തെന്നിന്ത്യയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് ശോഭ. മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്ന ഈ നടി ജീവിതത്തില്‍ നിന്നും വിടപറഞ്ഞിട്ട് ഇന്ന് നാൽപ്പത് വര്‍ഷങ്ങള്‍.. ശാരദക്കുട്ടി എഴുതുന്നു.
കോട്ടയത്ത് എന്റെ വീടിനു തൊട്ടടുത്തുള്ള സിനിമാ മാസികയുടെ ഓഫീസില്‍ പ്രേമയും ശോഭയും വരുമ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. റോഡിന്റെ ഒരു സൈഡില്‍ ഒതുങ്ങിനിന്ന് അമ്മയെയും മകളെയും ഞാന്‍ കണ്ടു. യാതൊരു താരപ്രഭയുമില്ലാത്ത ഒരമ്മയും ചുവന്ന ഹാഫ്‌സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും പൂക്കളുള്ള പഫ്‌സ്ളീവ് ബ്ളൌസുമിട്ട അതി സാധാരണയായ പെണ്‍കുട്ടിയും. കറുത്ത രണ്ടുവളകള്‍ ശോഭയുടെ മെലിഞ്ഞ കൈകളില്‍ കണ്ടത് ഇന്നുമോര്‍മിക്കുന്നു.
മലയാളസിനിമയുടെ ഒരു പരിവര്‍ത്തനഘട്ടത്തിലാണ് ശോഭ മലയാളസിനിമയിലേക്കു കടന്നുവരുന്നത്. കാഴ്ചയുടെ മടുപ്പുശീലങ്ങളോട് പ്രേക്ഷകര്‍ കലഹിച്ചുതുടങ്ങിയിരുന്ന സമയം. നവസിനിമയുടെ വക്താക്കള്‍ ലോകസിനിമയിലും ഇന്ത്യന്‍ സിനിമയിലും ഒപ്പം മലയാളസിനിമയിലും പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു. അലക്കിത്തേച്ച ഡയലോഗുകളിലും നായകവേഷങ്ങളിലും ശരീരസമൃദ്ധിയുടെ നായികാവേഷങ്ങളിലും നിന്നൊരു മോചനം ആഗ്രഹിച്ചിരുന്ന പ്രേക്ഷകരുടെ കണ്‍മുന്നിലേക്കു മാത്രമല്ല അവരുടെ പുതുമയ്ക്ക് ദാഹിച്ചിരുന്ന മനസ്സുകളിലേക്കുതന്നെയാണ് കെ ജി ജോര്‍ജും മോഹനും ലെനിന്‍ രാജേന്ദ്രനും അടങ്ങുന്ന ഒരു കൂട്ടം പുതിയ സംവിധായകരുടെ കടന്നുവരവ്. കാഴ്ചശീലങ്ങളെ അടിമുടി പുതുക്കിപ്പണിയുവാന്‍ അവര്‍ക്ക് അന്നുവരെയുള്ള നായികാനായക സങ്കല്‍പ്പങ്ങളെത്തന്നെ പൊളിച്ചുകളയേണ്ടതുണ്ടായിരുന്നു. സ്മിതാ പാട്ടീലിനെയും ശബാന ആസ്മിയെയും നസറുദ്ദീന്‍ ഷായെയും പോലെ സാധാരണമുഖവും ശരീരഭാഷയുമുള്ള അഭിനേതാക്കള്‍ ഹിന്ദി സിനിമയില്‍ വരികയും നവസിനിമയുടെ തരംഗങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ അലയടിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. മലയാളസിനിമയും സധൈര്യം പരീക്ഷണങ്ങള്‍ക്കൊരുങ്ങി. ശോഭയും ജലജയും വേണുനാഗവള്ളിയും നെടുമുടി വേണുവുമൊക്കെ അത്തരം പരീക്ഷണങ്ങളുടെ സൃഷ്ടിയാണ്.
