31 March Friday

തണലേകിയ മലയാളത്തിന് നന്ദി: ഉത്തര്‍പ്രദേശില്‍ നിന്നും ആരതി ശര്‍മ്മ

എന്‍ എസ് സജിത്, കെ പി ജൂലിUpdated: Tuesday Jul 4, 2017

ആദ്യ റിങ്ങില്‍ തന്നെ ആരതി ശര്‍മ ഫോണ്‍ എടുത്തു. ആരെയോ പ്രതീക്ഷിച്ചെന്നപോലെ. എന്തൊക്കെയോ വിശേഷം പറയാനുണ്ടവര്‍ക്ക്. ഹിന്ദിയുടെ വകഭേദമായ ബ്രജ്ഭാഷയില്‍ അവര്‍ വാചാലയായി. ആഗ്രയും മഥുരയും അലിഗഡുമൊക്കെ ഉള്‍പ്പെടുന്ന പഴയ ബ്രജ്ഭൂമിയിലുള്ളവര്‍ അവരുടെ ഭാഷയില്‍ പറയുമ്പോള്‍  ഹിന്ദിയില്‍നിന്ന് ഇടയ്ക്കിടക്ക് വഴുതിപ്പോകുമോ എന്നു തോന്നും. ബ്രജ് ഭാഷയുടെ സൌമ്യമായ നീട്ടലും കുറുക്കലുമൊക്കെയായി അവര്‍ ആവേശത്തോടെയാണ് കേരളവുമായി സംസാരിക്കുന്നത്.

ഇപ്പോള്‍ അവര്‍ അങ്ങനെയാണ്. കടക്കാരെ ഭയന്നും ബന്ധുക്കളുടെയ അസഹനീയമായ സഹതാപ വാക്കുകള്‍ ഒഴിവാക്കുന്നതിനും ഫോണ്‍ മാറ്റിവയ്ക്കുന്ന കാലം കഴിഞ്ഞു. അങ്ങനെ ഒരു കാലമുണ്ടായിരുന്നു ഒരു മാസം മുമ്പുവരെ. ഇന്ന് അങ്ങനെയല്ല, 2500 കിലോമീറ്റര്‍ അകലെയുള്ള അപരിചിതരായ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ കൂടി അമ്മയാണ് താനെന്ന് അവര്‍ അഭിമാനത്തോടെ പറയും. തനിക്ക് അജ്ഞാതരായ മനുഷ്യരുടെ സാഹോദര്യവും സ്നേഹവുമാണ് സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ആരതി ശര്‍മ.

ഇനി ആരതി ശര്‍മയുടെ വാക്കുകള്‍ അതേപടി:

"ഭയ്യാ, ജീവിതത്തില്‍ ഒരിക്കലെങ്കിലും എനിക്ക് കാണണം ആ കുഞ്ഞുങ്ങളെ. അവരെ പ്രചോദിപ്പിച്ച അധ്യാപകരെ. അവരുടെ മാതാപിതാക്കളെ, എനിക്ക് രണ്ടാം ജന്മം നല്‍കിയ ആ കുട്ടികളെ എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും ഞാനെന്നും. ഒരു നാടിന്റെ സ്നേഹവായ്പാണ് എന്നെ ധീരയാക്കുന്നത്. ഞാനിപ്പോള്‍ എന്റെ നാലു മക്കളുടെ മാത്രം അമ്മയല്ല, ഒരിക്കലും കണ്ടിട്ടില്ലാത്ത തളിപ്പറമ്പിലെ നൂറുനൂറു മക്കള്‍  എന്റെ മക്കളാണ്. ആ കുട്ടികള്‍ക്ക് പ്രേരകശക്തിയായ എംഎല്‍എയുണ്ടല്ലോ. ഭഗവാനാണ് അദ്ദേഹത്തെ അങ്ങനെയൊക്കെ തോന്നിപ്പിച്ചത്. അതിന് ഞാനെന്നും കടപ്പെട്ടവളാണ്. മക്കളുടെ ഫീസിന്റെ കുടിശ്ശിക തീര്‍ത്തു. ഈ വര്‍ഷത്തെ ഫീസ് അടച്ചു. വാടകയും കൊടുത്തു. വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ത്തടച്ചു. ബാക്കി പണം ബാങ്കിലുമിട്ടു. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ച നാളുകളുണ്ടായിരുന്നു. എട്ടുപേരുള്ള കുടുംബത്തിന് നിങ്ങളുടെ നാട് തന്ന ഊര്‍ജം എത്രയോ വലുതാണ്. ഏതു വാക്കുകള്‍ കൊണ്ടാണ് ഞാന്‍ ആ നാടിന് നന്ദി പറയേണ്ടത്.'' 

