16 July Tuesday

അമേരിക്കയിൽ അരങ്ങ്‌ കീഴടക്കി രോഷ്‌നി

വിനു വാസുദേവന്‍Updated: Sunday Oct 10, 2021


മധ്യമ പാണ്ഡവൻ അർജുനന്റെ സൗന്ദര്യത്തിൽ ഭ്രമിച്ച ദേവനർത്തകി ഉർവശി. മോഹം സഫലമാകില്ലെന്ന് ഉറച്ചപ്പോൾ, കഠിന  വേദനയോടെ ശപിച്ച് ഷണ്ഡനാക്കിയ അപ്‌സര സുന്ദരി. കോട്ടയത്ത് തമ്പുരാന്റെ നിവാത കവച കാലകേയവധം ആട്ടക്കഥയിലെ നായികയായ ഉർവശി, ഏറ്റവും സങ്കേതഭദ്രവും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രമാണ്. അരങ്ങിൽ അവതരിപ്പിച്ചു വിജയിക്കുക ശ്രമകരം. മഹാരഥന്മാരായ പല സ്‌ത്രീവേഷക്കാരും പരിഭവത്തോടെമാത്രം ഏറ്റെടുക്കാറുള്ള വേഷം. എന്നാൽ, രോഷ്നിപിള്ളയെന്ന അമേരിക്കൻ മലയാളി ദൗത്യം ഏറ്റെടുത്തു. ആഗസ്‌ത്‌ 14ന്‌ കാറൽമണ്ണയിലെ കുഞ്ചുനായർ സ്‌മാരകട്രസ്റ്റിലെ അരങ്ങത്ത് അത്‌ സാക്ഷാൽക്കരിച്ചു. ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്റെ  ഫലം. 

രണ്ടു പതിറ്റാണ്ടായി അമേരിക്കയിലാണ്‌ രോഷ്നിപിള്ള. ലോക്ക്ഡൗണിന്റെ ആരംഭത്തിലാണ്‌ ഉർവശി മനസ്സിൽ കയറിക്കൂടിയത്‌. കൃത്യമായി ലഭിച്ച ‘ഓൺലൈൻ’ ക്ലാസും ഒരുമാസംനീണ്ട ചിട്ടയായ ചൊല്ലിയാട്ടവും അരങ്ങേറ്റം അനായാസമാക്കി. 

കഥകളി കണ്ടും കേട്ടും വളർന്ന ബാല്യം. അമ്മ അരങ്ങിൽ വേഷം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ  കാട്ടുകുളം ഗ്രാമത്തിൽനിന്ന്‌ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ പി പി ബാലകൃഷ്‌ണമേനോൻ ഭാര്യയെയും രണ്ടു പെൺകുട്ടികളെയും ബൈക്കിൽ ഇരുത്തി പറ്റാവുന്നിടത്തെല്ലാം കഥകളിക്ക്‌ കൊണ്ടുപോയി. 1980കളുടെ തുടക്കത്തിൽ വള്ളുവനാട്ടിലെ അരങ്ങുകളിൽ ഇവർ പതിവുകാരായിരുന്നു. ഒടുവിൽ രോഷ്നിയും സഹോദരി രഞ്ജിനിയും കഥകളി അഭ്യസിക്കാൻ തീരുമാനിച്ചു. മികച്ച വേഷക്കാരനായിരുന്ന കലാമണ്ഡലം കെ ഗോപാലകൃഷ്‌ണൻ ആയിരുന്നു ഗുരു. സ്‌കൂൾ അവധി ദിവസങ്ങളിൽ രണ്ടു വർഷത്തെ ചിട്ടയായ പഠനം. 1985ൽ, പരിയാനംപറ്റ ക്ഷേത്രത്തിൽ അരങ്ങേറ്റം.

അതോടെ കഥകളി വേഷം അണിയാനുള്ള മോഹം രോഷ്നിയിൽ വർധിച്ചു. പിന്നീട് ‘ലവണാസുരവധ’ത്തിലെ ‘കുശലവന്മാർ’ ദക്ഷയാഗത്തിലെ ശിവൻ, രുഗ്‌മിണീസ്വയംവരത്തിലെ കൃഷ്ണൻ എന്നീ വേഷങ്ങൾ അഭ്യസിച്ചു. ഇതിൽ രഞ്ജിനിയും രോഷ്നിയും കൂടിയുള്ള ‘കുശലവന്മാർ’ ആ കാലഘട്ടത്തിൽ ധാരാളം അവതരിപ്പിക്കപ്പെട്ടു.

