17 January Sunday

ഇറോം ഷര്‍മിളയുടെ ശരികള്‍

വഴിവിളക്ക്/കെ എ ബീനUpdated: Friday Jun 2, 2017

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിളക്ക് ലഭിച്ച 90 വോട്ടുകള്‍ എന്നെ അത്ഭുതപ്പെടുത്തിയില്ല.  ഇറോം നിരാഹാര സമരവസാനിപ്പിച്ച ദിവസം മണിപ്പൂരില്‍ നിന്ന് നേരിട്ടറിഞ്ഞ, അനുഭവിച്ച വികാരവിചാരങ്ങള്‍ ഇറോമിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച്
ഏകദേശ ധാരണ നല്‍കുന്നതുതന്നെയായിരുന്നു.

"ഇറോം ഷര്‍മിളയെ ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു. പക്ഷേ, അവരിപ്പോള്‍ ചെയ്യുന്നത് എനിക്ക് അംഗീകരിക്കാനാവുന്നില്ല'' - മണിപ്പൂരിലെ ഇംഫാലിലെ വിശ്വപ്രസിദ്ധമായ ഇമാ ഖേയ്ത്തലില്‍ (അമ്മച്ചന്ത എന്ന് മലയാളം) മത്സ്യം വില്‍ക്കുന്ന തൌനാഓജം ഓങ്ബി ടെന്‍ബി കട്ടായം പറഞ്ഞത് 2016 ആഗസ്റ്റ് ഒമ്പതിനായിരുന്നു. അന്നാണ് ഇറോം ചാനു ഷര്‍മിള പതിനാറു വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. അന്നും അതിനു മുമ്പുള്ള ഒരാഴ്ചയോളം മണിപ്പൂരിലായിരുന്നു ഞാന്‍. കേന്ദ്ര സാഹിത്യ അക്കാദമി ഇംഫലില്‍ സംഘടിപ്പിച്ച 'അഭിവ്യക്തി' ദേശീയ സാഹിത്യ സംഗമത്തില്‍ കഥ വായിക്കാന്‍ കിട്ടിയ അവസരം ആ നാട് കാണാനുള്ളതുകൂടി ആക്കുകയായിരുന്നു. ഗ്രാമങ്ങളിലൂടെ, നഗരങ്ങളിലൂടെ മണിപ്പൂരിനെ അറിയുമ്പോള്‍ അമ്പരപ്പാണ് ഉള്ളില്‍ നിറഞ്ഞത്. മണിപ്പൂരുകാര്‍ ഇറോം ഷര്‍മിളയെ തള്ളിപ്പറയുന്നു.
അവര്‍ നിരാഹാരം അവസാനിപ്പിക്കുന്നതില്‍ അവിടത്തുകാര്‍ സന്തുഷ്ടരല്ല. 

