08 October Tuesday

ഓണം വന്നേ

സതീജ വി ആർ satheejakumari@gmail.comUpdated: Sunday Sep 15, 2024

 

‘അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുത്തുമ്പയിൽ
ചെറുചിരി വിടർത്തി നീ വന്നുവല്ലേ...
നന്ദി തിരുവോണമേ നന്ദി’

എന്ന് വർഷങ്ങൾക്കപ്പുറത്തിരുന്ന് എൻ എൻ കക്കാടും

‘ഉയിരെടുത്താടുന്ന മരവിച്ച ഭൂമിയിൽ
പൊന്നിളം വെയിലായ് ചിങ്ങം വന്നു......
നർത്തനം ചെയ്യുന്ന ഭൂതകാലത്തിന്റെ
ഓർമ്മ പുതുക്കുവാൻ ഓണം വന്നു. …..’

എന്ന് ആണ്ടുകൾക്കിപ്പുറത്തുനിന്നും പുതുകാല കവിയായ രമേശനും.

അടിമണ്ണിളകി ചരിഞ്ഞ തുമ്പയിലും ഉയിരെടുത്താടുന്ന മരവിച്ച ഭൂമിയിലും ചെറുചിരി വിടർത്താനാവുന്ന ഒന്നേ മലയാളത്തിനുള്ളൂ, ഓണം. വറുതിക്കാലത്തിന്റെ വ്യഥകളെ ഒരു കലണ്ടറിന്റെ താളുകളെന്നപോലെ ലാഘവത്തോടെ നമ്മൾ മറവിയിലേക്ക് മറിച്ചിടും. ഓണനിലാവിന്റെ തൂവാലകൊണ്ട് കർക്കിടകത്തിന്റെ കണ്ണീരുപ്പിനെ തുടച്ചുമാറ്റും. പൊലിപ്പാട്ടിൽ പൊലിച്ച പൂവുകൾ കൊണ്ട് പൂക്കളം തീർക്കും. ചിങ്ങ നിലാവിലേക്കൊരു ഊഞ്ഞാലിനെ ഞാത്തിയിടും, ചില്ലാട്ടമാടിക്കൊണ്ട് എത്താക്കൊമ്പിൽനിന്നും ഒരിലക്കൊത്തും കടിച്ചെടുത്ത് ഭൂമിയിലേക്ക് താണിറങ്ങും. ചോരയാകെയും ''പഞ്ചാര''യാണെന്നും ചോരക്കുഴലുകളാകെയും കൊഴുപ്പടിഞ്ഞ് ഹൃദയത്തെ ഞെരുക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ആരോഗ്യ മുന്നറിയിപ്പുകളെ മറന്ന്‌ തൂശനിലയിൽ പരത്തിയൊഴിച്ച പായസത്തെ വടിച്ചെടുത്ത് വിരലുകളെ നക്കിത്തുടച്ച് പല്ലിന് പഴയ പോലെ ശൗര്യമില്ലായെന്ന് ആവർത്തിച്ച് ശർക്കരവരട്ടിയും വറ്റലും കറുമുറെ കടിച്ചുമുറിച്ച്‌ ഒരേമ്പക്കവും വിട്ട് കേമമായി എന്ന അഭിപ്രായത്തോടെ ഉണ്ടെണീക്കും. എന്തുകൊണ്ടാണ് ഓണംമാത്രം ഇങ്ങനെ. ഭൂമിയിൽ പിറന്നു വീഴുന്നതിനുംമുമ്പ് ഗർഭത്തിന്റെ ഇരുട്ടറയിൽ വച്ചേ ചുറ്റിപ്പിടിച്ച ഒരു ഗന്ധവും മണവും രുചിയുമതിനുണ്ട്. പൂമണമായും വെയിലായും നിലാവായും വന്ന് തഴുകിപോകുന്ന ഒന്ന്. നമ്മൾ വളരുമ്പോഴേ നമുക്കൊപ്പം ഉള്ളിൽ വളർന്നു പന്തലിക്കുന്ന legacy.

 

