21 March Thursday

പെണ്ണും പ്രകൃതിയും ; ഒരു ഒറ്റയാൻ പോരാട്ടം

കുര്യൻ കെ തോമസ്‌Updated: Tuesday Dec 18, 2018


ബെനഡിക്ട് എലിംഗ്സ്റ്റൺ സംവിധാനം ചെയ്ത വുമണ്‍ അറ്റ് വാര്‍ എന്ന ഐസ് ലാൻഡ് ചിത്രം പരിസ്ഥിതി ആക്ടിവിസത്തിന്റെ സാഹസികമായൊരു  ജീവിതമാതൃക കാഴ്ചയായ കോമഡി ത്രില്ലറാണ്. ബഹുരാഷ്ട്ര കുത്തകൾക്കെതിരായ പോരാട്ടങ്ങൾ ലോകസിനിമയിൽ സാധാരണമെങ്കിലും സ്ത്രീയുടെ ഒറ്റയാൻ പോരാട്ടത്തിന്റെ ഈ കഥ വേറിട്ടതാണ്. സംവിധായകന്റെ  ഓഫ്  ഹോഴ്‌സസ് ആൻഡ്  മെൻ (2013) എന്ന സിനിമയുടെ സ്വാഭാവിക വളർച്ചയാണ് ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനാധിപത്യഭരണത്തിന്റെ മികച്ച  ലോകമാതൃകയായി മാനിക്കപ്പെടുന്ന   ഐസ് ലാൻഡിന്റെ  ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള  ഈ വർഷത്തെ ഔദ്യോഗിക എൻട്രിയാണ് ‘വുമണ്‍ അറ്റ് വാര്‍’. മഹാഭൂരിപക്ഷവും  മതത്തിൽ വിശ്വസിക്കാത്ത,  കൊള്ളയും കുറ്റകൃത്യങ്ങളും കുറഞ്ഞ നാട്ടിൽനിന്ന്, നെൽസൺ മണ്ടേലയുടെ മുഖംമൂടിയുംവെച്ച് ബുദ്ധിയും നിശ്ചയദാർഢ്യവുംകൊണ്ട് ഒറ്റക്കുപോരാടുന്ന പെൺപെരുമയെക്കുറിച്ച ചിത്രം.

പരിസ്ഥിതിവാദിയായ ഹല്ല എന്ന ക്വയർ കണ്ടക്ടറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പരിസ്ഥിതിയെ താറുമാറാക്കി നാടിനും പ്രകൃതിക്കും ഹാനിയായ റിയോ-ടിന്റോ എന്ന ഇംഗ്ലീഷ്-‐ഓസ്‌ട്രേലിയന്‍ അലുമിനിയ വ്യവസായ കുത്തകയ്ക്കെതിരെ ഗറില്ലാ പോരാട്ടം നടത്തുന്ന ഒരു രഹസ്യ ജീവിതവും ഹല്ലയ്ക്കുണ്ട്. മഹാത്മാഗാന്ധിയുടെയും നെൽസൺ   മണ്ടേലയുടെയും ചിത്രങ്ങൾ തന്റെ വിമോചന, പോരാട്ടവഴികളിലെ വിളക്കുകൾപോലെ,  അവൾ തന്റെ മുറിയിൽ തൂക്കി. മണ്ടേലയുടെ മുഖം മൂടിയണിഞ്ഞാണ് അവർ ഒരു ഗറില്ലാ ഓപ്പറേഷൻപോലും നടത്തിയത്.

പവർ ലൈനുകൾ പല തവണ സാഹസികമായി  തകർത്ത്‌, ബഹുരാഷ്ട്ര ഭീകരനെ അവർ വെല്ലുവിളിക്കുന്നു. പൊലീസിനെയും കബളിപ്പിച്ചുകൊണ്ടു മുഖംമൂടിക്ക് പിറകിലിരുന്ന് ഹല്ല നടത്തുന്ന പോരാട്ടങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്നു. സർക്കാർ അവരെ കുറ്റവാളിയായി മുദ്രകുത്തുന്നു. പിടികൂടാനുള്ള സർക്കാർ ശ്രമങ്ങള്‍ ഒന്നൊന്നായി അവർ പരാജയപ്പെടുത്തുന്നു.

