08 August Saturday

സിംഹനന്ദിനി ...ചുവടുകളിൽ സിംഹമുണരുന്നു

കെ പി വേണുUpdated: Tuesday Feb 12, 2019

ചുവടുകളിൽ സിംഹത്തെ വരച്ചെടുക്കുന്ന സിംഹനന്ദിനി നൃത്തമാടാൻ കേരളത്തിൽ നിന്നൊരു ടെക്കി യുവതി. എറണാകുളത്ത്  ഇൻഫോപാർക്കിൽ ടിസിഎസ് കമ്പനി ഉദ്യോഗസ്ഥ രേഷ്മ യു രാജാണ്  ഇന്ന് സിംഹനന്ദിനി അവതരിപ്പിക്കുന്ന ഏക മലയാളി നർത്തകി.

18-ാം നൂറ്റാണ്ട് വരെ ആന്ധ്രയിലെ ക്ഷേത്ര രഥഘോഷയാത്രക്ക് മുന്നിൽ ദേവദാസികൾ നടത്തിയിരുന്ന ചിത്ര നാട്യത്തിലെ ഒരിനമാണ് സിംഹ നന്ദിനി. രഥത്തിന് മുന്നിൽ തറയിൽ രംഗോളി പൊടിയോ അരിപ്പൊടിയോ വിതറി അതിൽ നൃത്തം ചെയ്യും. നൃത്തത്തിന്റെ അവസാനത്തോടെ ചുവടുകൾ ചിത്രങ്ങൾ തീർക്കും. പാദങ്ങളെഴുതിയ ചിത്രത്തിനനുസരിച്ചാണ് നൃത്തം അറിയപ്പെടുന്നത്. ദേവന്റെയും ദേവിയുടേയുമൊക്കെ സ്തുതിയാണ് ഇതിന്റെ ഗാനം. സ്തുതിക്കുന്ന ദേവതയുമായി ബന്ധപ്പെട്ട ചിത്രമാണ് തറയിൽ  നർത്തകി വരച്ചിടുക.

മഹാലക്ഷ്മീ വൈഭവം, മയൂര കൗത്വം, സിംഹ നന്ദിനി എന്നിങ്ങനെ പ്രേൻഘിനി നൃത്യം എന്നറിയപ്പെടുന്ന ചിത്ര നാട്യത്തിലെ മൂന്നിനങ്ങളുടെ പേര്.  മഹാലക്ഷ്മി വൈഭവത്തിൽ ലക്ഷ്മീ സ്തുതിയോടെയുള്ള ചുവടുകൾ വരച്ചെടുക്കുന്നത് താമരയാണ്. മയൂരകൗത്വത്തിൽ മുരുക സ്തുതിയിൽ മയിലിന്റെ ചിത്രവുമാണ്. സിംഹ നന്ദിനിയിലാകട്ടെ ദുർഗ്ഗാദേവി സ്തുതിയും സിംഹരൂപവും. ഈ മൂന്ന് വിഭാഗങ്ങളിലും വെച്ച് സിംഹ നന്ദിനിക്കാണ്  പ്രിയവും പ്രചാരവും.

തിരുവനന്തപുരം സ്വദേശിയായ രേഷ്മ, അമ്മ ഉഷാ രാജിന്റെ താല്പര്യപ്രകാരം  മൂന്നര വയസ്സു മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ദേശീയ ബാലശ്രീ പുരസ്കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവപ്രതിഭാ അവാർഡ്, ജില്ലാ കലോത്സവത്തിൽ കലാതിലകം എന്നിവ  കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ ഈ ബിരുദാനന്തര ബിരുദക്കാരി നേടിയിട്ടുണ്ട്. എൻജിഒ യൂണിയൻ കളമശേരി ഏരിയ പ്രസിഡൻറും ഗവണ്മെന്റ് ഐടിഐ ജീവനക്കാരനുമാണ് ഭർത്താവ് ഡി പി ദിപിൻ. ആറു വയസ്സുകാരനായ ഭവത്രാത് ഏകമകനാണ്.  കളമശേരി ഐടിഐ ക്വാർട്ടേഴ്സിലാണ് താമസം.

നൃത്ത പഠനത്തിനിടയിൽ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനുമില്ലാത്ത രംഗസ്വാതന്ത്ര്യവും അഭിനയ സാധ്യതകളുമാണ് നൃത്തനാടകമായ കൂച്ചിപ്പുടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം.  കുച്ചിപ്പുടിയുടെ നൃത്തനാടക രൂപത്തിൽ നിന്നും വിഭിന്നമായി ചിത്രനാട്യ വിഭാഗത്തിലാണ് സിംഹ നന്ദിനി ഉൾപ്പെടുന്നത്.

