07 June Wednesday

സ്‌ത്രീഗാഥപാടി വജൈന വിപ്ലവം

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Apr 2, 2023

‘വജൈന വിപ്ലവം’ നാടകത്തിൽനിന്ന്‌

നാടകം എന്നും സാമ്പ്രദായികതകളെ അട്ടിമറിച്ച കലാരൂപമാണ്‌. അതിനാൽത്തന്നെ കേവലമായ ആസ്വാദനമല്ല മറിച്ച്‌ ഉള്ളകങ്ങളിൽ തീച്ചൂട്‌ പകരുന്ന കലാവിഷ്‌കാരമാണത്‌ താനും. രചനയിലും അവതരണത്തിലും അഭിനയത്തിലുമെല്ലാം നിലവിലുള്ള അരങ്ങിനപ്പുറമുള്ള സാധ്യതകൾ തേടലാണ്‌ നാടകത്തെ സമകാലീനമാക്കുന്നത്‌. കോഴിക്കോട്‌ പിമോക്ക ടെയിത്സ്‌ ആർട്‌ കലക്ടീവിന്റെ പുതിയ നാടകം ‘വജൈന വിപ്ലവം’ ചർച്ചചെയ്യപ്പെടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

ശാരീരികമായ സവിശേഷതകൾ, അവയവങ്ങൾ ഇവയെക്കുറിച്ച്‌ പറയുന്നത്‌ മഹാപാതകവും ‘സദാചാര’വിരുദ്ധവുമാണെന്ന വിശ്വാസവും ധാരണയും പ്രബലമായ കാലത്താണ്‌ ഇത്തരമൊരു പ്രമേയത്തിന്‌ പിമോക്ക മുതിർന്നിരിക്കുന്നത്‌. സ്‌ത്രീയെ വേഷമാകട്ടെ, ശാരീരീക സവിശേഷതകളാകട്ടെ,  ഇത്തരം ഏത്‌ അളവുകോലുവച്ചും   അടിമയാക്കാനും സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള വഴികളായിരുന്നു ആണത്തലോകം എന്നും തേടിയിരുന്നത്‌. മുലയോ യോനിയോ മറ്റെന്ത്‌ പേരിലായാലും അവളെ ദുർബലയാക്കി സാമൂഹ്യ ജീവിത പ്രവേശം തടയുക. അരങ്ങിൽ നിന്ന്‌ ജീവിതത്തിലേക്ക്‌ സ്‌ത്രീകളെ വിലക്കിയ ഇത്തരമൊരു കഥയാണ്‌ വജൈന വിപ്ലവത്തിലൂടെ പിമോക്കയും ആർട്‌സ്‌ കോളേജിലെ വിദ്യാർഥികകളും  പറയുന്നത്‌.

സ്‌ത്രീപക്ഷ നിലപാടിന്റെയും  വാക്കുകളിലെയടക്കം ഉപയോഗത്തിലെ രാഷ്‌ട്രീയ ശരി (Politicai Correctness) യുടെയും  സൂക്ഷ്‌മതയും ജാഗ്രതയും സദാനിരീക്ഷിക്കപ്പെടുന്ന വർത്തമാനത്തിൽ  വജൈന വിപ്ലവം മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയത്തിന്‌ വലിയ പ്രസക്തിയുണ്ട്‌. മറക്കുടക്കുള്ളിലെ മഹാനരകം തകർത്ത്‌ അടുക്കളയിൽ നിന്ന്‌ അരങ്ങിലേക്ക്‌ നയിച്ച വി ടി ഭട്ടതിരിപ്പാടിന്റെ   നാടകത്തിന്റെ തുടർച്ചയുണ്ടിതിൽ. സമകാലീന അരങ്ങിലും എത്രമേൽ അവതരിപ്പിച്ചാലും പെൺനോവുകളുടെ പുതിയ പുതിയ രംഗഭാഷ്യങ്ങൾ പ്രധാനമാണെന്ന്‌ ഓർമിപ്പിക്കുന്നുമുണ്ട്‌ ഈ നാടകം. ഒരു സാങ്കൽപ്പിക രാജ്യത്തെയും സാങ്കൽപ്പിക കഥയെയും അടിസ്ഥാനമാക്കിയാണ്‌ വജൈനവിപ്ലവം നമ്മുടെ മുന്നിലെത്തുന്നത്‌.

