25 March Saturday

ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി സൈനബ ടീച്ചര്‍

ദിവാകരൻ പരിയാരംUpdated: Tuesday Jan 30, 2018

സ്പീച്ച്‌തെറാപ്പി ക്ലാസ്സിൽ പരിശീലനം തുടങ്ങി നാലുദിവസത്തിനുള്ളിൽ പത്തുവയസ്സുകാരി 'അമ്മേ' എന്ന് വിളിച്ചു. ഒരിക്കലും സംസാരിക്കില്ലെന്ന് കരുതിയ തന്റെ പൊന്നോമനയുടെ മാറ്റത്തിൽ അമ്മയുടെ സന്തോഷാശ്രുക്കൾ ഏറ്റുവാങ്ങി ആ ടീച്ചർ. 25 വർഷങ്ങൾക്ക് മുമ്പുണ്ടായ അനുഭവം കെടാതെ സൂക്ഷിക്കുകയാണ് എ കെ സൈനബ.

ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളിൽ അന്ധരും മൂകരും ബധിരരും ചലനശേഷിയില്ലാത്തവരും ബുദ്ധിമാന്ദ്യമുള്ളവരും മാനസികവളർച്ചയില്ലാത്തവരും ഓട്ടിസം ബാധിച്ചവരുമെന്നല്ല മറ്റെന്ത് പഠനവൈകല്യമുള്ളവരായാലും പരിചരണവും പരിഹാരബോധനവു (Remedial teaching)മാണ് ജീവിതത്തിലേക്ക് അവരെ പിച്ചവയ്പ്പിക്കുന്നത്. 'കുട്ടികളിലെ പഠനവൈകല്യങ്ങളെ മറികടക്കാൻ ഒരുവഴി കുറഞ്ഞസമയം കൊണ്ട് ശരിയായ പരിശീലനത്തിലൂടെ മാറ്റമുണ്ടാക്കുകയാണ്' കോഴിക്കോട് ചേവരമ്പലം സ്വദേശിനിയായ സൈനബടീച്ചർ. കേവലമായ വാക്കല്ല അനുഭവമാണ്, ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ വർഷങ്ങളായി സൈനബ ടീച്ചർ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നു.

എസ്എസ്എൽസിക്ക് ശേഷം ഐടിഐ (ഇലക്ട്രോണിക്‌സ്) പാസ്സായെങ്കിലും നിയോഗം ഇവരെ തിരുവണ്ണൂരിലെ ബാലസേവിക ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചു. അവിടെനിന്നും മികച്ച ബാലസേവികയായി പരിശീലനം പൂർത്തിയാക്കിയപ്പോഴേക്കും സ്‌പീച്ച്‌തെറാപ്പി ക്ലാസ്സെടുക്കാൻ അവസരം ലഭിച്ചു. തുടർന്ന് പ്രീഡിഗ്രിയും സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമയും നേടി. എംഎസ്ഡബ്ല്യു പഠനം തുടരുന്നു.

വലിയസാമ്പത്തിക ചുറ്റുപാടിലൊന്നുമായിരുന്നില്ല ജീവിതം. ഏഴ് മക്കളിൽ അഞ്ചാമതായി ജനിച്ചു. ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ടു. ഉമ്മ താങ്ങായി. സ്വപ്‌നങ്ങളെ യാഥാർഥ്യത്തിലേക്കുള്ള വഴിയായി തെരഞ്ഞെടുക്കാനും പ്രതിസന്ധികളിലും പ്രവർത്തനമേഖല വിപുലമാക്കിയതും സ്വന്തം കാലിൽ നിൽക്കണമെന്ന  ആഗ്രഹം.

