27 March Monday

റോസ ലക്‌സംബർഗിന്റെ ജീവിതത്തിലൂടെ

പുത്തലത്ത് ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Jan 15, 2023

പുത്തലത്ത് ദിനേശന്‍

പുത്തലത്ത് ദിനേശന്‍

മാർക്‌സിസത്തെ അതിന്റെ അഗാതധകളിൽ ഉൾക്കൊള്ളുകയും വികസിപ്പിക്കുകയും അതിനെ പ്രയോഗ രംഗത്ത് കൊണ്ടുവരുന്നതിന് ഏറെ സംഭാവനകൾ നൽകുകയും ചെയ്‌തുവെന്നതാണ് റോസ ലക്‌സംബർഗിന്റെ ജീവിതത്തെ വ്യത്യസ്‌തമാക്കുന്നത്.

തൊഴിലാളി വർഗ വിമോചനത്തെയും സ്ത്രീ വിമോചനത്തെയും പരസ്‌പരം കണ്ണി ചേർത്ത്‌ മുന്നോട്ടു പോയ സൈദ്ധാന്തിക നിലപാടുകളും റോസയെ വ്യത്യസ്‌ത‌മാക്കുന്നു. ഇതിഹാസ തുല്യമായ ജീവിതമായിരുന്നു അവരുടേത്. തൊഴിലാളി വർഗത്തിന്റെ വഴികാട്ടിയെന്ന് ലെനിൻ വിശേഷിപ്പിച്ച റോസ ലക്‌സംബർഗ് ജർമൻ പട്ടാളത്താൽ വധിക്കപ്പെടുന്നത് 1919 ജനുവരി 15ന്‌ ആണ്.

മാർക്‌സിസത്തിന്റെ  ജൈവികതയെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സർവാധിപത്യത്തിന്റെ രീതികളെ ശക്തമായി റോസ വെല്ലുവിളിച്ചു. പീഡനങ്ങൾക്ക് മുമ്പിൽ തന്റെ ആശയങ്ങൾ വലിച്ചെറിയാതെ അത് ഉയർത്തിപ്പിടിച്ചു. താൻ കണ്ടെത്തിയ വഴികളിലൂടെ ധീരമായി മുന്നോട്ട് നീങ്ങിയ റോസയുടെ ജീവിതം വിപ്ലവകാരികൾക്ക് എക്കാലവും ആവേശം പകരുന്നതാണ്‌.

1871 മാർച്ച് അഞ്ചിന്‌ പോളണ്ടിൽ ജനിച്ച റോസ പാഠപുസ്‌തകങ്ങൾക്കപ്പുറത്തേക്ക്‌, വായനയുടെ ലോകത്ത്‌ കാലുറപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു. ചെറുപ്പത്തിലേ പോളിഷ് ഭാഷയും റഷ്യനും ഹീബ്രുവും അൽപ്പസ്വൽപ്പം ജർമനും സ്വായത്തമാക്കി. മുൻനിരയിലെത്തുന്ന വിദ്യാർഥിനികൾക്കുള്ള സ്വർണമെഡൽ തീക്ഷ്‌ണമായ കലാപസ്വഭാവമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചുന്നാളിലേ ഇവർക്ക് നഷ്‌ട‌പ്പെട്ടു. എന്നാൽ അതൊന്നും അവരെ തളർത്തിയില്ല.

കമ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയും മൂലധനവുമെല്ലാം  റോസയുടെ വായനലോകത്തെ കീഴടക്കി. ബോധ്യങ്ങളുടെ ബലത്തിൽ നിശ്ചയദാർഢ്യത്തോടെ പെരുമാറുന്ന റോസ അങ്ങനെ രൂപപ്പെട്ടുവരികയായിരുന്നു. അർഥശാസ്ത്രം ഇഷ്‌ട‌വിഷയമായിരുന്ന റോസ പോളണ്ടിലെ വ്യവസായവൽക്കരണം ഗവേഷണ വിഷയമായി തെരഞ്ഞെടുത്തു. അന്നത്തെ പോളണ്ടിലെ പെൺകുട്ടികൾക്ക്‌ ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായതിനാൽ സ്വിറ്റ്സർലൻഡിലായിരുന്നു അവരുടെ ജീവിതം.