പഴയ ഓണമെന്നത് കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) ''കലിയനുവെക്കലിൽ'' തുടങ്ങി കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടോണം വരെ നീളുന്ന ഒരാചാര സമൃദ്ധിയായിരുന്നു. മേമ്പൊടിയായി നാട്ടുചരിത്രങ്ങൾക്കും മിത്തുകൾക്കും കീഴ്പ്പെട്ട ആഘോഷങ്ങളും അനുഷ്ഠാനങ്ങളും അതിനുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നമായിരുന്നു ഓണക്കാലമെങ്കിലും വിഷുവിനും അച്ഛന്റെ ശ്രാദ്ധത്തിനും മാത്രമാണ് വയറു നിറച്ചുണ്ണുന്നതെന്നും ഓണത്തിന് കുട്ടികൾ ഉടുക്കുന്ന മഞ്ഞൾ മുക്കിയ തോർത്തുപോലുള്ള പരുക്കൻ തുണി പോലും ഓണക്കോടിയായി തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഓർമിച്ചെടുത്തുകൊണ്ടാണ് കഥകൊണ്ട് സമൃദ്ധമായ തന്റെ ഉള്ള് ടി പദ്മനാഭൻ തുറന്നു പിടിച്ചത്. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒട്ടുമിക്ക മലയാളികളുടെയും ഓർമപ്പേടകങ്ങൾ ഇങ്ങനെയായിരുന്നു. പത്തും പന്ത്രണ്ടും മക്കളെ നിറയാത്ത ഒരു മൺകലത്തിന് ചുറ്റുമിരുത്തി അരവയർമാത്രം ഊട്ടിയിരുന്ന ദാരിദ്ര്യത്തിന്റെ അടുക്കളത്തിണ്ണയിലേക്ക് ഒരു മുറം നെല്ലുമായി വന്നുകയറുന്ന സമൃദ്ധിയായിരുന്നു അന്ന് ഓണം. കൊഴിഞ്ഞു വീഴുന്ന അടയ്ക്കയും തേങ്ങയും കശുവണ്ടിയും ഉതിർനെല്ലും വിറ്റു കിട്ടുന്നത് കൂട്ടി വച്ച് വിലയ്ക്കുവാങ്ങുന്ന ഒരിക്കലും പാകമാകാത്ത ഉടുപ്പുകളുടെ പശമണമായിരുന്നു ആ ഓണത്തിന്. ഒരു കൊല്ലത്തെ മുഴുവൻ അഴുക്കും മെഴുക്കും പുരണ്ട് പിഞ്ഞിപ്പോയ ആടകളുടെ മുഷിഞ്ഞ ഗന്ധത്തെ മാറ്റേണ്ടത് ഈ പശമണം കൊണ്ടായിരുന്നു. ഓണക്കോടികൾ ഓരോരുത്തരുടെയും അളവിനൊപ്പിച്ച് തുന്നിയെടുക്കാൻ തുടങ്ങി.

ഉത്രാടത്തിൽ പാഞ്ഞോടിയവർ തയ്യൽക്കടയ്ക്കു മുന്നിലെ വരാന്തയിൽ വരി പിടിച്ചു. തയ്യൽക്കാർ ഹീറോമാരായിരുന്ന കാലവും കടന്നു പോയി. റെഡിമെയ്ഡ് ഉടുപ്പുകളുമായി മാളുകളും വലിയ വസ്ത്രശാലകളും ചെറിയ പട്ടണങ്ങളിലേക്കു പോലും എത്തി. ഏറ്റവുമൊടുവിൽ മൊബൈലിലെ ഒറ്റക്ലിക്കിൽ ലോകത്തെവിടെനിന്നും ഉടുപ്പുകളും, എന്തിന് ഓരോണം തന്നെ വീട്ടുമുറ്റത്തെത്തിക്കാൻ കഴിയുംവിധം സാങ്കേതികമായി മുന്നേറി. എങ്കിലും അന്നത്തിനും ആടയ്ക്കും മുട്ടായിരുന്ന കാലത്തിന് സ്വന്തമായി മുക്കുറ്റിയും കാക്കപ്പൂവും തുമ്പയുമുണ്ടായിരുന്നു. തുമ്പികളെപ്പോലെ പാറി നടക്കാൻ ഓണവെയിലും ഓണനിലാവുമുണ്ടായിരുന്നു. വെളിച്ചെണ്ണ മണക്കുന്ന പപ്പടകവും പശഗന്ധമുള്ള നെയ്യും മോരുമുണ്ടായിരുന്നു. ഊഞ്ഞാലുകളും പാട്ടുകളുണ്ടായിരുന്നു. കാത്തിരിക്കാൻ സാറ്റിന്റെയും വൂളിവൂളിയുടെയും തുണി ഭാണ്ഡങ്ങളുമായി ബസിറങ്ങിയെത്തുന്ന അണ്ണാച്ചിമാരുണ്ടായിരുന്നു. "വള വള....വളയേ" എന്ന കൂക്കിവിളിയോടെ പെരുവഴിയിലേക്ക് വിളിച്ചിറക്കാൻ വലിയ പെട്ടികളും ചുമന്ന് ഓണക്കാലത്തുമാത്രം പ്രത്യക്ഷരാകുന്ന സാഹിബ്ബുമാരുണ്ടായിരുന്നു. അവരുടെ പെട്ടികളിൽ മഴവില്ലുകൾ നിറച്ച വളകളും ചാന്തും കൺമഷിയുമുണ്ടായിരുന്നു. തുള്ളിച്ചാടാൻ കൊയ്ത്തൊഴിഞ്ഞ പാടവും തൊടിയുമുണ്ടായിരുന്നു. ഓണത്തിന് ഒരാളും ഒറ്റയ്ക്കായിരുന്നില്ല. ഒരു കുടുംബവും തനിച്ചായിരുന്നില്ല. കൂട്ടായ്മയുടേതായിരുന്നു. കാണം വിറ്റു കൊണ്ടും കാക്കപ്പൂവ് കടം കൊടുത്ത്‌ തുമ്പപ്പൂ പകരം വാങ്ങിയും ആഘോഷിച്ച ആ കാലത്തെ ഹാപ്പിനസ് ഇൻഡക്സിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നതെങ്കിൽ അക്കാലമായിരുന്നു സമ്പന്നം.

