02 June Friday

നല്ലേടത്തെ വർത്തമാനങ്ങൾ

ജിഷ അഭിനയUpdated: Sunday Oct 9, 2022

jishaabhinaya@gmail.com

നല്ലേടത്തെ അടുക്കളയിൽനിന്നുയരുന്നത്‌ നല്ല വാസന. വായിൽ കപ്പലോടിക്കാൻ വെള്ളം നിറയും. പപ്പടം കാച്ചു മുതൽ കൂട്ടാൻ കഷ്‌ണം മുറിക്കുന്നതിൽ പോലുമുണ്ട്‌  ‘നല്ലേടം ടച്ച്‌’. അപ്പോഴും ഉയർന്നു കേൾക്കാം, കളിവിളക്കിന്‌ പിന്നിലെ നല്ലീണങ്ങൾ. ശ്രീല നല്ലേടം നൃത്തം, അഭിനയം, പാചകം എന്നിങ്ങനെ എല്ലാ മേഖലകളിലും കൈയൊപ്പ്‌ പതിപ്പിച്ച വ്യക്തിത്വം. ‘നല്ലേടത്തെ അടുക്കള’ എന്ന യുട്യൂബ്‌ ചാനലിലൂടെ പാചക വിശേഷങ്ങൾ പങ്കിട്ട്‌ അവർ അടുത്തിടെ കൂടുതൽ ശ്രദ്ധ നേടി. കുറഞ്ഞ കാലത്തിനിടെ കൂടുതൽ കാഴ്‌ചക്കാരുമായി മുന്നേറുന്ന നല്ലേടം അടുക്കള, നാടൻ പാചകങ്ങളുടെ വലിയ കലവറ. ഇടയ്‌ക്ക്‌ കുറച്ച്‌ പാചകപരീക്ഷണങ്ങളുമായി പ്രശസ്‌ത ഫുഡ്‌ബ്ലോഗർ ഉഷ മാത്യുവും നല്ലേടം അടുക്കളയ്‌ക്ക്‌ രുചി പകരാൻ എത്തുന്നുണ്ട്‌. ശ്രീലയുടെ വള്ളുവനാടൻ ഭാഷയുടെ ഈണവും തനിനാടൻ പാചകത്തിന്റെ രുചിക്കൂട്ടും വിറകടുപ്പുമെല്ലാം ചാനലിനെ കാഴ്‌ചക്കാരിലേക്കടുപ്പിക്കുന്നു. മറന്നു തുടങ്ങിയ പാചകവിശേഷങ്ങൾ കാഴ്‌ചക്കാരുമായി പങ്കുവയ്‌ക്കുമ്പോൾ ഗൃഹാതുരതയുടെ ഓർമക്കൂട്ടുകൾ  ആസ്വദിക്കാം.

പാലക്കാട്‌ പട്ടാമ്പി തിരുവേഗപ്പുറയിലെ നല്ലേടത്ത്‌ ഇല്ലത്താണ്‌ പാചകവും നൃത്തവും  സമന്വയിക്കുന്നത്‌. നാലാം വയസ്സിൽ ശ്രീല നൃത്ത പഠനം തുടങ്ങി. പിന്നെ കൂട്ടിനെന്നും നൃത്തം മാത്രം. ഗുരുവായി കലാമണ്ഡലം ശ്രീദേവി ഗോപിനാഥ്‌. പാലക്കാട്‌ ചെമ്പൈ മ്യൂസിക്‌ കോളേജിൽ ഗാനഭൂഷണം പാസായി. വിവാഹശേഷമാണ്‌ നൃത്തരംഗത്ത്‌ കൂടുതൽ സജീവമായത്‌. ‘നല്ലേട’ത്ത്‌ തന്നെ നൃത്ത വിദ്യാലയം ആരംഭിച്ചു. 22 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ‘ശിവരഞ്‌ജിനി’ നൃത്തവിദ്യാലയത്തിൽ 200ലേറെ വിദ്യാർഥികൾ പഠിക്കുന്നു. വീട്ടമ്മമാരും  പഠിക്കാനെത്തുന്നുണ്ട്‌.

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയ വാസന്തി, സൈലൻസർ, ഒരു ദേശവിശേഷം, ആണും പെണ്ണും തുടങ്ങി ആറിലേറെ സിനിമകളിലും നിരവധി ഷോർട്ട്‌ഫിലിമിലും ആൽബത്തിലും ശ്രീല അഭിനയിച്ചിട്ടുണ്ട്‌.  ‘തയാ’ എന്ന സംസ്‌കൃത സിനിമയിലും  വേഷമിട്ടു. ഇന്തോ –- ഫ്രഞ്ച്‌ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്‌തത്‌ ഡോ. ജി പ്രഭയാണ്‌.  ‘മിന്നാമിന്നിയേ’ എന്ന ആൽബത്തിലെ അഭിനയത്തിന്‌ ലോഹിതദാസ്‌ സ്‌പെഷൽ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ഭരതനാട്യമാണ്‌ തന്റെ ഇഷ്‌ടയിനമെന്ന്‌ ശ്രീല പറയുന്നു. 

കലാവഴിയിലൂടെ...
അച്‌ഛൻ സുബ്രഹ്‌മണ്യൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പരേതയായ സാവിത്രിയാണ്‌ നൃത്തവഴികൾ തുറന്നുനൽകിയത്‌. കവളപ്പാറ യുപി സ്‌കൂൾ അധ്യാപികയും പത്തുവർഷം ഷൊർണൂർ നഗരസഭയിൽ എൽഡിഎഫ്‌ കൗൺസിലറുമായിരുന്നു അമ്മ. പാഞ്ഞാൾ നാടകസമിതിയിലും സജീവമായിരുന്നു. മുത്തച്‌ഛൻ പെരുമങ്ങാട്‌ ചിത്രഭാനു നമ്പൂതിരി ദേശാടനം, ശാന്തം,ആറാംതമ്പുരാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. അവരുടെയെല്ലാം കലാപാരമ്പര്യമാണ്‌ ശ്രീലയ്‌ക്ക്‌ എന്നും വെളിച്ചമായി മുന്നിലുള്ളത്‌. നൃത്തവുമായി ബന്ധപ്പെട്ട പുതിയ ആവിഷ്‌കാരത്തിനായുള്ള തയ്യാറെടുപ്പിലാണ്‌ ശ്രീല. ഭർത്താവ്‌ പരമേശ്വരൻ കാടാമ്പുഴ മാറാക്കര സ്‌കൂളിൽ അധ്യാപകനാണ്‌. ഗൗതമൻ, ധ്രുവൻ എന്നിവരാണ്‌ മക്കൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top