20 September Sunday

ബുള്ളറ്റിൽ ഒരു ബജാജ്‌

വി കെ അനുശ്രീUpdated: Monday Jan 13, 2020


തിരക്കേറിയ വീഥികളിൽ ലെഫ്‌റ്റും റൈറ്റും കട്ടടിച്ച്‌  ഘടാഘടിയൻ ബൈക്കുകളിൽ ചീറിപ്പായുന്ന പെണ്ണുങ്ങൾ പുതിയ കാഴ്‌ചയേയല്ല. സൈക്കിളും  സ്‌കൂട്ടറും കടന്ന്‌ ‘ആണുങ്ങളുടെ’ മാത്രമായിരുന്ന ഹെവി സിസി ബൈക്കുകളിൽ ഉലകം ചുറ്റുന്നു തരുണീമണികൾ. യാത്രയുടെയും സ്വാതന്ത്ര്യത്തിന്റെയും ഉന്മാദം നുണയാൻ എണ്ണിയാൽ ഒടുങ്ങാത്ത റൈഡിങ്‌ ക്ലബ്ബുകളും. എന്നാൽ ഇപ്പോഴും അധികമൊന്നും കടന്നുചെല്ലാത്ത ‘സോളോ റൈഡിങ്ങി’ൽ  മുൻനിരയിലാണ്‌ ബംഗളൂരു സ്വദേശി പൂജ ബജാജ്‌. കുന്നും മലയും താഴ്‌‌വരകളും കടന്ന്‌ ഇതുവരെ താണ്ടിയത്‌ ലക്ഷത്തിലേറെ കിലോമീറ്റർ. മരണം മുന്നിൽ കണ്ട റൈഡിങ്‌ അപകടം സമ്മാനിച്ച ആരോഗ്യ പ്രശ്‌നങ്ങൾ വിട്ടൊഴിയും മുമ്പ്‌ ജീവന്റെ ജീവനായ റോയൽ എൻഫീൽഡ്‌ ക്ലാസ്സിക്‌ 500 ബുള്ളറ്റുമായി വീണ്ടും നിരത്തിലിറങ്ങി ഈ മുപ്പത്തഞ്ചുകാരി.

പൂജ ബജാജ്‌  ബംഗളൂരു ആശുപത്രിയിൽ

പൂജ ബജാജ്‌ ബംഗളൂരു ആശുപത്രിയിൽ

ജൂണിൽ ഹിമാചൽ പ്രദേശിൽ 12 ദിവസം നീണ്ടുനിന്ന ഗ്രൂപ്പ്‌ മൗണ്ടൻ റൈഡിങ്ങിൽ പങ്കെടുക്കവെയായിരുന്നു അപകടം. മണ്ണിടിച്ചിലും മഞ്ഞുവീഴ്‌ചയും ദുർഘടമാക്കിയ പാതയിലൂടെ ലക്ഷ്യസ്ഥാനത്തിന്‌ തൊട്ടടുത്തെത്തിയിരുന്നു. പത്താം ദിനം  സ്‌പിതിയിലായിരുന്നു അപകടം. ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക്‌ 500 കിലോമീറ്റർ. നുറുങ്ങിയ വലത്‌ തോളെല്ലുമായി കാറിൽ മൂന്നുദിവസം സഞ്ചരിച്ചാണ്‌ ആശുപത്രിയിൽ എത്തിയത്‌. അവിടെ സങ്കീർണ ശസ്‌ത്രക്രിയക്ക്‌ വിദഗ്‌ധ ഡോക്ടർമാരുമില്ല. വേദനസംഹാരികളുടെ സഹായത്തോടെ ബംഗളൂരുവിലേക്ക്‌.  ആറാംനാൾ ശസ്‌ത്രക്രിയ. വേദനയുടെ നിമിഷങ്ങളിലും അറിയേണ്ടിയിരുന്നത്‌ ഇനി റൈഡിങ്‌ സാധിക്കുമോ എന്നുമാത്രം. തോളിൽ ടൈറ്റാനിയം കമ്പി  സ്‌ക്രൂവച്ച്‌ പിടിപ്പിച്ച്‌ പ്രശ്‌നം പരിഹരിച്ചു ഡോക്ടർമാർ.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ നാലാംനാൾ വീണ്ടും ജിമ്മിൽ. ഡോക്ടറുടെ നിരീക്ഷണത്തിൽ ചെറു വ്യായാമങ്ങൾ. ഒരു മാസത്തിനകം വീണ്ടും യാത്ര. ഡിസംബറിൽ ഗോവ ട്രിപ്പും കഴിഞ്ഞ്‌ അന്താരാഷ്ട്ര റൈഡ്‌ എന്ന സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു ഇപ്പോൾ. ഈ വർഷം തന്നെ അതും സാധ്യമാകും.

ലഖ്‌നൗവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ സമ്മാനിച്ച പഴയ സ്‌കൂട്ടറിലായിരുന്നു തുടക്കം. രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു ഇത്‌. റെയിൽവേ ജീവനക്കായിരുന്ന അച്ഛന്‌ എപ്പോഴും അനുഗമിക്കാനാകുമായിരുന്നില്ല. റൈഡിങ്‌ ഹരമായപ്പോൾ പോക്കറ്റ്‌ മണി കൂട്ടിവച്ചു. വർഷങ്ങളെടുത്തു ബൈക്ക്‌ എന്ന സ്വപ്‌നം പൂവണിയാൻ. കുടുംബസുഹൃത്തിന്റെ പഴയ പൾസർ 180  സ്വന്തമാക്കി.

ഇന്ന്‌ വമ്പൻ ബ്രാൻഡുകൾ നിരത്തിലിറക്കുന്ന പുതു മോഡൽ ബൈക്കുകൾ റിവ്യൂ ചെയ്യാൻ ഈ എംബിഎക്കാരിയെ സമീപിക്കുന്നു. യാത്ര പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന വണ്ടികളിൽ. കേരളത്തിലും പലവട്ടം വന്നു. ട്രാവൽ മാഗസിനുകളിൽ സ്ഥിരമായി എഴുതുന്നു. ‘റൈഡിങ്‌ തുടങ്ങി 14 വർഷമായി. ഇപ്പോൾ നിരവധി വനിതാ റൈഡർമാരെ കണ്ടുമുട്ടുന്നു. എല്ലാവരോടും പറയാനുള്ളത്‌ ഒന്നുമാത്രം. യാത്രയുടെ ലഹരി ആവോളം നുണയുക. എപ്പോഴും സുരക്ഷിതരായിരിക്കുക.’

anusreevkallunkal@gmail.com


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top