30 March Thursday

ആരായിരുന്നു റോസാ ലക്സംബർഗ്‌; ആ പോരാളിയുടെ രക്തസാക്ഷ്യത്തിന് ഇന്ന്‌ 101 വർഷങ്ങൾ

രാജു സെബാസ്റ്റ്യൻUpdated: Wednesday Jan 13, 2021

1919 ജർമ്മൻ രാഷ്ട്രീയ കാലാവസ്ഥ കലങ്ങിമറിഞ്ഞ കാലം. ചാൻസലർ സ്ഥാനത്തു നിന്നും കൈസർ സ്ഥാനമൊഴിഞ്ഞു. എമ്പർട്ട് സ്കൈഡർമാൻ അധികാരമേറ്റു.തൊഴിലാളികളെയും കമ്യൂണിസ്റ്റ്കാരെയും പുരോഗമനവാദികളെയും ക്രൂരമായി അടിച്ചമർത്തി. സമാധാനപരമായ പ്രതിഷേധ പ്രകടനം പോലും തച്ചുതകർത്തു. വലതുപക്ഷ രാഷ്ട്രീയം അതിൻ്റെ ആഭാസകനാടകം തിമിർത്താടി.ജനരോക്ഷം ശക്തമായി. ഒരു വിപ്ലവത്തിന് കാലമായെന്ന് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയായ കെപിഡി വിലയിരുത്തി.

(റോസാ ലക്സംബർഗും കാൾ ലീബ്ക്നെക്തും ക്ലാരസെറ്റ്കിനും (ഫെമിനിസത്ത അരാജകവാദത്തിൽ നിന്നും മോചിപ്പിച്ചു മാർക്സിസ്റ്റ് സൈദ്ധാന്തികതയിൽ ഉറപ്പിച്ച വിപ്ലവകാരി ) കാൾറാജെക്കും ലിയോ ജോഗി ഷെസും ചേർന്നു 1918 ൽ രൂപം കൊടുത്തതാണ് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി.)

ബഹുജന പ്രക്ഷോഭം അണപൊട്ടി.കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും സോഷ്യൽ ഡെമോക്രാറ്റുകളും തൊഴിലാളികളും
സാധാരണക്കാരും ബുദ്ധിജീവികളും തോളോട് തോൾ ചേർന്നു നിന്നു പോരാട്ടത്തിൽ പങ്കാളിയായി. സമരരീതിയോട് നേരിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും റോസാ ലക്സംബർഗ് എന്ന കമ്യൂണിസ്റ്റ് പോരാളി സമരാങ്കണത്തിൽ അടരാടി.
പോലീസും പട്ടാളവും പ്രതിലോമശക്തികളും ചേർന്നു ജനങ്ങളെ നേരിട്ടു. ബർലിൻ തെരുവുകളിൽ രക്ത പുഴകൾ ഒഴുകി.

സമരത്തിൻ്റെ നേതാക്കളായിരുന്ന റോസയും കാൾ ലീബ്ക് നെക്തും വില്യം പിയേക്കും അറസ്‌റ്റിലായി. ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്ന സ.റോസാ ലക്സംബർഗിനെ വോഗൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ വാതിൽക്കൽ വെച്ച് തോക്കു കൊണ്ട് തല അടിച്ചു തകർത്തു.( എല്ലാ ഫാസിസ്റ്റുകൾക്കും വേണ്ടതു ധൈഷണികതയുടെ തലച്ചോറിനെയാണല്ലോ.) എന്നിട്ടും കലിതീരാതെ ആ വിപ്ലവകാരിയുടെ തലയ്ക്കു നേരെ തുരുതുരെ വെടിവെച്ചു.എന്നിട്ടും കലി തീരാതെ ബർലിനിലെ ലാൻഡ്വേർ കനാലിലിലേക്ക് വലിച്ചെറിഞ്ഞു. അന്ന്‌ ജനുവരി 13.  അവർ തകർത്തുകളഞ്ഞ റോസയുടെ ജഡം കരയ്ക്കടിഞ്ഞു മെയ് 31 ന്.ആരായിരുന്നു വലതുപക്ഷ ഭരണകൂടം തകർത്തു കളഞ്ഞ , കൊന്നുകളഞ്ഞ ഈ റോസാ ലക്സംബർഗ് !. മാർക്സിസ്റ്റ് ദർശനത്തിന് തീ പാറുന്ന ആശയസംവാദങ്ങൾക്ക് അമൂല്യ സംഭാവനകൾ നൽകിയ പ്രതിഭാശാലിയായ വിപ്ലവകാരി.

