28 March Tuesday

ടി എ ഉഷാകുമാരി ടീച്ചർ; ക്രിയാത്മക പ്രതിരോധത്തിന്റെ പെൺകരുത്ത്

രാജു സെബാസ്റ്റ്യൻUpdated: Sunday Oct 16, 2022

കലിക്കറ്റ് സർവകലാശാലയിൽനിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടിയ ഉഷാകുമാരി ടീച്ചർക്ക്‌ ഇടതുപക്ഷ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിനൊപ്പം അടിയുറച്ചുനിന്ന് പൊരുതിയ സമ്പന്ന ഭൂതകാലമുണ്ട്. കോഴിക്കോട് വടകര അഴിയൂർ സ്വദേശിനി.  1969 ൽ  കെഎസ്‌എഫിലൂടെ വിദ്യാർഥി സംഘടനാരംഗത്ത്.  1969–-74 കാലഘട്ടത്തിൽ വടകര ഗവ. മടപ്പള്ളി കോളേജിൽ വിദ്യാഭ്യാസം. 1971 ൽ എസ്എഫ്ഐക്ക് അഖിലേന്ത്യാതലത്തിൽ ആദ്യമായി വനിതാ വിഭാഗം രൂപം കൊള്ളുന്നത് മടപ്പള്ളി കോളേജിലാണ്.  അതിന്റെ പ്രഥമ കൺവീനർ.  വിദ്യാർഥിയായിരിക്കെ കേരള മഹിളാ ഫെഡറേഷൻ വടകര താലൂക്ക് വൈസ് പ്രസിഡന്റ്‌.

1974–-76 വർഷങ്ങളിൽ തലശേരി ബ്രണ്ണൻ കോളേജിൽ പോസ്റ്റ് ഗ്രാജ്വേഷൻ വിദ്യാർഥി. എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡന്റ്‌.  അടിയന്തരാവസ്ഥയ്ക്ക് എതിരെ ബ്രണ്ണൻ കോളേജിൽ പ്രകടനം നടത്തിയതിന് ലാത്തിച്ചാർജിന്‌ ഇരയായി. കോഴിക്കോട് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്രക്കമ്മിറ്റി അംഗം,  സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ. കോളേജ് അധ്യാപികയായശേഷം എകെപിസിടിഎ  സംസ്ഥാന വൈസ് പ്രസിഡന്റും ആദ്യ വനിതാ കൺവീനറും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അംഗം. വനിതാ സാഹിതി വൈസ് പ്രസിഡന്റ്‌.  സിഐടിയു തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌, അഖിലേന്ത്യ വർക്കിങ്‌ വിമൻസ് കോ-ഓർഡിനേഷൻ കേന്ദ്രക്കമ്മിറ്റി അംഗം. ഡോ.കെ എൻ പണിക്കർ ചെയർമാനായി രൂപം കൊണ്ട പ്രഥമ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം.  ഈ എഴുപതാം വയസ്സിലും വിപ്ലവകരമായ സമൂഹസൃഷ്ടിക്കായി പൊരുതുകയാണ് ഉഷാകുമാരി ടീച്ചർ. എം.സുകുമാരൻ ഫൗണ്ടേഷൻ  ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തനത്തിനുള്ള ഈ വർഷത്തെ അവാർഡ്  ഉഷാകുമാരിടീച്ചർക്കാണ്‌


"അറിയുമോ നീയെന്നെ അറിയുമോ നീയെന്നെ
അറിയുമോ നിങ്ങളെന്നെ
മകളായ് ഭാര്യയായ് പെങ്ങളായ് അമ്മയായ്
ജന്മങ്ങൾ തള്ളുമെന്നെ ’

സ്വാതന്ത്ര്യബോധവും സമരോത്സുകതയും ഉയർത്തിപ്പിടിച്ച്‌  ഇടതുപക്ഷ ആശയങ്ങൾ നെഞ്ചേറ്റിയ ക്ഷുഭിത സ്ത്രീത്വത്തിന്റെ നെരിപ്പോടിൽ നിന്നാണ് 1980കളുടെ പകുതിയിൽ  ഈ ചോദ്യം ഉയർന്നത്.

പെൺ തിയറ്റർ ഗ്രൂപ്പായ ‘സമത 'യിലൂടെ,  അടുക്കളയിൽനിന്നും അരങ്ങത്തുവന്നവർ ഗർജിച്ചു. 1987 മാർച്ചിലാണ് തൃശൂർ കേന്ദ്രമാക്കി ‘സമത' എന്ന പെൺ തിയറ്റർ ഗ്രൂപ്പ്  ശ്രീകേരള വർമ കോളേജിലെ ചരിത്രാധ്യാപികയായ ടി എ ഉഷാകുമാരി ടീച്ചർ കൺവീനറും പി വിജയമ്മ ജോയിന്റ്‌ കൺവീനറുമായി പിറവിയെടുക്കുന്നത്‌. അന്നത്‌  പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാക്കമ്മിറ്റിയുടെ വനിതാ വിഭാഗമായിരുന്നു. പിന്നീട് സമത തികച്ചും സ്വതന്ത്രമായ പെണ്ണരങ്ങായി.

