30 May Tuesday

ആഘോഷിക്കാം കറുപ്പിനെ

കെ വി സുധാകരൻUpdated: Sunday Jun 13, 2021

വർണവിവേചനത്തിന്റെ മുള്ള് സമൂഹത്തിൽ തറയ്‌ക്കാൻ തുടങ്ങിയത്
ഇന്നോ ഇന്നലെയോ അല്ല.  ഷാരൂഖ് ഖാന്റെ മകൾമുതൽ ബ്രിട്ടീഷ് രാജകുടുബത്തിലെ മരുമകൾ മേഗൻവരെ ഈയിടെ ഈ വിവേചനം
നേരിട്ടു. ഇരുണ്ട നിറത്തിന്റെ പേരിൽ അവഗണന നേരിടുമ്പോൾ
കറുപ്പിന്റെ തിളക്കത്തെ, ആത്മവിശ്വാസമാക്കി മാറ്റാൻ കഴിയട്ടെ.
കഴിഞ്ഞ ആഴ്‌ച ദേശാഭിമാനി സ്‌ത്രീ തുടങ്ങിയ ക്യാമ്പയിൻ തുടരുകയാണ്

ജൂൺ ആറിന്റെ സ്‌ത്രീയിൽ കൃഷ്‌ണപ്രിയ എന്ന  വിദ്യാർഥിനിയെപ്പറ്റി വന്ന കുറിപ്പാണ്‌ ഇതെഴുതാൻ പ്രേരണ. കറുപ്പുനിറം അപകർഷത ഉണ്ടാക്കുന്നെന്ന നാട്ടുനടപ്പിനെതിരെ, കറുപ്പിനെ അഭിമാനവും ആത്മവിശ്വാസവുമായി കാണുന്ന പുതുതലമുറ വരുന്നു എന്ന തോന്നലാണ്‌ അത്‌ വായിച്ചപ്പോൾ ഉണ്ടായത്‌. സ്‌ത്രീകളുടെ മാത്രമല്ല, മലയാളികളുടെയാകെ ബോധ്യത്തിലേക്ക്‌ ഈ കാഴ്‌ചപ്പാട്‌ വിളക്കിച്ചേർക്കേണ്ടതുണ്ട്‌.

നിറം, വേഷം, ഭാഷ, ഭക്ഷണം തുടങ്ങി മനുഷ്യരുടെ ജീവിതവഴികളെയെല്ലാം നിയന്ത്രിക്കുന്നതിൽ  ജനിച്ച പ്രദേശം, അതിന്റെ ഭൂമിശാസ്‌ത്രം, കാലാവസ്ഥ, സംസ്‌കാരം, ചരിത്രം എന്നിവയെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ മനുഷ്യരുടെ തൊലി പൊതുവെ ഇരുണ്ടതാണ്‌. 

