30 January Monday

സ്‌നേഹനിേക്ഷപകരായ്‌ ജ്യോതിയും ശാന്തിയും

എം എൻ ഉണ്ണികൃഷ്‌ണൻUpdated: Tuesday Jan 22, 2019

ഒരു നാട‌് ഒന്നാകെ ‌ജലസമാധിയിലെന്നപോലെ വിറങ്ങലിച്ചുനിന്ന നിമിഷങ്ങൾ. കുത്തിയൊഴുകിയ വെള്ളത്തിൽ നാടും വീടും മുങ്ങി മറഞ്ഞ സ്വാതന്ത്ര്യദിനാന്തര ദിനങ്ങൾ. എന്നാൽ അത‌് മറ്റൊരു തുടക്കം കൂടിയായിരുന്നു. ജലപ്പരപ്പിനേക്കാൾ വിശാലതയിൽ പരന്ന മലയാളിയുടെ ഒത്തൊരുമയാണ‌് പ്രളയത്തേക്കാൾ ലോകത്തിന‌് പാഠമായത‌്. പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയെ അന്ന‌് പ്രളയജലം തകർത്തെറിഞ്ഞു. ഒറ്റപ്പെട്ടുപോയ നാട്ടിലേക്ക‌് അയച്ച വൈദ്യ സംഘത്തിന‌് ദുർഘട പാത തടസ്സമായപ്പോൾ ഹെലികോപ‌്റ്റർ എത്തിച്ചത‌് പ്രവാസികളായ രണ്ട‌് വനിതകളാണ‌്. അബുദാബിയിൽ താമസിക്കുന്ന ജ്യോതി പ്രശാന്തും ശാന്തി പ്രമോദും. പാലക്കാട‌് നെന്മാറയിൽ അത്യാധുനിക സൗകര്യത്തോടെ തലയുയർത്തി നിൽക്കുന്ന അവൈറ്റീസ‌് സൂപ്പർ സ‌്പെഷ്യാലിറ്റി ആശുപത്രിയുടെ എക‌്സിക്യുട്ടീവ‌് ഡയറക്ടർമാരാണ‌് ഇവർ.

സംരംഭകത്വ ചരിത്രത്തിൽ രണ്ട‌് വനിതകൾ ഡയറക്ടർമാരായ ആദ്യത്തെ വമ്പൻ ആതുരാലയമാകാം നെന്മാറയുടെ തിലകക്കുറിയാകുന്നത‌്. ഒപ്പം ആശുപത്രികളേയും അവിടുത്തെ അസൗകര്യത്തേയും കുറിച്ച‌് ആഴത്തിൽ വേരോടിയ ധാരണകളുടെ തിരുത്തും ഇവരുടെ ചിന്തയിലുണ്ട‌്. ഉത്സവങ്ങളുടെ നാടായ നെന്മാറയിൽ പ്രകൃതി സൗന്ദര്യം നിറഞ്ഞ 30 ഏക്കറിലാണ‌് ഈ ആശുപത്രി. സാങ്കേതിക മികവിലും സേവനങ്ങളിലും വേറിട്ട അനുഭവമാകും ഈ സമുച്ചയം. പരിസ്ഥിതി സൗഹൃദവും സാധാരണക്കാർക്കുപോലും പ്രാപ്യമാകുന്ന വിധത്തിലുമാണ‌് ആശുപത്രി. വ്യത്യ‌സ‌്തമായ ആശുപത്രി സങ്കൽപ്പമാണ‌് ഇവരുടെ ലക്ഷ്യം. നെന്മാറയിലെ  മികവിന്റെ കേന്ദ്രമായ ആശുപത്രി കൂടാതെ വിവിധ സ്ഥലങ്ങളിൽ തുടങ്ങുന്ന ക്ലിനിക്കുകൾ. നിശ‌്ചിത കാലയളവിൽ വീടുകളിലെത്തി പരിശോധന നടത്തുന്നതുൾപ്പെടെയുള്ള ഫാമിലി മെഡിസിൻ വിഭാഗം തുടങ്ങി പലതും. മറ്റ‌് ആശുപത്രികൾ ഏറ്റെടുത്തും സൗകര്യങ്ങൾ വർധിപ്പിക്കും. വിവിധരാജ്യങ്ങളിൽ നിന്നെത്തിച്ച അത്യാധുനിക ഉപകരണങ്ങളാണ‌് ഇൻസ‌്റ്റിറ്റ്യുട്ടിൽ സജ്ജീകരിച്ചിട്ടുള്ളത‌്.