ഇമാ ഖേയ്ത്തല്‍ എന്ന ക്വായിരം ബന്ദ് ബസാര്‍ സ്ത്രീകള്‍ മാത്രം കച്ചവടം നടത്തുന്ന ലോകത്തിലെ തന്നെ അപൂര്‍വ ചന്തയാണ്. അവിടെ എല്ലാ വില്‍പ്പനയുമുണ്ട്, വില്‍പ്പനക്കാര്‍ മുഴുവന്‍ സ്ത്രീകളാണെന്നുമാത്രം. പച്ചക്കറി വില്‍ക്കുന്ന ഇബോയി സങ്കടത്തോടെ പറഞ്ഞു:
"ഇറോം എപ്പോഴും രാഷ്ട്രീയക്കാരെക്കുറിച്ച് പറയുമായിരുന്നത് അവര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അല്ല എന്നായിരുന്നു. എന്നിട്ട് ഇറോം തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് എങ്ങനെ അംഗീകരിക്കും?''
ഇബോയി മാത്രമല്ല ഇറോമിന്റെ നിരാഹാരസമരവസാനിപ്പിക്കലിനെയും രാഷ്ട്രീയ പ്രവേശത്തെയും എതിര്‍ത്തു സംസാരിച്ചവരില്‍ മണിപ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഹിന്ദി പ്രൊഫസര്‍ മോത്തിമാലാ ന്ഗാഗുവും പ്രസിദ്ധ മണിപ്പൂരി നര്‍ത്തകി ഉര്‍മിക മെയ്ബാനുമുള്‍പ്പെടുന്നു.  
ഉര്‍മിക പറഞ്ഞത്:
"ഇറോമിനെ മനസ്സില്‍ പ്രതിഷ്ഠിച്ചത് വെറും ഒരു രാഷ്ട്രീയക്കാരിയായിട്ടല്ല, അവര്‍ അതിലും ഉപരിയാണ്.''
മാസങ്ങള്‍ക്കിപ്പുറത്ത് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇറോം ഷര്‍മിളക്ക് ലഭിച്ച 90 വോട്ടുകള്‍ എന്നെ അത്ഭുതപ്പെടുത്തിയില്ല. ഇറോം നിരാഹാര സമരവസാനിപ്പിച്ച ദിവസം മണിപ്പൂരില്‍ നിന്ന് നേരിട്ടറിഞ്ഞ, അനുഭവിച്ച വികാരവിചാരങ്ങള്‍ ഇറോമിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഏകദേശ ധാരണ നല്‍കുന്നതുതന്നെയായിരുന്നു.

അന്നും ഇന്നും മനസ്സില്‍ മുഴങ്ങുന്ന ചോദ്യമാണ്, എന്തു കൊണ്ട്? എന്തുകൊണ്ട് മണിപ്പൂര്‍ ഇറോമിനെ തള്ളിപ്പറയുന്നു? എന്തുകൊണ്ട് മണിപ്പൂരിന്റെ ഉരുക്കുവനിതയെ അവര്‍ നെഞ്ചോടടുപ്പിച്ച് ചേര്‍ത്തുനിര്‍ത്തുന്നില്ല? അവര്‍ക്കുവേണ്ടി ഈ കൊച്ചു സ്ത്രീ നല്‍കിയതെന്തായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ശരിയാണ് 'ഉരുക്കുവനിത', മെംഗ്ഗൂബി (ശരിയുടെ കൂടെയുള്ളവള്‍) എന്നൊക്കെ അറിയപ്പെട്ടിരുന്ന കവിയും പത്രപ്രവര്‍ത്തകയുമായ ഇറോം ഷര്‍മിള അന്നപാനാദികളുപേക്ഷിച്ച് തലമുടി ചീകുന്നതും കണ്ണാടിയില്‍ നോക്കുന്നതും അവസാനിപ്പിച്ച് സമരം തുടങ്ങിയത് 2000-ാമാണ്ട് നവംബര്‍ രണ്ടാം തീയതി മുതലാണ്. 500 ആഴ്ചകള്‍ ആ സമരം തുടര്‍ന്നു. ഈ ലോകത്തിലെ ഏറ്റവും നീണ്ട നിരാഹാര സമരമായിരുന്നു അത്. 1958-ല്‍ നടപ്പാക്കിയ ആംഡ് ഫോഴ്സസ് (സ്പെഷ്യല്‍ പവേഴ്സ്) ആക്ട് (അഫ്സ്പ) നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സ്വന്തം ജീവനെ പണയംവച്ചുള്ള സമരം തുടങ്ങമ്പോള്‍ ഇറോമിന് വയസ്സ് 28. മൂന്നാം ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. പിന്നീടുള്ള കഥ എല്ലാവര്‍ക്കും അറിയാം. അറസ്റ്റും വിടലും വീണ്ടും അറസ്റ്റും മൂക്കിലൂടെയുള്ള ദ്രവ്യാഹാരവുമൊക്കെയായി നീണ്ട 16 വര്‍ഷങ്ങള്‍. 2016 ജൂലൈ 26-നാണ് ഇറോം സമരം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. അതോടെ അന്നുവരെ ആരാധനയോടെ സമീപിച്ച സ്വന്തം നാട്ടുകാര്‍ ഇറോമിനെതിരായി. തീവ്രവാദികള്‍ കൊലപാതക ഭീഷണിയും മുഴക്കി. "മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചവരെപ്പോലെ മരണമായിരിക്കും ഇറോമിന് കിട്ടുന്ന സമ്മാനം'' എന്ന് തീവ്രവാദി ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കി. ആ ദിവസങ്ങളില്‍ മണിപ്പൂരില്‍ കഴിയുമ്പോള്‍ നാട്ടുകാര്‍ സംസാരിക്കുന്നത് മറ്റൊരു വിഷയവുമായിരുന്നില്ല.