ലിബറൽ ഫെമിനിസത്തിനുപകരം വർഗ വിശകലനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന  വനിതാ കലാവേദി എന്ന ആശയമാണ് ‘സമത’.  വിദ്യാർഥികൾ, അധ്യാപികമാർ, കർഷകത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി  ഇടതുപക്ഷ അവബോധമുള്ള  കൂട്ടായ്‌മ.  തെരുവുനാടകങ്ങൾ, ഓട്ടൻ തുള്ളൽ, വിപ്ലവ ഗാനം സംഗീതശിൽപ്പം തുടങ്ങിയ രംഗകലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിനകത്തും പുറത്തും 2500 ലധികം വേദിയിൽ അവർ നിറഞ്ഞാടി.

"പലകാലമായമർന്നെരിയുന്ന തീയുമായ്
പകയുമായ് കാത്തുനിൽപ്പൂ
നിലനിൽക്കുമീ കുടില നീതിയുടെ മസ്തകം കുത്തിപ്പിളർന്നതിൻ രക്തതിലകത്തിനായ്
മൂർദ്ധാവുയർത്തി നിൽപ്പൂ ഈ കണ്ണുകളുയർത്തിനിൽപ്പൂ,
ഈ കൈയുകളുയർത്തി നിൽപ്പൂ".ഇക്കാലയളവിൽ രണ്ടു വിപ്ലവ ഗാന കാസറ്റുകളും സമത പുറത്തിറക്കി. ആദ്യ കാസറ്റ് പ്രകാശനം ചെയ്തത് ദേവകി വാര്യർ. സാർവദേശീയ ഗാനമുൾപ്പെടെയുള്ള രണ്ടാമത്തെ കാസറ്റ് തൃശൂർ ലാലൂരിലുള്ള സമത ഓഫീസ് മുറ്റത്ത് പ്രകാശനം ചെയ്തത് ഇ എം എസ്. 1987 ൽ തിരുവനന്തപുരത്തു ചേർന്ന സിപിഐ (എം) 13-ാം പാർടി കോൺഗ്രസിന്റെ കലാവിഭാഗവും ഗായക സംഘവുമായിരുന്നു സമത .

സ്ത്രീകളുടെ നാടകവേദി എന്ന ആശയത്തിന് മൂർത്തരൂപം നൽകിയത് 1988 ൽ തൃശൂർ കോലഴിയിൽ സമത  സംഘടിപ്പിച്ച  10 ദിവസം നീണ്ടുനിന്ന സ്ത്രീനാടക ക്യാമ്പിലാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് വനിതാ കലാജാഥയിൽ ഉപയോഗപ്പെടുത്തിയ പല പരിപാടികളും സമതയുടെ നാടക ക്യാമ്പിലാണ് പിറന്നുവീണത്. ‘അറിയുമോ നീയെന്നെ അറിയുമോ നീയെന്നെ.. ' എന്ന സംഗീത ശിൽപ്പവും ‘അടുക്കള’ എന്ന നാടകവുമൊക്കെ ഈ ക്യാമ്പിന്റെ സൃഷ്ടികളാണ്. നാടക പ്രവർത്തകരായ  ഡോ. എൻ കെ ഗീതയും പ്രൊഫ.പി ഗംഗാധരനുമായിരുന്നു ക്യാമ്പ് ഡയറക്ടർമാർ. കോലഴി നാരായണനും ഉണ്ണിക്കൃഷ്ണൻ നെല്ലിക്കാടും സജിത മഠത്തിലും ക്യാമ്പിൽ ആദ്യാവസാനം പങ്കാളിയായി. നാടകങ്ങളുടേയും സംഗീത ശിൽപ്പങ്ങളുടേയും സംവിധാനം നിർവഹിച്ചത് കരിവെള്ളൂർ മുരളിയും വി ഡി പ്രേം പ്രസാദും.

1997 ൽ സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗമായിരിക്കെ ഉഷാകുമാരി ടീച്ചർ തയ്യാറാക്കിയ പ്രോജക്ടായിരുന്നു ‘ദേശീയ സ്ത്രീനാടക പണിപ്പുര'. പെണ്ണരങ്ങിന്റെ  സിദ്ധാന്തവും പ്രയോഗവും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ്‌ പണിപ്പുര നിർവഹിച്ചത്.  ക്യാമ്പിന്റെ ഡയറക്ടറും ടീച്ചറായിരുന്നു. സമത രൂപപ്പെടുത്തിയ സ്ത്രീനാടകവേദിയെന്ന ക്രിയാത്മകപ്രതിരോധം ഏറെക്കാലം നീണ്ടുനിന്നില്ല. 1994ൽ  സമത നിശബ്ദമായി. പിൽക്കാലത്ത് ഏറെ പ്രശസ്തമായ

"നിന്നെക്കാണാനെന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കാണാൻ
ഇന്നുവരെ വന്നില്ലാരും "

എന്ന ഗാനം സമതയ്ക്കുവേണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ചതാണ്‌. 2010 നവംബർ ഒന്നിന്‌ രണ്ടാംഘട്ട സമത നിലവിൽ വന്നു.  ‘സമത എ കലക്റ്റീവ് ഫോർ ജൻഡർ ജസ്റ്റിസ് ' എന്ന പേരിൽ. ലളിതാ ലെനിൻ ചെയർപേഴ്സണും ഉഷാകുമാരി ടീച്ചർ മാനേജിങ്‌ ട്രസ്റ്റിയുമായി 29 അംഗ പെൺ കൂട്ടായ്മ. അന്നു മുതലാണ് പുസ്തക പ്രസാധന രംഗത്തേക്ക് കടന്നത്.

