04 June Sunday

ഒരു ജോഡി ബൂട്ട്: 'ഐ എം വിജയന്റെ പെങ്ങളല്ലെ'

ശ്രീരാജ്‌ ഓണക്കൂർ sreerajonakkoor@gmail.comUpdated: Sunday Feb 26, 2023

സീന ഫുട്‌ബോൾ പരിശീലനത്തിൽ ചിത്രം-: സുനോജ്‌ നൈനാൻ മാത്യു

ഈസ്‌റ്റ്‌ ബംഗാൾ വനിതാ ഫുട്‌ബോൾ ടീമിനായി കളിക്കാൻ കൊൽക്കത്തയിലെത്തിയ സീനയ്‌ക്ക്‌ ഒരു സമ്മാനം ലഭിച്ചു. മനോഹരമായ ഒരു ജോഡി ബൂട്ട്‌. ‘നിങ്ങൾ ഐ എം വിജയന്റെ പെങ്ങളല്ലേ? ഇത്‌ ഇരിക്കട്ടെ.’ മൈദാൻ മാർക്കറ്റിൽ കൊൽക്കൊത്ത സ്വദേശിയുടെ സമ്മാനം  സീന ഏറ്റുവാങ്ങി.

മുൻ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരം സി വി സീന 2001ൽ അറിയപ്പെട്ടത്‌ മറ്റൊരു പേരിലായിരുന്നു–-‘ലേഡി വിജയൻ’. ഐ എം വിജയനെന്ന ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തെപ്പോലെ സിസർ കട്ടുകൾ ചെയ്‌താണ്‌ എറണാകുളം സ്വദേശിനി സീന അക്കാലത്ത്‌ ഗ്യാലറികളുടെ കൈയടി സ്വന്തമാക്കിയത്‌. പുതു തലമുറയ്‌ക്ക്‌ ഫുട്‌ബോൾ പാഠങ്ങൾ പകരാൻ സീനാസ്‌ ഫുട്‌ബോൾ അക്കാദമിയുമായി ഡ്രിബിൾ ചെയ്‌ത്‌  മുന്നോട്ട്‌ കുതിക്കുകയാണ്‌ മരട്‌ ഷാരോൺ വില്ലയിൽ സീന.

വിശന്നപ്പോൾ പന്ത്‌ തട്ടി

ചളിക്കവട്ടത്തെ തെങ്ങിൻ തോപ്പിലെ ഫുട്‌ബോൾ കളി. നല്ല വിശപ്പുള്ളപ്പോൾ ഫുട്‌ബോൾ കളി നോക്കി നിൽക്കും. ആൺകുട്ടികളോട്‌ ഫുട്‌ബോൾ കളിച്ചോട്ടെ എന്ന്‌ ചോദിച്ചപ്പോൾ കൂടെ ചേർത്തു. വിശപ്പ്‌ മറക്കാനാണ്‌ ആദ്യം ഫുട്‌ബോളിനെ പ്രണയിച്ചത്‌. തെങ്ങിൽ ഫുട്‌ബോൾ തട്ടാതിരിക്കാൻ ശ്രദ്ധിച്ചപ്പോഴാണ്‌ ഡ്രിബ്‌ളിങ്‌ ബാലപാഠങ്ങൾ പഠിച്ചത്‌.

കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ ഭൂതകാലമായിരുന്നു സീനയ്‌ക്ക്‌. എറണാകുളം നഗരത്തിലെ സൗത്ത്‌ കളത്തിപ്പറമ്പിൽ റോഡിലാണ്‌ വീട്. അച്ഛനും അമ്മയും മൂന്ന്‌ ചേട്ടൻമാരും ചേച്ചിയും അടങ്ങുന്ന കുടുംബം. നേവൽ ബേസിലെ ജോലിക്കാരനായിരുന്ന അച്ഛൻ ഒരു വയസ്സുള്ളപ്പോൾ   ഉപേക്ഷിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മ മരിച്ചതോടെ പൂർണമായും അനാഥയായി. പിന്നീട് മരട്‌ കണ്ണാടിക്കാടിൽ വല്യച്ഛന്റെ വീട്ടിലായി താമസം. സഹോദരങ്ങൾ നാലും നാല് വഴിക്കായി.

