23 January Wednesday

കീറക്കടലാസിൽനിന്ന് വീണ്ടെടുത്ത ചരിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018

നയോമി പാർക്കർ ഫ്രാലി 'ഞങ്ങൾക്കത് സാധ്യമാണ്' പോസ്റ്ററുമായി

 ല്ലാ മേഖലകളിലും പിന്നോക്കമാണ് പെണ്ണുങ്ങളെന്ന് ശകാരമുയർന്ന ഘട്ടത്തിൽ ഇല്ല, 'ഞങ്ങൾക്കത് സാധ്യമാണ്' എന്ന മുദ്രാവാക്യമുയർന്നത്    മുഴക്കത്തോടെയായിരുന്നു. 1942 മുതൽ അത് ഇമ്പമാർന്ന ഗാനമായും ലോകം കേട്ടു. റെഡ്ഡ് ഇവാൻസും ജോൺ ജേക്കബ് ലോബും ചേർന്ന് രചിച്ച് ന്യൂയോർക്കിലെ പാരാമൗണ്ട് മ്യൂസിക് കോർപറേഷൻ ഇറക്കിയ  ഗാനം റേഡിയോകളിൽ പലവട്ടം പ്രക്ഷേപണം ചെയ്തു. അക്കാലത്ത് പല കലാകാരന്മാരും രംഗവേദിയിലുമെത്തിച്ച അത് ഇപ്പോഴും പ്രക്ഷോഭസദസ്സുകളെ ഇളക്കിമറിക്കുന്നുമുണ്ട്.

2018 ജനുവരി 21ന് അമേരിക്കയിൽ സ്ത്രീകൾ അലകടൽപോലെ ആർത്തിരമ്പിയ പ്രതിഷേധത്തെക്കാൾ മാധ്യമങ്ങൾ പഴയ യുദ്ധസന്നാഹങ്ങൾക്ക് പ്രാധാന്യം നൽകിയത് സ്വാഭാവികമല്ല. തൊഴിലാളികളുടെ അവകാശങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, പരിസ്ഥിതി സംരക്ഷണം, വംശീയ സമത്വം,ആരോഗ്യ പദ്ധതി, അഭയാർഥികളുടെ നിസ്സഹായത, ലൈംഗികാതിക്രമം തുടങ്ങിയ പ്രശ്‌നങ്ങളുയർത്തി നടന്ന മുന്നേറ്റം ട്രംപ് ഭരണകൂടത്തിന് കനത്ത താക്കീതായി. അദ്ദേഹം ഭരണമേറ്റതിന്റെ ഒന്നാം വാർഷികത്തിൽ 'ഞങ്ങളാണ് ചെറുത്തുനിൽപ്പ്' എന്ന പ്രധാന ആശയമുയർന്ന റാലികളിൽ നടിമാരായ  ഇവാ ലോംഗോറിയ, അമേരിക്ക ഫെറേറ, ഗായികയും അഭിനേത്രിയുമായ മഡോണ,  പത്രപ്രവർത്തക ഗ്ലോറിയ സ്‌റ്റെയ്‌നം, ഇടതുപക്ഷ ഡോക്യുമെന്ററി സംവിധായകൻ  മൈക്കിൾ ഫ്രാൻസിസ് മൂർ, ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ റോസി പെരെസ് തുടങ്ങി ഒട്ടേറെ പ്രമുഖ  വ്യക്തിത്വങ്ങൾ ജനങ്ങളെ അഭിസംബോധനചെയ്തു.  'മണ്ണൊലിപ്പ് സംഭവിച്ച ജനാധിപത്യം', 'ഒരു കോമാളിയെ തെരഞ്ഞെടുക്കൂ; സർക്കസ് പ്രതീക്ഷിക്കൂ' തുടങ്ങിയ ഫലിതരൂപീകരണങ്ങൾ  എടുത്തിട്ട പ്രക്ഷോഭകർ,  വോട്ടുചെയ്യാൻ മാത്രം സ്വാതന്ത്ര്യംപോരാ, ഭരണത്തിലും പങ്കാളിത്തം വേണം എന്ന  രാഷ്ട്രീയ മുദ്രാവാക്യവും ഉയർത്തി. വാഷിങ്ടണിലും ലോസ്ആഞ്ചൽസിലും അഞ്ചുലക്ഷം വീതവും ന്യൂയോർക്കിൽ രണ്ടു ലക്ഷവും എന്ന കണക്കിൽ രാജ്യത്താകെ അരക്കോടിക്കടുത്ത് സ്ത്രീകളാണ് അണിനിരന്നത്. 60 ഡിഗ്രി ചൂടിനെപ്പോലും വകവെക്കാതെയായിരുന്നു കൂറ്റൻ ജനസമാഹരണങ്ങൾ.