യൂസഫലി കേച്ചേരിയുടെ സിന്ദൂരച്ചെപ്പ് എന്ന നാടകം മധു സിനിമയാക്കിയപ്പോള്‍ അതില്‍ ബാലതാരമായിട്ടാണ് ശോഭയെ ആദ്യം കാണുന്നത്. ബോക്സ്ഓഫീസ് ഹിറ്റായിരുന്ന ആ ചിത്രത്തില്‍ മധുവും ജയഭാരതിയുമായിരുന്നു പ്രധാനതാരങ്ങള്‍. ധാരാളം ഹിറ്റ് ഗാനങ്ങള്‍. ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍, പൊന്നില്‍ കുളിച്ച രാത്രി, തമ്പ്രാന്‍ തൊടുത്തത് മലരമ്പ്... അങ്ങനെ മലയാളി ഒരിക്കലും മറക്കാത്ത ഗാനങ്ങള്‍. ആ ചിത്രത്തിലെ മണ്ടച്ചാരേ മൊട്ടത്തലയാ കണ്ടം വെക്കാറായല്ലോ എന്ന ഗാനരംഗം ഒരിക്കല്‍ കണ്ടവര്‍ ആ മെലിഞ്ഞ പെണ്‍കുഞ്ഞിന്റെ കുസൃതി നിറഞ്ഞ പ്രകടനം മറക്കില്ല. ജയഭാരതിയുടെ കുട്ടിക്കാലമാണ് ശോഭ അതില്‍ അവതരിപ്പിച്ചത്. കുറിയ തോര്‍ത്തുമാത്രമുടുത്ത് മണ്ടച്ചാരേ... എന്നു കൂവിവിളിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖത്ത് പടര്‍ന്നുകിടന്നിരുന്നത് സ്ഥായിയായ ഒരു വിഷാദഭാവമായിരുന്നു. ശോഭയുടെ അമ്മ പ്രേമയും അക്കാലത്തെ അറിയപ്പെടുന്ന നടിയായിരുന്നു. പ്രേമയുടേതുപോലെ തന്നെ അല്‍പ്പം ഒട്ടിയ കവിളുകളും വിഷാദം തളംകെട്ടി നില്‍ക്കുന്ന മുഖവുമായിരുന്നു ശോഭയ്ക്കും. ഒട്ടും ആര്‍ഭാടങ്ങള്‍ക്ക് വഴങ്ങാത്ത ശരീരപ്രകൃതിയായിരുന്നു അമ്മയ്ക്കും മകള്‍ക്കും. ഒരിക്കല്‍ കോട്ടയത്ത് എന്റെ വീടിനു തൊട്ടടുത്തുള്ള സിനിമാ മാസികയുടെ ഓഫീസില്‍ പ്രേമയും ശോഭയും വരുമ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. റോഡിന്റെ ഒരു സൈഡില്‍ ഒതുങ്ങിനിന്ന് അമ്മയെയും മകളെയും ഞാന്‍ കണ്ടു. യാതൊരു താരപ്രഭയുമില്ലാത്ത ഒരമ്മയും ചുവന്ന ഹാഫ് സ്കേര്‍ട്ടും ചുവപ്പും കറുപ്പും പൂക്കളുള്ള പഫ്‌സ്ളീവ് ബ്ളൌസുമിട്ട അതിസാധാരണയായ പെണ്‍കുട്ടിയും. കറുത്ത രണ്ടുവളകള്‍ ശോഭയുടെ മെലിഞ്ഞ കൈകളില്‍ കണ്ടത് ഇന്നുമോര്‍മിക്കുന്നു. രണ്ടുവശവും മുടി പിന്നി തോളറ്റം വരെ ഇട്ടിരുന്നതായാണ് ഓര്‍മ.
മഷിയെഴുതാത്ത കണ്ണുകളും കെട്ടിമുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി ഞങ്ങളിലൊരുവളെപ്പോലെ ശോഭ. കൊളേജുകളില്‍ പെണ്‍കുട്ടികള്‍ വലിയ പൊട്ടു തൊട്ട്, മുടി കൊണ്ടകെട്ടി വരാന്‍ തുടങ്ങി. ഇളം നിറത്തിലുള്ള ഓര്ഗണ്റ്റി സാരികള്‍ തുണിക്കടകളില്‍ വലിയ തരംഗമായി.