സിനിമയുടെ വരവോടെ അതുകൂടി ഓണ വിനോദങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടു. സിനിമയിലെ ഓണപ്പാട്ടുകൾക്കുണ്ടായ ജനസമ്മതി പിൽക്കാലത്ത് ഓണപ്പാട്ടുകൾ എന്ന ഗാനശാഖ രൂപപ്പെടുന്നതിന് തന്നെ കാരണമായി. ടേപ്പ് റിക്കോഡറിന്റെ വരവോടെ സിനിമയിലില്ലാത്ത പാട്ടുകൾ കാസറ്റുകളിലൂടെ ഓണ വരവറിയിച്ചു. ഗൾഫ് കുടിയേറ്റത്തിന്റെ കാലമായിരുന്നു അത്. പ്രവാസിയുടെ ഗൃഹാതുരതയെ കൂടുതൽ ആർദ്രമാക്കാനായി മുടിപ്പൂക്കൾ വാടിയാലെന്തോമനെ...യും ഉത്രാടപ്പൂനിലാവേ...യും പൂക്കളം കാണുന്ന പൂമുഖം പോലെ ...യുമൊക്കെ കടലു കടന്നു. യേശുദാസ് പാടുമ്പോൾ ഓരോ പെണ്ണും അതവൾക്കുവേണ്ടി പാടിയതെന്നോർത്ത് വേർഡ്സ് വർത്തിന്റെ "സോളിറ്ററി റീപ്പറെ' പോലെ പേരറിയാത്ത വ്യഥകളിൽ വട്ടം ചുറ്റി.

കൂട്ടു കുടുംബങ്ങൾ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയതോടെ ഓണവും തന്നോണമായി വീടുകളുടെ അകങ്ങളിൽ ചുരുണ്ടുകൂടി. ടെലിവിഷന്റെ വരവോടെ ഈ മാറ്റം കൂടുതൽ ശക്തമായി. ചാനലുകളുടെ വരവ് ഓണത്തിനെ സ്ക്രീനിലെ ആഘോഷമായി മാറ്റിയെടുത്തുവെന്നു പറയാം. വെർച്ച്വൽ ഓണാഘോഷത്തിന്റെ തുടക്കം അവിടെയായിരുന്നു. ടെലിവിഷനുകളുടെ ദൃശ്യപരതയിൽനിന്നും മൊബൈലുകളുടെ അതിദൃശ്യപരതയിലേക്ക് ഓണവും കടന്നിരിക്കുന്നു. ഇതിനിടയിലെപ്പോഴോ കാസറ്റ് പാട്ടുകളുടെ വരവും നിലച്ചു. 2003ലാണെന്നു തോന്നുന്നു തരംഗിണിയുടെ അവസാന കാസറ്റ് ഇറങ്ങിയത്. ആൽബങ്ങളും റീൽസുകളുമൊക്കയായി പുതിയ തലമുറ ഓണം അടിച്ചുപൊളിക്കുന്നുണ്ട്. കൂട്ടായ്മകൾ രൂപീകരിച്ച് ഡ്രസ് കോഡുകൾ നിശ്ചയിച്ച്‌ ഓണത്തെ പഴയതിനെക്കാൾ പ്രൗഢിയോടെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

തലപ്പന്തുകളി ക്രിക്കറ്റിനും കൈക്കൊട്ടിക്കളി സിനിമാറ്റിക് ഡാൻസിനും വഴിമാറിയേക്കും. ദേശങ്ങളെയും ഒഴുക്കിയെടുത്ത് ഭൂമി പാതാളത്തിലേക്ക് അടർന്നു വീണേക്കും. എങ്കിലും ഓണം പൊലിക്കും. ശ്രീകുമാരൻ തമ്പി എഴുതിയപോലെ ''ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരുകതന്നെ ചെയ്യും’. പോയതിനെക്കാൾ മനോഹരമായ ഒന്നിനെ പ്രതീക്ഷിച്ചുകൊണ്ട് വർഷത്തിന്റെ പടിവാതിൽക്കൽ ഓണത്തിനായി നമ്മൾ കാത്തു നിൽക്കും. കാലത്തിന്റെ ചടുല ഹൃദയത്തിലേക്ക് പ്രാണൻ ചേർത്തുപിടിക്കുമ്പോൾ ഓരോണപ്പാട്ടിന്റെ മൃദുതാളത്തോടെ അത് നമ്മെ മടക്കി വിളിക്കുന്നത് കേൾക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top