ജനതിക ഘടകങ്ങളും ഒരാളുടെ തൊലിയുടെ നിറം നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നു. ഭൂമിശാസ്‌ത്രവും അൾട്രാ വയലറ്റ്‌ രശ്‌മികളുടെ വികിരണവുമായും ബന്ധപ്പെട്ടതാണിത്‌. ഉഷ്‌ണമേഖലയിലുള്ളവരിൽ അൾട്രാ വയലറ്റ്‌ വികിരണം അധികമായി ഏൽക്കുന്നു. അൾട്രാ വയലറ്റ്‌ രശ്‌മികളുടെ ആഘാതത്തെ ദുർബലപ്പെടുത്താൻ ശരീരത്തിൽ കൂടുതൽ മെലാനിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ്‌ നിറം ഇരുണ്ടതാകുന്നത്‌. എന്നാൽ, ഉത്തരാർധഗോളത്തിലെ   ഇംഗ്ലണ്ട്‌, അമേരിക്കപോലുള്ള രാജ്യങ്ങളിലുള്ളവരിൽ അൾട്രാ വയലറ്റ്‌ രശ്‌മികൾ പതിക്കുന്നത്‌ കുറവായതിനാൽ, മെലാനിന്റെ അധിക ഉൽപ്പാദനത്തിന്റെ ആവശ്യകത വരുന്നില്ല. അതുകൊണ്ടുതന്നെ അവിടങ്ങളിലുള്ളവരുടെ തൊലി കൂടുതൽ വെളുത്തതോ ചുവന്നതോ ആകുന്നു.
ഇത്തരം ശാസ്‌ത്രീയ വസ്‌തുതകൾപോലും അംഗീകരിക്കാൻ തയ്യാറാകാതെ നാം നിറം വെളുപ്പിക്കാൻ പെടാപ്പാടുപ്പെടുകയാണ്‌. എത്ര ലേപനങ്ങൾ പുരട്ടിയാലും ഇംഗ്ലീഷുകാരന്റെയോ അമേരിക്കക്കാരന്റെയോ തൊലിനിറം കൈവരിക്കാൻ ഇന്ത്യക്കാർക്കാവില്ല. വിവാഹ സന്ദർഭങ്ങളിൽ പെൺകുട്ടിൾക്ക്‌ വെളുപ്പുനിറം അനിവാര്യമായിരിക്കുന്നു. കറുപ്പിനെ കീഴാള നിറമായി കണ്ട്‌ വിഷമിക്കുന്നവരിൽ ആൺകുട്ടികളുമുണ്ട്‌.  മാട്രിമോണിയൽ പരസ്യങ്ങളിൽ ഇതേവരെ ഒരു യുവാവും ‘ഒരു കറുത്തുമെലിഞ്ഞ സുന്ദരി’യെ ആവശ്യമുണ്ടെന്ന്‌ പറഞ്ഞിട്ടില്ല. നിറത്തിന്റെ കാര്യം വരുമ്പോൾ എല്ലാവർക്കും വെളുപ്പുതന്നെ പഥ്യം.  
 അമേരിക്കയിൽ ജോർജ്‌ ഫ്ലോയിഡ്‌ എന്ന കറുത്തവംശജനെ ഡെറിക്‌ ഷോവർ എന്ന വെളുത്ത പൊലീസുകാരൻ കാൽമുട്ടുകൊണ്ട്‌ ഞെരിച്ചമർത്തി കൊന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. റഷ്യൻ ഫുട്‌ബോൾ ക്ലബ്ബായ സെനിറ്റ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗ്‌  41 ദശലക്ഷം യൂറോ നൽകി വാങ്ങിയ ബ്രസീലിയൻ സ്‌ട്രൈക്കർ മാൽക്കം ഒലിവിയേറയെ തൊലിക്കറുപ്പിന്റെ പേരിലുള്ള അധിക്ഷേപത്തെതുടർന്ന്‌  ഒഴിവാക്കി. അമേരിക്കൻ പൊലീസ്‌ പ്രതിവർഷം ശരാശരി 300 കറുത്തവർഗക്കാരെ വെടിവച്ച്‌ കൊല്ലുന്നുണ്ടെന്നാണ്‌ കണക്ക്‌. വടക്കേ ഇന്ത്യക്കാർക്ക്‌ തെക്കെ ഇന്ത്യക്കാർ ഇപ്പോഴും ‘കാലാ മദ്രാസി’തന്നെ. 

കൊളോണിയലിസം അടിച്ചേൽപ്പിച്ച അധമബോധത്തിൽനിന്ന്‌ മോചിതരാകാൻ കഴിയാത്തതാണ്‌ പ്രശ്‌നം. കൃഷ്‌ണനെ ഇഷ്ടദേവനായി കരുതുന്നവർപോലും കൃഷ്‌ണന്റെ ശ്യാമവർണത്തെ അംഗീകരിക്കുന്നില്ല. ‘കാളി കറുപ്പല്ലേ, കാമൻ കറുപ്പല്ലേ, കാളിന്ദിയാറും കറുത്തതല്ലേ’ എന്നൊക്കെ  കവികൾ വാഴ്‌ത്തുന്നുണ്ടെങ്കിലും അത്‌ അനുഭവലോകത്ത്‌ പ്രതിഫലിക്കുന്നില്ല. വെളുത്ത തൊലിയുള്ള നടിമാർ തന്റെ നായികമാരാകാൻ തയ്യാറാകാത്തതിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ വിശ്രുത നടൻ കലാഭവൻ മണി പറഞ്ഞിട്ടുണ്ട്‌.

