01 December Thursday

'അതിരുകളില്ലാത്ത അപ്പൂപ്പന്‍താടി'; യാത്രകള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018

ഷ്ടവഴികളിൽ പാറിപ്പറന്നൊരു 'ഒറ്റ അപ്പൂപ്പൻതാടി'യായിരുന്നു ഒരിക്കൽ സജ്‌ന. എന്നാൽ ഇന്ന് സജ്‌ന ഒറ്റയല്ല, കൂടെ പറക്കാൻ ഒപ്പമുള്ളത് 'അപ്പൂപ്പൻതാടികളുടെ' കൂട്ടം. ആവേശത്തോടെ അവർ താഴ്‌ന്നും ഉയർന്നും പറക്കുകയാണ് മോഹിപ്പിക്കും സ്ഥലങ്ങളിലേക്ക്, അതിരുകൾക്കപ്പുറത്തേക്ക്.

കുട്ടിയായിരിക്കുമ്പോൾ കുഞ്ഞുമനസ്സിലേക്ക് 'യാത്ര'കളുടെ ആദ്യ അപ്പൂപ്പൻതാടി പറത്തി വിട്ടത് ലോറിഡ്രൈവറായ ബാപ്പ ആലിക്കോയ.  ഒരോ ട്രിപ്പും കഴിഞ്ഞെത്തുമ്പോൾ ബാപ്പ പറയും ഒത്തിരി 'സഞ്ചാര സാഹിത്യം. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജീനിയറായപ്പോൾ  കേരളത്തിനകത്തതും പുറത്തും ഒറ്റയ്ക്കുള്ള യാത്രകൾ നിറഞ്ഞതായി സജ്‌നയുടെ ജീവിതം. രണ്ട് വർഷം മുമ്പ് എട്ടുപേരടങ്ങുന്ന സംഘമായി തെന്മലയിലേക്ക് യാത്ര നടത്തിയതോടെ കഥമാറി. യാത്ര കഴിഞ്ഞിട്ടും അടങ്ങാത്ത ആവേശവും പ്രോത്സാഹനം നിറഞ്ഞ പ്രതികരണങ്ങളും കൂടിയായപ്പോൾ ത്രില്ലായി. 'അപ്പൂപ്പൻതാടി' ഫേസ്‌ബുക്ക്  പേജിന്റെ തുടക്കവും ഇവിടെയായിരുന്നു.

''ഒന്നര  വർഷം മുമ്പാണ് യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി പേജ് തുടങ്ങിയത്. സ്ത്രീകൾക്ക് മാത്രമായി എന്തിന് ഒരു യാത്രാഗ്രൂപ്പ് എന്ന ചോദ്യത്തിന് സജ്‌നയ്ക്ക് നൽകാൻ മറുപടികൾ ഏറെ. പുരുഷന്മാർക്ക് യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയാൽ വാഹനമുള്ളവരാണെങ്കിൽ, എവിടെയങ്കിലും പോകണമെന്നാഗ്രഹിച്ചാൽ ഉടൻ പോകാം. സമയമോ, സുരക്ഷയോ, വാഹനമോ ഒന്നും പ്രശ്‌നമല്ല.  എന്നാൽ  സ്ത്രീകൾക്ക് പല പരിമിതികളും ഉണ്ടാകും.  സുരക്ഷ മുതൽ വീട്ടുകാരുടെ എതിർപ്പ് വരെ വെല്ലുവിളിയായെത്തും. വിവാഹിതയാണെങ്കിൽ ചിലപ്പോൾ  ഭർത്താവ്, കൂട്ടുകുടുംബത്തിലാണെങ്കിൽ അവരുടെ അച്ഛൻ, അമ്മ എന്നിവരുടെ അനുവാദം എന്നിങ്ങനെ കടമ്പകൾ ഏറെ കടക്കണം. അനുവാദം കിട്ടിയാൽ തന്നെ ചിലർ സ്വന്തം സുരക്ഷിത സ്ഥാനത്ത് നിന്ന് പുറത്തിറങ്ങാനും മടിച്ചേക്കും. ഇത്തരം ചിന്തകളെ തുടർന്നാണ് യാത്രകൾ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.