ഉത്തര്‍പ്രദേശിലെ ആഗ്രയിലെ വാടകവീട്ടില്‍ നിന്നും ഇത്രയും കാര്യങ്ങള്‍ ഒരു വീര്‍പ്പില്‍ പറഞ്ഞു തീര്‍ത്ത ആരതി ശര്‍മ ആരെന്ന് ഇനി പറയാം. കാക്കത്തൊള്ളായിരം ചാനലുകളും പത്രങ്ങളുമുള്ള കേരളത്തിലെ ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട് ചെയ്തിട്ടുണ്ട് ഇവരുടെ ദുരവസ്ഥ. യുപിയിലെ ആഗ്രയില്‍ ഒരമ്മ  നാലു മക്കളുടെ ഫീസ് അടയ്ക്കാനാവാതെ അവരുടെ വൃക്ക വില്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടുവെന്നായിരുന്നു വാര്‍ത്ത. നല്ല നിലയില്‍ ജീവിച്ചുവന്ന ഈ കുടുംബം തകര്‍ന്നു പോയത് നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതോടെയായിരുന്നു. കുടുംബനാഥന്‍ മനോജ് ശര്‍മയുടെ റെഡിമെയ്ഡ് ഹോള്‍സെയില്‍ ബിസിനസ് നിലംപതിച്ചു. ആഗ്രയില്‍ നിരവധി പേര്‍ മനോജ് ശര്‍മയെപ്പോലെ നിരാശ്രയരായി. മനോജിന്റെയും ആരതിയുടെയും മക്കളായ നിധി(14), നവ്യ(12), നന്ദിനി(10), സൌരഭ്(7) എന്നിവരുടെ പഠനം മുടങ്ങി. വാടകക്കാരന്‍ ഇറക്കിവിടുന്ന സ്ഥിതിയായി.  ഈ സാഹചര്യത്തിലായിരുന്നു കുട്ടികളുടെ പഠനത്തിനായി വൃക്ക വില്‍ക്കാന്‍ വരെ ആരതി ശര്‍മ തയ്യാറായത്. മനോജ് കൂലിപ്പണിയെടുത്താണ് പട്ടിണിയില്ലാതെ കഴിഞ്ഞു കൂടിയത്.

ആരതി ഭര്‍ത്താവ് മനോജിനും മക്കള്‍ക്കുമൊപ്പം

ആരതി ഭര്‍ത്താവ് മനോജിനും മക്കള്‍ക്കുമൊപ്പം

ചാനല്‍ വാര്‍ത്തയുടെ ട്വിറ്റര്‍ അക്കൌണ്ടിലെ ലിങ്കില്‍ ഇവരെ പരിഹസിക്കുന്ന കമന്റുകള്‍ നിറഞ്ഞു. നാലു മക്കളെ പ്രസവിക്കുമ്പോള്‍ നോക്കണമായിരുന്നു, യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും നരേന്ദ്ര മോഡിയെയും അപഹസിക്കാനുള്ള 'കപടമതേതര വാദികളു'ടെ ശ്രമമാണിതെന്നുമൊക്കെയായി കമന്റുകള്‍. സഹായം തേടി ആരതി ശര്‍മ അലഞ്ഞു. ബേട്ടി ബച്ചവോ, ബേട്ടി പഠാവോ എന്ന മോഡി സര്‍ക്കാരിന്റെ പദ്ധതി വഴി സഹായം തേടിയെങ്കിലും നിരാശരായി. സ്വന്തമായി വീടില്ലാത്തതുകൊണ്ട് വായ്പ പോലും ലഭിച്ചില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് പരാതി പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉത്തര്‍പ്രദേശില്‍ ഈ വാര്‍ത്ത ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും കേരളം ഉണര്‍ന്നു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ വച്ച ചാരിറ്റി ബോക്സില്‍ നാണയത്തുട്ടുകള്‍ നിറഞ്ഞു. എല്ലാം എണ്ണിനോക്കിയപ്പോള്‍ രണ്ടുലക്ഷത്തിലധികം രൂപ. പണം സ്വീകരിക്കുന്ന ചടങ്ങില്‍ ബാലതാരം നിരഞ്ജന തന്റെ പ്രിയപ്പെട്ട സ്വര്‍ണക്കമ്മലുകള്‍ ആഗ്രയിലെ അമ്മയ്ക്കുവേണ്ടി അഴിച്ചുനല്‍കി. യുപിയിലെ അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ നേതാവ് മധു ഗര്‍ഗും ഡല്‍ഹിയിലെ ജനസംസ്കൃതി നേതാക്കളായ എ എന്‍ ദാമോദരനും ശ്രീനിവാസും മറ്റും മുന്‍കൈയെടുത്താണ് പണം തളിപ്പറമ്പിലെ അധ്യാപകര്‍ക്കൊപ്പം ആരതി ശര്‍മയെയും മനോജ് ശര്‍മയെയും ഏല്‍പ്പിച്ചത്.  നിരഞ്ജനയുടെ കമ്മലുകള്‍ പതിച്ച ഫലകം ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആരതി ശര്‍മ പറഞ്ഞു. ഫോണ്‍ വയ്ക്കും മുമ്പ് അവര്‍ ഒരു കാര്യം കൂടി പറഞ്ഞു, അടുത്ത അവധിക്കാലത്ത് മക്കളെയും കൂട്ടി കേരളത്തില്‍വരും. ആ കുട്ടികള്‍ക്കും നാടിനും നന്ദി പറയണം, നിരഞ്ജനയ്ക്ക് ഒരു മുത്തം കൊടുക്കണം. കേരളത്തില്‍നിന്ന് വിളിച്ച എല്ലാവരുടെയും നമ്പര്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. വിളിക്കാം. 