 ലോകത്തിലെ  വനിതാ വിമോചന  പ്രസ്ഥാനങ്ങൾക്ക് നിത്യാവേശം പകരുന്ന 'we can do it' (ഞങ്ങൾക്കത് സാധ്യമാണ്)എന്ന പോസ്റ്റർ പതിയാത്ത മനസ്സുകളും ചുവരുകളും വിരളം. അതിന്റെ രചനക്ക് ജെ ഹെറാൾഡ് മില്ലർ എന്ന പിറ്റ്‌സ്ബർഗ് ചിത്രകാരൻ  മാതൃകയാക്കിയ അമേരിക്കക്കാരി നയോമി പാർക്കർ ഫ്രാലി 2018 ജനുവരി 21ന് മരണമടഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് അൽമേഡയിലെ നേവൽ എയർ സ്‌റ്റേഷനിൽ തൊഴിലാളിയായിരുന്ന അവൾ ക്യാമറയിൽ പതിയുന്നത് യാദൃച്ഛികം. യുദ്ധമുന്നണിയിലേക്ക് പുരുഷന്മാർ നിർബന്ധിക്കപ്പെട്ടപ്പോൾ തൊഴിലിടങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ്  സ്ത്രീകളെ നിയോഗിച്ചത്. പുരുഷന്മാർക്ക് മാത്രം വിഭാവനംചെയ്ത ജോലിക്ക് സ്വയം തയ്യാറായ ആദ്യ വനിതയായിരുന്നു നയോമി. ആ ഘട്ടത്തിലെ സ്ത്രീകളുടെ കരുത്തും ശേഷിയും സന്നദ്ധതയും വിശദമാക്കാൻ ഇരുപത് വയസ്സു മാത്രമുണ്ടായ അവളുടെ  രൂപവും പ്രകൃതവും ആകർഷണീയതയും നല്ല സൂചകമാണെന്ന് കരുതിയ ഒരു ഫോട്ടോഗ്രാഫർ അവരെ പകർത്തി.  'ഓക്‌ലാൻഡ് പോസ്റ്റ് എൻക്വറർ' പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയും വാർത്തയും അവൾ മുറിച്ച് സൂക്ഷിക്കുകയുമുണ്ടായി.

1921 ആഗസ്തിൽ ഒക്‌ലഹോമക്കടുത്ത തുൽസയിൽ പിറന്ന നയോമി  ജപ്പാൻ പേൾഹാർബർ ആക്രമിച്ചപ്പോഴാണ്  യുദ്ധജോലിയിൽ മുഴുകിയത്. വിമാനങ്ങളുടെ ചിറകുകൾ നന്നാക്കുകയായിരുന്നു പ്രധാനം. മൂവായിരം സ്ത്രീകൾക്കൊപ്പം പാന്റ് ധരിച്ച് അവിടെയുണ്ടായപ്പോഴാണ്  ആക്‌മെ ഫോട്ടോ ഏജൻസിയുടെ യുവഫോട്ടോജേണലിസ്റ്റിന്റെ  മനംകവർന്നത്.

കൂടുതൽ സ്ത്രീകളെ യുദ്ധസന്നാഹങ്ങളിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു മില്ലറുടെ പോസ്റ്റർ. 1943 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അവ ഫാക്ടറിച്ചുവരുകളിൽ വ്യാപകമായി. മൂന്നാഴ്ചയേ ആ പോസ്റ്റർ പ്രചാരത്തിലുണ്ടായുള്ളൂ. തുടർച്ചയായി പുതിയ നാൽപ്പത്തിരണ്ടെണ്ണം ഇറക്കി. 1980കൾവരെ പതിറ്റാണ്ടുകൾ പോസ്റ്റർ കാര്യമായ ചർച്ചകളിലൊന്നും എത്തിയില്ല. നാഷണൽ ആർക്കൈവ്‌സിൽനിന്നാണ് പിന്നീടത് മാധ്യമ ശ്രദ്ധയിലെത്തിയത്.