വളരെക്കാലങ്ങള്‍ക്കുശേഷം ശോഭയുടെ മരണത്തെ ആസ്പദമാക്കി കെ ജി ജോര്‍ജ് എടുത്ത ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്ന ചലച്ചിത്രം കണ്ടപ്പോള്‍ ഒട്ടും പൊരുത്തപ്പെടാനാവാതെ പോയ ഒരു കാഴ്ചയുണ്ടായിരുന്നു. ആര്‍ഭാടജീവിതത്തിനുവേണ്ടി ദാഹിക്കുന്ന അതിനുവേണ്ടി മകളെ സമ്മര്‍ദത്തിലാക്കുന്ന ആര്‍ത്തി പിടിച്ച, ഒരമ്മയായി പ്രേമയെ അവതരിപ്പിച്ചതാണത്. ഞാന്‍ കണ്ട പ്രേമയില്‍ കാലം അത്ര വലിയ അത്ഭുതകരമായ മാറ്റം വരുത്തിയിരിക്കുമോ എന്ന് അമ്പരന്നു. തടിച്ചു കൊഴുത്ത ശരീരവും ആസക്തി കത്തുന്ന കണ്ണുകളുമായി ശുഭ എന്ന പഴയകാല നടി അവതരിപ്പിച്ചത് ഞാന്‍ കണ്ട പ്രേമയെ ആണെന്ന് ഇന്നും വിശ്വസിച്ചിട്ടില്ല. അങ്ങനെ കാണാന്‍ എനിക്കാവുന്നില്ല. സിനിമയുടെ പിന്നാമ്പുറ കഥകള്‍ നമുക്കറിയില്ലല്ലോ. അത് സ്ത്രീകളോട് എങ്ങനെയൊക്കെയാണ് പെരുമാറിയിരുന്നത് എന്ന് ആലോചിക്കുന്ന രാഷ്ട്രീയപ്രബുദ്ധതയും സമൂഹത്തില്‍ അന്ന് വ്യാപകമായിരുന്നില്ല. ഇന്നോര്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്ന രണ്ടു നിസ്സഹായമുഖങ്ങളാണ് ശോഭയുടേതും അമ്മ പ്രേമയുടേതും.

കമല്‍ഹാസനും ശോഭയും 'കോകില' എന്ന കന്നട ചിത്രത്തില്‍
ഞങ്ങളുടെ ഡിഗ്രി പഠനകാലത്താണ് ഉള്‍ക്കടല്‍ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തുന്നത്. ക്യാമ്പസുകളില്‍ ആ സിനിമ ഒരാഘോഷമായി. ക്ളാസ് കട്ടുചെയ്തും വീട്ടുകാരോടു പറയാതെയും പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും ആ ചിത്രം കാണാനായി തിയേറ്ററിലെത്തി. നൂണ്‍ ഷോക്ക് വരെ പൊലീസ് കാവല്‍. ടിക്കറ്റുകള്‍ കിട്ടാനില്ല. തകര്‍ന്നുടഞ്ഞ ശരീരവുമായി, വിഷാദപ്രണയവുമായി ഒരു നായകനും കുസൃതി ഒളിപ്പിച്ച കണ്ണുകളും ചിരിയുമായി നായികയും. ശോഭ ഞങ്ങളിലൊരാളായത് ആ ചിത്രത്തിലൂടെയാണ്. മഷിയെഴുതാത്ത കണ്ണുകളും കെട്ടിമുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി ഞങ്ങളിലൊരുവളെപ്പോലെ ശോഭ. കൊളേജുകളില്‍ പെണ്‍കുട്ടികള്‍ വലിയ പൊട്ടു തൊട്ട്, മുടി കൊണ്ടകെട്ടി വരാന്‍ തുടങ്ങി. ഇളം നിറത്തിലുള്ള ഓര്ഗണ്റ്റി