19 February Tuesday

ജാതി രാഷ്ട്രീയത്തിനെതിരായ ഇച്ഛാശക്തിയുമായി ഇതാ ഒരു സംവിധായക; തിരക്കൊഴിയാതെ 'റൗഡി വുമണ്‍'

എ പി സജിഷUpdated: Tuesday Jul 4, 2017

കല്‍ബുര്‍ഗിയെ കൊന്ന നാട്ടില്‍നിന്ന് ജാതി രാഷ്ട്രീയത്തിനെതിരെ സിനിമയെടുത്ത ധൈര്യശാലിയെ കാണാനാണ് ഒരിക്കല്‍ സുമന്‍ കിട്ടൂരിന്റെ അരികിലെത്തുന്നത്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ഇന്ത്യയെങ്ങും പടരുന്ന ജാതിരാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ് അന്ന് ആ സംവിധായിക സംസാരിച്ചതും. ഒരുപാട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ 'ബംഗളൂരു ഭാവം' മാറി. ഒത്തിരി സ്നേഹം തുളുമ്പി, ഒരുപാടുകാലത്തെ പരിചയംപോലെ സുമന്‍ ഒപ്പംനടക്കാന്‍ തുടങ്ങി. പിന്നെ, തന്റെ സിനിമാ പ്രദര്‍ശിപ്പിക്കാനായി കേരളത്തില്‍ തങ്ങിയ തിരക്കുപിടിച്ച രണ്ടുദിനങ്ങളിലും ഇടയ്ക്കിടെ സുമന്‍ കൂടെയുണ്ടണ്ടണ്ടായിരുന്നു.  

സുമന് പിന്നെയും തിരക്കിന്റെ നാളുകളായിരുന്നു. ജാതി വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ചലച്ചിത്രവുമായി പോണ്ടിച്ചേരിയിലും പശ്ചിമ ബംഗാളിലുമെല്ലാം അവര്‍ സഞ്ചരിച്ചു. ഭാഷയുടെ അതിരുകളില്ലാത്ത സ്നേഹവുമായി അപ്പോഴും സൌഹൃദം മുറിച്ചില്ല. ഒരുപാടുനാളുകള്‍ക്കുശേഷം വീണ്ടും കാണുമ്പോള്‍ പുതിയ സിനിമയുടെ ആലോചനയിലാണ് ആ കര്‍ണാടക സംവിധായിക.

രാജ്യംനേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ സിനിമയെടുക്കാന്‍ ആര്‍ജവം കാണിച്ച വനിതയാണ് ഡി സുമന്‍ കിട്ടൂര്‍. കര്‍ണാടകയില്‍ ബോക്സ് ഓഫീസ് ഹിറ്റായ 'റൌഡി വുമണ്‍ ഓഫ് കിരാഗുരു' വിന്റെ സംവിധായിക. ജാതി മേല്‍ക്കോയ്മക്കെതിരെ ആരെയും കൂസാതെ പ്രതികരിക്കുന്ന പെണ്ണുങ്ങളുടെ കഥയെടുത്ത സുമന്‍. കര്‍ണാടകയില്‍ മാത്രമല്ല, ദളിതന്റെ കണ്ണീരുവീണ ബീഹാര്‍ മുതല്‍ നിര്‍ഭയയെ കൂട്ടബലാത്സംഗംചെയ്ത ഡല്‍ഹിയില്‍ വരെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. മതാന്ധതയോട് അവര്‍ സിനിമയിലൂടെ കയര്‍ത്തു.

സുമന്‍ ചിത്രീകരണ വേളയില്‍

സുമന്‍ ചിത്രീകരണ വേളയില്‍

ബിജെപി നേതാവിന്റെ ഭാര്യ അംഗമായ സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പുകള്‍പോലും ഈ ചിത്രത്തിനുണ്ടായി. സിനിമയിലെ ചില ഡയലോഗുകള്‍ക്കെതിരെ ആദ്യം ശബ്ദം ഉയര്‍ത്തിയതും ഈ സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. വിലക്കുകള്‍ മറികടന്ന് സിനിമ ബോക്സോഫീസ് ഹിറ്റായി. നാട്ടിന്‍പുറത്തെയും നഗരങ്ങളിലെയും സ്ത്രീകള്‍ തീയേറ്ററിലേക്ക് ഇരച്ചുകയറി. കൂറ്റന്‍ വടിയുമായി ആണുങ്ങളോട് പൊരുതുന്ന സ്ത്രീകളെ സ്ക്രീനില്‍ കണ്ടപ്പോള്‍ അവരെല്ലാം നിലയ്ക്കാതെ കൈയടിച്ചു. ജാതിയുടെ പൊള്ളുന്ന യാഥാര്‍ഥ്യം വരച്ചു കാട്ടി സുമന്‍ കിട്ടൂര്‍ അവര്‍ക്കെല്ലാം പ്രിയങ്കരിയായി.