സവിശേഷമായൊരു സ്വകാര്യ ജീവിതവും  ഹല്ലക്കുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍  അപേക്ഷ നല്കി  ദീർഘനാളായി കാത്തിരിക്കുന്ന, അവിവാഹിതയായി ഒറ്റയ്ക്ക് ജീവിക്കുന്ന  അവരുടെ ജീവിതത്തിലേക്ക്  യുക്രൈനിലെ ആഭ്യന്തരകലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു പെൺകുട്ടി  കടന്നുവരുന്നു. പക്ഷേ മകളെ സ്വീകരിക്കാനുള്ള യാത്രയിൽ അവർ പിടിക്കപ്പെടുന്നു. എന്നാൽ തന്റെ ഇരട്ട സഹോദരിയുടെ സഹായത്തോടെ ജയിലിൽനിന്ന് രക്ഷപ്പെടുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു.

ഹല്ല എന്ന കരുത്താർന്ന വ്യക്തിത്വത്തെ  ഹാൽ ഡോറ ഉജ്വലമാക്കി. തീർത്തും വ്യത്യസ്തമായ ഹല്ലയുടെ ഇരട്ട സഹോദരിയായെത്തുന്നതും ഹാൽ ഡോറ തന്നെ.
ഐസ്‌‌ലാന്റിന്റെ നാടോടി ഗാനപശ്ചാത്തലത്തിൽ ഒരു നാടോടിക്കഥ പോലെയാണ്  സിനിമയുടെ അതിമനോഹരമായ ആവിഷ്കാരം. ഒരു ത്രില്ലർപോലെ  കലാത്മകമായ ഫ്രെയിമുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. മോഹിപ്പിക്കുന്ന ചാരുതയാണ് ദൃശ്യങ്ങൾക്ക്. കഥാപാത്രങ്ങളെല്ലാം അങ്ങേയറ്റം ആത്മബലമുള്ളവരാണ്. ഓരോ മുഹുർത്തങ്ങളും മുൻ മാതൃകയില്ലാത്തതുമാണ്.

വിശാലമായ ഐസ്‌ലാൻഡ്‌  മലനിരകളുടെ നിറഞ്ഞ സ്ക്രീനിലെ കാഴ്ചയുടെ  ഭംഗിക്കൊപ്പം ആകര്‍ഷകമാണ് ഈ സിനിമയുടെ സംഗീതം. ഓരോ ഓപ്പറേഷനും ഒപ്പം എത്തുന്ന പിയാനോ, ആക്കിക്കോർഡിൻ, കൊമ്പു-കൊട്ടുവാദ്യങ്ങളുമായി ഉപകാരണസംഗീത വാദകർ. തുടർന്ന് പാരമ്പര്യ വസ്ത്രത്തിലെത്തിയ മൂന്നു പ്രശസ്ത ഉക്രൈൻ ഗായികമാർ . സംവിധായകൻ അവരെ മാതൃത്വത്തിന്റെ മാലാഖമാരെന്നാണ് വിളിക്കുന്നത്. ചിത്രം പുരോഗമിക്കുമ്പോൾ  ഗായകസംഘങ്ങൾ ഒന്നിച്ചാവുന്നു.

സമൂഹ്യജീവിതത്തിലും സ്വകാര്യജീവിതത്തിലും സ്ത്രീയുടെ  പോരാട്ടങ്ങളുടെ കഥയാണ് വുമൺ അറ്റ് വാർ. അത് മണ്ണും പെണ്ണും തമ്മിലുള്ള തീവ്രബന്ധത്തിന്റെയും കഥകൂടിയാണ്. മനുഷ്യസ്നേഹത്തിന്റെ, മാതൃത്വത്തിന്റെ സിനിമ.

സ്ത്രീയുടെ നിലനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം ഏറ്റവും മനോഹരമായി പറഞ്ഞ സിനിമയാണ് വുമൺ അറ്റ് വാർ. ഏറെ ഗൗരവകരമായ പ്രമേയം അതിലളിതവും അതിലേറെ ഹൃദ്യവും ആവേശകരവുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
ഗോവ, തിരുവനന്തപുരം ചലച്ചിത്രമേളകളുടെ അണയാത്ത ആവേശപ്പാട്ടാണ് കാഴ്ചക്കാരോടൊപ്പം കൂടുന്ന  ഈ ചിത്രത്തിലെ കൊമ്പും കുഴൽവിളിയും. ആ ഓർമ്മപോലും സന്തോഷിപ്പിച്ചുകൊണ്ടിരിക്കും.


പ്രധാന വാർത്തകൾ
 Top