1980കളിൽ അതിനൊരു അവകാശിയെത്തി ജെറാൾഡിനെ ഹോഫ് ഡോയ്‌ലെ. 2010 ൽ അവർ നിര്യാതയായപ്പോൾ മാധ്യമങ്ങളിൽ കുറേ അപദാനങ്ങൾ നിരത്തപ്പെട്ടു. അതിനെതിരെ സംശയമുയർന്നതുമില്ല. എന്നാൽ 2011ൽ റിച്ച്മൗണ്ടിലെ യുദ്ധസ്മാരകം സന്ദർശിച്ച നയോമി പഴയ ഫോട്ടോയുടെ റീപ്രിന്റ് കാണാനിടയായി. അത് തന്റെ ചിത്രമാണെന്ന് ഉറപ്പിച്ച അവർ, അടിക്കുറിപ്പിൽ ജെറാൾഡിനെ ഹോഫ് ഡോയ്‌ലെ എന്നുകണ്ട്  അത്ഭുതപ്പെട്ടു. സ്മാരകം നടത്തിപ്പുകാർക്ക് അതേക്കുറിച്ച് എഴുതി. പ്രശസ്തിക്കോ പണത്തിനോ  താൽപര്യമില്ലെങ്കിലും തന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് നയോമി തുറന്നടിച്ചു. സെറ്റൻഹാൾ സർവകലാശാലയിലെ കമ്യുണിക്കേഷൻ വിഭാഗം പ്രൊഫസർ ജെയിംസ് ജെ കിംബ്ലേക്ക് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കത്തയച്ചു. കാലിഫോർണിയക്കടുത്ത റെഡ്ഡിങ്ങിലെത്തി  അദ്ദേഹം അവരെക്കണ്ടു. കിംബ്ലേക്ക് ആറുവർഷം രേഖകൾ തേടിയലഞ്ഞു. ഒടുവിൽ അവിചാരിതമായി ആക്ക്രിക്കടയിൽനിന്ന് 1942ലെ ചില പ്രസിദ്ധീകരണങ്ങൾ കാണാനിടയായി. അതിന്റെ ചരിത്രമൂല്യം തിട്ടമില്ലാത്ത കടക്കാരൻ പത്ത് ഡോളർ ഈടാക്കി ചിലവ കിംബ്ലക്ക് വിൽക്കുന്നു. അതിൽനിന്ന്  യഥാർഥ കഥാപാത്രത്തെ കണ്ടെത്തി. അതീവ മനോഹരിയായ നയോമിയുടെ പഴയ ചിത്രത്തിൽനിന്ന് ചരിത്രം പൂരിപ്പിക്കുകയായിരുന്നു.'റെറ്ററിക് ആൻഡ് പബ്ലിക് അഫേഴ്‌സ്' മാസികയിൽ അതേക്കുറിച്ച് ലേഖനവുമെഴുതി.''ചരിത്രത്തിലെ അവരുടെ സ്ഥാനം മോഷ്ടിക്കപ്പെട്ടതുപോലെയായിരുന്നു. അസ്തിത്വം നഷ്ടപ്പെടുകയെന്നതിനേക്കാൾ വേദനാജനകമായി ഒന്നുമില്ല.''. എന്നായിരുന്നു ആ ഗവേഷകന്റെ പ്രതികരണം. പുതിയ കണ്ടെത്തൽ നയോമിയുടെ വീട്ടിനു മുന്നിൽ പത്രപ്രവർത്തകരുടെ തിക്കുംതിരക്കും തീർത്തു. 2016ൽ 'വേൾഡ് ഹെറാൾഡ്' മാഗസിൻ നടത്തിയ അഭിമുഖത്തിലെ,സ്വന്തം സ്ഥാനം ഒടുവിലെങ്കിലും അംഗീകരിക്കപ്പെട്ടതിലും ലോകമാകെ അറിയപ്പെടുന്നതിലും  എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് ''വിജയം, വിജയം, വിജയം'' എന്ന ആവർത്തനം മാത്രമായിരുന്നു ഉത്തരം.

 

പ്രധാന വാർത്തകൾ
 Top