വെളുപ്പിനോട്‌ അഭിനിവേശം രൂപപ്പെടുത്തുന്നതിൽ ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങൾ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ‘പരസ്യകലയാണ്‌ ആധുനികകാലത്തെ ഏറ്റവും നല്ല കല’ എന്ന്‌ പറഞ്ഞത്‌ റെയ്‌മണ്ട്‌ വില്യംസാണ്‌. പരസ്യത്തിലൂടെ കേവലം  ഉൽപ്പന്നം മാത്രമല്ല, അത്‌ ഉപയോഗിക്കുന്നയാൾ മറ്റൊരു തലത്തിലേക്ക്‌ ഉയർത്തപ്പെട്ടു എന്ന തോന്നലുണ്ടാകുമെന്നും റെയ്‌മണ്ട്‌ വില്യംസ്‌ ‘അഡ്വർട്ടൈസിങ്‌: ദ മാജിക്‌ സിസ്റ്റം’ എന്ന ലേഖനത്തിൽ പറയുന്നുണ്ട്‌. സോപ്പിന്റെയും ക്രീമിന്റെയും  പരസ്യത്തിൽ തൊലിവെളുപ്പുള്ള നടിമാർ  പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ  ശരീരലാവണ്യത്തിലേക്ക്‌ എത്തിപ്പെടുമെന്ന തോന്നലിലാണ്‌ പലരും ഇത്തരം സൗന്ദര്യസംവർധക വസ്‌തുക്കൾ ഉപയോഗിക്കുന്നത്‌.

വെളുപ്പിനോടുള്ള ഈ അതിരില്ലാത്ത അഭിനിവേശത്തിൽനിന്ന്‌ ലാഭം കൊയ്യുന്നത്‌ സൗന്ദര്യസംവർധക വസ്‌തുക്കളുടെ ഉൽപ്പാദകരായ ലോറൽ, ഓറിഫ്ലെയിം, യൂണി ലീവർ, എസ്റ്റിലാൻഡർ, പ്രൊക്ടർ ആൻഡ്‌ ഗാംബിൾ തുടങ്ങിയവയാണ്‌. സൗന്ദര്യസംവർധക ഉൽപ്പന്ന വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്‌ തൊലിവെളുപ്പിനുള്ള  ലേപനങ്ങൾക്കാണെന്നാണ്‌ അസോചം (Associated Chamber of Commerce and Industry of India) റിപ്പോർട്ടിൽ പറയുന്നത്‌.  

വെളുക്കാൻ തേക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണി ഉയരങ്ങളിലേക്ക്‌ പോകുമ്പോഴാണ്‌ കൃഷ്‌ണപ്രിയ എന്ന  വിദ്യാർഥിനി കറുപ്പ്‌ അഭിമാനമായി കാണുന്നത്‌. ഇത്‌ നിറത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെയുള്ള പുതിയ തലമുറയുടെ കാഴ്‌ചപ്പാടിലെ മാതൃകാപരമായ വ്യതിയാനമാണ്‌. ആ അർഥത്തിൽ കൃഷ്‌ണപ്രിയയുടെ ഇടപെടലുകൾ ശ്ലാഘിക്കപ്പെടേണ്ടതുമാണ്‌. ഇതിനോട്‌ സമൂഹം എത്രത്തോളം ഐക്യപ്പെടുമെന്നതാണ്‌ അറിയാനുള്ളത്‌.

ലൈഫ്‌ ഈസ്‌  കളർഫുൾ

സതീഷ് ഗോപി

‘‘ശരീരത്തിന്റെ നിറത്തിലല്ല കാര്യം. നമ്മുടെ നിലപാടിലും ജീവിത വീക്ഷണത്തിലുമാണ്. നിറത്തെക്കുറിച്ചുള്ള അപകർഷ ചിന്ത കൈവിട്ടു, കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ജീവിതം കളർഫുള്ളാകുന്നത് അനുഭവിച്ചറിയാം.’’  
പറയുന്നത് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. നിറത്തെച്ചൊല്ലിയുള്ള വിവേചനത്തെ സഹിഷ്‌ണുതയോടെ എതിരിട്ട് നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കി കുതിക്കുന്നവൾ. അവഗണനയെ അപകർഷതയോടെ ഏറ്റുവാങ്ങുകയല്ല. പോരാട്ടത്തിന് പുതുസ്വരം നൽകുകയാണ് സയനോര. ഒപ്പമുള്ള പ്രതിഭാശാലികൾക്കായി സയനോര വാദിക്കുന്നു.