വിചിത്ര ആചാരങ്ങളും  സ്ത്രീ വിരുദ്ധ നിയമങ്ങളുമുള്ള  സാങ്കൽപ്പിക രാജ്യമായ അർസേലിയയിലാണ്‌ കഥ അരങ്ങേറുന്നത്‌. അവിടെ  നിയമ നിർമാണ സഭയിൽ അംഗമാകാൻ മല്ലയുദ്ധത്തിൽ ജയിക്കണമെന്നതാണ്‌ വ്യവസ്ഥ. അബലകളെന്ന്‌ വിളിപ്പേരുള്ള സ്‌ത്രീകളെ ഒതുക്കാനുള്ള പുരുഷനീതിയാണ്‌ മല്ലയുദ്ധമെന്ന നിബന്ധനയിലൂടെ നടപ്പാകുന്നത്‌. ശാരീരികമായ പരിമിതികളിൽ സ്‌ത്രീക്ക്‌ മല്ലയുദ്ധജയം അപ്രാപ്യമാണ്‌. അതിനാൽ അവൾ എന്നും നിയമത്തിനും നിയമനിർമാണത്തിനും പുറത്തും. കാലങ്ങളായുള്ള ഈ അടിച്ചമർത്തലും അപമാനവും സഹിക്കുവാനാകാതെ കുറച്ച് സ്ത്രീകൾ ചോദ്യംചെയ്യാനും എതിർക്കാനും തയ്യാറാകുന്നു.  ഈ പോരാട്ടത്തിന് ഊർജമായി അവർക്കൊരു പൂർവഗാമിയുണ്ട്‌. റിയോണ എന്ന പെൺകുട്ടി. വർഷങ്ങൾക്ക് മുമ്പ്‌  അർസേലിയയിലെ സ്ത്രീവിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടി ചെറുപ്പത്തിലേ രക്തസാക്ഷി ആയ ധീരയാണ്‌ റിയോണ. റിയോണയുടെ രക്തസാക്ഷിത്വം  ആവേശമാക്കി  മൂന്നുയുവതികൾ മല്ലയുദ്ധത്തിൽ പങ്കാളിയാകുന്നു. അവർക്ക്‌ പ്രചോദനമായി മാർത്തയെന്ന അമ്മയും.

ഏറ്റുമുട്ടലിൽ ആണിനോട്‌ ആദ്യം പരാജയം. എന്നാൽ കീഴടങ്ങിയാൽ സ്‌ത്രീ സമൂഹമാണ്‌ തോൽക്കുന്നതെന്ന ബോധ്യത്തിൽ അവർ വീണ്ടും അങ്കത്തിനിറങ്ങുന്നു.  ആണുങ്ങളെ മലർത്തിയടിക്കുന്നു, പുരുഷാധിപത്യ നിയമത്തെയും. അർസേലിയയിൽ സ്ത്രീകളുടെ അവകാശങ്ങൾ സ്ഥാപിതമാകുന്നു. ഏത്‌ കാട്ടുനീതിയെയും  സ്‌ത്രീശക്തിക്ക്‌, കൂട്ടായ്‌മക്ക്‌ തകർക്കാമെന്ന പ്രസക്തമായസന്ദേശമാണ്‌ വജൈന വിപ്ലവം നൽകുന്നത്‌.   സ്‌ത്രീ വിഷയങ്ങൾ ഏതുകാലത്തും സാർവകാലികമാണെന്ന്‌ വിളച്ചോതുന്ന വജൈന വിപ്ലവത്തിന്റെ - രചന ഗോകുൽ രാജാണ്‌. മിഥുൻ ദാസും കെ പി ആകാശും ചേർന്ന്‌ രംഗാവിഷ്‌കാരം നിർവഹിച്ചു. പിമോക്കടെയിത്സ്‌ ആർട് കലക്ടീവും  ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്   മലയാളവിഭാഗവും ചേർന്നാണ്‌ അരങ്ങിലെത്തിച്ചത്‌. മലയാള ബിരുദ–-ബിരുദാനന്തര വിദ്യാർഥികളായ ശിവപ്രിയ, ധനയ, അനുശ്രീ, റാഹിൽ, ഷിനാസ്, അനാമിക, സാന്ദ്ര, തനിമ മുരളി എന്നിവരാണ്‌ അഭിനേതാക്കൾ. -അമർ സംഗീത നിർവഹണമൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top