Deshabhimani

ഇരുളഭാഷയും അട്ടപ്പാടിയുടെ കഥാലോകവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 10:15 AM | 0 min read

രണ്ടു മൂന്ന്‌ വർഷം ജോലി ചെ‍യ്യുക, മടങ്ങുക. 2003ൽ അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി  സിന്ധു സാജൻ എത്തുമ്പോൾ ഇതായിരുന്നു മനസ്സിൽ. കുട്ടികളുമായി നന്നായി ആശയ വിനിമയം നടത്താൻ കഴിയുന്ന അധ്യാപികയാണെന്ന ധാരണയോടെയാണ്‌ ആദ്യദിവസങ്ങളിൽ ക്ലാസിൽ എത്തിയതെന്ന്‌ സിന്ധു പറഞ്ഞു. എന്നാൽ, കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. പറയുന്ന കാര്യങ്ങളോട്‌ കുട്ടികൾ കാര്യമായി പ്രതികരിക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ്‌ അവർക്ക്‌ വ്യത്യസ്‌തമായ മറ്റൊരു ഭാഷ ഉണ്ടെന്ന്‌ മനസ്സിലായത്‌. പക്ഷേ, മലയാളത്തിലാണ്‌ പഠിപ്പിക്കുന്നത്‌.
അട്ടപ്പാടിയിൽ മൂന്നു ആദിവാസി വിഭാഗങ്ങളാണുള്ളത്‌. ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങൾ. അവരുടെ ഭാഷയിലെ പല വാക്കുകൾക്കും മലയാളവുമായി നേർ വിപരീത അർഥമാണ്‌. കാട്‌ എന്നാൽ കൃഷിസ്ഥലമാണ്‌. പോകില എന്നു പറഞ്ഞാൽ പോകും. അമ്മ എന്നു വിളിക്കുന്നത്‌ അച്ഛനെയാണ്‌. ഇതോടെ ഗോത്രഭാഷ പഠിക്കണമെന്ന്‌ ആഗ്രഹമുണ്ടായി. അപ്പോഴാണ്‌ നിരവധി കവിതകൾ, കഥകൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവയെല്ലാമായി സാഹിത്യസമ്പന്നമാണ്‌  ഗോത്രഭാഷകളെന്ന്‌ അറിയുന്നത്‌. ഭാഷയ്‌ക്ക്‌ ലിപിയില്ലാത്തതിനാൽ ഈ കഥകളും കവിതകളുമൊന്നും പുറത്തുവന്നിട്ടില്ല. മുത്തശ്ശിമാർ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്തും മറ്റും വാമൊഴിയായി കൈമാറി വന്ന കഥകളും കവിതകളും വിവിധ ആഘോഷങ്ങളുടെ ഭാഗമായുള്ള പാട്ടുകളുമെല്ലാം കണ്ടെത്തി പ്രൗഢമായ ഈ സാഹിത്യലോകത്തെ സമൂഹത്തിന്‌ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ഇവർ.

‘അഗ്ഗെദ് നായാ ഗ’
നാടക പ്രവർത്തക കൂടിയായ സിന്ധു ഗോത്ര വിദ്യാർഥികളുടെ ഭാഷാ പ്രശ്നം പ്രമേയമാക്കി 2015ൽ ‘അഗ്ഗെദ് നായാ ഗ’ എന്ന പേരിൽ ഹ്രസ്വചിത്രം ചെയ്‌തിരുന്നു. അമ്മയുടെ ഭാഷ എന്നാണ്‌ അർഥം. ഇത്‌ ഗോത്രവിദ്യാർഥികളുടെ ഭാഷാ പ്രശ്‌നം എല്ലായിടത്തും എത്തിക്കാൻ സഹായിച്ചു. ചിത്രം കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മ ആദ്യമായി പാടി അഭിനയിച്ചത് ഈ ചിത്രത്തിലാണ്. ഐഡിഎസ്‌എഫ്‌എഫ്‌കെ, ഐസിഎഫ്‌എഫ്‌കെ, മുംബൈ അന്താരാഷ്ട്ര  ചലച്ചിത്രമേള, ഓൾ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങിയ വേദികളിൽ ചിത്രം പ്രദർശിപ്പിച്ചു. ഗോത്ര മേഖലയിലെ പഠനപുരോഗതി ലക്ഷ്യമിട്ട് മെന്റർ അധ്യാപകരെ നിയമിക്കാൻ കാരണമായതും ഈ സിനിമയാണ്. അഗളി ബിആർസിക്കു കീഴിൽ നടപ്പാക്കിയ സെളിമെ കാല  (സമൃദ്ധിയുടെ കാലം) - ഗോത്ര പൈതൃക ചുമർ ചിത്രങ്ങളുടെ നടത്തിപ്പിന്റെ മുഖ്യ ചുമതല വഹിച്ചത്‌ സിന്ധു സാജനായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്‌കൂളുകൾ മനോഹരമായപ്പോൾ അഗളി എൽപി സ്‌കൂളിന്റെ ചുവരുകളിൽ അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളുടെ ജീവിതമാണ്‌ സെളിമെ കാല പദ്ധതിയിലൂടെ വരച്ചിട്ടത്‌. പൊതുവിദ്യാഭ്യാസ വകുപ്പ്‌ ദേശീയതലത്തിൽ സമർപ്പിച്ച  കേരളത്തിൽ നിന്നുള്ള അഞ്ച്‌ മികച്ച നൂതന പ്രവർത്തനങ്ങളിലൊന്നായി ഇത്‌ തെരഞ്ഞെടുത്തിരുന്നു. പദ്ധതിയുടെ ഭാഗമായി ഒരു പുസ്‌തകവും പുറത്തിറക്കി. ഗോത്രവിഭാഗങ്ങളുടെ കഥകളും കവിതകളുമെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനായി ഗോത്രമുത്തശ്ശിമാരെ വിളിച്ചു കൂട്ടിയിരുന്നു. അപ്പോഴാണ്‌ ഗോത്രസാഹിത്യം ഇത്ര സമ്പന്നമാണെന്ന്‌ അറിഞ്ഞതെന്ന്‌ സിന്ധു പറഞ്ഞു.