ജർമനിയുടെ തലസ്ഥാനത്ത് ഏത്തിച്ചേർന്നതോടെ രാഷ്ട്രീയ പ്രയോഗത്തിന്റെ മണ്ഡലത്തിൽ അവർ കാലുറപ്പിച്ചു. ഇക്കാലത്ത് ജർമനിയിലെ സ്ത്രീ പ്രസ്ഥാനവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. തുടർച്ചയായ അറസ്റ്റുകളും ജയിൽ വാസവും റോസയുടെ ജീവിതത്തെ വേട്ടയാടിയെങ്കിലും അതൊന്നും നിശ്ചയ ദാർഢ്യത്തെ കീഴ്പ്പെടുത്തിയില്ല. അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടങ്ങളിൽ കോടതിയെ തന്നെ റോസ പ്രചാരവേദിയാക്കി. പാർടി സ്‌കൂളിലെ പ്രധാന അധ്യാപികയായ ഇവർ പ്രണയത്തെ ജീവിതത്തിൽ ഉൾച്ചേർത്ത വിപ്ലവകാരികൂടിയായിരുന്നു. അത് നൽകിയ ഊഷ്മളതയും കരുത്തും പങ്കാളിത്തവും അവരുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു.

ജർമനി റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ഈ ഘട്ടത്തിൽ സോവിയറ്റ് മാതൃകയിലുള്ള വിപ്ലവം ലക്ഷ്യംവച്ച് റോസയുടെ നേതൃത്വത്തിൽ സ്‌പാർട്ടക്കസ് ലീഗ് തെരുവിൽ പോരാട്ടം ആരംഭിച്ചു. മുന്നേറ്റത്തെ നിഷ്ഫലമാക്കി പോരാട്ടം ഭീകരമായി അടിച്ചമർത്തപ്പെട്ടു. പട്ടാളത്തിന്റെ നേതൃത്വത്തിൽ അക്രമങ്ങൾ എങ്ങും അരങ്ങേറി. ശവശരീരങ്ങൾകൊണ്ട് തെരുവുകൾ നിറഞ്ഞു.

അവസാനം റോസ താമസിച്ചിരുന്ന ഹോട്ടൽ ഈഡനിലെ മുറിയിലേക്ക് പട്ടാളക്കാരെത്തി. റോസയെ ഒരാൾ കൈത്തോക്ക് ചൂണ്ടി. മറ്റൊരാൾ മുഖത്ത് ആഞ്ഞടിച്ചു. മൂക്കിൽ നിന്ന് ചോര ചീറ്റി മെല്ലെയവൾ നടന്നുനീങ്ങി. മറ്റൊരു പട്ടാളക്കാരൻ തോക്കിന്റെ പാത്തികൊണ്ട്  അടിച്ചു. തലപിളർന്ന് നിമിഷങ്ങൾക്കകം വെടിയുണ്ട റോസയുടെ തലച്ചോറിൽ തുളച്ചുകയറി. ലോകം ദർശിച്ച ധീരയും ബുദ്ധിശാലിയുമായ ആ ധീരവനിതയെ ബർലിൻ നഗരത്തിന്റെ ആഴമേറിയ അഴുക്കുചാലിലേക്ക് പട്ടാളം വലിച്ചെറിഞ്ഞു. റോസ രക്‌തസാക്ഷിയായി.

മാർക്‌‌സിന്റെ മൂലധനത്തെ വിശകലനം ചെയ്‌ത്‌ റോസ എഴുതിയ ‘മൂലധനത്തിന്റെ അതിസമ്പാദനം' എന്ന കൃതി അവർ നടത്തിയ അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഉൽപ്പന്നമെന്ന നിലയിൽ രൂപപ്പെടുത്തിയതായിരുന്നു. സാമ്രാജ്യത്വ ചൂഷണത്തിന്റെ അടിസ്ഥാനം തേടിയുള്ള യാത്രകൂടിയായിരുന്നു അത്.  വെട്ടിപ്പിടിച്ച കോളനികളിൽ സാമ്രാജ്യത്വം നടത്തുന്ന പ്രക്രിയയെ റോസ ഇതിൽ വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ചൈനയിലും ഫ്രഞ്ച് സാമ്രാജ്യത്വം അൽജീരിയയിലും ഉൾപ്പെടെ നടത്തിയ ചൂഷണങ്ങളെ റോസ ഈ പുസ്‌ത‌കത്തിൽ തുറന്നുകാട്ടി.