"എന്തിനാണ് ഇറോം ഈ തീരുമാനമെടുത്തത്'' എന്നവര്‍ ഈര്‍ഷ്യയോടെ ചോദിച്ചുകൊണ്ടേയിരുന്നു. 
ഒരവസരത്തില്‍ മടുത്ത് ദേഷ്യം വന്ന് ഞാന്‍ ചോദിച്ചുപോയി:
"നിങ്ങള്‍ക്കാവശ്യം ഒരു രക്തസാക്ഷിയെയാണ് അല്ലേ. ഇറോം മൂക്കില്‍ ട്യൂബുമായി ആശുപത്രിയില്‍ കിടന്ന് മരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷമായേനെ അല്ലേ?''
"ഇറോം ഇതുവരെ പറഞ്ഞതിനൊക്കെ എതിരാണ് ഇപ്പോഴത്തെ തീരുമാനം'' എന്നായിരുന്നു മിക്കവരുടെയും മറുപടി.
"ഇറോം നിരാഹാരമവസാനിപ്പിക്കുന്ന രംഗം കാണാന്‍ അവസരം ഉണ്ടാക്കിത്തരണമെന്ന് ഞാന്‍ താമസിച്ചിരുന്ന വീട്ടിലെ മോട്ടിമാലയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും അവര്‍ വഴങ്ങിയില്ല.
"അതിന്റെയൊന്നും ആവശ്യമില്ല. അതൊക്കെ പ്രയാസമാണ്. എവിടെയും പട്ടാളമാണ്. എവിടെയും ടെന്‍ഷനാണ്'' എന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ഇംഫാലിലെത്തിയ ദിവസം തന്നെ ബോംബ് സ്ഫോടനം ആണ് എതിരേറ്റത്; ഇമാ മാര്‍ക്കറ്റില്‍.  പിറ്റേന്ന് പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ഇറോമിന്റെ സമരമവസാനിപ്പിക്കുന്നതു പ്രമാണിച്ച് പട്ടാളത്തിന്റെ സാന്നിധ്യം കൂടുതലായി.
എങ്ങും എവിടെയും പട്ടാളം. ആ ദിവസങ്ങളില്‍ ഇറോമിനെ കാണുകയെന്ന ആഗ്രഹപൂര്‍ത്തിക്ക് ആരും സഹായിക്കാന്‍ വന്നില്ല.
മണിപ്പൂര്‍ സ്ത്രീകള്‍ മറ്റെങ്ങുമില്ലാത്ത വിധത്തില്‍ ആന്തരികമായും ബാഹ്യമായും ശക്തരാണെന്നത് ചരിത്രം തെളിയിക്കുന്ന കാര്യമാണ്. ആ ചരിത്രത്തിന്റെ ബാക്കിയാണ് ഇറോമും. 'നൂപിലാന്‍' എന്നറിയപ്പെടുന്ന രണ്ട് സ്ത്രീസമരങ്ങള്‍ മണിപ്പൂരിന്റെ ചരിത്രത്തിലുണ്ട മനോരമ ദേവി എന്ന സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട് കൊലക്കിരയായപ്പോള്‍ മണിപ്പൂരിലെ ഒരു സംഘം അമ്മമാര്‍ കംഗ്ലാ കൊട്ടാരത്തിലെ അസം റൈഫിള്‍സ് ഓഫീസിനു മുന്നില്‍ നഗ്നരായി ചെന്ന് നിന്ന് വിളിച്ചുപറഞ്ഞു "ഇതാ ഞങ്ങളുടെ മാംസം, എടുത്തോളൂ''. വീര സ്ത്രീകളുടെ രക്തം സിരകളില്‍ ഒഴുകുന്ന ഇറോം എന്തുകൊണ്ട് തോറ്റുപോയ ഒരു സമരത്തിലെ നായികയായി എന്ന് ചിന്തിക്കാതിരിക്കാനാവുന്നില്ല. ഇറോമിന് നഷ്ടപ്പെട്ടത് 16 വര്‍ഷങ്ങള്‍ മാത്രമല്ല അവരുടെ ആരോഗ്യവും കൂടിയാണ്. അവരുടെ പല അവയവങ്ങളും ഉപയോഗിക്കാതെ പ്രവര്‍ത്തനം നിലച്ചുപോയിരുന്നു.