18-ാം നൂറ്റാണ്ടിൽ  സിംഹ നന്ദിനി  അവസാനമായി അവതരിപ്പിച്ചത്  കനകാംബാൾ (കമലാംബാൾ ?) എന്ന ദേവദാസീ നർത്തകിയാണെന്നാണ് രേഖകൾ. പിന്നീട് കുറെക്കാലത്തേക്ക് ഈ നൃത്തരൂപം അരങ്ങേറിയതിന്  തെളിവുകളില്ല.
ഇരുപതാം നൂറ്റാണ്ടിൽ കുച്ചിപ്പുടി ഗവേഷണത്തിനും പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ച ഗുരു സി ആർ ആചാര്യയാണ് ചിത്രനാട്യത്തെ പുനരുജ്ജീവിപ്പിക്കുന്നത്. അദ്ദേഹവും,  മകളും ശിഷ്യയുമായ വോളെട്ടി രങ്കമണിയും ചേർന്ന് ചിത്ര നാട്യത്തെ ഇന്നത്തെ രീതിയിലേക്ക് പുതുക്കിയെടുത്തു. ദൈർഘ്യമേറിയ സിംഹനന്ദന താളത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഇനമാണ് നിലവിൽ ഉപയോഗിക്കുന്നത്.

രേഷ്മ 2016ൽ യൂട്യൂബിലൂടെയാണ് സിംഹനന്ദിനിയെ കുറിച്ച് അറിയാനിടയായത്. പഠിക്കാനുള്ള താല്പര്യമറിയിച്ചപ്പോൾ പ്രോത്സാഹനവുമായി ഭർത്താവ് ദിപിനും. പിന്നെ തിരിഞ്ഞു നോക്കിയില്ല. ആധികാരികമായിത്തന്നെ പഠിക്കാൻ നൃത്ത ജീവിതത്തിന്റെ സുവർണ്ണ ജൂബിലി പിന്നിട്ട ഗുരു വോളെട്ടി രങ്കമണിയെത്തേടി ഹൈദരാബാദിലേക്ക്.  ദിവസങ്ങൾ കൊണ്ട് പ്രാഥമിക പാഠങ്ങൾ പഠിച്ചെടുത്ത് അവിടെ നിന്ന് മടങ്ങി. തുടർന്ന്  ആഴ്ചയിൽ രണ്ടു ദിവസം സ്കൈപ്പിലൂടെ ഗുരു നേരിട്ട് അഭ്യസിപ്പിക്കും. വീട്ടിൽ നിലത്ത് അരിപ്പൊടി വിതറി അതിൽ നൃത്തം ചെയ്തായിരുന്നു പരിശീലനം. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത്  ദുർഗ്ഗാക്ഷേത്രത്തിൽ അരങ്ങേറ്റം.  തുടർന്ന് നിരവധി വേദികൾ.

പൊതുവെ ക്ലേശകരമാണ് കുച്ചിപ്പുടി പഠനം. സിംഹ നന്ദിനിയാകട്ടെ അതീവ ക്ലേശകരവും.  ചുവടുകൾ ചിത്രമായി രേഖപ്പെടുത്തുന്നതിനാൽ ഓരോ ചുവടും അതീവ ശ്രദ്ധയോടെ വേണം. ഒരു ചെറിയ പിഴ ചിത്രം പൂർത്തീകരിക്കാനാകാത്ത അവസ്ഥയുണ്ടാക്കും. അതുകൊണ്ടായിരിക്കാം ഈ വിഭാഗത്തിലേക്ക് കടന്നുവരാൻ നർത്തകർ മടിക്കുന്നത് എന്നാണ് രേഷ്മയുടെ പക്ഷം.

സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുമ്പോൾ താഴെയിരിക്കുന്നവർക്ക്  തറയിൽ പാദങ്ങളെഴുതുന്ന ചിത്രം ദൃശ്യമാകുകയില്ല. ഈ പോരായ്മ പരിഹരിക്കുന്നത് പ്രത്യേക ഫ്രെയ്മിൽ നനഞ്ഞ തുണി വലിച്ചുകെട്ടി  വിതറിയ വർണ്ണ പൊടിയിൽ വെച്ച് അതിൽ നൃത്തം ചെയ്യും. നൃത്താവസാനം ഫ്രെയിം ഉയർത്തി കാണിക്കും. ഇത് ഗുരു സി ആർ ആചാര്യയുടെ പരിഷ്കാരമാണെന്ന് രേഷ്മ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top