കലൂർ ഗവ. സ്കൂളിൽ പഠിക്കുന്ന സമയത്താണ് കളിയെ ഗൗരവത്തോടെ സമീപിച്ചത്. പന്ത്രണ്ടാം വയസ്സിൽ ബൂട്ടും ബനിയനുമണിഞ്ഞ് സെലക്ഷനിൽ പങ്കെടുക്കാൻ വന്ന കുട്ടികൾക്ക് ഇടയിൽ, ഇതൊന്നുമില്ലാതെ സീനയെത്തി. അങ്ങനെ എറണാകുളം ജില്ലാ ടീമിൽ. ചാക്കോ ആയിരുന്നു പരിശീലകൻ. ഇഷ്ട നമ്പരായ പത്താം ജേഴ്‌സിയണിഞ്ഞ്‌ സീന  വിജയഗാഥ തുടങ്ങി. ജില്ലാ ടീമിൽ നിന്ന് ഒന്നര വർഷത്തിനുള്ളിൽ സംസ്ഥാന ടീമിൽ. ഇന്ത്യൻ ജഴ്സിയണിഞ്ഞ്‌ ഏഷ്യൻ ഗെയിംസ്‌ വരെ. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അഞ്ചാം സ്ഥാനം ലഭിച്ച ഇന്ത്യൻ ടീമിൽ അംഗമായി. 1997–98ലാണ്‌ ഇന്ത്യൻ കുപ്പായമണിഞ്ഞത്‌. ഈസ്റ്റ് ബംഗാളിന് വേണ്ടി 38 മത്സരത്തിൽ പങ്കെടുത്തു. കേരള ടീമിനായും 38 മത്സം. ഇഷ്ടതാരം പെലെയാണ്‌. ടീം ബ്രസീലും.

ഒരു സിസർകട്ടിന്‌ 25 രൂപ

മലപ്പുറത്ത്‌ ആണുങ്ങളുടെ ടീമിൽ സെവൻസ്‌ കളിക്കാൻ സീന നിരവധി തവണ എത്തി. ഒരു ദിവസം കളിച്ചാൽ 150–-200 രൂപയാണ്‌ പ്രതിഫലം. ഒരു സിസർ കട്ടിന്‌ 25 രൂപ അധികം ലഭിക്കും. പത്ത്‌ സിസർ കട്ടെങ്കിലും അടിക്കും. പട്ടിണിക്കാലത്ത്‌ 25 രൂപ കൂടുതൽ സ്വന്തമാക്കുക മാത്രമായിരുന്നു ലക്ഷ്യം. ഐ എം വിജയനെപ്പോലെ സിസർ കട്ട്‌ ചെയ്യുന്ന സീനയെ പെട്ടെന്ന്‌ ഫുട്‌ബോൾ പ്രേമികളുടെ പ്രിയങ്കരിയാക്കി. 1998ൽ ജർമൻ ഫുട്‌ബോൾ ക്ലബ്‌ സ്‌റ്റുഡ്‌ ഗർട്ടിനെതിരെ നേടിയ സിസർ കട്ടാണ്‌ പ്രിയപ്പെട്ടത്‌.
അനക്കെവിടെയാ ജോലി വേണ്ടത്‌