ലളിതവും അതേ സമയം മികച്ച മുന്നൊരുക്കത്തോടെയുമായാണ് യാത്രകൾ. ആദ്യം പേജിൽ അടുത്തതായി വരുന്ന യാത്രകളെ കുറിച്ച് അറിയിക്കും. താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ വാട്ട്‌സ്അപ്പ് നമ്പറും നൽകും. പിന്നീട് നമ്പർ വഴിയാണ് ആശയവിനിമിയം.  യാത്ര പോകാൻ തെരഞ്ഞെടുത്ത സ്ഥലത്ത് ആദ്യംസജ്‌ന പോയി സൗകര്യങ്ങളെ കുറിച്ചും മറ്റും മനസ്സിലാക്കും. ബോധ്യപ്പെട്ടാൽ മാത്രമേ ഗ്രൂപ്പ് യാത്രയ്ക്ക് ഈ സ്ഥലം തെരഞ്ഞടുക്കൂ. പോകുന്ന ദിവസം ഗ്രൂപ്പിലെ അംഗങ്ങൾ ഒരു സ്ഥലത്ത് കൂടിച്ചേരും. ഓരോ യാത്രകൾക്കും ഓരോ സ്റ്റാർട്ടിങ്ങ് പോയിന്റ് ആയിരിക്കും''സജ്‌ന പറയുന്നു. യാത്രയിൽ ഭക്ഷണം, താമസം, വാഹനം തുടങ്ങിയ സൗകര്യങ്ങൾ അപ്പൂപ്പൻതാടിയൊരുക്കും. 

65 ഓളം യാത്രകൾ അപ്പൂപ്പൻതാടി നടത്തി. 600 പേർ ഗ്രൂപ്പിൽ ഉണ്ട്. സ്ഥിരയാത്രക്കാർ 25 പേർ. അപ്പൂപ്പൻ താടിയിലെ അംഗങ്ങൾ തന്നെയാണ് മറ്റ് അംഗങ്ങൾക്കും വഴികാട്ടി. അപ്പൂപ്പൻതാടിയിൽ സജ്‌നയെ സഹായിക്കാൻ അംഗങ്ങൾ ഉണ്ട്.  ''അപ്പൂപ്പൻതാടി ബഡ്ഡീസ്'' എന്നാണ് ഇവരുടെ വിശേഷണം. ഒരു യാത്രയ്ക്ക് ശേഷം ആ ടീമിലെ അംഗങ്ങൾ നിർദേശിക്കുന്ന സ്ഥലങ്ങളിലേക്കും യാത്ര പോകാറുണ്ട്. ഒറ്റ ദിവസത്തെ യാത്രകൾ തൊട്ട് എട്ട്, ഒൻപത് ദിവസം വരെ നീണ്ട യാത്രകൾ അപ്പൂപ്പൻ താടി നടത്തുന്നു. കൊച്ചിയിലെ കയാക്കിങ്ങ്, ഒറ്റ ദിവസത്തെ നിലമ്പൂർ യാത്ര, ചിതറാൾ  ജൈനക്ഷേത്രം, അരുണാചൽ പ്രദേശിലെ തവാങ്ങ്, ഉത്തരാഖണ്ഡ് , ഹംപി, വാരാണസി, ധനുഷ്‌ക്കോടി എന്നീ സ്ഥലങ്ങളിലേക്കും അപ്പൂപ്പൻതാടി പറന്നെത്തി. ഒരു യാത്രയിൽ 20, 25 വരെ അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളിക്കൂ. ശനി, ഞായർ ദിവസങ്ങളിലുള്ള വാരാന്ത്യയാത്രകളുമുണ്ട്. 65 വയസ്് വരെയുള്ള സ്ത്രീകൾ അപ്പൂപ്പൻ താടിയ്‌ക്കൊപ്പം കൂടുന്നു. പത്തനാപുരത്ത് നിന്നുള്ള റിട്ട. അധ്യാപിക ലീലയാണ് ഗ്രൂപ്പിലെ പ്രായം കൂടിയ അംഗം. ഫെയ്‌സ്ബുക്ക് വഴി തന്നെയാണ് ലീല അപ്പൂപ്പൻതാടിയിൽ എത്തുന്നത്. ഇടുക്കിയിലെ  കൊളുക്ക്മലയിലും മീശപ്പുലിമലയിലും യാത്രയ്ക്കായി ഇവരുണ്ടായി. മലയാളികളെ കൂടാതെ  ബംഗളൂരുവിൽ നിന്നുള്ളവരും നാഗാലാൻഡിൽ നിന്നുള്ളവരുമുൾപ്പെടെ യാത്രയുടെ ഭാഗമായി.  മാസത്തിൽ അഞ്ച് യാത്രകൾ വരെ ഉണ്ടാകും. ഏപ്രിൽ വരെയുള്ള യാത്രകളിൽ ഭൂരിഭാഗത്തിലും ബുക്കിങ്ങ് ആയി എന്നത് അപ്പൂപ്പൻതാടി ഹിറ്റായതിന് തെളിവ്. ഇനി വിദേശ രാജ്യങ്ങളിലേക്കും പറക്കാനുള്ള ആലോചനയിലാണ് അപ്പൂപ്പൻതാടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top