സഹനത്തിന്റെ പാതകള്‍
നാലുസിനിമകളാണ് സുമന്‍ സംവിധാനംചെയ്തത്. ആ നേട്ടത്തിലേക്കുള്ള വഴികളും സുമന് എളുപ്പമായിരുന്നില്ല. മൈസൂരുവിലെ ഒരു കുഗ്രാമത്തില്‍ വളര്‍ന്ന സാധാരണ പെണ്‍കുട്ടി. അന്തി മയങ്ങിയാല്‍ അവള്‍ക്ക് വായിക്കാന്‍ വീട്ടില്‍ വൈദ്യുതി വെട്ടമില്ല. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ അവള്‍ വായിച്ചുവളര്‍ന്നു. പട്ടിയും പൂച്ചയും പശുക്കളും ചെമ്മരിയാടുമെല്ലാമുള്ള കര്‍ഷക കുടുംബത്തിലെ ഇളയ കുഞ്ഞായിരുന്നു സുമന്‍. ശൈശവ വിവാഹം നടക്കുന്ന ആ കൊച്ചുഗ്രാമത്തില്‍ നിന്ന് അവളുടെ ചേച്ചിമാരും നേരത്തെ വിവാഹം കഴിച്ചു. എന്നിട്ടും, ആ വീട്ടിലിരുന്ന് അവള്‍ സ്വപ്നങ്ങള്‍നെയ്തു. അച്ഛനും അമ്മയും അവളെ വിലക്കിയില്ല. പഠിക്കാന്‍ കൊതിച്ച മകളെ കൂര്‍ഗിലെ സഹോദരിയുടെ വീട്ടിലേക്ക് അച്ഛന്‍ കൊണ്ടുപോയി. അവിടെ നിന്നും അവള്‍ പഠിച്ചു. പിന്നെ, ഉന്നത പഠനത്തിനായി ബംഗളൂരുവിലേക്ക് ചേക്കേറി.

സ്വപ്നത്തിലേക്ക് ഒരു പ്രയാണം
സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ ബംഗളൂരു വലിയൊരാകാശമായിരുന്നു. ആദ്യം, പത്രപ്രവര്‍ത്തകയായി സ്വന്തമായി ജോലിചെയ്തു. ആയിടയ്ക്ക് സിനിമാ മോഹം വളര്‍ന്നു. 'ആ ദിനഗളു' എന്ന ചിത്രത്തില്‍ ഗാനരചയിതാവായിട്ടാണ് തുടക്കം. വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജയായിരുന്നു പാട്ടിന്റെ സംഗീതസംവിധാനം. പിന്നീട് സംവിധാനരംഗത്തേക്ക് തിരിഞ്ഞു. സംവിധായകന്‍ അഗ്നി ശ്രീധറാണ് സിനിമാ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചില ചിത്രങ്ങളില്‍ അഗ്നിയുടെ അസി. ഡയറക്ടറായിരുന്നു സുമന്‍. പിന്നീട് അവര്‍ നാലുസിനിമകള്‍ സംവിധാനംചെയ്തു.

ജാതി രാഷ്ട്രീയം
വര്‍ഗീയത പടരുന്ന പുതിയ കാലഘട്ടത്തില്‍ സുമന്റെ സിനിമയ്ക്കും, അതെടുക്കാനുള്ള അവരുടെ ആര്‍ജവത്തിനും ഒരുപോലെ പ്രസക്തിയുണ്ട്. ദൈവത്തിന്റെയും ജാതിയുടെയും പേരില്‍, ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ അതിനെതിരെ ചലച്ചിത്രത്തിലൂടെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് സുമനെ വേറിട്ടുനിര്‍ത്തുന്നത്; അതും കര്‍ണാടക പോലുള്ള സംസ്ഥാനത്തുനിന്ന് !

" വര്‍ത്തമാനകാലത്തെ ഒരു പൊള്ളുന്ന വിഷയംതന്നെ സിനിമയായി എടുക്കണമെന്ന് തോന്നി. ജാതി മേല്‍ക്കോയ്മയില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതവും സ്ത്രീജീവിതത്തിന്റെ നോവുകളുമെല്ലാം ഒരുപോലെ പകര്‍ത്തണമെന്ന് തോന്നി. അങ്ങനെയാണ് ഈ ചിത്രം പിറക്കുന്നത്''-സുമന്‍ പറഞ്ഞു.

1980 ല്‍ പൂര്‍ണചന്ദ്ര തേജസ്വിനി എഴുതിയ നോവലാണ് സിനിമക്ക് ആധാരം. ജാതി വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ എടുത്തുകാട്ടുന്ന സിനിമ. 2017ല്‍ എത്തിയിട്ടും ജാതിയുടെ വേര്‍തിരിവിനും ജാതി രാഷ്ട്രീയം ജനങ്ങളെ വേര്‍തിരിക്കുന്നതിനും കുറവില്ലെന്ന് സുമന്‍ പറയുന്നു. താന്‍ വളര്‍ന്ന കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തിന്റെ മിക്കയിടത്തും ജാതിവിവേചനം ഭീകരമായി വളരുകയാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് വളരാന്‍ ജാതിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ഇന്നത്തെ സാഹചര്യം. -അവര്‍ പറഞ്ഞു.

വലിയൊരു സാമൂഹ്യപ്രശ്നമുയര്‍ത്തുന്ന സിനിമയുമായി താന്‍ വൈകാതെ വീണ്ടുമെത്തുമെന്നും സുമന്‍ ഓര്‍മിപ്പിച്ചു. ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകളില്ലാതെ സുമന്റെ അടുത്ത സിനിമയും പ്രയാണം തുടരട്ടെ എന്ന് ആശംസിച്ച് സംഭാഷണം നിര്‍ത്തുമ്പോള്‍ അവര്‍ പതിവ് കുശലങ്ങളിലേക്ക് തിരിഞ്ഞു. അല്ലെങ്കിലും സുമന്റെ സിനിമയ്ക്ക് മാത്രമല്ല, സ്നേഹത്തിനും ഭാഷയുടെ അതിരുകളില്ലല്ലോ.
 


പ്രധാന വാർത്തകൾ
 Top