സാരികള്‍ തുണിക്കടകളില്‍ വലിയ തരംഗമായി. മുടി കെട്ടിവച്ച് വിടര്‍ത്തിയിട്ട ഓര്‍ഗണ്‍റ്റി സാരിയില്‍ പെണ്‍കുട്ടികള്‍ ശോഭയായി സ്വയം പരകായപ്രവേശം നടത്തി. നേര്‍ത്ത ഷിഫോണ്‍ സാരി മുടിക്കെട്ടിനു മുകളിലൂടെ ചുറ്റി, കാതില്‍ വളയമിട്ട് ഞങ്ങള്‍ സ്വയം സുന്ദരികളും പ്രണയിനികളുമായി. പ്രണയിക്കാന്‍ ഇനി സാധാരണ സൌന്ദര്യമൊക്കെ മതിയല്ലോ. ആ ധൈര്യമാണ് ശോഭയുടെ ലാളിത്യം ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത്. പാട്ടുപാടി ചുറ്റിനടക്കുന്ന പഴയ പ്രണയകാലത്തോട് ഒരു പുച്ഛം ഞങ്ങളുടെ തലമുറ എടുത്തണിഞ്ഞു. ടേപ് റെക്കോഡറുകള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ കേള്‍ക്കാന്‍ ടേപറെക്കോര്‍ഡറുകളുള്ള വീടുകളിലേക്കോടി. ശരദിന്ദു മലര്‍ദീപനാളം നീട്ടി എന്ന പാട്ടിനൊടുവില്‍ ഒരു സോഫായിലിരുന്ന് വേണു നാഗവള്ളി ശോഭയുടെ നെറ്റിയിലേക്കു വീണ മുടിയിഴ മാടിയൊതുക്കിയപ്പോള്‍ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹമുണ്ടായത് ഞാനിന്നും മറന്നിട്ടില്ല. ആ ഒരു നിമിഷത്തിലേക്ക് ഞാനെന്നെ കൊതിച്ചു. അന്നു വരെ ഒരു പ്രണയവും ഇത്രക്ക് ശരീരത്തെ സ്പര്‍ശിച്ചിരുന്നില്ല. ശോഭയുടെ ശരീരം എന്റേതായത് അന്നു മുതലാണെന്നു പറയാം. പിന്നീട് ഭാവുകത്വശീലങ്ങള്‍ മാറിയപ്പോള്‍ അന്നത്തെ പല സിനിമകളും പഴയതായി. അന്നു കണ്ടു കരഞ്ഞ രംഗങ്ങള്‍ പലതും ഇന്ന് തമാശയായി. എന്നാല്‍ കെ ജി ജോര്‍ജിന്റെ സിനിമകള്‍ ഒരിക്കലും പഴയതാകുന്നില്ല. അന്നത്തെ നീറ്റല്‍ നിലനിര്‍ത്താന്‍ അവയ്ക്ക് ഇന്നും കഴിയുന്നു. ഇന്നും ഉള്‍ക്കടല്‍ കാണുമ്പോള്‍ ശോഭയും ഞാനും അന്നത്തെപ്പോലെതന്നെ കൌമാരക്കാരികളായി പരസ്പരം സംവദിക്കുന്നു.
ടേപ് റെക്കോര്‍ഡറുകള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ കേള്‍ക്കാന്‍ ടേപ്റെക്കോര്‍ഡറുകളുള്ള വീടുകളിലേക്കോടി. ശരദിന്ദു മലര്‍ദീപനാളം നീട്ടി എന്ന പാട്ടിനൊടുവില്‍ വേണു നാഗവള്ളി ശോഭയുടെ നെറ്റിയിലേക്കു വീണ മുടിയിഴ മാടിയൊതുക്കിയപ്പോള്‍ ശരീരത്തിലൂടെ വൈദ്യുതി പ്രവാഹമുണ്ടായത് ഞാനിന്നും മറന്നിട്ടില്ല.
