര്‍ ആയിഷ രാഷ്ട്രീയനാടക ജീവിതാനുഭവങ്ങള്‍ക്കൊപ്പം ഇന്നും ജീവിക്കുന്നു.

'തൊഴില്‍കേന്ദ്രത്തിലേക്ക്' നാടകം വീണ്ടും അരങ്ങിലെത്തിയപ്പോള്‍

'തൊഴില്‍കേന്ദ്രത്തിലേക്ക്' നാടകം വീണ്ടും അരങ്ങിലെത്തിയപ്പോള്‍

ലളിതാംബിക  അന്തര്‍ജനത്തിന്റെ നോവലായ അഗ്നിസാക്ഷി നമ്പൂതിരി സമുദായത്തിലെ ജീവിതഭംഗങ്ങള്‍ മാത്രമല്ല കേരളത്തിന്റെയാകെ സാമൂഹിക ജീര്‍ണതകളെ ചൂണ്ടിക്കാട്ടുകയായിരുന്നു. ശാകുന്തളം തിരക്കഥയും കവിതകളും കഥകളും ഉള്‍പ്പെടെ അവര്‍ നല്‍കിയിട്ടുള്ള സാഹിത്യസംഭാവനകള്‍ തികച്ചും പുരോഗമനപക്ഷത്തുനിന്നു ജീവിതത്തെ വിമര്‍ശനാത്മകമായി സമീപിച്ചു. വിസ്ഫോടനങ്ങളുടെ മറ്റൊരെ എഴുത്തുകാരി കെ സരസ്വതി അമ്മ 1970 ല്‍ ടി എന്‍  ജയചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു.

'സമുദായത്തിന് സ്ത്രീകളോടുള്ള സമീപനത്തില്‍ ആരോഗ്യകരമായ വ്യതിയാനം വരുത്തുന്നതില്‍ എന്റെ കഥകള്‍ കാര്യമായി  സഹായിച്ചിട്ടില്ലെന്നു ആര്‍ക്കു പറയാനാവും കരിയര്‍ ഗേള്‍സിനോട്  ഇന്ന് സമുദായത്തിനുള്ള മനോഭാവം മാറിയിട്ടില്ലേ? ആ മാറ്റത്തിനു എന്റെ കഥകള്‍ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇത് എന്റെ കഥകളെക്കുറിച്ച് സാമൂഹിക പക്ഷത്തുനിന്നുള്ള വീക്ഷണമാണ്.'  കല കലയ്ക്കു വേണ്ടി എന്ന വാദത്തെ തള്ളിക്കളഞ്ഞ സംഘത്തിന്റെ ആശയധാരയുമായി ഏറെ അടുപ്പമുണ്ട്  ഈ സാമൂഹിക  ദര്‍ശനത്തിനും. 

ജീവല്‍ സാഹിത്യ സംഘം   പിന്നീട് ,പുരോഗമന സാഹിത്യ  സംഘടന എന്ന പേരില്‍ അറിയപ്പെട്ടു. സംഘടനയിലുണ്ടായ ആശയ ക്കുഴപ്പങ്ങളുടെ  പെരുപ്പത്താല്‍ അത് മെലിയാന്‍ തുടങ്ങി പുരോഗമന സാഹിത്യ സംഘത്തിനു ശേഷം 1970 ല്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ രൂപപ്പെട്ടു.1981 ല്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സപ്തതിയാഘോഷത്തിന്റെ ഭാഗമായിച്ചേ ര്‍ന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍ വച്ച് പുരോഗമന കലാ  സാഹിത്യ സംഘമായി പുതിയ   പ്രവര്‍ത്തനങ്ങള്‍ക്കു  തുടക്കമിട്ടു.  അതുവരെ ദേശാഭിമാനി   സ്റ്റഡി  സര്‍ക്കിളായിരുന്നു  മലയാള പുരോഗമന കലാ സാഹിത്യത്തിനുള്ള പ്രഥമ വേദിയായി ഉണ്ടായിരുന്നത്.ദേശാഭിമാനിയുടെ മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ പി ഗോവിന്ദപ്പിള്ളയും നിര്‍വാഹക പത്രാധിപരായിരുന്ന എം എന്‍ കുറുപ്പു മടങ്ങുന്ന ചെറിയ സംഘമാണ് സ്റ്റഡി സര്‍ക്കിളിന് രൂപം നല്‍കിയത്. ഇക്കാലത്ത്   സഖാവ്  ഇ എം എസ്സിന്റെ  നിരന്തരമായ ഇടപെടല്‍  പ്രസ്ഥാനത്തെ പോഷിപ്പിക്കുന്നതില്‍ വലിയ പങ്കു  വഹിച്ചു. ഏലംകുളം സമ്മേളനവും അവിടെ ചര്‍ച്ച ചെയ്ത മുഖ്യ നയരേഖയും   അതിനു തെളിവാണ്. ഇ കെ നായനാരുടെ അധ്യക്ഷതയില്‍ ഇ എം എസ്, എം എസ് ദേവദാസ്, എം എന്‍ കുറുപ്പ്, തായാട്ട് ശങ്കരന്‍,  ചെറുകാട് എന്നിവരടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിശാല മായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച സമ്മേളനം അതിന്റെ   ലാവണ്യ നിര്‍ണയങ്ങളില്‍    സഹൃദയത്വത്തിന്റെയും   സഹിഷ്ണുതയുടെയും ലോകത്തേക്ക് സമര്‍ഥ മായി കടന്നു. ആ അര്‍ഥത്തില്‍   സ്ത്രീയുടെ  പുതിയ ജീവിതത്തിന് എഴുത്തിലും പ്രഭാഷണങ്ങളിലും പ്രാധാന്യം   നല്‍കിക്കൊണ്ട് രംഗത്തേക്ക് വന്ന സ്ത്രീകളെല്ലാം പുരോഗമന  കലാസാഹിത്യ സംഘത്തിന്റെ   ഭാഗമായി കടന്നുവന്നു. ഡോ. എം ലീലാവതി, സുഗതകുമാരി എന്നിവര്‍ നിലപാടുകള്‍ കൊണ്ട്  പ്രസ്ഥാനത്തിന്റെ ഭാഗമായി. 'പെരുമ്പാവൂര്‍ രേഖയില്‍ 'സ്ത്രീ വിമോചന പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍   പൂര്‍വാധികം രംഗത്ത് വരുന്നുണ്ട്.അവരില്‍ സര്‍ഗശേഷിയിലെന്ന  പോലെ നിരൂപകരും ദാര്‍ശനികരും കുറവല്ല. സ്ത്രീപക്ഷ സൃഷ്ടിയും നിരൂപണവും ലോകസാഹിത്യത്തിലെന്ന പോലെ മലയാള  സാഹിത്യത്തിലും ഒരു വികസ്വര  ശാഖയാണ്. പുരോഗമന  കലാ   സാഹിത്യ സംഘം ഈ പ്രവണതകളെപ്പറ്റി പഠിക്കുകയും അവയെ  പ്രോത്സാഹിപ്പിക്കുകയും വേണ്ടതാണ് എന്ന് എഴുതിക്കണ്ടിരിക്കുന്നു.