വ്യത്യസ‌്തമായ വഴിയിലൂടെ യാത്ര ചെയ‌്താണ‌് സംരംഭകത്വ മേഖലയിൽ ഇവർ ഒരുമിക്കുന്നത‌്. പാലക്കാട്ടെ പ്രശസ‌്തമായ പാലാട്ട‌് കുടുംബത്തിലെ അംഗമാണ‌് ജ്യോതി. സംഗീതവും സാഹിത്യവും ചിത്രകലയും ഇവരെ കൂടുതൽ സഹൃദയയാക്കുന്നു. സൈനിക അക്കാദമിക ഉദ്യോഗസ്ഥ മേഖലകളിൽ നിരവധി പ്രമുഖരെ സംഭാവന  ചെയ‌്ത കുടുംബത്തിൽനിന്ന‌് പൈതൃകമായി സാഹസികതയും പകർന്നുകിട്ടുന്നത‌് സ്വാഭാവികം. ഇലാസ‌്റ്റിക‌് ചരട‌് ശരീരത്തിൽ ബന്ധിച്ച‌് ഉയരത്തിലെ വിതാനത്തിൽനിന്ന‌് ചാടുന്ന ബഞ്ചി ജമ്പിങ്, കേരളത്തിൽ ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത ആദ്യത്തെ പെൺകുട്ടി എന്ന ഖ്യാതിയും ജ്യോതിക്കാണ‌്. 14 വർഷം ശാസ‌്ത്രീയ സംഗീത പഠനത്തിനും സമയം കണ്ടെത്തി. രംഗത്തിനും വേദിക്കും ആവശ്യമായ ജീവിതത്തിൽ എല്ലാ വേഷവും നടിക്കേണ്ടതുണ്ട‌് എന്നതാണത‌്. 11 കാരിയായ അനഘയും ഏഴുവയസുകാരൻ അൻവിതുമാണ‌് ജ്യോ തിയുടെ മക്കൾ.

നൃത്തവും സംഗീതവും കലാപ്രസംഗവും കേരള കാത്തലിക് സ‌്റ്റുഡൻസ‌് ലീഗ‌് പ്രവർത്തനവുമെല്ലാമായി എറണാകുളത്ത‌ുനിന്നാണ‌് ശാന്തിയുടെ യാത്ര തുടങ്ങുന്നത‌്. സംരംഭകത്വമാണ‌് തന്റെ വഴിയെന്ന തിരിച്ചറിവിൽ സിവിൽ സർവീസ‌് മോഹം മാറ്റിവച്ച‌് കൊമേഴ‌്സിൽ ബിരുദാനന്തര ബിരുദം നേടി‌. അപേക്ഷപോലും നൽകാത്ത സ്ഥാപനത്തിൽനിന്ന‌് അഭിമുഖത്തിനെത്താനുള്ള ഫോൺ വിളിയാണ‌് ശാന്തിയുടെ മറ്റൊരനുഭവം. ഇവന്റ‌് മാനേജ‌്മെന്റിലെ പ്രകടനം കണ്ടാണ‌് യുഎഇ എക‌്സ‌്ചേഞ്ചിൽനിന്ന‌് ആ വിളി വരുന്നത‌്. 2000 മുതൽ 2004വരെ യുഎഇ എക‌്സ‌്ചേഞ്ചിന്റെ കോർപറേറ്റ‌് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്നു. മോഹിനിയാട്ടം ഏറെ ഇഷ‌്ടപ്പെടുന്ന ശാന്തി ഇപ്പോഴും നൃത്ത വിദ്യാർഥിയാണ‌്. അമൃതയാണ‌് ശാന്തിയുടെ മകൾ.
അറബ‌് വ്യവസായ ലോകത്ത‌് മികച്ച സംഭാവന നൽകിയ സഹോദരന്മാരുടെ ഭാര്യമാരായാണ‌് ഇവർ നെന്മാറയുടെ മരുമക്കളാകുന്നത‌്‌. പ്രശാന്ത‌് മാങ്ങാട്ടിന്റെ ഭാര്യ ജ്യോതിയും പ്രമോദ‌് മാങ്ങാട്ടിന്റെ ഭാര്യ ശാന്തിയും മാതാപിതാക്കളോടൊപ്പം 14 വർഷമായി അബുദാബിയിലാണ‌് താമസം. പ്രശാന്ത‌് എൻഎംസി ഹെൽത്തിന്റെയും പ്രമോദ‌് യുഎഇ എക‌്സ‌്ചേഞ്ചിന്റെയും സിഇഒമാരാണ‌്. 

കലാ സാംസ‌്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജ്യോതിയും ശാന്തിയും വരച്ച ചിത്രങ്ങളുടെ പ്രദർശനം അബുദാബിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ നിപാ വൈറസ‌് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നേഴ‌്സ‌് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും ഇവർ മുന്നോട്ടുവന്നു. ഐടി, ഫിനാൻസ‌് എന്നീ രംഗങ്ങളിൽ ജ്യോതിയും മാനവവിഭവശേഷി, മാർക്കറ്റിങ്, ബ്രാൻഡിങ‌് എന്നിവയിൽ ശാന്തിയും മേൽനോട്ടം വഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top