സൈനബടീച്ചർ റോമിലെ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ

സൈനബടീച്ചർ റോമിലെ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ


സ്പീച്ച് തെറാപ്പി ക്ലാസ്സിൽനിന്ന് ശിശുപരിപാലനകേന്ദ്രത്തിലേക്കാണ് പിന്നീടെത്തിയത്. 1996ൽ Radiant Oral school of Hearing Impaired (ROSHI)  എന്ന സ്ഥാപനത്തിന് രൂപം നൽകി. രണ്ടായിരത്തിൽ കോഴിക്കോട് ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിൽ രൂപം കൊണ്ട Disability Rehabilitation Centre ൽ സേവനംചെയ്തു. 2004ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  സർവശിക്ഷാ അഭിയാൻ പദ്ധതിയിൽ റിസോഴ്‌സ് അധ്യാപികയായി ജില്ലയിലെ വിവിധ ബിആർസികളിൽ പഠിപ്പിച്ചു. 2014ൽ റിസോഴ്‌സ് അധ്യാപക ജോലി രാജിവച്ച് നാല് മാസം കോഴിക്കോട് ഗവ. പോളിയിൽ കംപ്യൂട്ടർ സയൻസ് ഡിപ്ലോമ പഠിക്കുന്ന കുട്ടികളുടെ Sign Language Intrepreter  ആയി. തുടർന്ന് 2014 ജനുവരിയിൽ SMILE Guidence Centre for Differently Abled  എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പുതിയ ദൗത്യമാണ് ടീച്ചർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 18 വയസ്സു തികഞ്ഞ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തരാക്കാനായി നടക്കാവിൽ We Smile Vocational Trining and Placement Centre for Differently Abled എന്ന സ്ഥാപനത്തിന് തുടക്കമിട്ടു.

ഒരു വർഷത്തെ പരിശീലനത്തിൽ ആദ്യ ആറുമാസത്തിനുള്ളിൽ കുട്ടികളുടെ സമഗ്രവികസനമാണ് ലക്ഷ്യം. എല്ലാ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. അടുത്ത ആറുമാസം ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവുമനുസരിച്ച് കൃത്യമായ ഒരു തൊഴിൽ പഠിപ്പിക്കുന്നു. പിന്നീട് പ്ലേസ്‌മെന്റിലൂടെ അവരെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. 30 കുട്ടികൾക്കെങ്കിലും തൊഴിൽ നൽകുന്ന പ്രൊഡക്ഷൻ യൂണിറ്റാണ് ഉദ്ദേശിക്കുന്നത്. സഹകരിക്കുന്ന സ്വകാര്യസ്ഥാപനങ്ങളെയും  ആശ്രയിക്കും. ഇപ്പോൾ 28 കുട്ടികളും പത്ത് ജീവനക്കാരുമാണ് നടക്കാവിലെ We  Smile സ്ഥാപനത്തിലുള്ളത്.

യുഎസ്, ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യൻ രാജ്യങ്ങൾ, ചൈന, മലേഷ്യ, ശ്രീലങ്ക, സിംഗപ്പുർ, പലസ്തീൻ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള ടീച്ചറുടെ യാത്ര ഓരോ രാജ്യത്തിന്റെയും സംസ്‌കാരം, ജീവിതം,  വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വികാസം, അധ്യാപക വിദ്യാർഥി ബന്ധം, ബോധന രീതി എന്നിവയെല്ലാം മനസ്സിലാക്കാൻ സഹായകമായി. വികസിതമെന്ന് അവകാശപ്പെടുമ്പോഴും പട്ടിണികിടക്കുന്ന ജനങ്ങളെയും ലോകത്ത് കണ്ടു. ന്യൂയോർക്ക്, ചിക്കാഗോ, വാഷിങ്ടൺ, മക്ക, മദീന, റോം, ലോസ് ആഞ്ചലോസ്, ലാസ്‌വേഗസ്, പാരീസ്, ഇറ്റലി, ജർമനി, വിയന്ന, ആസ്റ്റർഡാം, സൂറിച്ച്, ഓസ്ട്രിയ, വിയന്ന, വെനീസ്, കെയ്‌റോസ്, ഡമാസ്‌കസ്, കോലാലംപൂർ നഗരങ്ങൾ സന്ദർശിച്ചിട്ടും യാത്രയോടുള്ള താൽപ്പര്യം കൈവിട്ടിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top