പാലക്കാട്ട് ബി ടെക്കിന്‌ ചേർന്നതോടെ പന്ത്രണ്ട് വർഷം നീണ്ട കഥകളി പഠനത്തിനും അവതരണത്തിനും  താൽക്കാലിക വിരാമം. ഈ കാലത്ത് കലാമണ്ഡലം കേശവൻ നമ്പൂതിരിയുടെ ശിഷ്യയായി.   

പഠനത്തിനുശേഷം അൽപ്പകാലം ബംഗളൂരുവിൽ, തുടർന്ന്‌ അമേരിക്കയിൽ എൻജിനിയറുമായ സുരേഷ് മേനോനുമായി വിവാഹം കഴിഞ്ഞ് 1999ൽ അങ്ങോട്ട്‌ പോയി. തിരക്കിട്ട കുടുംബജീവിതത്തിനിടെ കഥകളിക്ക്‌ വിശ്രമം. 2006ൽ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ആശാൻ കേശവൻ നമ്പൂതിരി, പറവൂർ ക്ഷേത്രത്തിൽ  ‘പൂതനാമോക്ഷം’ ചെയ്യാമോ എന്ന് ചോദിച്ചത്. ഒന്നുംനോക്കാതെ ശരിയെന്നു പറഞ്ഞു. 

പറവൂരിലെ അണിയറയിൽനിന്ന് വേഷമഴിച്ച് പോന്നുവെങ്കിലും ആ മനയോലയുടെ കൊതിപ്പിക്കുന്ന ഗന്ധം രോഷ്നിയെ പിന്തുടർന്നു. തുടർന്ന് ഫെയ്‌സ്ബുക് കൂട്ടായ്മയായ ‘കേളീരവ’ത്തിന്റെ ഉദ്‌ഘാടനത്തിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ കളിയും തൊട്ടടുത്ത ദിവസം നാട്ടിലെ ക്ഷേത്രത്തിലെ വേഷവും കഥകളി വീണ്ടും ഗൗരവമായി എടുക്കാൻ രോഷ്നിയെ പ്രേരിപ്പിച്ചു. തുടർന്നിങ്ങോട്ട് ഓരോ വർഷവും അവധിക്കാലത്ത് ‘കാട്ടുകുള’ത്തെ വീട്ടിലേക്ക് ഓടിയെത്തുന്നത് ഏതെങ്കിലും ഒക്കെ അരങ്ങുകൾ മോഹിച്ചാണ്. അഞ്ചു വർഷത്തിനിടെ ആദ്യാവസാന സ്‌ത്രീവേഷങ്ങളായ ‘നളചരിതം നാലാം ദിവസ’ത്തിലെയും ദമയന്തിമാർ, ബാണയുദ്ധത്തിലെ ‘ഉഷ നരകാസുരവധം’ ‘ലളിത’ എന്നിവയും രോഷ്നിപിള്ള രംഗത്ത് അവതരിപ്പിച്ചു. യുവനടന്മാരിൽ പ്രശസ്‌തനും കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലെ അധ്യാപകനുമായ ഹരികുമാറിന്റെ കീഴിലാണ് ഇപ്പോൾ അഭ്യസനം.

കഥകളിയിൽ സ്‌ത്രീകൾ കടന്നുവരുന്നതും അവൾക്ക് ആസ്വാദകരുടെ അംഗീകാരം ലഭിക്കുന്നതുമൊക്കെ വളർച്ചയുടെ തെളിവാണെന്ന്‌ രോഷ്നി പറയുന്നു.    
അമേരിക്കയിൽ എൻജിനിയറായി ജോലിയെടുക്കുമ്പോഴും നാട്ടിലെ കഥകളി തന്നെയാണ് രോഷ്നിയുടെ മനസ്സിൽ. അങ്ങനെ ഓരോദിവസവും കരുതിവയ്ക്കുന്ന മോഹങ്ങൾ എല്ലാംകൂടി ഒരുമിച്ചൊരു അവധിക്കാലത്ത് നാട്ടിലെ കഥകളിയരങ്ങുകളിൽ സമർപ്പിക്കുന്നു. സ്ഥിരമായി കേരളത്തിലേക്ക് താമസം മാറ്റിയശേഷം പണ്ട്, കുട്ടിക്കാലത്ത് നടന്നതുപോലെ കഥകളിയും കണ്ട്... അൽപ്പമൊക്കെ കളിച്ച്... സ്വതന്ത്രമായൊരു ജീവിതംകൂടി മോഹിക്കുന്നു രോഷ്‌നി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top