"കാദി അവ്വെ ബിട്ട കദെ’

അട്ടപ്പാടിയിൽ നിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത വാമൊഴി കഥകൾ "കാദി അവ്വെ ബിട്ട കദെ’ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കി. ഊരുകളിലെ പ്രായം ചെന്നവർ പറഞ്ഞത്‌ കേട്ടെഴുതിയ പത്തു കഥകളാണ്‌ പുസ്‌തകത്തിൽ. കാദി അവ്വെ ബിട്ട കദെ എന്നാൽ മുഡുഗ ഭാഷയിൽ കാദി മുത്തശ്ശി പറഞ്ഞ കഥ എന്നാണ്‌ അർഥം. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങളുടെ ഭാഷകൾക്ക്‌ തുല്യ പ്രാധാന്യം നൽകിയാണ് കഥാവതരണം. മറ്റു ആളുകളുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചിരുന്ന പ്രാചീന ജനതയുടെ കഥകൾ നമ്മൾ കേട്ടു പരിചയിച്ചിട്ടുള്ള പാശ്‌ചാത്യകഥകളും പഞ്ചതന്ത്രം കഥകളുമൊക്കെയായി ചേർന്നു നിൽക്കുന്നതാണ്‌. മനുഷ്യന്റെ ഉള്ളിലെ ഭാവനാലോകം കാലദേശങ്ങൾക്കൊക്കെ അതീതമാണ്‌ എന്നു മനസ്സിലാക്കുന്നതാണ്‌ ഈ കഥകൾ. പല കഥകളും അവസാനമില്ലാത്തതാണ്‌. കേൾവിക്കാരന്റെ ആഗ്രഹത്തിനനുസരിച്ച്‌ എങ്ങനെ വേണമെങ്കിലും മുന്നോട്ട്‌ കൊണ്ടുപേകാൻ കഴിയും. അതിൽ കുട്ടികളുടെ കഥകളുണ്ട്‌, പ്രണയ കഥകളുണ്ട്‌. ഒപ്പ കഥകൾ എന്നാണ്‌ പ്രണയ കഥകൾക്ക്‌ പറയുക. ഇത്തരത്തിൽ വിവിധ തരത്തിലുള്ള അമ്പതോളം കവിതകളും കഥകളും സമാഹരിച്ചു.  വൈകാതെ ഇവ പുറംലോകത്തെത്തിക്കുമെന്ന്‌ സിന്ധു സാജൻ പറഞ്ഞു.


മലപ്പുറം തിരൂർ സ്വദേശിനിയായ സിന്ധു അഗളി ജിവിഎച്ച്‌എസ്‌എസിൽ 21 വർഷത്തെ സേവനത്തിനുശേഷം ഇപ്പോൾ അട്ടപ്പാടിയിൽ തന്നെ കാരറ യുപി സ്‌കൂളിൽ പ്രധാനാധ്യാപിക ആണ്‌. ഭർത്താവ് സാജൻ സംവിധാനം ചെയ്ത പച്ചിലക്കൂട് ( മൈ ഹോം ഈസ് ഗ്രീൻ ) എന്ന അനിമേഷൻ സിനിമ നാസിക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2012 ലെ മികച്ച അനിമേഷൻ സിനിമയ്‌ക്കുള്ള ഗോൾഡൻ കാമറ പുരസ്‌കാരം നേടിയിട്ടുണ്ട്‌. മകൻ മാനവ് ഡെറാഡൂണിൽ വൈൽഡ്‌ലൈഫ്‌ സയൻസിൽ പിജി ചെയ്യുന്നു. മകൾ: മിത്ര.



deshabhimani section

Related News

0 comments
Sort by

Home