23 March Thursday

സംഗീതവഴിയിലെ ഇരട്ട ചങ്ക്സ്

എം അനിൽUpdated: Sunday Nov 24, 2019

ഇരട്ട സഹോദരിമാരെങ്കിലും ഇവർ ചങ്ക്സാണ്, സംഗീതക്കച്ചേരിയിലെ ഇരട്ട ചങ്ക്സ്. പഠിക്കുന്നത് എട്ടാം ക്ലാസിൽ. വയസ് 13. 'പാലക്കുളങ്ങര സിസ്റ്റേഴ്സ്' എന്ന ബഹുമതി ഇതിനകം സ്വന്തമാക്കിയ കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് ആയിക്കുന്നം പാലക്കുളങ്ങരയിൽ രാജ്കുമാറിന്റെയും ദേവികാ രാജിന്റെയും മക്കൾ അദ്വൈതയും അദീതയുമാണ് പാട്ടിൽ പാലാഴി തീർക്കുന്നത്.

 സംഗീതക്കച്ചേരിയിൽ ഗിന്നസ് ബുക്കിൽ ഇടംതേടാവുന്ന ഇരട്ട സഹോദരിമാർ 200--ാം വേദി പങ്കിടാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബർ എട്ടിന് ഡൽഹി മായാപുരി മലയാളി അസോസിയേഷനാണ് വേദിയൊരുക്കുന്നത്. ഈ പ്രായത്തിൽ ഇത്രയും വേദികളിൽ  സംഗീതക്കച്ചേരി അവതിരിപ്പിക്കുന്ന കുട്ടികൾ വേറെയുണ്ടാവില്ല. അതും ഇരട്ട സഹോദരിമാരെന്ന പ്രത്യേകതയുമുണ്ട്. പതിനൊന്നാം വയസ്സിൽ ഇവരുടെ നൂറാംവേദി കൊല്ലം ജില്ലയിലെ പോരുവഴി ശാസ്താംനട ശ്രീധർമ ക്ഷേത്രത്തിലായിരുന്നു. 

ആദ്യം പഠിച്ചത് ജ്യേഷ്ഠന്റെ പാട്ടുകേട്ട്

വീട്ടിൽ ജ്യേഷ്ഠൻ അക്ഷയ്‌ രാജാണ് ആദ്യം പാട്ടുപഠിച്ചത്. സംഗീത അധ്യാപകൻ ആനയടി അനിൽകുമാർ ആയിരുന്നു ഗുരു. അക്ഷയിന് നവോദയ സ്‌കൂളിൽ പ്രവേശനം ലഭിച്ചതോടെ സംഗീത പഠനം മുടങ്ങി. അങ്ങനെ സംഗീതവഴിയിൽ ജ്യേഷ്ഠന്റെ പാതപിന്തുടർന്നു അനിയത്തിമാർ. ജ്യേഷ്ഠന്റെ പാട്ടുകേട്ട് അദ്വൈതയും അദീതയും നന്നായി പാടുമായിരുന്നു. അങ്ങനെ ആനയടി അനിൽകുമാർ ഇരട്ടസഹോദരിമാരുടെ  ഗുരുവായി. അതിന്നും തുടരുന്നു. പ്രൊഫ. ഓമനക്കുട്ടിയുടെ ശിക്ഷണവും ഇവർക്കുണ്ട്. നാലാം വയസ്സിലാണ് സഹോദരിമാർ സംഗീതസപര്യ ആരംഭിച്ചത്. ശൂരനാട് തെക്ക് ആയിക്കുന്നം കോയിക്കൽ ദേവീ ക്ഷേത്രത്തിൽ  2015 ഏപ്രിൽ 29 നായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. ജ്യേഷ്ഠൻ അക്ഷയ രാജ് ഇപ്പോൾ ഡോക്ടറാവാൻ പഠിക്കുന്നു.

ഇഷ്ടരാഗങ്ങൾ

രാഗം താനം പല്ലവി ഉൾപ്പെടെ കർണാടക സംഗീതത്തിന്റെ എല്ലാ മേഖലകളിലും പ്രാഗൽഭ്യം നേടിയ വിദ്യാർഥികളാണിവരെന്ന് ഗുരു ആനയടി അനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നു. ഖരഹരാപ്രിയ, ഷൺമുഖപ്രിയ, തോടി, കീരവാണി എന്നിവയാണ് ഇഷ്ടരാഗങ്ങൾ. വർണവും കീർത്തനങ്ങളും രാഗ വിസ്താരം, നിരവൽസ്വര പ്രസ്താരം തുടങ്ങി എല്ലാ ശാസ്ത്രീയ വശങ്ങളും കോർത്തിണക്കി രണ്ടര മണിക്കൂറാണ് ഇവർ സംഗീതസദസ് ഒരുക്കുന്നത്. ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. കഥ, കവിത എന്നിവയിലും ഇരുവരും മിടുക്കർ.

ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കി

ശബരിമല, ഗുരുവായൂർ, പൂനെ തുടങ്ങി മിക്ക പ്രശസ്ത ക്ഷേത്രങ്ങളിലും അദ്വൈതയും അദീതയും സംഗീതക്കച്ചേരി പാടി. സംഗീതനാടക അക്കാദമി മാവേലിക്കരയിൽ ഒരുക്കിയ ദേശീയ സംഗീത ഉത്സവത്തിലും കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. താമരക്കുടി മഹാദേവ ക്ഷേത്രത്തിന്റെ നാദരത്‌ന അവാർഡും ലഭിച്ചു. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കിയെന്നതാണ് സംഗീത ലോകത്തിന് ഈ കുട്ടികൾ നൽകിയ സംഭാവന. ഇവരുടെ വേദികളിലെ ആസ്വാദകരുടെ പങ്കാളിത്തം ഇതിന്‌ തെളിവാണ്. പാലക്കുളങ്ങര സിസ്റ്റേഴ്സ് എന്ന മേൽവിലാസം സംഗീത രംഗത്ത് ഇടംനേടിക്കഴിഞ്ഞു. നാലാം വയസ്സിൽ കർണാടാക സംഗീതത്തിൽ പിച്ചവച്ചു തുടങ്ങിയ മുന്നേറ്റം ഇപ്പോഴും തുടരുന്നു. പഠനത്തിലും ഇവർ മുന്നിൽതന്നെ. ഇരുവരും ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളാണ്. അച്ഛൻ രാജ്കുമാർ ചവറ കെഎസ്ഇബി ഓഫീസിൽ സീനിയർ  സൂപ്രണ്ടും ദേവികാ രാജ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹെഡ് ക്ലർക്കുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top