07 June Wednesday

നായിക നയം വ്യക്തമാക്കുമ്പോൾ...രശ്‌മിത രാമചന്ദ്രന്‍ എഴുതുന്നു

രശ്‌മിത രാമചന്ദ്രന്‍Updated: Sunday Jan 12, 2020

രശ്‌മിത രാമചന്ദ്രന്‍

രശ്‌മിത രാമചന്ദ്രന്‍

ചരിത്രത്തിലെ നേരിന്റെ വഴി മനസ്സിലാക്കിയവർ അങ്ങനെ  സാധാരണക്കാരായ ജനത്തിനൊപ്പം നിൽക്കും - ദീപികയെപ്പോലെ, റിമയെപ്പോലെ നിമിഷയെപ്പോലെ.... ലക്ഷക്കണക്കിന് മറ്റ് ഇന്ത്യൻ സ്‌ത്രീകളെപ്പോലെ.

അല്ലാത്തവർ സ്വയം പ്രഖ്യാപിത ഇൻകം ടാക്സ് ഓഫീസർമാരായി, റേഷനിങ് അധികാരികളായി, ക്രെഡിബിലിറ്റി ഇൻസ്‌പെക്‌ടർമാരായി, കോണ്ടം തിരയൽ സിഐഡി കളായി ചരിത്രത്തിന്റെ ചവറ്റുകൂനകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കും...
രശ്‌മിത രാമചന്ദ്രന്‍ എഴുതുന്നു


രിക്കൽ വധഭീഷണി നേരിട്ടവളാണ് ദീപിക പദുകോൺ. തലയ്‌ക്കു വില പറഞ്ഞ ആ കറുത്ത നാളുകൾക്കുശേഷം സംഘപരിവാർ വീണ്ടും അവർക്ക് നേരെ തിരിയുകയാണ്.

ഒരു നടി മാത്രമല്ല ദീപിക. ആ വിശേഷണം മാത്രം നൽകിയാൽ ദീപിക ഒരു ചുരുക്കെഴുത്താകും.

കാരണം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റൺ  താരങ്ങളിൽ ഒരാളായ പ്രകാശ് പദുകോണിന്റെ മകൾ. അവൾ ആദ്യം കൊതിച്ചതും അച്ഛന്റെ പാത പിന്തുടരാൻ. റാക്കറ്റുമേന്തി  ബാഡ്മിന്റൻ ദേശീയ താരമായി. പിന്നെ മോഡലിങ് രംഗത്തെ വിശ്വസനീയ ബ്രാൻഡ് ആയി. അവിടെ നിന്നു ചുവടുവച്ചത്  ഇന്ത്യയിലെ ഒന്നാം നിര താരറാണിമാരുടെ ശ്രേണിയിലേക്ക്.    

ഇതിനിടയിലും മഹാരാഷ്ട്രയിലെ ഒരു ഗ്രാമം വൈദ്യുതീകരിക്കുന്ന ദൗത്യത്തിലും മാനസികാരോഗ്യ രംഗത്തും സജീവമായി. ഐപിഎല്ലിലും ദീപികയുടെ സാന്നിധ്യം കണ്ടു. വിണ്ണിൽ തിളങ്ങുമ്പോൾ തന്നെ മണ്ണിലിറങ്ങി പ്രകാശം പരത്തുന്ന അപൂർവ താരമാണ് എന്നും ദീപിക.

അതുകൊണ്ടു തന്നെയാണ് ബേട്ടീ പഢാവോ പദ്ധതി തത്വത്തിൽ പറയുന്ന കേന്ദ്ര സർക്കാർ പഠിക്കുന്ന ബേട്ടികളുടെ തല അടിച്ചു പൊട്ടിക്കുന്ന കിരാത നയം തുടങ്ങിയപ്പോൾ അവർ ഇരകൾക്ക് സാന്ത്വനമേകാൻ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെത്തിയത്. ഇത് സംഘപരിവാറിനെ ചൊടിപ്പിച്ചത് സ്വാഭാവികം!

ഇതിന് മുമ്പ് ദീപികയ്‌ക്കെതിരെ സംഘപരിവാരം തിരിഞ്ഞത് പദ്‌മാവത്‌ സിനിമയുടെ റിലീസിങ് സമയത്തായിരുന്നു. അലാവുദ്ദീൻ ഖിൽജി മോഹിച്ച  രജപുത്ര റാണിയായി അഭിനയിച്ച ദീപികയെ അന്ന് സംഘപരിവാർ വെറുതെ വിട്ടില്ല. അവരുടെ തലയ്‌ക്ക്‌ തന്നെ വിലയിട്ടു.