മണിപ്പൂരിലെ തൌബോല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രോം ഇബോബി സിങ്ങിനെതിരെ മത്സരിക്കുമ്പോള്‍ ഇറോം ഷര്‍മിളക്ക് മണിപ്പൂരിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് പിടിപാടില്ലായിരുന്നുവോ എന്ന് സംശയിച്ചുപോവും. 1972 വരെ രാജഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ മണിപ്പൂരില്‍ 1980-ലാണ് വിവാദ നിയമമായ അഫസ്പ നടപ്പാവുന്നത്. നിയന്ത്രിക്കാനാവാത്തവിധം തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവസരമുള്ള ഒരിടമാണിത്. അറുപതിലേറെ അണ്ടര്‍ഗ്രൌണ്ട് ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇവരാണ് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത്. തീവ്രവാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നവര്‍ക്കേ വിജയമുള്ളൂ. സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതും ഇവരാണ്. തീവ്രവാദി സംഘങ്ങളുടെ നേതൃത്വത്തിലുള്ള സമാന്തര പിരിവു സംഘങ്ങളും വ്യാപകമാണിവിടെ. ചുരുക്കത്തില്‍ രണ്ടുതരം ഭരണമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരിനും തീവ്രവാദികള്‍ക്കും ചുങ്കം കൊടുത്താലേ കഴിഞ്ഞു പോകാന്‍ പറ്റൂ. ഈ രാഷ്ട്രീയാന്തരീക്ഷത്തിലേക്കാണ് കെടാത്ത നന്മയുമായി ഇറോം കയറിച്ചെന്നത്. എങ്ങനെയാണ് ഇറോമിന് ജയിക്കാനാവുക?

തെരഞ്ഞെടുപ്പിന് ശേഷം ഇറോം വന്നത് കേരളത്തിലേക്കാണ്. ചികിത്സക്കായെത്തിയ ഇറോമിനെ കേരളം ഊഷ്മളമായിത്തന്നെ വരവേറ്റു. അവരുടെ കണ്ണുകളില്‍ അപ്പോഴും കെടാത്ത ആത്മവീര്യത്തിന്റെ കനലുകള്‍ ഉണ്ടായിരുന്നു, അവരുടെ സ്വരത്തില്‍ വറ്റാത്ത കനിവിന്റെ ഈണം അപ്പോഴും ബാക്കിയായിരുന്നു. അതുകൊണ്ടുതന്നെ അവരോട് പറയാതിരിക്കാന്‍ കഴിയുന്നില്ല, അവളവളുടെ, അവനവന്റെ ശരികളാണ് ആത്യന്തികമായി ശരിയെന്ന്! .1972 വരെ രാജഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ മണിപ്പൂരില്‍ 1980-ലാണ് വിവാദ നിയമമായ അഫസ്പ നടപ്പാവുന്നത്.  നിയന്ത്രിക്കാനാവാത്തവിധം തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവസരമുള്ള ഒരിടമാണിത്.  60 ലേറെ അണ്ടര്‍ഗ്രൌണ്ട് ഗ്രൂപ്പുകള്‍ തന്നെയുണ്ട്.  ഇവരാണ് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top