സീനയെ നേരിൽ കണ്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ ചോദിച്ചു, ‘അനക്കെവിടെയാ ജോലി വേണ്ടത്‌?’ 2000ൽ പത്രവാർത്തകളിലൂടെ സീനയുടെ പ്രതിഭയെക്കുറിച്ചറിഞ്ഞാണ്‌ നായനാർ വിളിപ്പിച്ചത്‌.
ദേശീയതലത്തിൽ കളിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ വന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ കോഫീബൂത്തിൽ ചായ എടുത്തുകൊടുക്കാൻ പോയി. അവിടെ വച്ച്‌ സീനയെ പത്രപ്രവർത്തകൻ നവാബ് രാജേന്ദ്രൻ കണ്ടു. അദ്ദേഹം നൽകിയ വാർത്തയിലൂടെ സീനയെന്ന പ്രതിഭയെ നാടറിഞ്ഞു. വാർത്തകൾ സീനയെ കൊണ്ടെത്തിച്ചത് സെയിൽസ് ടാക്സിലെ ജോലിയിൽ. ഇരുപത്തിമൂന്നു വർഷമായി തേവര സെയിൽസ് ടാക്സ് ഓഫീസിൽ ക്ലർക്കാണ്‌.
ഫുട്‌ബോൾ ബിസിനസ്സല്ല
തൊണ്ണൂറോളം കുട്ടികൾ ഇന്ന്‌ സീനാസ്‌ ഫുട്‌ബോൾ അക്കാദമിയിൽ പരിശീലനം നടത്തുന്നു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മരട്‌ മാങ്കായി സ്‌കൂൾ മൈതാനത്താണ്‌ പരിശീലനം. ലൈസൻസുള്ള പത്ത്‌ സഹ കോച്ചുമാരാണ്‌ ഒപ്പമുള്ളത്‌. അക്കാദമി സെക്രട്ടറി പി കെ ഷാജിയും പ്രസിഡന്റ്‌ അഡ്വ. സുനിൽകുമാറും ഒപ്പമുണ്ട്‌.
തുച്ഛമായ ഫീസാണ്‌ വാങ്ങുന്നത്‌. പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികൾക്ക്‌ ഫീസ്‌ ഇളവുമുണ്ട്‌. അംബുജാക്ഷൻ മെമ്മോറിയൽ ഫുട്‌ബോൾ ട്രെയിനിങ്‌ സെന്റർ എന്ന പേരിൽ 28 വർഷം മുമ്പാണ്‌ അക്കാദമി ആരംഭിച്ചത്‌. മഹാരാജാസ്‌ കോളേജ്‌ യൂണിവേഴ്‌സിറ്റി പ്ലയറായിരുന്നു അംബുജാക്ഷൻ. അദ്ദേഹം തുടങ്ങിയ ക്യാമ്പിൽ താൻ ഹെഡ്‌ കോച്ചായിരുന്നവെന്ന്‌ സീന. അടുത്തിടെയാണ്‌ സീനാസ്‌ അക്കാദമി എന്ന്‌ പേര്‌ മാറ്റിയത്‌.  
ഫുട്‌ബോൾ കളിക്കാൻ പറ്റിയില്ലെങ്കിൽ മരിക്കുന്നതാണ്‌ നല്ലതെന്ന പക്ഷക്കാരിയാണ്‌ ഈ അമ്പത്തിയൊന്നുകാരി. തന്റെ ശിഷ്യർ ഉയരങ്ങൾ താണ്ടണമെന്ന സ്വപ്‌നം മാത്രമാണ്‌ അവിവാഹിതയായ സീനയെ മുന്നോട്ടു നയിക്കുന്നത്‌. അക്കാദമിയിലെ കുട്ടികൾക്ക്‌ അടുത്തിടെ ഗോവയിൽ കളിക്കാൻ ക്ഷണം കിട്ടി. അവിടെ നടന്ന ക്ലബ്‌ മത്സരത്തിൽ അക്കാദമി ടീം കപ്പടിച്ചു. നേപ്പാൾ, പഞ്ചാബ്‌, ഗോവ എന്നിവിടങ്ങളിലേക്ക്‌ ഇപ്പോൾ ക്ഷണം ലഭിച്ചിട്ടുണ്ട്‌. ഐ ലീഗിൽ റോയൽ പഞ്ചാബ്‌ ടീമിലേക്കും ക്ഷണം കിട്ടി. കടവന്ത്ര റീജണൽ സ്‌പോർട്‌ സെന്റർ, എറണാകുളം മഹാരാജാസ്‌ കോളേജ്‌, സെന്റ്‌ തെരേസാസ്‌ കോളേജ്‌, ഗവ. ലോ കോളേജ്‌, പനമ്പിള്ളി നഗർ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും പരിശീലനം നൽകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top