1871 മാർച്ച് 5 ന് ഡമോസ്ക് എന്ന പോളിഷ് റഷ്യൻ ഗ്രാമത്തിൽ ജനിച്ച് വാർസയിൽ കൗമാരകാലം പിന്നിട്ട് അനീതിയെ ചെറുപ്പം മുതൽ എതിർത്തു നിന്ന സമത്വത്തിന് വേണ്ടി നിലകൊണ്ട വഴക്കാളി !. എന്നിട്ടും 16 വയസ്സിൽ വാർസയിലെ ഗേൾസ് സ്ക്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായ പ്രതിഭാശാലി.യൗവ്വനം ചെലവഴിച്ചതു സ്യൂറിച്ചിൽ. അവിടെ നിയമവും ധനശാസ്ത്രവും വിഖ്യാതമായ മാർക്കോടെ പാസ്സായി. കലാലയത്തിലെ സംവാദ വേദികളിൽ റോസയുടെ വാക്കുകൾ ജ്വലിച്ചു നിന്നു. കണ്ണുകൾ തിളങ്ങി നിന്നു. കേൾവിക്കാരുമായി അർത്ഥഗർഭമായി സംവേദിച്ചു.

1906 ൽ റോസ തൻ്റെ പ്രസിദ്ധമായ താത്വിക പാഠം  The Mass strike , the political Party and the Trade Unions പ്രസിദ്ധീകരിച്ചു.1913 ൽ The accumulations of capital എന്ന വിലപ്പെട്ട ഗ്രന്ഥം പ്രസിദ്ധീകരിച്ചു.1915 ൽ വിഖ്യാതമായ ലഘുലേഖ The crisis in the Germa Social Democracy പ്രസിദ്ധീകരിച്ചു.1918 ൽ ഏറെ ശ്രദ്ധേയമായ The Russion Revolution പ്രസിദ്ധീകരിച്ചു.

 ലെനിൻ്റെ വിഖ്യാത  one step forward , two steps backway (ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് ) എന്ന ഗ്രന്ഥത്തിന് എഴുതിയ നിരൂപകപ്രബന്ധം മാർക്സിസം ഗൗരവമായി പഠിക്കുന്നവർ വായിച്ചിരിക്കേണ്ട ഒന്നാണ്.

ഈ അതുല്യ പ്രതിഭ ശാലിയെയാണ് സൈദ്ധാന്തികയെയാണ് കമ്യൂണിസ്റ്റ് പോരാളിയെയാണ് മാനവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയെയാണ് വലതുപക്ഷ മൂരാച്ചി ഭരണകൂടം കൊന്നുകളഞ്ഞതു.

സ.റോസാ ലക്സംബർഗിൻ്റെ രക്തസാക്ഷിത്വം ഓർമ്മിക്കുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഡൽഹി തെരുവീഥികളിൽ കർഷക സമരം ശക്തി പ്രാപിക്കുകയാണ്. ! കർഷകരും തൊഴിലാളികളുമായും വർഗ്ഗ ഐക്യം ഉയർന്നു വരുന്നു.
ജീവിതം പോരാട്ടമാണന്ന് ജനങ്ങൾ തിരിച്ചറിയുന്നു. സമ്പന്ന വർഗ്ഗ മുതലാളി വർഗ്ഗ കുത്തക അനുകൂല നയങ്ങൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിക്കൊണ്ടല്ലാതെ ജീവിക്കാൻ കഴിയില്ലന്ന് ദിനംപ്രതി തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളാണ് സ.റോസാ ലക്സംബർഗിന് നൽകാവുന്ന ഏറ്റവും ഉചിതമായ അനുസ്മരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top