മോഹന്റെ ശാലിനി എന്റെ കൂട്ടുകാരിയാണ് ശോഭയെ ക്യാംപസ്സുകളുടെ പ്രിയങ്കരിയാക്കിയ അടുത്ത സിനിമ. ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടുന്ന ശാലിനി എന്ന പെണ്‍കുട്ടി. വേദനകളെ മുഴുവന്‍ കുസൃതിയുടെ ഉടുപ്പിടുവിക്കുന്നവള്‍ പ്രിയകൂട്ടുകാരി അമ്മുവായി ജലജ. ഒരാള്‍ കരഞ്ഞാല്‍ മറ്റേയാള്‍ തുണ. അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ശാലിനിയുടെ അടിക്കടിയുണ്ടാകുന്ന ജീവിതദുരന്തങ്ങള്‍; അതായിരുന്നു ഇതിവൃത്തം. കരഞ്ഞിട്ടും കരഞ്ഞിട്ടും ഞങ്ങള്‍ക്കു മതിയായില്ല. വീണ്ടും വീണ്ടും ശാലിനിയെ കാണാന്‍ ചെന്നു. മാധുരി പാടിയ ഹിമശൈലസൈകത ഭൂമിയിലെന്ന ഗാനം ക്യാംപസുകളിലെ വേദികളില്‍ പതിവായി. എങ്ങോട്ടു പോയി ഞാനെന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടെ എന്ന് ഇന്നും പാടുമ്പോള്‍ ആ കൂട്ടുകാരികള്‍ ഒന്നിച്ചാണ് മനസ്സിലേക്കു വരി
.jpg)
'മൂടുപാനി' എന്ന തമിഴ് ചിത്രത്തില്‍ ശോഭയും പ്രതാപ് പോത്തനും
എന്റെ നീലാകാശം, പാദസരം, ബന്ധനം തുടങ്ങിയ ചിത്രങ്ങളെല്ലാം ശോഭയെ കാണാന്‍ വേണ്ടി മാത്രം പോയതാണ്. സുകുമാരനുമായി ശോഭയെ ചേര്‍ത്തു കാണുന്നത് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. സുകുമാരന്റെ കണ്ണുകളിലെ പ്രണയഭാഷക്ക് അന്നു വരെയുള്ള നായകന്മാരുടേതില്‍ നിന്നൊരു വ്യത്യാസമുണ്ടായിരുന്നു. അകാല്പനികമെന്നു തോന്നിപ്പിക്കുന്ന തരം അകല്‍ച്ചയും ആസക്തമെന്നു വിളിച്ചു പറയുന്ന തീക്ഷ്ണതയും സുകുമാരന്റെ കണ്ണുകളിലുണ്ടായിരുന്നു. ആ നോട്ടം തിരശീലയില്‍ നിന്ന് നീണ്ടുനീണ്ട് എന്റെ മുഖത്തും ശരീരത്തും പതിക്കുകയും ഞാന്‍ ചൂളിപ്പോവുകയും ചെയ്തിട്ടുണ്ട്. ആ നോട്ടത്തെ ചൂളിപ്പോകാതെ നേരിടാന്‍ ശോഭയുടെ ശരീരഭാഷക്ക് കഴിയുന്നതെങ്ങനെയെന്ന് ഞാനത്ഭുതം കൊണ്ടു. നായകന്റെ നോട്ടത്തെ ശോഭ നേരിടുന്ന ആ ശൈലി സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ എന്ന ഗാനരംഗത്തിലും കാണാം. രവിമേനോന്‍ പ്രണയാര്‍ദ്രനായി തളരുമ്പോള്‍ ശോഭ നോക്കുന്ന ഏതാണ്ട് അനാസക്തവും നിര്‍വികാരവുമായ നോട്ടത്തില്‍ അന്നുവരെയുള്ള പെണ്‍നോട്ടങ്ങളുടെ റദ്ദാക്കലുണ്ട്. തളരുകയോ തല കുനിക്കുകയോ ചെയ്യുന്നില്ല അവള്‍.
