06 June Tuesday

കുട്ടിയുടെ അച്ഛൻ ആരാണ്‌?

കിരൺ അനിൽകുമാർUpdated: Sunday Sep 12, 2021

പ്രിയപ്പെട്ട മനഃശാസ്‌ത്രജ്ഞൻ സാറേ,

എന്റെ കുടുംബജീവിതം ആകെ കൈവിട്ടുപോയിരിക്കുന്നു സാറെ. എത്രയും പെട്ടെന്ന്‌ ഒരു മറുപടി തന്ന്‌ ഈയുള്ളവനെ സാറ്‌ സഹായിക്കണം. സ്‌ത്രീ സമത്വത്തിൽ ഉറച്ചുവിശ്വസിക്കുന്ന ആളാണ്‌ ഞാൻ. എന്റെ ഭാര്യ വൈകിട്ട്‌ ആറുമുതൽ രാത്രി പത്തുവരെ ടിവിക്ക്‌ മുന്നിലാണ്‌. ഞാനും ഭാര്യക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സീരിയൽ കാണാൻ തുടങ്ങി. എന്റെ പ്രശ്‌നങ്ങളുടെ തുടക്കം അവിടെയാണ്‌.

ഏഴുമണിക്കുള്ള സീരിയൽ.  ശോഭയുടെയും ഭർത്താവ്‌ ദിനേശന്റെയും കഥപറയുന്ന സീരിയൽ. ഹൊ, അവരുടെ ഒരു ബന്ധം സാറൊന്ന്‌ കാണണം. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അതാ കോളിങ്‌ ബെൽ ശബ്ദം. ദിനേശൻ ഓഫീസിലാണ്‌. ശോഭ കതക്‌ തുറക്കുന്നു. പുറത്ത്‌ ഒരു ചെറുപ്പക്കാരൻ. അയാൾ ആവശ്യപ്പെടുന്നു. ‘‘എനിക്ക്‌ തിരിച്ചുവേണം.’’

ഞാൻ കരുതി സാറെ ഇയാൾ ശോഭയ്‌ക്ക്‌ കാശെന്തോ കടം കൊടുത്തിട്ടുണ്ട്‌. അത്‌ തിരിച്ചാവശ്യപ്പെടുകയാണെന്നാണ്‌. പക്ഷേ, സാറെ, ജോണിക്കുട്ടിയെന്ന ഇയാൾ ആവശ്യപ്പെടുന്നതെന്താണെന്നൊ, ശോഭയുടെ പൊന്നുമോൻ അഞ്ചുവയസ്സുകാരൻ ഉണ്ണിക്കുട്ടനെ. ഞാൻ കരുതി ശോഭ ചെരുപ്പൂരി അവന്റെ കരണക്കുറ്റിക്ക്‌ ഒരെണ്ണം പൊട്ടിമെന്നാണ്‌. പക്ഷേ, അതാ ശോഭ പൊട്ടിക്കരയുന്നു.

‘‘ഇല്ല ജോണിയേട്ടാ അവനെ ഞാൻ തരില്ല. ജോണിയേട്ടനവകാശപ്പെട്ടതാണെങ്കിലും ഞാൻ വിട്ടുതരില്ല.’’ സത്യം പറഞ്ഞാൽ മനഃശാസ്‌ത്രജ്ഞൻ സാറെ, ഞാൻ കിടുങ്ങിപ്പോയി. ആദർശഭാര്യ എന്ന്‌ ഞാൻ കരുതിയിരുന്ന ശോഭയ്‌ക്ക്‌ പൂർവകാല പ്രണയമുണ്ടായിരുന്നെന്നും ആ പ്രണയത്തിനിടയ്‌ക്കാണ്‌ ദിനേശനുമായിട്ടുള്ള കല്യാണം നടന്നതെന്നും ഒക്കെ ഞാൻ തിരിച്ചറിഞ്ഞു. ഭാര്യ ‘മടമടാ’ എന്ന്‌ കരയുകയായിരുന്നു. ഞാനാണെങ്കിൽ ആകെ സ്‌തംഭനാവസ്ഥയിൽ.

ഈ സമയം മറ്റൊരു തറവാട്ടിൽ ദിനേശന്റെ മുറപ്പെണ്ണ്‌ മാലതിയും മാലതിയുടെ അമ്മ മഹേശ്വരിയും കൂടി ദിനേശനെയും ശോഭയെയും അകറ്റാൻവേണ്ടി മന്ത്രവാദിയെ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്‌. ശോഭയുമായി വേർപിരിച്ചശേഷം മാലതിയെക്കൊണ്ട്‌ ദിനേശനെ കെട്ടിക്കണം. ഇതൊക്കെ നടക്കുമ്പോൾ ദിനേശൻ അയാൾ യഥാർഥത്തിൽ സ്‌നേഹിക്കുന്ന റീത്തയെ സ്വപ്‌നം കണ്ടുനടക്കുകയാണ്‌. റീത്തയിൽ ദിനേശന്‌ ഒരു കുട്ടിയുണ്ടെന്ന കാര്യവും ഞാൻ ഞെട്ടലോടെ അറിഞ്ഞു. ഒരു കാര്യംകൂടി ദിനേശന്‌ റീത്തയിൽ ഉണ്ടായ മിനിമോളും ജോണിക്ക്‌ ശോഭയിൽ ജനിച്ചതെന്നും എന്നാൽ തന്റെ കുട്ടിയാണെന്ന്‌ ദിനേശൻ തെറ്റിദ്ധരിച്ചിട്ടുള്ളതുമായ ഉണ്ണിക്കുട്ടനും ഒന്നാം ക്ലാസിൽ ഒറ്റബെഞ്ചിലിരുന്നാണ്‌ പഠിക്കുന്നത്‌.

സാറെ നാളെമുതൽ എനിക്ക്‌ ഉറക്കമില്ലാത്ത രാത്രികളായി. സംഗതി മറ്റൊന്നുമല്ല. എന്റെ മോൻ ജിത്തുക്കുട്ടൻ യഥാർഥത്തിൽ എന്റെ മോൻ തന്നെയാണോ. എന്റെ ഭാര്യക്ക്‌ രണ്ടാഴ്‌ചയ്‌ക്കുമുമ്പ്‌ വന്ന മിസ്‌ഡ്‌ കോൾ ആരുടേതാണ്‌?  ഭിക്ഷയ്‌ക്കായി  കഴിഞ്ഞയാഴ്‌ച വീട്ടിൽ വന്ന ആൾ യഥാർഥത്തിൽ യാചകനായിരുന്നോ? കൃത്രിമ താടിയൊക്കെ വച്ചുവന്ന അയാൾ എന്റെ ഭാര്യയുടെ പൂർവകാമുകനല്ലേ. എല്ലാരും ചേർന്ന്‌ എന്നെ പറ്റിക്കുകയാണോ? രാത്രി എന്നെ തട്ടിക്കളയാൻ ഭാര്യ ഗ്യാസ്‌കുറ്റി തുറന്നുവയ്‌ക്കുമോ? കഞ്ഞിയിൽ വിഷം ചേർക്കുമോ? സാറെ എല്ലാംകൊണ്ടും ഒരു സമാധാനമില്ല സാറെ. എത്രയും പെട്ടെന്ന്‌ ഒരു മറുപടി വേണം.

എന്ന്‌,
ടി കെ പി കെ
(ഇതെന്റെ കള്ളപ്പേരാണ്‌ സാറെ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top