31 March Friday

നന്മയുടെ വീൽചെയർ വെളിച്ചം

പി കെ സജിത്‌Updated: Sunday Mar 8, 2020


ഇരുകാലും തളർന്ന് കൈക്ക്‌ സ്വാധീനം കുറഞ്ഞ കോഴിക്കോട് കണ്ണാടിക്കലിലെ രമ്യ ഗണേശിന് ഈ വനിതാദിനത്തിലും തിരക്കൊഴിഞ്ഞ നേരമില്ല. ടൗൺഹാളിന് സമീപത്തെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ‘വിലമതിക്കാനാവാത്ത' വർണക്കൂട്ടുകൾ വിൽക്കുന്നതിലുള്ള തകൃതിയിലാണ്‌ അവർ.  സംസ്ഥാനത്തെ വിവിധ രീതിയിലുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി അവർ വരച്ച എണ്ണൂറോളം ചിത്രത്തിൽ 150 ചിത്രം തെരഞ്ഞെടുത്ത് പ്രദർശിപ്പിക്കുമ്പോൾ രമ്യയുടെ ഉള്ളവും കുളിർക്കും.

‘നന്ദിയുണ്ട് എന്നെ സ്‌നേഹിച്ച ഒരുപറ്റം നല്ല മനുഷ്യരോട്.  ഉന്മേഷം തരുകയും വീണ്ടും ഉണർത്തിയെടുക്കുകയും ചെയ്‌തതിന്. ആ  തലോടലുകൾ ഇല്ലായിരുന്നില്ലെങ്കിൽ... എനിക്ക് ഓർക്കാനേ വയ്യാ

സ്വപ്‌നങ്ങൾക്ക് ചിറകുവിടർത്തി കോഴിക്കോട്ട്‌ ആതിഥ്യമരുളുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ചിത്രപ്രദർശനത്തിന്റെ തിരക്കുകളിൽ അമരുമ്പോൾ നാം നാണിക്കും നമ്മുടെ പരിമിതികളെക്കുറിച്ച്.  

സ്വപ്‌നചിത്ര 2020ന്റെ കോ–-ഓർഡിനേറ്ററായ രമ്യ ഇന്ന് അറിയപ്പെടുന്ന വീൽചെയർ മോഡലും മോട്ടീവേറ്റീവ് സ്‌പീക്കറുമാണ്. ‘‘നന്ദിയുണ്ട് എന്നെ സ്‌നേഹിച്ച ഒരുപറ്റം നല്ല മനുഷ്യരോട്.  ഉന്മേഷം തരുകയും വീണ്ടും ഉണർത്തിയെടുക്കുകയും ചെയ്‌തതിന്. ആ  തലോടലുകൾ ഇല്ലായിരുന്നില്ലെങ്കിൽ... എനിക്ക് ഓർക്കാനേ വയ്യാ’’–-അമ്മ സതിയെ ചേർത്തുനിർത്തി രമ്യ പറഞ്ഞു. ഇന്ന് ഞാൻ ഭൂമിയുടെയും ആകാശത്തിന്റെയും ഭംഗി ആസ്വദിക്കുന്നു. പുഴയെയും കടലിനെയും അടുത്തറിയുന്നു.  വീൽ ചെയറുമായി അമ്പലങ്ങളിലുള്ളിൽ വരെ പോകാം. ആർക്കും  ബുദ്ധിമുട്ടാകാതെ എനിക്ക്  എന്നെത്തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞു.

പോളിയോ ബാധിച്ചെങ്കിലും മറ്റു കുട്ടികൾക്കൊപ്പം പത്താം ക്ലാസ് വരെ നടക്കാവ് സ്‌കൂളിൽ പഠനം തുടരാൻ കഴിഞ്ഞു. അച്ഛനും അമ്മയും ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂളിൽ എത്തിച്ചിരുന്നത്.  ഇതിനിടെ, അച്ഛന്റെ മരണം. പിന്നെയെല്ലാം അമ്മയുടെ ചുമലിലായി. എട്ടുവർഷം വീടിനകത്തു തന്നെ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടായ എനിക്ക് എന്നോടു തന്നെ ഒരുതരം വെറുപ്പ്. ഓരോ ദിനവും തള്ളിനീക്കവെയാണ് നാട്ടിലെ അങ്കണവാടി ടീച്ചർ ഒരു വെളിച്ചമായത്.  ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡ്രീം ഓഫ് അസിനെ കുറിച്ചറിയാനായി. ഇവരുടെ ഇടപെടലുകളുടെ ഭാഗമായി എട്ടുവർഷത്തിനുശേഷം വീണ്ടും എന്റെ സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചു.  നഷ്ടമായ എസ്എസ്എൽസി 85 ശതമാനം മാർക്കോടെ പാസായി. ഇപ്പോൾ നടക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഈ മുപ്പതുകാരി. ഭൂമിയിൽ ഞാനുമുണ്ട് എന്നുറപ്പിച്ചു പറയാൻ ഇന്നെനിക്ക് കഴിയുന്നു. ഒരു മടിയുമില്ലാതെ. 
വായനയാണ് ഏറെ ഇഷ്ടം. പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറും.

മനസ്സ്‌ വളരുന്നത് മനുഷ്യരിൽ കൂടിയാണല്ലോ. അങ്ങനെ എനിക്ക് മറ്റുള്ളവരിലൂടെ എന്നെ കണ്ടെത്താനായി.  ഞങ്ങളാൽ തളർന്നുപോയ മാതാപിതാക്കൾക്ക് ഇന്ന് ഞങ്ങൾ പ്രതീക്ഷയാണ്. സമൂഹത്തിനു മാതൃകയാണ്. കൈപിടിച്ചുയർത്താൻ കൂടെ നിങ്ങളുണ്ടെങ്കിൽ ഞങ്ങളെന്തിന് പേടിക്കണം. ബഷീറിനെ വായിച്ചപ്പോൾ അനുഭവങ്ങളാണ് വലിയ അധ്യാപകനെന്ന് മനസ്സിലാക്കാനായി. അതിനാൽ അനുഭവങ്ങൾ കോർത്തുള്ള ഒരു പുസ്‌തകം രചിക്കണം. അതിനുള്ള ഒരുക്കത്തിലാണ്‌ രമ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top