അകാല്‍പനികമെന്നു തോന്നിപ്പിക്കുന്ന തരം അകല്‍ച്ചയും ആസക്തമെന്നു വിളിച്ചു പറയുന്ന തീക്ഷ്ണതയും സുകുമാരന്റെ കണ്ണുകളിലുണ്ടായിരുന്നു. ആ നോട്ടം തിരശ്ശീലയില്‍ നിന്ന് നീണ്ടുനീണ്ട് എന്റെ മുഖത്തും ശരീരത്തും പതിക്കുകയും ഞാന്‍ ചൂളിപ്പോവുകയും ചെയ്തിട്ടുണ്ട്. ആ നോട്ടത്തെ ചൂളിപ്പോകാതെ നേരിടാന്‍ ശോഭയുടെ ശരീരഭാഷക്ക് കഴിയുന്നതെങ്ങനെയെന്ന് ഞാനത്ഭുതം കൊണ്ടു.
ബാലു മഹേന്ദ്ര എന്ന മുതിര്‍ന്ന സംവിധായകനുമായി പതിനഞ്ചു വയസ്സുള്ള ശോഭ വിവാഹിതയാകുന്നു എന്ന വാര്‍ത്ത സാധാരണ പ്രേക്ഷകരെ ഞെട്ടിച്ചു. അന്ന് ബാലു മഹേന്ദ്ര വിവാഹിതനും അച്ഛനുമാണെന്നത് പരമ്പരാഗത ബോധം പുലര്‍ത്തുന്ന സമൂഹത്തിന് താങ്ങാന്‍ പ്രയാസമായിരുന്നു. അവര്‍ തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാനോ അതംഗീകരിക്കാനോ ഒന്നും ശോഭയോടുള്ള വാത്സല്യത്തിനടിപ്പെട്ടു കഴിഞ്ഞിരുന്ന ബാഹ്യസമൂഹം തയ്യാറായില്ല. ഒരു പക്ഷേ ഭാവനാസമ്പന്നനായ ഒരു സംവിധായകനും അതുല്യയായ ഒരു കലാകാരിക്കും മാത്രമറിയുന്ന ചില കലാരഹസ്യങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം. അയാളുടെ ഭാവനയുടെ ഊഷ്മളമായ തിരശ്ശീലയായിരുന്നിരിക്കാം അവള്‍. അവളിലൂടെ മാത്രം മിന്നി മറയുന്ന നൂറായിരം കഥാപാത്രങ്ങളെ അയാള്‍ കണ്ടിരിക്കാം. എല്ലാ രഹസ്യങ്ങളും അവരുടെ ഉള്ളില്‍ മാത്രമായിരുന്ന.
ശോഭ പ്രേക്ഷകര്‍ക്ക് വെറും താരമായിരുന്നില്ല. പക്കത്തു വീട്ട് തങ്കച്ചി എന്ന വി ആര്‍ സുധീഷിന്റെ വിശേഷണമാകും ശോഭക്ക് ഏറ്റവുമിണങ്ങുക. വിവാഹത്തെ തുടര്‍ന്ന് കഥകളുടെ പിന്നാലെ പുതിയ പുതിയ കഥകള്‍. സിനിമയുടെ തിരക്കഥയെ വെല്ലുന്ന കെട്ടുകഥകള്‍ സിനിമാപ്രസിദ്ധീകരണങ്ങളില്‍ നിറഞ്ഞു. അപ്പോഴും ബാലു മഹേന്ദ്രയുടെ സിനിമകളില്‍ ശോഭ നായികയായി വന്നുകൊണ്ടിരുന്നു. പശിയിലെ അഭിനയത്തിന് ശോഭയ്ക്ക് ആ വര്‍ഷത്തെ ദേശീയ പുരസ്കാരം പ്രഖ്യാപിക്കുകയും ഏപ്രിലില്‍ ശോഭ ആ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. പശിയിലെ പ്രകടനം ആ പ്രായത്തിലുള്ള ഒരു നടിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കൂടി കഴിയാത്തത്ര തികവുറ്റതായിരുന്നു. വിശപ്പിന് ഒരു നിറവും ഗന്ധവും ഉണ്ടെന്ന് മുഷിഞ്ഞുകരിഞ്ഞ ശോഭയെ തിരശ്ശീലയില്‍ കണ്ടപ്പോള്‍ അനുഭവപ്പെട്ടത് മറക്കാനാവില്ല. പലപ്പോഴും ശോഭയുടെ മണമായിരുന്നു ആ കാലത്തെ പെണ്‍കുട്ടികളുടെ മണം.