1994ല്‍ തിരുവനന്തപുരം ജില്ലയില്‍ വനിതാസാഹിതി രൂപീകരിച്ചു. അന്ന് പു ക സ ജില്ലാക്കമ്മറ്റിയിലുണ്ടായിരുന്ന ഒരേ ഒരു വനിതാംഗമായിരുന്ന പി ഉഷാദേവിയാണു സംഘം സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളണമെന്ന ആശയം മുന്നോട്ടു വച്ചത്. അതിന്റെ വെളിച്ചത്തില്‍ ഒരു വനിതാസബ്കമ്മറ്റി രൂപീകരിക്കുകയും പിന്നീട് അതിനു വനിതാസാഹിതി എന്നപേരു സ്വീകരിക്കുകയും ചെയ്തു.

2000 ല്‍ എല്ലാ ജില്ലകളിലുംഏറിയും കുറഞ്ഞും പ്രവര്‍ത്തനമാരംഭിച്ചതോടെ വനിതാസാഹിതി സംസ്ഥാനക്കമ്മറ്റി രൂപീകരിച്ചു. ലളിതാ ലെനിന്‍ നേതൃനിരയില്‍ നിന്നുകൊണ്ട് വനിതാസാഹിതിയുടെ പ്രവര്‍ത്തനത്തെ സജീവമാക്കിയിരുന്നു. പുതിയ തലമുറയില്‍പ്പെട്ട ധാരാളം പെണ്‍കുട്ടികള്‍ എഴുത്തിന്റെയും അഭിനയത്തിന്റെയും രംഗത്തേക്ക് കടന്നു വരാന്‍ വനിതാസാഹിതി വഴിയൊരുക്കി. വനിതാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം ആവശ്യ പ്പെടുന്ന തരത്തില്‍  കൊണ്ടുപോകുന്നതിനും മാര്‍ഗ നിര്‍ദ്ദേശങ്ങളുള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കിയത്   ഇടതുപക്ഷ ചിന്തകനായ പി  ഗോവിന്ദപ്പിള്ളയാണ്.

 സാറാ  ജോസഫും ഗ്രേസിയും ഉള്‍പ്പെടുന്ന എഴുത്തുകാരികള്‍ സ്ത്രീകേന്ദ്രിതമായി തീപാറുന്ന സൃഷ്ടികള്‍ നടത്തുകയും