സയനോര ഇടപെടുമ്പോൾ അത് വർണ വിവേചനത്തിൽ മാത്രം ഒതുങ്ങിയില്ല. ബോഡി ഷെയിമങ് എന്ന ഓമനപ്പേരിലുള്ള  വേട്ടയാടലിനെതിരെയുമുള്ള പോരാട്ടമായി. തൊലിക്കറുപ്പ്‌ മാത്രമല്ല ഇന്ന് അപമാനിക്കപ്പെടുന്നത്. തടി കൂടിയവർ, കുറഞ്ഞവർ. പല്ലുന്തിയവർ, സൗന്ദര്യം കുറഞ്ഞവർ തുടങ്ങി വലിയ വിഭാഗം പൊതു സമൂഹത്തിൽ അപഹസിക്കപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ശക്തമായ ഈ കാലത്ത് ഈ വേട്ടയാടലിന് ശക്തിയേറുകയാണ്. സമൂഹത്തിൽ മാത്രമല്ല കുടുംബത്തിൽപ്പോലും ഈവിധ വിവേചനമുണ്ട്.

ചിലയിടങ്ങളിൽ മാതാപിതാക്കൾ പോലും ഈ വ്യത്യാസപ്പെടുത്തലിൽനിന്ന് മുക്തരല്ല. കഴിവുള്ളവരെ നിറത്തിന്റെയും മറ്റ്‌ കാരണങ്ങളുടെയും പേരിൽ താറടിക്കുകയും ഈ ശരീര പ്രത്യേകതകളുടെ പേരിൽ ഒളിച്ചോടുകയുംചെയ്‌തവർക്ക് മുന്നറിയിപ്പും മാതൃകയുമാണ് സയനോരയുടെ ജീവിതം. പാട്ടുകൊണ്ട് എത്തിപ്പിടിക്കാനാവുന്ന ഉയരങ്ങൾ തൊട്ട ഈ കണ്ണൂർക്കാരി മനസ്സു തുറക്കുന്നു. വിവേചനങ്ങളെ കൂളായി നേരിടണമെന്ന മുഖവുരയോടെ.

‘‘ബാല്യം മുതൽ കറുത്തനിറത്തിന്റെ പേരിൽ അവഗണന നേരിട്ടവളാണ് ഞാൻ. നന്നായി പാടുമായിരുന്നിട്ടും ചെറുപ്പത്തിൽ  പരിഗണന കിട്ടിയിട്ടില്ല. സ്‌കൂളിലെ നൃത്ത സംഘത്തിൽ പോലും പരിഗണിച്ചില്ല. നമുക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു എന്റെ തോന്നൽ. ആത്മവിശ്വാസം നൽകി മാതാപിതാക്കളും ഒപ്പം നിന്നത് വലിയ ആശ്വാസമായി. മുതിർന്നപ്പോൾ മനസ്സിലായി. പ്രശ്നം എന്റേതല്ല. സമൂഹത്തിന്റെ നിലപാടിന്റേതാണെന്ന്. ഇവിടെ പ്രധാനം മാറേണ്ടതും മാറ്റിയെടുക്കേണ്ടതും സമൂഹത്തിന്റെ നിലപാടാണ്. മനോഭാവങ്ങളാണ്. ’’

സംഗീത രംഗത്ത് സജീവമായപ്പോൾ ഈ വിഷയത്തിലുള്ള തന്റെ നിലപാടിന് മൂർച്ച കൂട്ടിയിട്ടുണ്ട് സയനോര. സ്റ്റേജ് ഷോകളിൽ നിറം കുറഞ്ഞ പ്രതിഭാശാലികളെ അകറ്റി നിർത്തുന്നതിനെതിരെ അവർ ധൈര്യപൂർവം സ്വരമുയർത്തി. രശ്‌മി സതീഷിനെയും  പുഷ്‌പവതിയെയും പോലുള്ള മികച്ച ഗായികമാർക്ക് അവസരം നിഷേധിക്കുന്നതിനെതിരെയാണ് സയനോര ഇടപെട്ടത്.

സിനിമയിലായാലും കലാ രംഗത്തായാലും സ്റ്റീരിയോടൈപ്പ് ആളുകൾക്കാണ് അവസരം. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയിൽ അവസരം ലഭിക്കുന്നത് കുറവാണ്. ഈ രീതിക്ക് മാറ്റം വരുത്തണം. ഇതിനെല്ലാം ആദ്യം വേണ്ടത് സ്വന്തം കഴിവുകളിലുളള കറതീർന്ന ആത്മവിശ്വാസമാണ്. - സയനോര പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top