മെയ് ഒന്ന്. അതൊരു സ്റ്റഡി ലീവ് സമയം. എനിക്ക് പിറ്റേന്ന് യൂണിവേഴ്സിറ്റി പരീക്ഷ. ഗണിതശാസ്ത്രത്തിലെ കടുകട്ടിയായ ഒരു തിയറം മനഃപാഠമാക്കുവാന്‍ ഞാന്‍ മുറ്റത്ത് തലങ്ങനെയും വിലങ്ങനെയും നടക്കുന്നു. പെട്ടെന്നാണ് റേഡിയോയുടെ ശബ്ദം കൂട്ടിയിട്ട് അമ്മ വിളിച്ചുപറയുന്നത്, ശോഭ തൂങ്ങി മരിച്ചുവെന്ന്. നോട്ട്ബുക്ക് എറിഞ്ഞു കളഞ്ഞിട്ട് ഞാന്‍ അകത്തേക്കോടി. റേഡിയോ സ്റ്റാന്‍ഡില്‍ തലതാങ്ങി നിന്നു. എനിക്കൊന്നും കേള്‍ക്കാനാകുന്നില്ല. അന്നത്തെ സന്ധ്യ എനിക്ക് ശപിക്കപ്പെട്ടതായി. ഏറ്റവും വേണ്ടപ്പെട്ട പെണ്‍കുട്ടിയാണ് ലോകത്തോട് യാത്രപറഞ്ഞുപോയത്. അവള്‍ ഞാന്‍ തന്നെയായിരുന്നുവല്ലോ.
എന്തിനായിരിക്കും പ്രശസ്തിയുടെ ഉച്ചയില്‍ നില്‍ക്കുമ്പോള്‍ ത്തന്നെ ഒരു പെണ്‍കുട്ടി പൊടുന്നനെ ജീവിതം അവസാനിപ്പിച്ചു കളഞ്ഞത്? നടിയായിരുന്ന പാവം പ്രേമയുടെ മകള്‍ക്ക് കോടമ്പാക്കത്തെ സാധാരണ സിനിമാജീവിതമല്ലാതെ ബൌദ്ധികമോ സാംസ്കാരികമോ ആയ അടിത്തറകളൊന്നുമുണ്ടായിരുന്നില്ല. അരവിന്ദന്‍-കാവാലം സ്കൂളുകളുടെ അഭിനയ പരിശീലനവും കോളെജ് വിദ്യാഭ്യാസവും സാംസ്കാരിക പശ്ചാത്തലവും ഒക്കെ ഉണ്ടായിരുന്ന ജലജയായിരുന്നു ശാലിനിയുടെ കൂട്ടുകാരി അമ്മുവായി സിനിമയില്‍ വേഷമിട്ടതും കത്തുകളിലൂടെ രഹസ്യങ്ങള്‍ കൈ മാറിയിരുന്നതും. ആരെയും കൊതിപ്പിക്കുന്ന സൌഹൃദം. യഥാര്‍ഥ ജീവിതത്തില്‍ അമ്മുവിനെപ്പോലെ ഒരു കൂട്ടുകാരി ശോഭക്കുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ, അകാലത്തില്‍ അവള്‍ സ്വയം ഒടുക്കിക്കളയുമായിരുന്നിരിക്കില്ല. സിനിമയിലെ പുതിയ സ്ത്രീക്കൂട്ടായ്മയുടെ പ്രസക്തി എന്തെന്ന് ഗൌരവത്തോടെ ഓര്‍മിക്കാനുള്ള ദിവസം കൂടിയാകണം, രാജ്യത്തെ മികച്ച് അഭിനേത്രി സ്വയം ജീവിതമവസാനിപ്പിച്ച ഈ ദിവസം.