സമതയുടെ പ്രഥമ പുസ്തകമായി  പ്രസിദ്ധീകരിക്കപ്പെട്ടത് കെ ദേവയാനിയുടെ ‘ചോരയും കണ്ണീരും നനഞ്ഞ വഴികൾ'. 1983 ൽ ചിന്ത ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകം 2010 ൽ സമത പുനഃപ്രസിദ്ധീകരിച്ചു.  ഇപ്പോൾ  നാലാം പതിപ്പിലെത്തി. ഇംഗ്ലീഷ് ,ഹിന്ദി പതിപ്പുകളും സമതയുടെ തന്നെ. ഇതുവരെയായി 84 പുസ്തകം സമതയ്‌ക്കുണ്ട്‌.

സമത കലാജാഥ അവതരിപ്പിക്കുന്നു

സമത കലാജാഥ അവതരിപ്പിക്കുന്നു

 

2018 ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത ലോകത്തിലെ ആദ്യ പെൺ പ്രസാധക കൂട്ടായ്മയാണ് സമത. ഷാർജ പുസ്തക വിൽപ്പനയിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ  നവകേരള സൃഷ്ടി ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സമത ഭാരവാഹികൾ ഏൽപ്പിച്ചു. സ്ത്രീ വിമോചന രാഷ്ട്രീയത്തിന് കരുത്തു പകരുന്ന പുസ്തകങ്ങളാണ് കൂടുതലും.

2019 ആഗസ്റ്റ് ഒന്നിന്‌ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര സമതയുടെ ക്ഷണം സ്വീകരിച്ച് കണ്ണൂരിലെത്തി. ടൗൺ സ്ക്വയറിൽ  14 പുസ്തകം പ്രകാശിപ്പിച്ചു. അതിൽ 11 ഉം ലാറ്റിനമേരിക്കൻ പഠനഗ്രന്ഥങ്ങളായിരുന്നു.

‘ഹോർത്തൂസ് മലബാറിക്കൂസ് സസ്യ വൈവിധ്യവും നാട്ടുചികിത്സയും'  എന്ന പുസ്തകത്തിന്റെ പഠനവും സംഗ്രഹവും ടി എ ഉഷാകുമാരിയും വി യു രാധാകൃഷ്ണനും ചേർന്നാണ് നിർവഹിച്ചത്. ‘തൊഴിൽ കേന്ദ്രത്തിലേക്ക് 'നാടകം - ചരിത്രരേഖ -പഠനം എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ  ഉഷാകുമാരി ടീച്ചറാണ്. 1948 ലാണ് ‘തൊഴിൽ കേന്ദ്രത്തിലേക്ക് ' നാടകം പ്രസിദ്ധീകരിച്ചത്.  സ്ത്രീകൾതന്നെ എഴുത്തും സംവിധാനവും പുരുഷവേഷമടക്കം അഭിനയവും നിർവഹിച്ച  ആദ്യ നാടകക്കൂട്ടായ്മയായിരുന്നു  അത്‌.

സമത പുസ്തക വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം പ്രതിമാസ പെൻഷനായി നൽകി വരുന്നു. തൃശൂരിലെ മുക്കാട്ടുകര - നെല്ലങ്കര സമരനായിക ഇറ്റ്യാനത്തിന് 2011 മുതൽ 2019 ഒക്ടോബറിൽ മരിക്കുംവരെ തുക നൽകി. ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ നാടകത്തിലഭിനയിച്ച കാവുങ്കര ഭാർഗവിക്ക് 2014 മുതൽ പെൻഷൻ നൽകി വരുന്നു. 2018 മുതൽ തെരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്രജ്ഞർ, കർഷകർ, വനിതാ പ്രതിഭകൾ എന്നിവർക്ക് അവാർഡുകളും നൽകുന്നു. ഇരുവരെയായി നൽകിയത് 16 അവാർഡ്‌.(20000 രൂ , ഫലകം, ആദര പത്രം)

1981 മുതൽ തൃശൂർ കേരളവർമ കോളേജിൽ ചരിത്രാധ്യാപികയായ ടീച്ചർ വകുപ്പധ്യക്ഷയായിരുന്ന കാലത്ത് രൂപം നൽകിയ അക്കാദമിക് ഫോറമാണ് ഹിസ്റ്റോറിയ. 2005 ജനുവരി 30 ന് സംഘടിപ്പിച്ച രണസ്മരണ എന്ന സ്വാതന്ത്ര്യ സമര അനുസ്മരണപരിപാടി ഉദ്‌ഘാടനം ചെയ്തത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു.

rajuwils69@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top