അതിലൂടെ സ്ത്രീയുടെ ആത്മ പ്രകാശനം സാധ്യമാക്കുകയും  ചെയ്തു. അതോടൊപ്പം  സാമൂഹികമായ അനീതികളെ യുക്തിപൂര്‍വം ചോദ്യം ചെയ്യുകയുമുണ്ടായി. അധികാര വ്യവസ്ഥയുടെ നേര്‍ക്കും പിതൃമേധാവിത്വത്തിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ഫാസിസത്തെയും ആഗോള സാമ്പത്തിക കൌശലങ്ങളെയും സാമൂഹിക അനാചാരങ്ങളെയും അവര്‍ കൃതികളിലൂടെ തുറന്നെതിര്‍ത്തു. പുരോഗമനപരമായ നയരൂപീകരനങ്ങളെ പിന്തുണച്ചു. സാറാ ജോസഫ് സംഘത്തിന്റെ ഉപദേശക സമിതി  അംഗമായിരുന്നിട്ടുണ്ട്. ഹൈമവതി തായാട്ട് തന്റെ  പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായത്  സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നാണ്. വനിതാ വിമോചക പ്രവര്‍ത്തകയായ പി ഗീതയും ഈ ചരിത്രത്തിന്റെ പങ്കുപറ്റുന്നുണ്ട്. വിജയലക്ഷ്മിയും സാവിത്രി രാജീവനും എഴുതുന്ന കവിതകളില്‍ വായിച്ചെടുക്കുന്ന  മണ്ണിന്റെയും പെണ്ണിന്റെയും ദുരിതങ്ങളും മോചന പ്രതീക്ഷയും പുരോഗമന കവിതകളുടെ ഉത്തരം തേടലുകള്‍ ആണ്.

വനിതാസാഹിതി എന്ന പ്രത്യേക സ്ഥലനിര്‍മിതിയിലൂടെ  കൈവന്ന ദൃശ്യത സ്ത്രീകളെ ബഹുദൂരം മുന്നിലേക്ക് നയിച്ചിട്ടുണ്ട്. ആദ്യ സെക്രട്ടറിയായത് വി  സീതമ്മാള്‍ ടീച്ചര്‍ ആയിരുന്നു. തുടക്കത്തിലും പിന്നീടും പ്രൊഫ. ലളിതാഭായ്, ഡോ. ആര്‍ വി രാജലക്ഷ്മി, പ്രൊഫ. ടി കെ ഉഷാകുമാരി, ജാനമ്മ  കുഞ്ഞുണ്ണി, വി  വി  രുഗ്മിണി, പ്രൊഫ. വി കെ കമലം,  ആര്‍  പാര്‍വതീദേവി, സുജ സൂസന്‍ ജോര്‍ജ്,   പ്രൊഫ. അമൃത, ഡോ ഷീല, ഡോ. പി എസ് ശ്രീകല തുടങ്ങിയവര്‍ നേതൃത്വപദവി യിലെക്കുയര്‍ന്ന വനിതാ സാഹിതി എല്ലാ ജില്ലകളിലും വളരെ ശക്തമായി ഇന്ന്  പ്രവര്‍ത്തിക്കുന്നു.'ഇന്നത്തെ രാഷ്ട്രീയ സാംസ്കാരിക സാഹചര്യങ്ങളില്‍  തങ്ങള്‍ക്കാകും വിധം മുന്‍നിന്നു പ്രവര്‍ത്തിക്കാന്‍ ഓരോ സ്ത്രീക്കും  പ്രാപ്തി നല്‍കുക എന്നതാണ് നമ്മുടെ  പ്രവര്‍ത്തനം ലക്ഷ്യമാക്കേണ്ടതെന്നു'   വനിതാ സാഹിതി നയരേഖയില്‍ പറയുന്നു. നിരവധി സാധാരണക്കാരായ  സ്ത്രീകള്‍ വനിതാസാഹിതിയെ ഏറ്റെടുത്തു കഴിഞ്ഞു. ഒട്ടനവധി പേര്‍ നേതൃ നിരയിലുമുണ്ട്. സംഘടനയുടെ ലക്ഷ്യങ്ങളെ സാധിതമാക്കുന്നതില്‍ വിവിധ തലങ്ങളില്‍ നിരവധി പേര്‍ സഹകരിക്കുന്നുണ്ട്. എല്ലാവരുടെയും പേരുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഈ ലേഖനത്തില്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്കായുള്ള സാഹിത്യ ക്യാമ്പുകള്‍, എഴുത്തു കളരികള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാപ്രകടനങ്ങള്‍, സാംസ്കാരിക ജാഥകള്‍ എന്നിവയുടെ സംഘാടനവും സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങളും ജാതി-മത-ലിംഗ പരങ്ങളായി  ഉണ്ടാകുന്ന പ്രശ്നങ്ങളും സാംസ്കാരിക പ്രതിരോധത്തിലൂടെ തടയുക എന്നതും വ്യത്യസ്തമായ  പ്രവര്‍ത്തന  രീതികളായി വനിതാസാഹിതി സ്വീകരിക്കുന്നു. എങ്കിലും കേരളത്തെയാകെ അഭിസംബോധന ചെയ്യുന്ന വനിതാ  സാംസ്കാരിക സംഘടനയായി  മാറാന്‍ നിതാന്ത ജാഗ്രത  ആവശ്യമുണ്ട്.

സഹായ  ഗ്രന്ഥങ്ങള്‍ ഇ എം  എസ്സും മലയാള സാഹിത്യവും: പ്രൊഫ. ടി എ ഉഷാകുമാരി
തൊഴില്‍ കേന്ദ്രത്തിലേക്ക്: എഡിറ്റര്‍: ടി കെ ആനന്ദി

(ദേശാഭിമാനി വാരികയില്‍ നിന്ന് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top