പത്തനംതിട്ട സാരംഗിനുവേണ്ടി ഗാനമേള വേദികൾ കീഴടക്കിയ ശബ്ദത്തിന് ഉടമ, അവിടെനിന്ന് നാടകഗാന രംഗത്തെത്തിയപ്പോഴും തളരാത്ത സംഗീതജീവിതം. സംഗീതനാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള പ്രൊഫഷണൽ നാടകപുരസ്കാരം അഞ്ചാം തവണയും നേടിയ, നാടറിയാതെ പോയ ഗായിക, പന്തളം ശുഭ രഘുനാഥ്.
പന്തളം ബാലനൊപ്പം പാടിത്തുടങ്ങിയതാണ് ശുഭ. 30 വർഷത്തോളമായി സംഗീതരംഗത്തെ സജീവ സാന്നിധ്യം. സാരംഗിനു പുറമെ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ്, ബീറ്റ്സ്, തിരുവനന്തപുരം സ്റ്റാർ ബീറ്റ്സ് തുടങ്ങി നിരവധി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായികയായി ശുഭ അതിവേഗം മാറി. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തേക്ക് മാറിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്കാരം. 2010ൽ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ രമണൻ എന്ന നാടകത്തിലെ ഗാനത്തിനായിരുന്നു സംഗീതനാടക അക്കാദമിയുടെ ആദ്യ പുരസ്കാരം. പിന്നീട് 2016,- 2017, 2018 വർഷങ്ങളിൽ തുടർച്ചയായി പുരസ്കാരലബ്ധി. 2022ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ശുഭയെ തേടി വീണ്ടും സന്തോഷ വാർത്തയെത്തി. "ഒരു സിനിമാ പിന്നണി ഗായിക ആയിരുന്നുവെങ്കിൽ എന്നെ എല്ലാവരും അറിഞ്ഞേനെ. അമ്മയും
അച്ഛനും സഹോദരങ്ങളും കലാകാരായ കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്ന് ഗാനഭൂഷണം പാസായി. ഇപ്പോഴും സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണ്’, -ശുഭ പറയുന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ "ചന്ദ്രികയ്‌ക്കും ഉണ്ടൊരു കഥ', കൊച്ചിൻ ചൈത്രതാരയുടെ "ഞാൻ' എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കാണ് അഞ്ചാം തവണയും ശുഭയെ തേടി പുരസ്കാരം എത്തിയത്.
വെണ്മണി സുകുമാരൻ ആയിരുന്നു ആദ്യ ഗുരു. നിലവിൽ പന്തളം ജി പ്രദീപ്‌കുമാറിന്റെ ശിക്ഷ്യയാണ്. "വസന്തത്തിന്റെ കനൽവഴികൾ', "തീ' എന്നീ സിനിമകളിലും ഗാനം ആലപിച്ചിട്ടുണ്ട്. പന്തളം സ്വദേശിയാണെങ്കിലും റെക്കോഡിങ് അടക്കം സ്ഥിരമായി നാടകമേഖലയുമായി ബന്ധപ്പെട്ട ജീവിതം ആയതിനാൽ കരുനാഗപ്പള്ളിയിലാണ് സ്ഥിരജീവിതം. വർക്‌ഷോപ് ഉടമയായ രഘുനാഥാണ് ഭർത്താവ്. ബിരുദ വിദ്യാർഥിയായ മകൻ ദേവദർശനും നാടകഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..