ഇന്ത്യൻ റെയിൽവേ വികസനത്തെ റോസ കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തു. ഇതിന്റെ ഫലമായി ബ്രിട്ടന്റെ കൽക്കരി, ഉരുക്ക് വ്യവസായം തഴച്ചുവളർന്നു. ഇതിനായി ഇന്ത്യയിൽ നിന്ന് അക്കാലത്ത് കടത്തിയ ലാഭം ഭീമമായിരുന്നുവെന്ന് ഓർമിപ്പിക്കാനും റോസ മറക്കുന്നില്ല.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകസമ്പദ്ഘടനയിൽ ഇന്ത്യയുടെ ഓഹരി 23 ശതമാനമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയപ്പോൾ അത് മൂന്ന്‌ ശതമാനമായി താഴ്‌ന്നു. ചൂഷണത്തെ നേരത്തേതന്നെ തിരിച്ചറിയാൻ റോസയ്ക്ക് കഴിഞ്ഞത് അവരുടെ സൈദ്ധാന്തികമായ ശേഷിയും മാർക്സിസത്തിലുള്ള അഗാധ ധാരണയും കൊണ്ടാണ്.

തന്റെ ജീവിതത്തിലൂടനീളം സാർവദേശീയ തൊഴിലാളി വർഗത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വമായി അവർ പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് വിപ്ലവത്തെ നയിക്കുന്നതിന് ഒരു കേന്ദ്രീകൃത തൊഴിലാളിവർഗ പാർടി ആവശ്യമാണെന്ന ലെനിന്റെ കാഴ്ചപ്പാടിനെ അവർ എതിർത്തു. റഷ്യയിൽ വിപ്ലവം പൂർത്തീകരിക്കാനും ജർമനിയിൽ അതിന് കഴിയാതെ പോയതിനും ഈ ദുർബലത കാരണമായിത്തീർന്നു. റോസയ്ക്ക് ലെനിനുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിന്‌ മറ്റൊരു പ്രശ്‌നം രാഷ്ട്രങ്ങളുടെ സ്വയം നിർണയ അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം എന്ന പുസ്‌തകം തന്നെ റോസയുടെ നിലപാടുകൾക്ക് നേരെയുള്ള ലെനിന്റെ മറുപടിയായിരുന്നു.

റോസയുടെ നിലപാടുകൾ എത്രത്തോളം സ്വീകാര്യത നേടിയിരുന്നുവെന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്. റോസയെ വിമർശിക്കുമ്പോഴും വലതുപക്ഷ ആശയങ്ങൾക്കെതിരെ പൊരുതിയ തൊഴിലാളി വർഗത്തിന്റെ വഴികാട്ടിയെന്ന് ലെനിൻ അവരെ വിശേഷിപ്പിച്ചു.  റോസയുടെ വിപ്ലവകരമായ ചിന്തകളെയും അന്വേഷണങ്ങളെയും അംഗീകരിക്കുന്നതായിരുന്നു ലെനിന്റെ പൊതുസമീപനം.

തന്റെ ശരികളിൽ ഉറച്ചുനിൽക്കുകയും അതിനായി നിശ്ചയദാർഢ്യത്തോടെ നിലപാടെടുക്കുകയും ചെയ്‌ത വിപ്ലവകാരിയായിരുന്നു റോസ ലക്സംബർഗ്. ഭാവിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടാൻ ഇടയുള്ള വെല്ലുവിളികളെ ദീർഘവീക്ഷണത്തോടെ വിലയിരുത്തിയെന്നത് റോസയുടെ നിലപാടുകളെ വർത്തമാനകാലത്ത് ശ്രദ്ധേയമാക്കുന്നു. പുതിയ കാഴ്‌ചകളെ ഉൾക്കൊള്ളാനും ജനാധിപത്യപരമായ സമീപനം മുറുകെ പിടിക്കാനും എല്ലാ ഘട്ടങ്ങളിലും അവർ  പരിശ്രമിച്ചിരുന്നു. മാർക്‌സിസ്റ്റ് ദർശനത്തെ ജീവിതത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് സ്വയം വെട്ടിത്തെളിയിച്ച വഴിയിലൂടെ മുന്നോട്ടുപോയ റോസയുടെ ജീവിതത്തിൽ നിന്നും വർത്തമാന കാലത്ത് പലതും നമുക്ക് മനസ്സിലാക്കാനുണ്ട്. പുതുവഴികൾ വെട്ടിത്തുറക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്ന വർത്തമാനകാലത്ത് പ്രത്യേകിച്ചും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top