ബാലുമഹേന്ദ്രയും (ഇടത്ത്) ശോഭയും (വലത്തുനിന്ന് രണ്ടാമത്)
ക്യാമ്പസ് കാലങ്ങളെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച അന്നത്തെ സംവിധായകരുടെ ചിത്രങ്ങളില്‍ അക്കാലത്ത് ശോഭ അവതരിപ്പിച്ച കോളെജ് വിദ്യാര്‍ഥിനിയുടെ വേഷം അത്രക്ക് യഥാതഥമായിരുന്നതു കൊണ്ടാവാം പില്‍ക്കാലത്ത് പ്രണയവര്‍ണങ്ങളിലെയും സൂര്യപുത്രിയിലെയും നിറത്തിലെയും ക്യാംപസുകളും പരിസര ബോധമില്ലാതെ തുള്ളിക്കളിക്കുന്ന പെണ്‍കുട്ടികളെയും കാണുമ്പോള്‍ ഇതെവിടത്തെ ക്യാംപസ് എന്നൊരു അപരിചിതത്വം തോന്നുന്നത്. ശോഭയുടെ ചലച്ചിത്രങ്ങള്‍ പുതിയകാല അഭിനേത്രികള്‍ ഒരു ടെക്സ്റ്റായി കണ്ട് അതില്‍ നിന്ന് ഏറെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട്. കാല്‍വിരല്‍ത്തുമ്പുമുതല്‍ തലമുടിനാരുവരെ അത്രയ്ക്ക് സ്വാഭാവികമായ അഭിനയത്തിനുവേണ്ടി അവര്‍ ഉപയോഗപ്പെടുത്തുകയാണ്. അനായാസതയാണതിന്റെ മുഖമുദ്ര.അക്കാലത്ത് കോട്ടയത്ത് സിനിമാ താരങ്ങള്‍ ആരെത്തി യാലും ഫോട്ടോ എടുക്കുന്നത് കൃഷ്ണന്‍കുട്ടി ആയിരുന്നു. നാന സിനിമാവാരികയ്ക്ക് വേണ്ടി ഫോട്ടോ എടുത്തിരുന്ന കൃഷ്ണന്‍കുട്ടിയും അങ്ങനെ ഞങ്ങളുടെ മനസ്സില്‍ താരമായിരുന്നു. വളരെ വിപുലമായ ചിത്രശേഖരമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഇന്ന് കോട്ടയത്ത് അദ്ദേഹം നടത്തുന്ന ചിത്രാ സ്റ്റുഡിയോയുടെ മുന്നിലൂടെ പോകുമ്പോള്‍ എത്രയെത്ര ബ്ളാക് ആന്റ് വൈറ്റ് ഓര്‍മകളാണ് എന്നെ വന്നുപൊതിയുന്നത്.
എന്റെ ഒരു സ്വകാര്യവേദന പങ്കുവയ്ക്കാനായി മാത്രം ശോഭയെക്കുറിച്ചുള്ള ചിതറിയ ചിന്തകള്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടപ്പോഴാണ് തലമുറഭേദമില്ലാതെ ശോഭയെ മലയാളികള്‍ തങ്ങളിലൊരാളായി ഇപ്പോഴും കാണുന്നുവെന്ന അറിവ് എന്നെ അമ്പരപ്പിച്ചത്. അവള്‍ ഞാനായിരുന്നു, അവള്‍ ഞാനായിരുന്നു എന്ന് താഴെത്താഴെയായി കമന്റുകള്‍ നിറഞ്ഞു. അവരില്‍ ശോഭ മരിച്ചതിനു വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഹ്രസ്വകാലം മാത്രം ഈ ഭൂമിയില്‍ കലാകാരിയായി ജീവിച്ച ഒരു പെണ്‍കുട്ടിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്. ശോഭ മരണത്തിന്റെ ഈ നാൽപ്പതാം വര്‍ഷത്തിലും നമ്മെ കരയിക്കുന്നുവെങ്കില്‍ അതിലെന്തോ ഒരു കാര്യമുണ്ട്. അന്തിമ ഉത്തരം ലളിതമാണ്. കലയുടെ സാരം. കലാകാരിയുടെ സാഫല്യം.
(ദേശാഭിമാനി വാരികയില്‍ നിന്ന്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..