ഒരു സിനിമയുടെ ഭാഗമായിപ്പോലും ഒരു  മുസ്ലീമിനു പ്രണയം തോന്നുന്ന ഹിന്ദു സ്‌ത്രീയെ കാണാൻ സംഘപരിവാരത്തിന്റെ മനുവാദ മനസ്സിന് സഹിഷ്‌ണുത ഉണ്ടായില്ല. മനു പറഞ്ഞു വച്ച ഹിന്ദു സ്‌ത്രീ  എന്നും ഹിന്ദു പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളായ സ്വകാര്യസ്വത്തു മാത്രമായിരുന്നു. സ്വയം തീരുമാനമെടുക്കാൻ അവകാശമില്ലാത്തവളായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാര ഗുണ്ടകൾ അഴിഞ്ഞാടി പദ്മാവത്‌ സിനിമയുടെ റിലീസിങ് തടയാൻ ശ്രമിച്ചു. ശൂർപ്പണഘയെ പുരാണത്തിൽ ചെയ്തതുപോലെ ദീപികയുടെ മൂക്കും മുലയും ഛേദിക്കുമെന്ന് രാജ്പുത്  കർണിസേനാ നേതാവ് ഭീഷണി മുഴക്കി. കേസ് സുപ്രീം കോടതിയിലെത്തി. സിനിമാ പ്രദർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സുപ്രീം  കോടതി , പ്രദർശനത്തിന് ഭംഗം വരുന്ന സംസ്ഥാനങ്ങളിൽ ഭരണത്തകർച്ച ഉള്ളതായി കണക്കാക്കുമെന്ന് നീട്ടിയെറിഞ്ഞു. പിന്നീട് കണ്ടത് 215 കോടി മുതൽ മുടക്കിലെടുത്ത പദ്മാവത്‌   585 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടുന്നതാണ്. ദീപികയുടെ മൂക്കും മുലയും ചെത്തുമെന്ന് പറഞ്ഞവർ അവരുടെ കാൽവിരലിലെ നഖം പോലും ചെത്താനാകാതെ നിരാശരായി മടങ്ങി!  
പദ്മാവതില്‍ ദീപിക

പദ്മാവതില്‍ ദീപിക


അതുകൊണ്ടാവാം, പുതിയ ചിത്രമായ ഛപാകിന്റെ പബ്ലിസിറ്റിക്കായാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്ന് സംഘപരിവാരം പറയുന്നത്.  സംഘം എതിർത്താൽ സാമാന്യജനം ആ എതിർപ്പിനെ തോൽപ്പിക്കുമെന്ന് അവർ തന്നെ വിശ്വസിക്കുന്നു എന്നു വേണം ഇതിൽനിന്ന്‌ മനസ്സിലാക്കാൻ! സംഘത്തിന്റെ ശത്രു ജനത്തിന്റെ മിത്രമാകുന്നു എന്ന് സാരം! ജനത്തെ ആകർഷിക്കുന്നവരെ സംഘപരിവാരം ഭയക്കുന്നു എന്നാൽ ജനത്തെത്തന്നെ ഭയക്കുന്നു എന്നാണർഥം. ഭരണത്തിലിരിക്കുന്നവർ ജനത്തെ ഭയപ്പെടുന്നു എന്നതിന്റെ അർഥം അവർ ഇനിയൊരു സന്ധിക്കു  സാധ്യത ഇല്ലാത്ത അവസ്ഥയിൽ ജനത്തിൽ നിന്ന് അകന്നു നിൽക്കുന്നു എന്നു തന്നെയാണ്. ജനത്തിൽനിന്ന് അകന്നു നിൽക്കുന്ന ഭരണകൂടം ഭരണം നിലനിർത്താൻ കൂടുതൽ കുത്സിതമായ മർദന മാർഗങ്ങൾ തന്നെ അവലംബിക്കും. ഒടുവിൽ നിവൃത്തികെട്ട ജനം തെരുവുകളിലെത്തി ഈ ഭരണവർഗത്തെ  പുകച്ചു പുറത്തു ചാടിക്കുകതന്നെ ചെയ്യും. ചരിത്രത്തിൽ ജനം എന്നും അങ്ങനെയാണ് മർദകരോട്‌  പ്രതികരിച്ചിട്ടുള്ളത്.

ചരിത്രത്തിലെ നേരിന്റെ വഴി മനസ്സിലാക്കിയവർ അങ്ങനെ  സാധാരണക്കാരായ ജനത്തിനൊപ്പം നിൽക്കും - ദീപികയെപ്പോലെ, റിമയെപ്പോലെ നിമിഷയെപ്പോലെ.... ലക്ഷക്കണക്കിന് മറ്റ് ഇന്ത്യൻ സ്‌ത്രീകളെപ്പോലെ.

അല്ലാത്തവർ സ്വയം പ്രഖ്യാപിത ഇൻകം ടാക്സ് ഓഫീസർമാരായി, റേഷനിങ് അധികാരികളായി, ക്രെഡിബിലിറ്റി ഇൻസ്‌പെക്‌ടർമാരായി, കോണ്ടം തിരയൽ സിഐഡി കളായി ചരിത്രത്തിന്റെ ചവറ്റുകൂനകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കും.

(സുപ്രിംകോടതി അഭിഭാഷകയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top