കാതങ്ങള്‍ക്കകലേയ്ക്ക് തളിപ്പറമ്പിന്റെ കാരുണ്യം
ആഗ്ര റോഹ്തയിലെ ആ വാടകവീട്ടില്‍നിന്ന് പുതിയ യൂണിഫോമും പുസ്തകങ്ങളുമായി ആരതിശര്‍മയുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോയിത്തുടങ്ങി. ആ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പില്‍ അവര്‍ക്കായി മിഠായിക്കാശ് സ്വരൂപിച്ച സ്കൂള്‍ കുട്ടികള്‍. ഉത്തര്‍പ്രദേശിലെ നിര്‍ധനയായ ആ അമ്മയ്ക്ക് മക്കളുടെ പഠനത്തിന് പരസ്യംചെയ്ത് വൃക്ക വില്‍ക്കേണ്ടി വന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുന്നില്‍ കൈനീട്ടിയിട്ടും കിനിയാത്ത കാരുണ്യമാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് പെയ്തിറങ്ങിയത്. രാജ്യം കാണണം തളിപ്പറമ്പിന്റെ ഈ കാരുണ്യമുഖം. പേരും മുഖവുമറിയാത്ത കുഞ്ഞുങ്ങള്‍ക്കായി ചില്ലറത്തുട്ടുകള്‍ കൈനീട്ടമായി നല്‍കിയ തളിപ്പറമ്പിലെ നൂറുകണക്കിന് കുട്ടികളും അത് സ്വീകരിച്ച ആരതിശര്‍മയുടെ മക്കളും പഠിക്കുന്നത് സ്നേഹമെന്ന പുസ്തകത്തിലെ ഒരേ അധ്യായങ്ങളാണ്. അതിന് ദേശത്തിന്റെയും മതത്തിന്റെയും ഭേദങ്ങളില്ല. വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്നവര്‍ക്ക് തിരുത്തല്‍സന്ദേശംകൂടിയാവുകയാണ് തളിപ്പറമ്പില്‍നിന്നുള്ള കുട്ടിക്കഥ. 

ആരതിയുടെ വേദന ടെലിവിഷന്‍ ചാനലിലൂടെ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു കണ്ടതാണ് വഴിത്തിരിവ്.  അദ്ദേഹം മുന്‍കൈയെടുത്ത് തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളുകളില്‍ കാരുണ്യപ്പെട്ടി സ്ഥാപിച്ച് പണസമാഹരണം തുടങ്ങി. മക്കളെ പഠിപ്പിക്കാന്‍ വൃക്കവില്‍ക്കുന്ന അമ്മയുടെ കണ്ണീരൊപ്പാന്‍ 115 സ്കൂളുകളിലെ കുട്ടികള്‍ പണം സ്വരൂപിച്ചു. ആദ്യഗഡുവായി ലഭിച്ച 2,05,000 രൂപ തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ വി വി രവീന്ദ്രനും എം പി ജനാര്‍ദനനും ആഗ്രയിലെത്തി ആരതിക്കും കുടുംബത്തിനും കൈമാറി. ഈ കുട്ടികള്‍ക്കായി ഇനിയും ധനസമാഹരണം നടത്തുമെന്ന് ഇവര്‍ പറഞ്ഞു.

ആഗ്രയിലെ സെന്റ് ക്യൂന്‍മേരി പബ്ളിക് സ്കൂളില്‍ 2, 4, 6, 8 ക്ളാസുകളിലാണ് കുട്ടികള്‍ പഠിക്കുന്നത്. കേട്ടറിവ് മാത്രമുള്ള കേരളത്തില്‍നിന്ന് മക്കള്‍ക്ക് സഹായമെത്തിയപ്പോള്‍ ആ കുടുംബം ഒന്നടങ്കം അത്ഭുതത്തിലും ആഹ്ളാദത്തിലുമായി. മലയാളിക്കുഞ്ഞുങ്ങളോടുള്ള നന്ദികൊണ്ട് ആ മാതാപിതാക്കളുടെ കണ്ണുകള്‍നനഞ്ഞു. ജീവിതത്തില്‍ മറക്കാനാകാത്ത നന്മയുടെ ഒരു അധ്യായം സമ്മാനിച്ച കേരളം ഒരിക്കലെങ്കിലും കാണണമെന്നാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ മോഹം. കുടുംബത്തെ തളിപ്പറമ്പിലേക്ക് ക്ഷണിച്ചാണ് അധ്യാപകരായ വി വി രവീന്ദ്രനും എം പി ജനാര്‍ദനനും നാട്ടിലേക്ക് മടങ്ങിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top